VAZHITHARAKAL

സിൽവർ ജൂബിലി ആഘോഷിക്കുന്ന കെ എച്ച് എൻ എയുടെ വനിതാ സാരഥി ഡോ.നിഷ പിള്ള

Blog Image

'അവർ ഭൂമിയിലെ ദൈവങ്ങൾ ആണ്
ജീവിതം മനസ്സുകൊണ്ട് തുന്നിക്കൂട്ടുന്നവരാണ്
അറ്റുപോയ പ്രതീക്ഷകളിൽ മരുന്ന് കെട്ടിവെയ്ക്കുന്നവരാണ്'

അറിവും ആരോഗ്യവും ചേര്‍ത്ത് ഒരു സമൂഹത്തെ ഉയര്‍ത്താന്‍ കഴിയുന്നവരാണ് അദ്ധ്യാപകരും ഡോക്ടര്‍മാരും. അവരില്ലെങ്കില്‍ ഈ ഭൂമി ഇത്രമേല്‍ മനോഹരമാകില്ല, അവരില്ലെങ്കില്‍ ഇവിടെ ഈ സന്തുലനാവസ്ഥയും സൗഹൃദങ്ങളും ഒന്നും നിലനില്‍ക്കില്ല. അത്തരത്തില്‍ ഒരുപാട് പേരുടെ നിലനില്‍പ്പിന് കാരണക്കാരിയായ ഒരാളെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ഡോ. നിഷ പിള്ള.

അവനവന് വേണ്ടി മാത്രം എന്ന ചിന്തയില്‍ ഒതുങ്ങി നില്‍ക്കാതെ മറ്റുള്ളവര്‍ക്ക് വേണ്ടി കൂടി ജീവിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ഒരാള്‍. അതുകൊണ്ടുതന്നെ സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ അവര്‍ ഉണ്ടാക്കിയിട്ടുള്ള മാറ്റങ്ങളും ചെറുതല്ല. അധ്യാപന രംഗത്തും, ആരോഗ്യ രംഗത്തും, സംഘടനാരംഗത്തും, സാമൂഹ്യസേവന രംഗത്തും ആത്മാര്‍ത്ഥതയോടെ സേവനം ചെയ്യുന്ന  അമേരിക്കന്‍ മലയാളികളില്‍ ശ്രദ്ധേയയാണ് ഡോ. നിഷ പിള്ള. തിരക്കേറിയ ഹൃദ്രോഗ വിദഗ്ദ്ധയായി സേവനം അനുഷ്ഠിച്ച ശേഷം അസോസിയേറ്റ് പ്രൊഫസറായി ഇപ്പോള്‍ ജോലി നോക്കുന്ന  ഡോ. നിഷ പിള്ള, അമേരിക്കയിലെ മലയാളി സമൂഹത്തില്‍ ശ്രദ്ധേയമായ പങ്ക് വഹിക്കുന്ന ഒരു സാമൂഹിക പ്രവര്‍ത്തക കൂടിയാണ്. അതിലുപരി സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഇപ്പോഴത്തെ പ്രസിഡന്‍റുമാണ്.
ഒരു കോടി രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കെ.എച്ച്.എന്‍.എയുടെ കേരളാ കണ്‍വന്‍ഷനില്‍ വെച്ച് വിതരണം ചെയ്തതിന്‍റെയും, കേരളാ കണ്‍വന്‍ഷന്‍ ചിട്ടയോടെയും ഭംഗിയോടെയും  നടത്തിയതിന്‍റെയും സന്തോഷത്തിലാണ്  ഡോ. നിഷ പിള്ള.

ആരോഗ്യരംഗത്ത് കരസ്ഥമാക്കിയ 'വിമന്‍ ഇന്‍ കാര്‍ഡിയോളജി അവാര്‍ഡ്', 'പേഷ്യന്‍റ്സ് ചോയ്സ് അവാര്‍ഡ്', 'കംപാഷനേറ്റ് ഫിസിഷ്യന്‍ റെകഗ്നിഷന്‍', 'ട്രൈസ്റ്റേറ്റ് എക്സലന്‍സ് അവാര്‍ഡ്' എന്നിവ ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ അവരുടെ കഴിവിനുള്ള അംഗീകാരമാണ്. ഒരു ഡോക്ടര്‍, അധ്യാപിക, സാമൂഹിക പ്രവര്‍ത്തക എന്ന നിലയില്‍ താന്‍ അര്‍പ്പിച്ച ജീവിതത്തെക്കുറിച്ച് അവര്‍ ഓര്‍ക്കുമ്പോള്‍ അതില്‍ നിറയെ മനുഷ്യരുടെ വേദനകള്‍ തുടച്ചെടുത്തതിന്‍റെ പാടുകള്‍ ഉണ്ട്.

