"നാം ഓരോരുത്തരും വളരുമ്പോൾ നമുക്ക് രണ്ട് കൈകളുണ്ടെന്ന് സ്വയം കണ്ടെത്തും. ഒന്ന് സ്വയം സഹായിക്കുന്നതിനും മറ്റൊന്ന് മറ്റുള്ളവരെ സഹായിക്കുന്നതിനും "
എത്ര വലിയ ഉത്തരവാദിത്വം ആയിക്കോട്ടെ. അത് സമയബന്ധിതമായും, കൃത്യമായും ചെയ്ത് തീര്‍ക്കുക എന്നതാണ് ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍റെ ജോലി. അദ്ദേഹം ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയാകുമ്പോള്‍ കൂടുതല്‍ ജനകീയനായ ഒരു നേതാവായി സമൂഹത്തില്‍ അറിയപ്പെടും. എക്കാലവും ഒരു സമൂഹം അംഗീകരിക്കുന്ന ഒരാളായി മാറുക എന്നതും ഒരു സാമൂഹ്യ പ്രവര്‍ത്തകന് വെല്ലുവിളിയാണ്. എന്നാല്‍ അത്തരം വെല്ലുവിളികളെ സധൈര്യം നേരിട്ട് അമേരിക്കന്‍ മലയാളി സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് പകരക്കാരില്ലാത്ത സവിശേഷ വ്യക്തിത്വമായി വളര്‍ന്ന ഒരു വ്യക്തിത്വമുണ്ട് ഹൂസ്റ്റണില്‍. ബേബി മണക്കുന്നേല്‍.
അമേരിക്കയിലെയും കാനഡയിലെയും 85-ല്‍പരം മലയാളി അസോസിയേഷനുകളുടെ കേന്ദ്രബിന്ദുവായ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കാസ് (എഛങഅഅ) ഫോമായുടെ 2024 - 2026 കാലയളവിലെ പ്രസിഡന്‍റ്.
സൗമ്യ സാന്നിദ്ധ്യം
എന്നും സൗമ്യനായിരിക്കുക എന്നത് ഒരു മഹാഭാഗ്യമാണ്. എല്ലാവര്‍ക്കും ലഭിക്കാത്ത ഒരു അനുഗ്രഹം കൂടിയാണത്. എപ്പോഴും സൗമ്യനായിരിക്കുകയും ആ ഒരു ഗുണം കൊണ്ട് എല്ലാവരുടേയും സ്നേഹിതനാവുകയും ഏറ്റെടുക്കുന്ന പദവികളിലും, സംഘടനകളിലും പ്രധാനിയാവുകയും ചെയ്ത സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയാണ് ബേബി മണക്കുന്നേല്‍. കേരളത്തിന്‍റെ കാര്‍ഷിക മേഖലയുടെ വളക്കൂറുള്ള മണ്ണായ പിറവത്തു നിന്നും അമേരിക്കയിലേക്കുള്ള യാത്ര അദ്ദേഹത്തെ കൊണ്ടെത്തിച്ചത് നിരവധി സംഘടനകളുടെയും, സാംസ്കാരിക, സാമുദായിക പ്രസ്ഥാനങ്ങളുടെ അമരത്തേക്കാണ്. അവിടെയെല്ലാം തന്‍റേതായ ഒരു അടയാളപ്പെടുത്തല്‍ അദ്ദേഹം നടത്തി എന്നതാണ് ബേബി മണക്കുന്നേലിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്ന പ്രധാന കാര്യം. ഫോമായുടെ പ്രസിഡന്‍റ് ആയ ശേഷവും തന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്വം അമേരിക്കന്‍ മലയാളികള്‍ക്കും, കേരളത്തിലെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ രംഗത്തും സമഗ്രമായി പ്രകടിപ്പിക്കുവാന്‍ നിരവധി പദ്ധതികളാണ് അദ്ദേഹം ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്. അതിന് തനിക്കൊപ്പം ഒരു ടീമിനെ സജ്ജമാക്കുകയും അവര്‍ക്കൊപ്പം സജീവമായി നിലകൊള്ളുകയും ചെയ്യുകയാണ് അദ്ദേഹം.
