പ്രായത്തിൽ നസ്രായക്കാരൻ യേശുവിനേക്കാൾ മുതിർന്നവൻ എന്നാൽ യേശുവിന്റെ ശവം ചുമക്കുവാൻ ഭാഗ്യം ലഭിച്ചവൻ. അല്ലെങ്കിൽപറഞ്ഞാൽ അതിനായ് വിധിക്കപെട്ടവൻ. വളരെവലിയ പണക്കാരൻ സ്വന്തമായി ഒരു വലിയ ഒരുതോട്ടത്തിനുടമ. മനുഷ്യൻ ജനിച്ചാൽ മരിക്കും അതുറപ്പാണ് ആ വാസ്തവം അയ്യാൾ നന്നായി മനസ്സിലാക്കിയിരുന്നു. അതുകൊണ്ടു തന്റെ തോട്ടത്തിന്റെ ഒത്തനടുക്കായി ഒരുകല്ലറ പണിത് ആർഭാടമായി തന്റെ മരണത്തിനായി കാത്തിരുന്നവൻ.
താൻ നീതിമാനാണ് സമൂഹത്തിലെ തന്റെ വിലയും നിലയും കാത്തുസൂക്ഷിക്കുന്നവൻ. സമൂഹത്തിനെപ്പോഴും നന്മ മാത്രം ചെയ്യുന്നവൻ. ചെയ്യുന്നനന്മക്കു പ്രത്യുപകാരമായി സമൂഹത്തിന്റെ ആദരവും ബഹുമാനവും മാത്രം പ്രതീക്ഷിച്ചിരുന്നുള്ളു.
അങ്ങനെയിരിക്കുമ്പോഴാണ് അയ്യാൾ ഒരുവലിയ അത്ഭുതപ്രവർത്തകനെപറ്റി കേൾക്കുന്നത്. പക്ഷെ തന്റെ വിലക്കും നിലക്കും അയ്യാളുടെ അടുത്തേക്ക് അടുക്കാൻ പറ്റുന്നില്ല , അടുക്കണമെന്നുണ്ട് എന്നാൽ അയ്യാളുടെ സഹവാസം തനിക്കു യോജിച്ചതാണോ എന്നൊരു സംശയം. ആ അത്ഭുതപ്രവർത്തകൻ പ്രവാചകനോ ദിവ്യനോ എന്തോഒക്കെയാണ് പക്ഷെ സഹവാസം ചുങ്കക്കാരുടെയും വേശ്യകളുടെയും കുഷ്ടരോഗികളുടെയും കൂടെ. സമൂഹത്തിലെ ഉന്നതന്മ്മാർക്കൊന്നും അദ്ദേഹവുമായി ഒരു കൂട്ടുകെട്ടുമില്ല . തന്റെ ഉറ്റ സുഹൃത്തായ നിക്കദേമോസ് പോലും ഒരു പരിധിവിട്ട് അങ്ങോട്ടടുക്കുന്നില്ല . അതിനാൽ പാത്തും പതുങ്ങിയുമായിരുന്നു അയ്യാൾ യേശൂവിനെ അനുഗമിച്ചിരുന്നത്. ഇദ്ദേഹം എന്തിനാ ഇങ്ങനെ സമൂഹത്തിലെ പാപികളുടെയും താഴ്ന്ന ജാതിക്കാരുടെയും കൂടെ നടക്കുന്നത് . എത്ര വലിയ അത്ഭുത സിദ്ധിയുള്ള മനുഷ്യനാണ് . അദ്ദേഹം വിചാരിച്ചാൽ താൻ ഉൾപ്പെടെ എത്ര ഉന്നതന്മാരുമായി കൂട്ടു കൂടാം.ഞങ്ങളൊക്കെ വേണ്ട സൗകരിങ്ങളും സമ്പത്തും ഒരുക്കികൊടുക്കുമല്ലോ . എന്നിട്ടും കടന്നു ചെല്ലാനും സഹവസിക്കാനും പറ്റാത്ത സ്ഥലങ്ങളിലാണല്ലോ അദ്ദേഹം വസിക്കുന്നത് എന്നോർക്കുമ്പോൾ ഒരുവിഷമം .