കേരളത്തിലെ ബാല്യവും വിദ്യാഭ്യാസവും
കോട്ടയം ജില്ലയിലെ ചങ്ങനാശേരി ആണ് ഡോ. നിഷ പിള്ളയുടെ ജന്മസ്ഥലം. അച്ഛന്‍ രാജശേഖരന്‍ നായര്‍ ഒരു അദ്ധ്യാപകനും സാമൂഹിക പ്രവര്‍ത്തകനുമായിരുന്നു. അതുകൊണ്ടുതന്നെ അറിവിന്‍റെ പ്രാധാന്യവും, സമൂഹത്തിന്‍റെ പുരോഗതിക്കായി പ്രവര്‍ത്തിക്കേണ്ടതിന്‍റെ നിര്‍ബന്ധവുമാണ് ബാല്യത്തില്‍ തന്നെ നിഷ മനസ്സിലാക്കിയത്. അച്ഛന്‍ പഠനത്തിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിഷയെ സഹായിച്ചത് കൊണ്ടുതന്നെ  വിദ്യാഭ്യാസം വളരെ മികച്ച രീതിയില്‍ തന്നെ അവര്‍ക്ക് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന്‍റെ ഏറ്റവും വലിയ ആയുധവും ഏറ്റവും വലിയ സമ്പത്തും അവന്‍റെ വിദ്യാഭ്യാസമാണ് എന്ന തിരിച്ചറിവ് ചെറുപ്പം മുതല്‍ നിഷയ്ക്ക് അവരുടെ വീട്ടില്‍നിന്ന് തന്നെ ലഭിച്ചു എന്നതാണ് ഏറ്റവും വലിയ സുകൃതം.
അച്ഛന്‍റെ ആഗ്രഹപ്രകാരം മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ എഴുതിയ ശേഷം കോട്ടയം മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസ്. പഠനം ആരംഭിച്ച നിഷ, വിദ്യാര്‍ത്ഥിയായിരുന്ന സമയത്തുതന്നെ വനിതാ മാഗസിന്‍ എഡിറ്ററായും, ക്ലാസ് റെപ്രസന്‍റേറ്റീവായും, യൂണിയന്‍ വൈസ് ചെയര്‍പേഴ്സണായും പ്രവര്‍ത്തിച്ചിരുന്നു. ഈ അനുഭവങ്ങള്‍ അവര്‍ക്ക് മികച്ച നേതൃത്വം കൈകാര്യം ചെയ്യാനുള്ള കഴിവ് നല്‍കുകയും, സമൂഹവുമായുള്ള ഇടപെടലുകള്‍ കൂടുതല്‍ മെച്ചപ്പെടുത്തുവാന്‍ സാധിക്കുകയും ചെയ്തു. ഒരു മനുഷ്യനെ ഏറ്റവും അധികം പാഠങ്ങള്‍ പഠിപ്പിക്കുന്നത് അവന്‍റെ വിദ്യാഭ്യാസ കാലഘട്ടമാണ്. അവിടെവെച്ച്  തന്നെയാണ് നിഷ സമൂഹത്തെക്കുറിച്ചും അതിന് തന്നെക്കൊണ്ടുള്ള ആവശ്യത്തെ കുറിച്ചും കൃത്യമായി മനസ്സിലാക്കിയതും അതറിഞ്ഞ് പ്രവര്‍ത്തിച്ചതും.
പഠനത്തില്‍ മികവു പുലര്‍ത്തിയ നിഷ എം.ഡി. ചെയ്യാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചേര്‍ന്നു. എന്നാല്‍ വിവാഹശേഷം ഭര്‍ത്താവിന്‍റെ തൊഴില്‍ ആവശ്യങ്ങള്‍ക്കനുസരിച്ച് അമേരിക്കയിലേക്ക് കുടിയേറേണ്ടി വന്നു. ഒരുപക്ഷേ, കോഴിക്കോട്ടെ പഠനം പൂര്‍ത്തീകരിച്ചിരുന്നെങ്കില്‍ മറ്റൊരു ദിശയിലേക്ക് ആയിരുന്നു നിഷയുടെ ജീവിതം വഴി മാറി പോകുക. എന്നാല്‍ അതിനുമപ്പുറത്തേക്ക് വളര്‍ന്നു പന്തലിക്കാനും നിറയെ ആളുകള്‍ക്ക് സഹായവും സാന്ത്വനവും ആകാനും നിഷയുടെ ഈ ഗതി മാറിയുള്ള ഒഴുക്ക് സഹായിച്ചു.