പിറവത്തിന്‍റെ നാട്ടുനന്മയിലൂടെ ഒരാള്‍
തൊട്ടതെല്ലാം പൊന്നാക്കിയവരുടെ പിന്നിട്ട വഴികളിലെ ഏറ്റവും വലിയ നന്മ, ജന്മനാട് അവരെ ഹൃദയം കൊണ്ട് സ്വീകരിക്കുന്നു എന്നതാണ്. എറണാകുളം ജില്ലയിലെ പിറവത്ത് ജനിച്ച് സ്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം തലയോലപ്പറമ്പ് ഡി.ബി കോളജില്‍നിന്ന് കൊമേഴ്സില്‍ ഡിഗ്രിയും മാസ്റ്റര്‍ ഡിഗ്രിയും എടുക്കുകയും തുടര്‍ന്ന് അദ്ധ്യാപകനായി ഒരു ദശാബ്ദത്തോളം പ്രവര്‍ത്തിക്കുകയും, അതിനൊപ്പം രാഷ്ട്രീയ പ്രവര്‍ത്തനവും സാമൂഹ്യ പ്രവര്‍ത്തനവും ഒപ്പം കൂട്ടുകയും ചെയ്തപ്പോഴും അദ്ദേഹത്തിനൊപ്പം പിറവം എന്ന നാട് ഒപ്പമുണ്ടായിരുന്നു. വ്യത്യസ്തമായ കര്‍മ്മമണ്ഡലങ്ങളിലെ പ്രവര്‍ത്തനങ്ങളിലൂടെ കടന്നുപോയ വഴികള്‍ അദ്ദേഹത്തിലെ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക നേതാവിനെ രൂപപ്പെടുത്തുന്ന തരത്തിലായിരുന്നു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ്, ബ്ലോക്ക് വൈസ് പ്രസിഡന്‍റ്, ഐ.എന്‍.ടി.യു.സി പിറവം മേഖലാ പ്രസിഡന്‍റ് തുടങ്ങിയ നിലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ നന്നേ ചെറുപ്പം. അക്കാലത്തു തന്നെ പഞ്ചായത്ത് മെമ്പര്‍, കോ- ഓപ്പറേറ്റീവ് ബാങ്ക് ഭരണ സമിതി അംഗം എന്നീ നിലകളിലെല്ലാം ജനപ്രിയമായ പ്രവര്‍ത്തനങ്ങളില്‍ സജീവം. 1989-ല്‍ പിറവം താലൂക്ക് സ്ഥാപിക്കുന്നതിന് വേണ്ടി നിരാഹാര സമരത്തിന്‍റെ നേതൃത്വനിരയില്‍ അണിനിരന്നപ്പോഴും നാടും നാട്ടാരും അവരുടെ നന്മയുമായിരുന്നു അദ്ദേഹത്തിന്‍റെ മനസില്‍.
അമേരിക്കയിലേക്ക് മാറ്റിയെഴുതിയ സാമൂഹ്യ പ്രവര്‍ത്തനം
പിറവത്തിന്‍റെ രാഷ്ട്രീയക്കാരനായും, അതിലുപരി ജനമനസ്സിലെ പ്രിയപ്പെട്ട ബേബിയുമായും വളര്‍ന്ന ബേബി മണക്കുന്നേല്‍ 1991-ല്‍ അമേരിക്കയിലേക്ക് യാത്ര തിരിക്കുമ്പോള്‍ ഒരുപക്ഷേ, നാടും നാട്ടാരും തന്‍റെ പറിച്ചുനടലിനെ അത്ര ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ല. കാരണം പിറവംകാരുടെ പ്രിയപ്പെട്ട ഒരാളായി അദ്ദേഹം മാറിക്കഴിഞ്ഞിരുന്നു. പക്ഷേ, ബേബി മണക്കുന്നേല്‍ തന്‍റെ രാഷ്ട്രീയവും, സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തനവും സാന്നിദ്ധ്യം കൊണ്ട് ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനായെങ്കിലും പിറവത്തിനൊപ്പം എത് സമയത്തും ഒരു ഫോണ്‍ കോളിനപ്പുറം ഉണ്ടാകുമെന്ന് ഉറപ്പുനല്‍കി.