യേശുവിനെയും അദ്ദേഹത്തിന്റെ പ്രബോധനങ്ങളെയും കേൾക്കാൻ ഇഷ്ടപ്പെട്ടിരുന്ന ആൾ എന്ന നിലക്ക് യേശു പിടിക്കപ്പെട്ടു എന്നറിഞ്ഞപ്പോൾ മുതൽ പുറകെയുണ്ട്. ഇനിയെന്താണ് സംഭവിക്കുന്നത് എന്നറിയാനും വേണ്ടിവന്നാൽ സഹായിക്കാനും. എപ്പോഴെങ്കിലും ഒന്ന് തിരിഞ്ഞു തന്നെ നോക്കിയാൽ മതി താൻ അദ്ദേഹത്തെ സഹായിക്കും രക്ഷിക്കും, അത്രയധികം പണവും സ്വാധീനവും തനിക്കുണ്ട്. നീചമായ വിചാരണയും മർദ്ദനങ്ങളും ഏറ്റപ്പോഴും, അദ്ദേഹം തിരിഞ്ഞൊന്നു തന്നെ നോക്കും എന്ന് കരുതിയിരുന്നു. എന്നാൽ സ്വന്തമായി മുന്നോട്ടു വന്ന് അദ്ദേഹത്തെ ഒന്ന് സഹായിക്കാനുള്ള ആത്മധൈര്ര്യം ഒട്ടില്ലതാനും. സമൂഹത്തിലെ വിലയും നിലയും ഏവർക്കും ഒരുപ്രശ്നമാണല്ലോ. കുരിശ് ഒന്ന് താങ്ങിക്കൊടുക്കാനും മുഖമൊന്ന് തുടച്ചുകൊടുക്കാനും സാധാരണക്കാർ ധൈര്യംകാട്ടി, കാരണം ഇനി മരണമല്ലാതെ അവർക്കൊന്നും നഷ്ട്ടപെടാനില്ലല്ലോ. പലരുംവിചാരിച്ചിരുന്നപോലെ കുരിശിൽ തറയ്ക്കുന്നതിനുമുന്പ് അദ്ദേഹം എങ്ങനെയെങ്കിലും രക്ഷപെടും എന്ന് മറ്റുള്ളവരെപ്പോലെ ഇദ്ദേഹവും വിചാരിച്ചു . എന്നാൽ എല്ലാവരുടെയും പ്രദീക്ഷകൾ ആസ്ഥാനത്താക്കിക്കൊണ്ട് യേശു കുരിശിനും, പടയാളികൾക്കും, കുന്തത്തിനും അവസാനം മരണത്തിനും കീഴ്പെടുന്ന കാഴ്ച ദൂരെ മാറിനിന്നു കാണാനേ അയ്യാൾക്കായുള്ളു. അവിടെ ഒരു പിതാവിന്റെ ഇഷ്ട്ടംനിറവേറ്റാൻ ഒരുപുത്രന്റെ കഴ്ട്ടപ്പാടുണ്ടായിരുന്നു. കഴിയുമെങ്കിൽ ഈ പാനപാത്രം ഒഴിവാക്കിത്തരാൻ അവസാനം താണുകേണു സ്വന്തപിതാവിനോട് ചോദിക്കുന്ന പുത്രനെ, ഭൂമിയിലെ തന്റെ മക്കളുടെ രക്ഷക്കുവേണ്ടി നിർദാക്ഷിണ്യം വിട്ടുകൊടുത്ത ഒരപ്പന്റെ ദാർഢ്യത്തിനുമുന്നിൽ താഴ്മയോടെ നിന്നുകൊടുത്ത ഒരുമകനെ അവിടെ കണ്ടു. എല്ലാം പൂർത്തിയായി എന്ന് പറഞ്ഞുകൊണ്ട് സ്വയം സമർപ്പിച്ച നിമിഷം.
കാര്ര്യങ്ങൾ കൈവിട്ടുപോയി എന്ന് അപ്പോഴാണ് മനസ്സിലായത്. അപ്പോഴേക്കും സമയംവൈകിപ്പോയിരുന്നു . പക്ഷെ ആകുരിശിൽ മരിച്ചുകിടക്കുന്നവൻ തന്റെ മാത്രമല്ല ലോകത്തിന്റെ മുഴുവൻ രക്ഷകനാണ് എന്ന ഒരുബോദ്യം, അത് പെരുവിരൽമുതൽ ഇരച്ചുകയറി ഹൃദയത്തിലൂടെകടന്നു തലച്ചോറിലെത്തി. അന്നുവരെയുള്ള ഭയവും മിദ്യബോധങ്ങളും എവിടെപ്പോയി എന്നറിയില്ല. പേടിച്ചിട്ടു കാര്യമില്ല ആ ദിവ്യ ശരീരവും അതിൽ ശേഷിക്കുന്ന രക്തവും, അതെങ്കിലും തനിക്കുവേണം . ഇന്ന് ഈ നിമിഷം തനിക്കുള്ളതെല്ലാം അദ്ദേഹത്തിനുവേണ്ടി വിട്ടുകളയുകയാണ്. അയ്യാൾ ഓടി ആ കുരിശിൻ ചുവട്ടിലെത്തി . കഴുകന്മാർ കൊത്തിവലിക്കുന്നതിനു മുൻപ് അതേറ്റുവാങ്ങണം .