അമേരിക്കയിലെ മെഡിക്കല്‍ കരിയറും, 
ഹൃദ്രോഗ വിദഗ്ദ്ധയെന്ന നിലയിലുള്ള വളര്‍ച്ചയും

അമേരിക്കയില്‍ എത്തിയ ഡോ. നിഷ പിള്ള, ആദ്യമായി യൂണിവേഴ്സിറ്റി ഓഫ് സാന്‍ ഫ്രാന്‍സിസ്കോയില്‍ പോസ്റ്റ് ഗ്രാജുവേറ്റ് റിസേര്‍ച്ച്  പ്രവര്‍ത്തനങ്ങളില്‍ ചേര്‍ന്നു. അതിന് ശേഷം വെയ്ല്‍ കോര്‍ണല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് കാര്‍ഡിയോളജി ഫെലോഷിപ്പ് നേടി. ഈ മേഖലയില്‍ അവര്‍ നേടിയ കഴിവ് അമേരിക്കന്‍ കാര്‍ഡിയോളജി മേഖലയില്‍ ശ്രദ്ധേയമായ നിരവധി പുരസ്കാരങ്ങള്‍ നേടാന്‍ അവരെ സഹായിച്ചു. സങ്കീര്‍ണ്ണമായ ഹൃദ്രോഗ ചികിത്സയില്‍ അനുഭവസമ്പന്നയായ ഡോ. നിഷ പിള്ള ഇന്ന് അമേരിക്കയിലെ തന്നെ ഏറ്റവും പ്രഗത്ഭരായ ഹൃദ്രോഗ വിദഗ്ധരുടെ പട്ടികയില്‍ സ്ഥാനമുറപ്പിച്ച ആരോഗ്യ പ്രവര്‍ത്തകയാണ്. ആരോഗ്യ രംഗത്തുള്ള നിരവധി മേഖലകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനും അവിടെയെല്ലാം മികച്ച അറിവ് നേടാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും ഡോ. നിഷ പിള്ളയ്ക്ക് കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ വസ്തുത.
'ഹൃദയാരോഗ്യ സംരക്ഷണം ഇരുപതാം  വയസ്സില്‍ തന്നെ ആരംഭിക്കണം' എന്നതാണ് ഡോ. നിഷ പിള്ളയുടെ ഉറച്ച നിലപാട്. മലയാളികള്‍ക്കിടയില്‍ ഹൃദ്രോഗം കൂടുതലായി കാണപ്പെടുന്നു എന്ന വസ്തുത അവരെ ഏറെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. പഴയകാലങ്ങളില്‍ ലളിതമായ ഭക്ഷണരീതിയും വ്യാപാരസാന്ദ്രതയുള്ള ജീവിത ശൈലിയും മലയാളികളെ രോഗങ്ങളില്‍നിന്ന് രക്ഷിച്ചു. എന്നാല്‍, പാശ്ചാത്യ ഭക്ഷണരീതികള്‍, അമിതാഹാരം, പുകവലി എന്നിവ ആരോഗ്യ പ്രശ്നങ്ങള്‍ ഇപ്പോള്‍ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് എന്ന് മറ്റെല്ലാ നിരീക്ഷകരെയും പോലെ ഡോ. നിഷ പിള്ളയും ഉറപ്പിച്ചു പറയുന്നു.


അധ്യാപനത്തിലേക്കുള്ള കൂടുമാറ്റം

അമേരിക്കയിലെ അറിയപ്പെടുന്ന ഹൃദ്രോഗ വിദഗ്ധയായി പ്രാക്ടീസ് തുടരുന്ന സമയത്താണ് നിഷയുടെ മകള്‍ ഇന്ത്യയില്‍ എം.ബി.ബി.എസ്. പഠനത്തിനായി ചേര്‍ന്നത്. അമ്മയെ പോലെ കേരളത്തിന്‍റെ പച്ചപ്പില്‍ മകളുടെ ആരോഗ്യ പഠനം. ആ സമയത്ത് മകളെ  ഒപ്പം നിന്ന് പിന്തുണയ്ക്കാനായി നിഷ ആറുമാസത്തോളം കേരളത്തില്‍ വന്നു. തുടര്‍ന്ന് അമേരിക്കയിലെത്തിയ ശേഷം  അധ്യാപനത്തിലേക്കുള്ള ഒരു കൂടു മാറ്റം നടത്തുവാന്‍ തീരുമാനിച്ചു. തുടര്‍ന്ന് മെഡിക്കല്‍ പ്രാക്റ്റീസ് താല്‍ക്കാലികമായി നിര്‍ത്തിയ നിഷ അധ്യാപന രംഗത്തേക്ക് പ്രവേശിച്ചു. ഇത്രയും വര്‍ഷത്തെ രോഗശുശ്രൂഷ അനുഭവം പുതിയ തലമുറയിലെ ഡോക്ടര്‍മാര്‍ക്ക് പകര്‍ന്നുകൊടുക്കുന്നതിനൊപ്പം ഏറ്റവും മികച്ച അധ്യാപികയായി ആരോഗ്യരംഗത്ത് മാറുവാനും സാധിച്ചത് വലിയ പുണ്യമായി ഡോ. നിഷ പിള്ള കരുതുന്നു.


സാമൂഹ്യപ്രവര്‍ത്തനവും കെ.എച്ച്.എന്‍.എയുടെ
നേതൃത്വത്തിലേക്കുള്ള പ്രവേശനവും

അമേരിക്കയിലെ ആദ്യകാല ജീവിതത്തില്‍ പഠനം, കുടുംബം, മകളുടെ സംരക്ഷണം എന്നിവ കൊണ്ട് സാമൂഹിക ഇടപെടലുകളില്‍ നിന്ന് അകലം പാലിച്ചിരുന്ന ഡോ. നിഷ പിള്ള, പിന്നീട് വേള്‍ഡ് മലയാളി കൗണ്‍സില്‍, വിമന്‍സ് ഫോറം, അമേരിക്കന്‍ കേരള മെഡിക്കല്‍ ഗ്രാജുവേറ്റ്സ് (അഗങഏ) തുടങ്ങിയ സംഘടനകളിലൂടെ സജീവമായി. ചെറുപ്പകാലം മുതല്‍ ഉണ്ടായിരുന്ന സംഘടനാ പാടവം പൊടിതട്ടിയെടുത്തു. മികച്ച പ്രഭാഷക എന്ന നിലയില്‍ ശ്രദ്ധേയയായി. കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.എച്ച്.എന്‍.എ) യില്‍ വിമന്‍സ് ഫോറം ചെയര്‍, ഇന്‍റര്‍നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍, പ്രൊഫഷണല്‍ ഫോറം ചെയര്‍ എന്നീ നിലകളില്‍ സജീവമായി. ഇപ്പോള്‍ സില്‍വര്‍ ജൂബിലി വര്‍ഷത്തില്‍ കെ.എച്ച്. എന്‍.എയുടെ  പ്രസിഡന്‍റായി മാറുകയും ചെയ്തു. ആഗോളതലത്തില്‍ ഹിന്ദു സമൂഹത്തിനുള്ള ഏറ്റവും പ്രബലമായ സംഘടനയുടെ വനിതാ നേതൃത്വം കൂടിയാണ് ഡോ. നിഷ പിള്ള.
യുവജനങ്ങളെ ഈ സംഘടനയിലേക്കും സാമൂഹിക പ്രവര്‍ത്തനങ്ങളിലേക്കും ആകര്‍ഷിക്കുക, മലയാള ഭാഷാ പഠനത്തിനുള്ള ഓണ്‍ലൈന്‍ കോഴ്സുകള്‍ ആരംഭിക്കുക, അമേരിക്കന്‍ മലയാളി സമൂഹത്തിന് വേണ്ടി കൂടുതല്‍ സാമൂഹിക സേവന പദ്ധതികള്‍ നടപ്പിലാക്കുക, കെ.എച്ച്.എന്‍.എയുടെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതു മുതല്‍ ഈ പദ്ധതികള്‍ക്കെല്ലാം കൃത്യമായ ഒരു തുടക്കമിടുകയും ചെയ്തു എന്നതാണ് സത്യം. ഒരു അധ്യാപികയും, ആരോഗ്യരംഗത്ത് വളരെയധികം പരിചയസമ്പത്തുള്ള വ്യക്തിക്ക് ഒരു സമൂഹത്തെ നയിക്കാന്‍ ആകും എന്ന വിശ്വാസവും ഡോ. നിഷ പിള്ളയുടെ ഓരോ ചലനത്തിലുമുണ്ട്.