അമേരിക്കയിലെത്തിയപ്പോഴും സംഘടനാ പ്രവര്‍ത്തനവും സാമൂഹ്യ പ്രവര്‍ത്തനവും തുടരാന്‍ തീരുമാനിച്ചു. മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണില്‍ മലയാളി സംഘടനാ പ്രവര്‍ത്തനം തുടങ്ങിയ അദ്ദേഹം 2005, 2010 കാലയളവില്‍ സംഘടനയുടെ പ്രസിഡന്‍റായി. ഫോമായുടെ രൂപീകരണ സമയം മുതല്‍ ഒപ്പമുണ്ടായിരുന്ന അദ്ദേഹം 2008-ല്‍ ഹൂസ്റ്റണ്‍ കണ്‍വന്‍ഷന്‍ ചെയര്‍മാനായി. നാല് വര്‍ഷക്കാലം ഫോമാ സതേണ്‍ റീജിയണ്‍ വൈസ് പ്രസിഡന്‍റായി പ്രവര്‍ത്തിച്ചു. ഫോമായുടെ ആദ്യ അന്തര്‍ദ്ദേശീയ കണ്‍വന്‍ഷന്‍ ഹൂസ്റ്റണില്‍ നടത്തിയപ്പോള്‍ വിജയത്തിന്‍റെ കൈയ്യൊപ്പിലൊന്ന് ബേബി മണക്കുന്നേലിനായിരുന്നു. അദ്ദേഹത്തിന്‍റെ ഊര്‍ജ്വസ്വലമായ സാന്നിദ്ധ്യം കണ്‍വന്‍ഷന്‍ വിജയത്തിന്‍റെ മാറ്റുകൂട്ടി.
കെ.സി.സി.എന്‍.എ കണ്‍വന്‍ഷന്‍ വിജയം.
ചരിത്രം കുറിച്ച ഏട്
ഏതൊരു നേതാവിന്‍റേയും വിജയം സംഘാടന മികവും അംഗങ്ങളെ ഒപ്പം നിര്‍ത്തി നേതൃത്വത്തെ നയിക്കാനുള്ള കഴിവുമാണ്. മലയാളി സംഘടനാ പ്രവര്‍ത്തനങ്ങളും, ഫോമായുടെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സമുദായ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ബേബി മണക്കുന്നേല്‍ 1997-1998ലും 2012-ലും ഹൂസ്റ്റണ്‍ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ പ്രസിഡന്‍റായി പ്രവര്‍ത്തിച്ചു. 1998, 1999, 2000 വര്‍ഷങ്ങളില്‍ ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ജനറല്‍ സെക്രട്ടറിയായി പ്രശോഭിക്കുകയും 2017- 2018 കാലയളവില്‍ കെ.സി.സി.എന്‍.എയുടെ പ്രസിഡന്‍റായി പ്രവര്‍ത്തിക്കുകയും ചെയ്തു. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ അംഗബലുള്ള കെ.സി.സി.എന്‍.എ കണ്‍വന്‍ഷന്‍ അറ്റ്ലാന്‍റയില്‍ നടത്തുമ്പോള്‍ നാലായിരത്തിലധികം അംഗങ്ങളാണ് കണ്‍വന്‍ഷനില്‍ പങ്കെടുത്തത്. ബേബി മണക്കുന്നേല്‍ എന്ന സംഘാടകന്‍റെ നിശ്ചയദാര്‍ഢ്യത്തിന്‍റെ ഉദാഹരണമായിരുന്നു ആ കണ്‍വന്‍ഷന്‍റെ വിജയം. ചിലര്‍ വരുമ്പോള്‍ കാലം അവര്‍ക്കായി ഒരുക്കിവെക്കുന്ന നന്മ കൂടിയായി മാറി ആ കണ്‍വന്‍ഷന്‍.
