ഇലകളാകാശത്തെ
ചുംബിച്ച് പറയുന്ന
കഥയന്ത്യമിങ്ങനെയാവാം!!
ഒരിക്കലുമൊറ്റ വെട്ടിനാൽ
ഒടുങ്ങുവതല്ലെൻ പ്രണയം;
വീഴുമെൻ ചോര തൊലിയിലൂടൂർന്നിറങ്ങി
നനഞ്ഞൊട്ടുമെൻ വേരുകൾ..
കാറ്റു പിടിച്ചുലച്ച പഴുപ്പിലകൾ
വീണൊരു വിടവിലൂടെ
കാണുന്നൊരു പറവ തൻഗേഹം;
അവശേഷിക്കുന്നതിൽ
പൊട്ടിവിരിയുന്നൊരു കുഞ്ഞുങ്ങൾ..
അമ്മ തീർത്തൊരു മച്ചിൻപാതിയിൽ
ചിലന്തികൾ വലകൾ നെയ്തുതീർക്കുന്നു;
സ്വപ്നങ്ങളിനിയും തുടർക്കഥയല്ലയോ
ജീവനറ്റുപോകുംവരേയ്ക്കുമീ ഭൂമിയിൽ!!
കല്ലുപാകിയ ഭിത്തിയിലുമുറപ്പിക്കുന്നു
ഇരിപ്പിടമെൻ കുഞ്ഞുങ്ങൾ
വീശിയടിച്ച കൊടുങ്കാറ്റിനാൽ
പാകിയ വിത്തുകൾ..
ജീവിതവും പ്രണയവുമൊന്നാകവേ
ചിതലുകളെയുമൂട്ടുന്നെൻ വേരുകൾ!!
അമ്പിളി ഗോപൻ