കെ.എച്ച്.എന്‍.എ കേരളാ കോണ്‍ക്ലേവും 
ഒരുകോടി രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും

ഡോ. നിഷ പിള്ളയുടെ നേതൃത്വത്തില്‍ കെ. എച്ച്.എന്‍.എ സില്‍വര്‍ ജൂബിലി ആഘോഷിക്കുവാന്‍ തയാറെടുക്കുന്ന പശ്ചാത്തലത്തിലാണ് കെ.എച്ച്.എന്‍.എ. കേരളാ കോണ്‍ക്ലേവ് അങ്കമാലി അഡ്ലക്സ് കണ്‍വന്‍ഷന്‍ സെന്‍ററില്‍ 2025 ഫെബ്രുവരി ഒന്നിന് സംഘടിപ്പിച്ചത്. സംഘടനയുടെ ചരിത്രത്തിലെ തന്നെ വിപുലമായ കേരളാ കണ്‍വന്‍ഷന്‍ കൂടിയായിരുന്നു അത്. ആര്‍ഷ ദര്‍ശനത്തെ അധീകരിച്ച് സാഹിത്യ രംഗത്ത് നടത്തിയ സമഗ്ര സംഭാവനകള്‍ക്ക് നാലാമത് ആര്‍ഷദര്‍ശന പുരസ്കാരം ഡോ. എം. ലീലാവതിക്കും, ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനകള്‍ക്കുള്ള ചലച്ചിത്ര പ്രതിഭ പുരസ്കാരം നടന്‍ ശ്രീനിവാസനും നല്‍കിയ സമ്മേളനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍കൊണ്ടും ഏറെ ശ്രദ്ധേയമാക്കുവാന്‍ ഡോ. നിഷ പിള്ളയ്ക്ക് സാധിച്ചു. കേരളത്തിലെ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് കൈത്താങ്ങാകുന്ന സ്നേഹോപഹാരം പദ്ധതിയില്‍ ഒരുകോടി രൂപയാണ് വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയത്. പ്രൊഫഷണല്‍ വിദ്യാഭ്യാസം, വിധവ പെന്‍ഷന്‍, ക്ഷേത്രകലാകാരന്മാര്‍ക്ക് ക്ഷേമനിധി, വനവാസി സഹായ നിധി, സ്ത്രീകള്‍ക്ക് ബിസിനസ് പദ്ധതി, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സഹായം, രോഗിയായ ഗൃഹനാഥനുള്ള കുടുംബങ്ങള്‍ക്ക് സഹായം, ബാലാശ്രമങ്ങള്‍, സ്കൂളുകള്‍, ലൈബ്രറികള്‍, വൃദ്ധസദനങ്ങള്‍,  വിവിധ തൊഴില്‍ സംരംഭങ്ങള്‍ക്ക് സഹായം, സന്നിധാനം പദ്ധതി എന്നിവയ്ക്കായി ഒരുകോടി രൂപയാണ് കെ.എച്ച്.എന്‍.എ നല്‍കിയത്. ഏറ്റവും അര്‍ഹരായവരെ കണ്ടെത്തി ഈ തുക കേരളാ കണ്‍വന്‍ഷന്‍ വേദിയില്‍വെച്ച് കൈമാറാന്‍ സാധിച്ചതില്‍ ഡോ. നിഷ പിള്ളയുടെ നേതൃത്വത്തിന് കഴിഞ്ഞത് വലിയ നേട്ടമാണ്.