അടിമുടി കോണ്‍ഗ്രസുകാരന്‍
ഏതൊരു രാഷ്ട്രീയക്കാരനേയും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത് അദ്ദേഹം മുന്നോട്ട് വെക്കുന്ന രാഷ്ട്രീയ ആദര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കുകയും അത് സമൂഹ നന്മയ്ക്ക് ഉതകും വിധം പ്രവര്‍ത്തി പഥത്തില്‍ എത്തിക്കുമ്പോഴുമാണ്. ബേബി മണക്കുന്നേലിന്‍റെ രാഷ്ട്രീയം കോണ്‍ഗ്രസ് രാഷ്ട്രീയമാണ്. മഹാത്മാഗാന്ധിയില്‍ തുടങ്ങി മഹാരഥന്‍മാരായ നേതാക്കളിലൂടെ വളര്‍ന്ന രാഷ്ട്രീയത്തിന്‍റെ പിന്‍മുറക്കാരനായ അദ്ദേഹം പിറവത്തിന്‍റെ രാഷ്ട്രീയക്കാരനില്‍ നിന്ന് അമേരിക്കന്‍ ഭൂമികയിലേക്ക് ചേക്കേറിയപ്പോഴും അവിടെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൂട്ടായ്മകളില്‍ സജീവമായി. 2022 മുതല്‍ ഓവര്‍സീസ് കള്‍ച്ചറല്‍ കോണ്‍ഗ്രസിന്‍റെ അമേരിക്കന്‍ പ്രസിഡന്‍റായി സജീവ പ്രവര്‍ത്തനം. കൂടാതെ സൗത്ത് ഇന്ത്യന്‍ യു.എസ് ചേമ്പര്‍ ഓഫ് കൊമേഴ്സിന്‍റെ രണ്ട് ടേമുകളില്‍ പ്രസിഡന്‍റ് എന്നീ നിലകളിലും സജീവമായി. ഈ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സ്വന്തമായി ബിസിനസ് സംരംഭങ്ങളും വിജയിപ്പിക്കുവാന്‍ സാധിച്ചു എന്നതും ജീവിത വഴികളിലെ നേട്ടം.
വിശ്രമ ജീവിതത്തിന് കരുതല്‍
അമേരിക്കന്‍ മലയാളികള്‍ നേരിടുന്ന ഒരു വലിയ പ്രശ്നമാണ് ഔദ്യോഗിക ജീവിതത്തിന് ശേഷം വളരെ സുരക്ഷിതമായ ഒരു ജീവിതം. ഈ സാഹചര്യങ്ങളെ കണക്കിലെടുത്ത് അമേരിക്കയില്‍ ആദ്യമായി മലയാളികളുടെ ഇടയില്‍ ആരംഭിച്ച റിട്ടയര്‍മെന്‍റ് റിസോര്‍ട്ട് എന്ന സംരംഭത്തിന് തുടക്കമിട്ടത് ബേബി മണക്കുന്നേല്‍ ആയിരുന്നു. ഹൂസ്റ്റണില്‍ ക്നാനായ ഹോംസ് എന്ന സംരംഭത്തിന്‍റെ പ്രസിഡന്‍റ് സ്ഥാനം വഹിക്കുന്ന കാലഘട്ടത്തിലായിരുന്നു ഈ സംരംഭത്തിനും അദ്ദേഹം തുടക്കമിട്ടത്. മിസോറി സിറ്റിയില്‍ അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ നാല്പതോളം റിട്ടയര്‍മെന്‍റ് ഭവനങ്ങള്‍ നിര്‍മ്മിക്കുവാന്‍ സാധിച്ചത് അദ്ദേഹത്തിന്‍റെ ആഗ്രഹത്തിനും ആശയത്തിനും സമൂഹം നല്‍കിയ അംഗീകാരമാണ്. മാറിയ കാലങ്ങളില്‍ തന്‍റെ സഹജീവികള്‍ക്ക് ഹൃദയംകൊണ്ട് തണലാവുക എന്നതാണ് തന്‍റെ ലക്ഷ്യം എന്ന് ഈ പ്രവര്‍ത്തനങ്ങളിലൂടെ അദ്ദേഹം പുതിയ തലമുറയെ പഠിപ്പിക്കുന്നു.