കെ.എച്ച്.എന്‍.എ അന്താരാഷ്ട്ര രജത ജൂബിലി കണ്‍വന്‍ഷന്‍

2025  ഓഗസ്റ്റ് 17 മുതല്‍ 19 വരെ അറ്റ്ലാന്‍റിക്  സിറ്റിയിലെ എം.ജി.എം റിസോര്‍ട്ട്സ് ഇന്‍റര്‍നാഷണല്‍ കെ.എച്ച്.എന്‍.എ രജത ജൂബിലിക്കായി ഒരുങ്ങുമ്പോള്‍ ആഗോള തലത്തില്‍ തന്നെ ശ്രദ്ധേയമായ ഒരു കണ്‍വന്‍ഷനായി മാറ്റുവാനുള്ള ശ്രമത്തിലാണ് ഡോ. നിഷ പിള്ള. ഹൈന്ദവ ആചാര്യന്മാര്‍, സാംസ്കാരിക നായകന്മാര്‍, കലാ സാഹിത്യ മാധ്യമ ബിസിനസ് രംഗങ്ങളിലെ പ്രമുഖര്‍ എന്നിവരുടെ സാന്നിദ്ധ്യം കൊണ്ട് സമ്പന്നമാകുന്ന കണ്‍വന്‍ഷനില്‍ അഞ്ഞൂറില്‍പ്പരം കുടുംബംങ്ങളില്‍ നിന്ന് 2000-ല്‍ അധികം അംഗങ്ങള്‍ കെ.എച്ച്.എന്‍.എ അന്തര്‍ദ്ദേശീയ കണ്‍വന്‍ഷന്‍ വിരാട് 25 പതാകയ്ക്ക് പിന്നില്‍ അണിനിരക്കും. ഡോ. നിഷ പിള്ള (പ്രസിഡന്‍റ്), മധു ചെറിയേടത്ത് (ജനറല്‍ സെക്രട്ടറി), രഘുവരന്‍ നായര്‍ (ട്രഷറര്‍)എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷത്തിലെ കെ.എച്ച്.എന്‍.എ പ്രവര്‍ത്തനങ്ങളുടെ കലാശക്കൊട്ടും പുതിയ പ്രവര്‍ത്തനങ്ങളുടെ തുടക്കവുമാവും അറ്റ്ലാന്‍റിക് സിറ്റിയില്‍ അരങ്ങേറുക.

'തറവാട്' എന്ന സ്നേഹവീട്

ജീവിതത്തിന്‍റെ സായാഹ്നങ്ങളിലെത്തി നില്‍ക്കുമ്പോള്‍ മനുഷ്യന് ഒരാശങ്കയുണ്ടാകും. ശേഷിക്കുന്ന ജീവിതം, പരിചരണം എന്ന് തുടങ്ങി നിറയെ ചിന്തകള്‍ മനസിലേക്ക് ചേക്കേറും. ഒരു കാലഘട്ടത്തിനപ്പുറം നമുക്ക് നമ്മളെത്തന്നെ കൊണ്ട് നടക്കാന്‍ കഴിയാത്ത സമയങ്ങളില്‍ ഒരു കരുതല്‍ അനിവാര്യമാണ്. വാര്‍ദ്ധക്യം ജീവിതത്തിലേക്ക് വിളിച്ചില്ലെങ്കിലും കടന്നുവരുന്ന അഥിതിയാണെന്നിരിക്കെ സ്വീകരിക്കുക എന്നതല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഒന്നുമില്ലല്ലോ. എന്നാല്‍ ഈ കാലയളവിനെ മനോഹരവും സമ്പൂര്‍ണവുമാക്കുകയാണ് ഡോ. നിഷ പിള്ളയുടെ 'തറവാട്' എന്ന മനോഹരമായ വീട്. അങ്കമാലിക്കടുത്ത്, ചാലക്കുടിപ്പുഴയുടെ തീരത്ത് അഞ്ചരയേക്കറില്‍ എല്ലാവിധ സൗകര്യങ്ങളോടെയും ഉയര്‍ന്നു നില്‍ക്കുന്ന തറവാട്ടിലെ എല്ലാ താമസക്കാരും എന്ത് സന്തോഷത്തിലാണെന്നോ. പ്രായം വെറും നമ്പര്‍ ആണെന്നൊക്കെ കാവ്യാത്മകമായി പറയാമെങ്കിലും കാര്യത്തോട് അടുക്കുമ്പോള്‍ പ്രായാധിക്യം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പലതില്‍നിന്നും ഒരു മനുഷ്യനെ തടഞ്ഞേക്കാം. ഒറ്റപ്പെടല്‍ എന്ന മാനസിക ദൗര്‍ബല്യം മുതല്‍ക്ക്, ശാരീരികമായ പല ബുദ്ധിമുട്ടുകളും വാര്‍ദ്ധക്യത്തില്‍ മനുഷ്യനെ കാത്തിരിക്കുന്നുണ്ട്. ഈ കാലയളവില്‍ അവരെ പരിചരിക്കേണ്ടത് അനിവാര്യമാണ്.


വാര്‍ദ്ധക്യത്തിലേക്ക് കടക്കുന്ന മനുഷ്യര്‍ക്ക് സമഗ്രവും സമ്പൂര്‍ണ്ണവുമായ പരിപാലനം വാഗ്ദാനം ചെയ്യുന്ന തറവാടും ഡോ. നിഷ പിള്ളയും പ്രതീക്ഷയുടെ വലിയ വെളിച്ചങ്ങളാണ് പല മനുഷ്യരുടെയും ജീവിതത്തിലേക്ക് പകര്‍ന്നു നല്‍കുന്നത്. മറ്റുള്ളവയില്‍ നിന്നെല്ലാം വ്യത്യസ്തമായി എല്ലാത്തരത്തിലുമുള്ള പരിചരണം നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് ലഭ്യമാക്കുക എന്നതാണ് തറവാടിന്‍റെ ലക്ഷ്യം. വീട് എന്ന സങ്കല്‍പ്പത്തിനേക്കാള്‍ മികച്ച സംവിധാനങ്ങള്‍ ഇവിടെ ലഭ്യമാണ്. പ്രവാസ ജീവിതത്തിന്‍റെ പരിമിതികളെ തിരിച്ചറിഞ്ഞുകൊണ്ട് ഒരുകാലത്ത് ജീവിച്ച അതെ സുഖശീതളിമയും പരിചരണവും ഇവിടുത്തെ എല്ലാ മനുഷ്യര്‍ക്കും നല്‍കുന്നു. വിദേശരാജ്യങ്ങളിലും മറ്റും റിട്ടയറായ മുതിര്‍ന്ന പൗരന്മാര്‍ക്ക് തങ്ങളുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കനുസൃതമായ പരിചരണം നല്‍കുന്നതിലൂടെ, വാര്‍ദ്ധക്യ കാലത്ത് മാതാപിതാക്കള്‍ക്ക് അഭിമാനത്തോടെയും, ആരോഗ്യത്തോടെയും ഉളള സുരക്ഷിതവും, മികച്ചതുമായ ജീവിതനിലവാരം ഉറപ്പുവരുത്തുക എന്ന വ്യക്തമായ കാഴ്ചപ്പാടാണ് തറവാട് എന്ന വലിയ സങ്കല്‍പ്പത്തെ  വ്യത്യസ്തമാക്കുന്നത്. വയോജനപരിപാലനം എന്ന ചിന്തയേക്കാള്‍ ഉപരിയായി രാജ്യാന്തര മാനദണ്ഡങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ് ഡോ. നിഷ പിള്ള തറവാടിനെ തന്‍റെ കണ്ണിലെ കൃഷ്ണമണിപോലെ കാക്കുന്നത്. അമേരിക്കയിലിരുന്നു തന്‍റെ തറവാട്ടിലെ ഓരോ അംഗങ്ങളുടെയും സുഖസൗകര്യങ്ങള്‍ എല്ലാ ദിവസവും അന്വേഷിക്കുകയും അവര്‍ക്ക് വേണ്ടതെല്ലാം എത്തിച്ചുനല്‍കുന്നതിലും, അവരുടെ ആരോഗ്യ രക്ഷയ്ക്കും കരുതലായി തറവാട് ഒപ്പമുണ്ട്. തറവാടിനോട് ചേര്‍ന്ന് ത്രിത്വം ഹെല്‍ത്ത് സര്‍വീസ് എന്ന പേരില്‍ ഒരു പുതിയ സംവിധാനം കൂടി ഡോ. നിഷ പിള്ള ഉടന്‍ തന്നെ തുടങ്ങുന്നുണ്ട്. പാലിയേറ്റിവ് കെയര്‍, സര്‍ജറിക്ക് ശേഷമുള്ള സേവനങ്ങള്‍, സ്ട്രോക്ക് മുതലായ അസുഖങ്ങള്‍ വന്നവര്‍ക്കുള്ള തുടര്‍ ചികിത്സകള്‍ എല്ലാം  ത്രിത്വം ഹെല്‍ത്ത് സര്‍വീസ് നല്‍കും.


മൈ പ്രിന്‍സസ് ഫൗണ്ടേഷന്‍ - ആത്മവിശ്വാസത്തോടെ വളരാന്‍ ഒരിടം
ഡോ. നിഷ പിള്ളയുടെ ഏറ്റവും വലിയ ഒരു പ്രോജക്ടാണ് മൈ പ്രിന്‍സസ് ഫൗണ്ടേഷന്‍. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അമ്മമാരുടെ പെണ്‍മക്കളെ സംരക്ഷിക്കുന്ന ഒരിടം. സമാന ചിന്താഗതിക്കാരായ സുഹൃത്തുക്കളെ ഒപ്പം ചേര്‍ത്ത് ഈ പ്രസ്ഥാനത്തിന് രൂപം കൊടുക്കുമ്പോള്‍ ഇതൊരു വലിയ പ്രസ്ഥാനമായി വളരുമെന്ന് ഡോ. നിഷയും സുഹൃത്തുക്കളും ചിന്തിച്ചിരുന്നില്ല. വര്‍ഷത്തില്‍ ഇരുന്നൂറു പെണ്‍കുട്ടികള്‍ വീതം കഴിഞ്ഞ 5 വര്‍ഷംകൊണ്ട് ആയിരത്തോളം മിടുമിടുക്കരായ പെണ്‍മക്കള്‍ക്ക് തണലാകുവാന്‍ പ്രിന്‍സസിന് കഴിഞ്ഞു. കരിയര്‍ ഓറിയന്‍റഡ് കോഴ്സുകളിലേക്ക് നിര്‍ദ്ധനരായ കുടുംബങ്ങളിലെ കുട്ടികളെ ചേര്‍ത്ത് അവര്‍ക്ക് സാമ്പത്തിക സഹായവും മെന്‍ററിങ്ങും നല്‍കുന്ന പ്രസ്ഥാനമാണ് പ്രിന്‍സസ്. എന്നാല്‍ ഇവരുടെ അമ്മമാര്‍ക്ക് സ്വയം തൊഴില്‍ സഹായമായി ധനസഹായം നല്‍കുകയും അവര്‍ ജീവിത വിജയം നേടുമ്പോള്‍ അനുവദിച്ച ലോണുകള്‍ ചെറിയ ഗഡുക്കളായി തിരിച്ചടയ്ക്കുന്ന ഒരു സംവിധാനവും പ്രിന്‍സസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ  കുടുംബങ്ങള്‍ക്കും ഇത്തരം കാര്യങ്ങളില്‍ ഉത്തരവാദിത്വം വേണമെന്നാണ് ഡോ. നിഷയുടെ പക്ഷം. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സഹായ മനസ്കരായ സുഹൃത്തുക്കള്‍ ഒപ്പം നില്‍ക്കുന്നതാണ് ഈ പദ്ധതിയുടെ വിജയത്തിന് ആധാരം. വിവിധ ജോലികള്‍ക്ക് നിരവധി വേക്കന്‍സികള്‍ ഉള്ള നാടാണ് കേരളം. ഒരു നല്ല ഷെഫ് ആകാന്‍, നല്ലൊരു ബ്യൂട്ടീഷനാകാന്‍, അതിലുപരി നല്ലൊരു ഡയാലിസിസ് ടെക്നീഷ്യനാവാനുള്ള സാഹചര്യങ്ങള്‍ ഒരുക്കുവാനും കുട്ടികളെ അത്തരം കോഴ്സുകളുടെ ഭാഗമാക്കുവാന്‍ ഈ കൂട്ടായ്മകൊണ്ട് സാധിക്കുന്നു. ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകത മൈ പ്രിന്‍സസ് ഫൗണ്ടേഷന്‍റെ എല്ലാവരും ഈ കുട്ടികളുടെ കാര്യത്തില്‍ അതീവ ശ്രദ്ധാലുക്കള്‍ ആകുന്നു എന്നതാണ്. പത്രങ്ങളിലും, സോഷ്യല്‍ മീഡിയ വഴിയും പ്രിന്‍സസിലേക്ക് നിരവധി കുട്ടികള്‍ കടന്നുവരുന്നു എന്നതാണ് ഇതിന്‍റെ മറ്റൊരു പ്രത്യേകത. കേരളത്തിലുടനീളം 6 മെന്‍റര്‍ ഗ്രൂപ്പുകളിലായി അറുപത് മെന്‍റര്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ കുട്ടികള്‍ക്ക് വേണ്ട എല്ലാ നിര്‍ദേശങ്ങളും നല്‍കി അവരെ സ്വയം പര്യാപ്തരാക്കി മാറ്റുവാന്‍ ഈ മെന്‍റര്‍മാര്‍ നല്‍കുന്ന സേവനം ചെറുതല്ല.