അമ്മമാര്‍ക്കൊപ്പം
അമ്മയെ ഹൃദയത്തിലേറ്റുന്നവന്‍ സ്വര്‍ഗ്ഗം കീഴടക്കും എന്നൊരു ചൊല്ലുണ്ട്. സദാ അമ്മമാര്‍ക്കായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ബേബി മണക്കുന്നേല്‍ ഓരോ അമ്മമാരിലും തന്‍റെ മാതാവിനെ കാണുന്നു. ഒരു അമ്മയുടേയും കണ്ണുകള്‍ ഏതൊരു സാഹചര്യത്തിലും ദുഃഖംകൊണ്ട് ഈറനണിയരുത് എന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ട്. കരയുന്ന ഒരമ്മയും സമൂഹത്തിന് വേണ്ട എന്നതാണ് അദ്ദേഹത്തിന്‍റെ പക്ഷം. പിറവത്തെ വിധവകളായ, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന അമ്മമാരെ സഹായിക്കുന്നതിനായി 'അമ്മയോടൊപ്പം' എന്ന ബൃഹത് പദ്ധതിക്ക് അദ്ദേഹം തുടക്കമിട്ടത് രാജീവ് ഗാന്ധി കള്‍ച്ചറല്‍ ഫോറം എന്ന സാംസ്കാരിക സംഘടനയ്ക്ക് പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടക്കം കുറിക്കുകയും എല്ലാ വര്‍ഷവും ജനുവരി 5-ന് പിറവത്ത് ഈ അമ്മമാര്‍ക്ക് മരുന്ന് കിറ്റും, ധാന്യ കിറ്റും, ഒരു കൈനീട്ടവും ഒരുക്കി ഒരു നന്മയുള്ള പദ്ധതിക്ക് അദ്ദേഹം രൂപം കൊടുത്തു. സമാന ചിന്താഗതിക്കാരായ ചില മനുഷ്യരെക്കൂടി ഒപ്പം കൂട്ടിയതോടെ ഈ പദ്ധതി അമ്മമാരുടെ ഹൃദയാദരവിന്‍റെ ബാക്കി പത്രമായി മാറി. ഓരോ വര്‍ഷം കഴിയും തോറും സഹായം വേണ്ട അമ്മമാരുടെ എണ്ണം കൂടുന്നതില്‍ സങ്കടമുണ്ടെങ്കിലും എത്ര അമ്മമാരായാലും അവര്‍ക്കായി എന്തു സഹായവും ചെയ്യുവാന്‍ താന്‍ തയ്യാറാണെന്ന് അദ്ദേഹം അടിവരയിട്ട് പറയുന്നു. ഇത്തവണത്തെ അമ്മ സംഗമത്തിന് ഫോമായേയും അദ്ദേഹം പങ്കാളിയാക്കി. പിറവം കമ്പാനിയന്‍സ് ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ അമ്മമാര്‍ക്കൊപ്പം പ്രോഗ്രാം നടക്കുമ്പോള്‍ ഫോമായുടെ പ്രവര്‍ത്തനങ്ങള്‍ക്കും, ബേബി മണക്കുന്നേലിനും അമ്മമാരുടെ അനുഗ്രഹവര്‍ഷമായിരുന്നു. അമ്മമാരെ സംരക്ഷിക്കേണ്ടത് ഓരോ കുടുംബത്തിന്‍റെയും കടമയാണ്. നിര്‍ദ്ധനരായ വിധവകള്‍ക്ക് അവരുടെ ജീവിത ദുഃഖങ്ങളുടെ സമയത്ത് കൈത്താങ്ങായി നിലകൊള്ളേണ്ടത് സമൂഹത്തിന്‍റെ കടമ കൂടിയാണ്. പതിമൂന്ന് വര്‍ഷമായി മുടക്കമില്ലാതെ ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ഇനിയും ഫോമായുടെ നന്മയുടെ കരങ്ങള്‍ അമ്മമാര്‍ക്കൊപ്പം ഉണ്ടാകും. ഫോമാ തുടങ്ങിയ കാലം മുതല്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ലോക മാതൃകയായി വളരുന്നതില്‍ സന്തോഷമുണ്ട്. ഫോമായുടെ തുടക്കം മുതല്‍ അശരണരെ സഹായിക്കുവാന്‍ തുടങ്ങിയ 'ഹെല്‍പ്പിംഗ് ഹാന്‍ഡ്സ്' പദ്ധതി ഇന്നും ജീവകാരുണ്യ ചരിത്രത്തിന്‍റെ ഒരു ഏടായി മാറിക്കഴിഞ്ഞു. നേഴ്സിംഗ് സ്കോളര്‍ഷിപ്പ്, മെഡിക്കല്‍ ക്യാമ്പുകള്‍, വീടില്ലാത്ത സാമ്പത്തികമായ പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് അടച്ചുറപ്പുള്ള വീട് ഇവയെല്ലാം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അമ്മമാരുടെ സംരക്ഷണം കൂടിയാണല്ലോ.