 ആരോഗ്യ സംരക്ഷണത്തിന്‍റെ പുതിയ മേഖല - മൈത്രി

കോവിഡ് കാലത്ത് കേരളത്തിലെ ആരോഗ്യ രംഗത്തിന് സഹായമായി തുടങ്ങിയ സംരംഭമാണ് മൈത്രി ഇന്‍റര്‍നാഷണല്‍ ഫൗണ്ടേഷന്‍. കേരളത്തിലെ നിര്‍ദ്ധനരായ രോഗികള്‍ക്ക് രോഗം സംബന്ധിച്ച ആവശ്യങ്ങള്‍ അനുസരിച്ച് ഒരു സെക്കന്‍ഡ് ഒപ്പിനിയന്‍ നല്‍കുക എന്നതായിരുന്നു ഇതിന്‍റെ ലക്ഷ്യം. വന്‍ വിജയമായ ഒരു പദ്ധതി ആയിരുന്നു ഇത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള പ്രഗത്ഭരായ ഡോക്ടര്‍മാര്‍ ഈ രോഗികളുടെ പ്രശ്നങ്ങള്‍ കേള്‍ക്കുകയും അവര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങളും, മരുന്നുകളും നിര്‍ദ്ദേശിക്കുകയും ചെയ്യുന്നത് ഒരു വ്യത്യസ്തമായ അനുഭവമായിരുന്നു. ഇതെല്ലാം ഡോ. നിഷ പിള്ള തന്നെ കോ-ഓര്‍ഡിനേറ്റ് ചെയ്യുകയും ചെയ്തിരുന്നു. കെ.എച്ച്.എന്‍.എയുടെ പ്രസിഡന്‍റ് ആയ ശേഷം ഈ പ്രവര്‍ത്തനങ്ങള്‍ അല്പം കുറഞ്ഞു എങ്കിലും ഈ പ്രവര്‍ത്തനങ്ങള്‍ ജീവിതത്തിന്‍റെ വ്യത്യസ്തമായ അനുഭവമാണെന്ന് ഡോ. നിഷ പിള്ള വിലയിരുത്തുന്നു.


കാറ്റില്‍ ഉലയാത്ത പുല്‍നാമ്പുകള്‍
ചെറുപ്പം മുതല്‍ക്കേ പുസ്തക വായന കൈമുതലായ ഡോ. നിഷ പിള്ള തന്‍റെ മെഡിക്കല്‍ രംഗത്തെ അനുഭവങ്ങള്‍ കഥാ രൂപത്തിലാക്കി ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'കാറ്റില്‍ ഉലയാത്ത പുല്‍നാമ്പുകള്‍'. പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ സത്യന്‍ അന്തിക്കാട് പ്രകാശനം ചെയ്ത പുസ്തകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കഥാ ഗ്രന്ഥമാണ്. അനുഭവങ്ങള്‍ കഥാ പശ്ചാത്തലമായി വരുന്ന കഥകള്‍ മലയാളത്തില്‍ നിരവധി  ഉണ്ടായിട്ടുണ്ടെങ്കിലും ഒരു ഡോക്ടറുടെ അനുഭവങ്ങള്‍ കഥകളായി മാറുമ്പോള്‍ അവയിലെ കഥാപാത്രങ്ങള്‍ വായനക്കാരുടെ തൊട്ടടുത്തെവിടെയോ നില്‍ക്കുന്നതു പോലെ തോന്നും. അതാണ് കാറ്റില്‍ ഉലയാത്ത പുല്‍നാമ്പുകള്‍ എന്ന കഥാസമാഹാരത്തിന്‍റെ വിജയവും.