പ്രവൃത്തി പഥത്തിലെ ടീം യുണൈറ്റഡ്
ബേബി മണക്കുന്നേല്‍ ടീം യുണൈറ്റഡ് ഫോമാ 2024 - 2026 കാലയളവില്‍ മത്സരിക്കുമ്പോള്‍ കൃത്യമായ ഒരു ലക്ഷ്യം ഉണ്ടായിരുന്നു. ഫോമായുടെ സര്‍വ്വതോന്മുഖ പുരോഗമനത്തിനും, കൂടുതല്‍ മെച്ചപ്പെട്ട സാമൂഹിക - ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും, യുവജനങ്ങളുടെ യൂത്ത് ഫോറം, വനിതകളുടെ വിമെന്‍സ് ഫോറം തുടങ്ങിയ ഫോറങ്ങളുടെ കൂടുതല്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ക്കും പുതുമയാര്‍ന്ന പല പദ്ധതികളും നടപ്പിലാക്കുക, പുതിയ തലമുറയെ ഫോമയുടെ നേതൃത്വ രംഗത്തേക്ക് കൊണ്ടുവരിക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ഇതിനോടകം തുടക്കം കുറിച്ചു കഴിഞ്ഞു. 'ടീം യുണൈറ്റഡ് 'എന്ന പേര് അന്വര്‍ത്ഥമാക്കുന്ന ഒരു ടീമിനെ തനിക്കൊപ്പം പ്രവര്‍ത്തിക്കുവാന്‍ ലഭിച്ചു എന്നതാണ് ഫോമായുടെ പ്രസിഡന്‍റ് എന്ന നിലയില്‍ തന്‍റെ നേട്ടമെന്ന് ബേബി മണക്കുന്നേല്‍ വിലയിരുത്തുന്നു. ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡന്‍റ് ഷാലു മാത്യു പുന്നുസ്, ജോ. സെക്രട്ടറി പോള്‍ പി. ജോസ്, ജോ. ട്രഷറര്‍ അനുപമ കൃഷ്ണന്‍ എന്നിവരോടൊപ്പം വിപുലമായ എക്സിക്യുട്ടീവും ഫോമാ എന്ന ജനറല്‍ ബോഡിയും ബേബി മണക്കുന്നേല്‍ എന്ന ആദരണീയനായ പ്രസിഡന്‍റിനൊപ്പമുണ്ട്.