ഡോക്ടറെന്ന നിലയില്‍ ഏറ്റവും സംതൃപ്തി ലഭിച്ച അനുഭവങ്ങള്‍

'മരണത്തിന്‍റെ വക്കില്‍നിന്ന് ഒരു ജീവന്‍ തിരിച്ചുകൊണ്ടുവരുമ്പോഴുള്ള സന്തോഷം എന്നോട് ചോദിക്കേണ്ടത് അല്ല, ഒരു രോഗിയുടെ കണ്ണുകളില്‍ കാണണം 'എന്ന് ഡോ. നിഷ പിള്ള പറയുന്നു.' ഒരു ഡോക്ടര്‍ ഒരു കുഞ്ഞിന്‍റെ ആദ്യമായുള്ള ഹൃദയത്തുടിപ്പ് കേള്‍ക്കുന്നു, അതേ സമയം ഒരു ഹൃദയാഘാതം വന്ന രോഗിക്ക് അവസാനമായി ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള ശസ്ത്രക്രിയ ചെയ്യുന്നു. ഈ ജീവിതത്തിലേത് ഇത് പോലുള്ള വലിയ അനുഭവങ്ങളാണ്' ഡോ. നിഷ പിള്ള പറയുന്നു.


നമുക്കറിയാം ഒരു ഡോക്ടറുടെ ജീവിതത്തില്‍ വളരെയേറെ പ്രാധാന്യമുള്ള നിരവധി സംഭവങ്ങള്‍ ഉണ്ടായിരിക്കാം. അവരുടെ ചിന്തകളെ തന്നെ മാറ്റിമറിക്കുന്ന അല്ലെങ്കില്‍ പുതിയൊരു വിപ്ലവം സൃഷ്ടിക്കാന്‍ സാധ്യതയുള്ള ധാരാളം അനുഭവങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് ഉണ്ടാകാം. അത്തരത്തില്‍ ചിലത് നിഷ പങ്ക് വയ്ക്കുമ്പോള്‍ തന്നെ വ്യക്തമാണ് അവരില്‍ എത്രത്തോളം മാനുഷികതയുണ്ട് എന്നത്. എത്രത്തോളം നമ്മള്‍ സമൂഹത്തോട് അടുത്തുനില്‍ക്കുന്നുവോ, എത്രത്തോളം നമ്മള്‍ മനുഷ്യരുടെ ഹൃദയം കാണാന്‍ ശ്രമിക്കുന്നുവോ, എത്രത്തോളം നമ്മള്‍ മനുഷ്യരുടെ ഓര്‍മകളില്‍ നിറഞ്ഞിരിക്കുന്നുവോ അത്രമേല്‍ നമ്മള്‍ മഹാത്മാക്കളാണ് എന്നല്ലേ. ഡോ. നിഷ പിള്ളയുടെ ജീവിതത്തില്‍ അത് യാഥാര്‍ത്ഥ്യമാണ്.


ഡോ. നിഷ പിള്ളയുടേത് ദൈവത്തിന്‍റെ കൈകള്‍
ഡോ. നിഷ പിള്ളയുടേത് യഥാര്‍ത്ഥത്തില്‍ ദൈവത്തിന്‍റെ കൈകള്‍ തന്നെയാണ്. മനുഷ്യ ശരീരത്തില്‍ നിന്നും പ്രാണന്‍ വിട്ടുപോകാതെ അവരെ സൂക്ഷിക്കുന്ന ദൈവത്തിന്‍റെ കൈകള്‍. അതുകൊണ്ടുതന്നെ അവരുടെ ജീവിതം മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനം ആയിരിക്കട്ടെ. ഏത് പ്രതികൂല സാഹചര്യങ്ങളിലും മനുഷ്യര്‍ക്ക് സഹായം വേണ്ട സമയങ്ങളില്‍ അത് ചെയ്തു നല്‍കുക എന്നതാണ് ഒരു ഡോക്ടറെയും അധ്യാപകരെയും, ഒരു സംഘാടകയെയും സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ദൗത്യം. ഡോ. നിഷ പിള്ള അത് അന്നും ഇന്നും ഭംഗിയില്‍ നിറവേറ്റുന്നുണ്ട്. തുടരുക... നിങ്ങളുടെ കരുണ നിറഞ്ഞ പ്രവര്‍ത്തികള്‍ മനുഷ്യസഹജമായ നന്മകള്‍... ഡോ. നിഷ പിള്ളയുടെ ജീവിതം മലയാളി സമൂഹത്തിന് ഒരു പ്രചോദനം ആണ്. ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക സേവനം എന്നിവയുടെ കൂടിച്ചേരലായ ഒരു കാഴ്ചപ്പാട്, ഇത് കൂടുതല്‍ പേര്‍ക്ക് പ്രചോദനമാകട്ടെ. ജീവിതത്തോട് മടുപ്പ് മാത്രം ബാക്കിയുള്ള മനുഷ്യര്‍ക്ക് ഒരു ആശ്വാസമാകുന്ന, സാന്ത്വനമാകുന്ന നിഷമാര്‍ ഇനിയും ഭൂമിയില്‍ രൂപപ്പെടട്ടെ.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.