ഹ്രസ്വ സന്ദര്‍ശനം വലിയ കാര്യങ്ങള്‍
ബേബി മണക്കുന്നേല്‍ ടീം അധികാരത്തില്‍ വന്ന ശേഷം കേരളത്തിന്‍റെ വികസന പ്രവര്‍ത്തനങ്ങളില്‍ പ്രവാസി സമൂഹം എന്ന നിലയില്‍ നിരവധി സഹായങ്ങള്‍ പ്രഖ്യാപിച്ചു നടപ്പിലാക്കിത്തുടങ്ങി. ഫോമാ വിമന്‍സ് ഫോറത്തിന്‍റെ നേതൃത്വത്തില്‍ കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയില്‍ ആദിവാസി മേഖലയിലെ സ്ത്രീകള്‍ക്കായി ഒരു ദീര്‍ഘകാല പദ്ധതിക്ക് തുടക്കം കുറിച്ചുകഴിഞ്ഞു. കൊല്ലം കാനറാ ബാങ്ക് റൂറല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. മുളയില്‍ നിന്നും നിരവധി ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ട്രയിനിംഗ് ആദിവാസി സ്ത്രീകള്‍ക്കായി നല്‍കിയിരുന്നു. മുള ഉപയോഗിച്ച് കരകൗശല ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പരിശീലനം പൂര്‍ത്തിയാക്കുകയും തുടര്‍ന്നുള്ള പരീക്ഷയില്‍ വിജയിക്കുകയും ചെയ്ത ആദിവാസി സ്ത്രീകള്‍ക്ക് കരകൗശല വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനുള്ള ടൂള്‍ കിറ്റുകള്‍ ജനുവരി 8-ന് കുളത്തൂപ്പുഴയില്‍ വിതരണം ചെയ്തു.
വിദ്യാഭ്യാസ രംഗത്ത് ഫോമ നല്‍കുന്ന സഹായത്തിന് തുടക്കമെന്ന നിലയില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒരു വിദ്യാര്‍ത്ഥിക്ക് തന്‍റെ പഠന കാലയളവിലേക്കായി ഒരു സ്കോളര്‍ഷിപ്പ് തുക മാവേലിക്കരയില്‍ വെച്ച് നല്‍കി. വിധവകളും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അമ്മമാര്‍ക്കായി സഹായം നല്‍കുന്ന പദ്ധതിക്കൊപ്പം ഈ വര്‍ഷം മുതല്‍ ഫോമയും കൈകോര്‍ക്കുന്ന പരിപാടിക്ക് പിറവത്ത് തുടക്കം കുറിച്ചു. ഫോമാ പ്രസിഡന്‍റ് ബേബി മണക്കുന്നേല്‍, ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡന്‍റ് ഷാലു പുന്നൂസ്, ജോ. സെക്രട്ടറി പോള്‍ പി ജോസ്, സതേണ്‍ റീജിയണ്‍ വൈസ് പ്രസിഡന്‍റ് ബിജു ലോസണ്‍, ഫോമാ മുന്‍ ചെയര്‍ പേഴ്സണ്‍ ലാലി കളപ്പുരയ്ക്കല്‍ എന്നിവര്‍ അദ്ദേഹത്തിനൊപ്പം കേരളത്തിലെ പരിപാടികള്‍ക്ക് ഒപ്പമുണ്ടായിരുന്നു.
ഫോമാ കേരളാ കണ്‍വന്‍ഷന്‍
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി ഫോമായുടെ കേരളാ കണ്‍വന്‍ഷന്‍ 2026-ല്‍ സംഘടിപ്പിക്കുമെന്നു ബേബി മണക്കുന്നേല്‍ അറിയിച്ചു. സാമൂഹ്യ പ്രവര്‍ത്തകനായ പീറ്റര്‍ കുളങ്ങര ചെയര്‍മാനായി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. വിവിധ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ കേരളാ കണ്‍വന്‍ഷന്‍റെ മുന്നോടിയായി സംഘടിപ്പിക്കും. കേരളാ കണ്‍വന്‍ഷനിലേക്ക് കേരളാ മുഖ്യമന്ത്രി അടക്കം നിരവധി രാഷ്ട്രീയ പ്രവര്‍ത്തകരെ ഇതിനോടകം ക്ഷണിച്ചു കഴിഞ്ഞു.
ഫോമാ അന്തര്‍ദ്ദേശീയ കണ്‍വന്‍ഷന്‍ 2026
അമേരിക്കന്‍ മലയാളികളുടെ മഹോത്സവമായാണ് ഫോമാ കണ്‍വന്‍ഷനുകളെ അറിയപ്പെടുന്നത്. 2026-ലെ ഫോമാ ഫാമിലി കണ്‍വന്‍ഷന്‍ 2026 ജൂലൈ 30, 31 ആഗസ്റ്റ് 1, 2 തീയതികളില്‍ ഹൂസ്റ്റണിലെ വിന്‍ഡം ഹോട്ടലില്‍ വെച്ച് നടക്കും. 2500 പ്രതിനിധികളെ പങ്കെടുപ്പിച്ച് നടക്കുന്ന കണ്‍വന്‍ഷനായിരിക്കും വിന്‍ഡം ഹോട്ടലില്‍ നടക്കുക. വിപുലമായ കലാപരിപാടികള്‍, ഫോമയുടെ പന്ത്രണ്ട് റീജിയനുകളെ സംഘടിപ്പിച്ചു കൊണ്ടുള്ള കലാമത്സരങ്ങള്‍, ഫോമാ വിമന്‍സ് ഫോറം, യൂത്ത് വിംഗ് എന്നിവരുടെ സഹകരണത്തോടെ ഫാമിലിക്കും പ്രത്യേകിച്ച് കുട്ടികള്‍ക്കും ഹൃദ്യമാകുന്ന നിരവധി കലാ പരിപാടികള്‍ ഹൂസ്റ്റണ്‍ കണ്‍വന്‍ഷന്‍റെ പ്രത്യേകതയായിരിക്കും. കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന കുടുംബാംഗങ്ങള്‍ക്കായി 700 മുറികള്‍ ഹോട്ടലില്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. 2500 പേര്‍ക്ക് ഇരിക്കാവുന്ന തീയേറ്റര്‍ സൗകര്യമുള്ള ഹാള്‍ മുതല്‍ എല്ലാ മികച്ച സൗകര്യങ്ങളുമുള്ള ഹോട്ടലാണ് കണ്‍വന്‍ഷന് 18 മാസം ശേഷിക്കവെ ബുക്ക് ചെയ്തിരിക്കുന്നത്. ഫോമയുടെ മികച്ച സംഘാടനത്തിന്‍റെ തെളിവാണ് ഇത്. കേരളത്തിലും, ഹൂസ്റ്റണിലുമായി ഒരുങ്ങുന്ന രണ്ട് കണ്‍വന്‍ഷനുകളുടെ തയ്യാറെടുപ്പില്‍ ബേബി മണക്കുന്നേലും ടീമും മുന്നേറുമ്പോള്‍ അമേരിക്കന്‍ മലയാളികള്‍ക്ക് ഈ നേതൃത്വത്തില്‍ വിശ്വാസ്യത വര്‍ദ്ധിച്ചു കൊണ്ടേയിരിക്കുന്നു . 2026-ലെ ഒന്‍പതാമത് ഫോമാ ഇന്‍റര്‍ നാഷണല്‍ ഫാമിലി കണ്‍വന്‍ഷന്‍റെ ചെയര്‍മാനായി മാത്യൂസ് മുണ്ടക്കല്‍, ജനറല്‍ കണ്‍വീനര്‍ സുബിന്‍ സുകുമാരന്‍ എന്നിവരെ ചുമതലപ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.
കുടുംബം എന്ന സമ്പത്ത്
ഏതൊരു വ്യക്തിയുടെ വിജയത്തിനാധാരം കുടുംബമെന്ന മൂന്നക്ഷരമാണ്. ബേബി മണക്കുന്നേലിന്‍റെ എല്ലാ വിജയങ്ങളുടേയും പിന്നില്‍ അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ പരിപൂര്‍ണ്ണ പിന്തുണയുണ്ട്. ഭാര്യ ആനി (റെസ്പിറേറ്ററി തെറാപ്പിസ്റ്റ് ) മൂത്ത മകന്‍ ഫില്‍ മോന്‍ (പ്രൈം കമ്യൂണിക്കേഷന്‍ ഡയറക്ടര്‍), ഇളയ മകന്‍ ജോയല്‍ ജോസഫ് (ഐ.ടി). മരുമകള്‍ (ജെന്നിഫര്‍) ഡോക്ടര്‍ ഓഫ് ഫാര്‍മസി), കൊച്ചുമകള്‍ ജിയാന ആന്‍ ബേബിക്കുമൊപ്പം സമ്പൂര്‍ണ്ണ ഗൃഹനാഥനായി അദ്ദേഹം കര്‍മ്മനിരതനാകുന്നു.