ആരും പ്രദീക്ഷിക്കാത്തഒരാൾ, എല്ലാവരും അതിശയിച്ചു . സ്വന്തം പുത്രന്റെ നിർജീവമായ ശരീരം എങ്ങനെ ഏറ്റുവാങ്ങും അതിനു തനിക്കോ കൂടെയുള്ള ശേഷിക്കുന്ന ശിഷ്യൻമാർക്കോ ശക്തിയോ സമ്പത്തോ ഇല്ലാതെ വിഷമിച്ചുനിൽക്കുന്ന ഒരമ്മയുടെ മുന്നിൽ, ഏറ്റവും സ്നേഹിച്ചിരുന്ന മുക്കുവരായ ശിഷ്യൻമാരുടെമുന്നിൽ, ആദ്യം മുതൽ ഈശോക്ക്വേണ്ടി പ്രാർത്ഥനയോടെ അനുഗമിച്ചിരുന്ന പാവപെട്ട സ്ത്രീകൾക്കുമുന്നിൽ, ആശ്വാസമുളവാക്കുന്ന ഒരുവാഗ്ദാനവുമായി . പട്ടാളക്കാർക്കോ പ്രധാനാചാര്യന്മാർക്കുപോലുമോ നിരസിക്കാൻ പറ്റാത്ത ഒരാൾ മുന്നോട്ടുവന്നിരിക്കുന്നു .
അയ്യാൾ തന്റെ എല്ലാം എല്ലാം ആ നിമിഷം വിട്ടുകൊടുത്തു. താൻ ഏറ്റവും അധികം ആഗ്രഹത്തോടെ വാങ്ങിയ താൻ മരിക്കുമ്പോൾ ആർഭാടത്തോടെ സംസ്കരിക്കാൻ ഇട്ടിരുന്ന തന്റെ കല്ലറ. ഇന്ന് താൻ മരിച്ചാൽ അടക്കാൻ വേറൊരു കല്ലറയില്ല. എല്ലാംമറന്നയാൾ കുരിശ്ശിൽ മരിച്ചവനായി വിട്ടുകൊടുത്തു കുരിശുമുതൽ കല്ലറവരെയുള്ള എല്ലാ ചിലവുകളും സ്വയം ഏറ്റെടുത്തു.
കുരിശ്ശിൽനിന്നു തുണിയിപൊതിഞ്ഞിറക്കിയ രക്തം ഒലിക്കുന്ന ആ ദിവ്യശരീരത്തെ താഴേക്കു താങ്ങിഇറക്കുമ്പോൾ അയ്യാളുടെ കൈകൾ വിറക്കുന്നുണ്ടായിരുന്നു മനസ്സ് പിടക്കുന്നുണ്ടായിരുന്നു . എങ്കിലും അയ്യാൾക്കാരെയും ഭയമില്ലായിരുന്നു ആരെന്തുപറയും എന്ന ചിന്ത ഇല്ലായിരുന്നു ആ ദിവ്യ ശരീരത്തിൽ പേടികൂടാതെ സ്പർശിക്കാൻ ഭാഗ്യം ലഭിച്ചതിൽ കൃതാർത്ഥനായി . ഇന്ന് തന്റെ പദവികൾ പ്രശ്നമല്ല സമ്പത്തു പ്രശ്നമല്ല സമൂഹത്തിലെ വിലയും നിലയും പ്രശ്നമല്ല . തന്റെ കയ്യിലിരിക്കുന്ന തന്റെ ദൈവത്തിന്റെ ഏകപുത്രന്റെ ഭൗതിക ശരീരമാണ് എന്ന യാഥാർഥ്യം. അതിനെയെങ്കിലും കാക്കകളിൽനിന്നും, കുറുക്കന്മാരിൽ നിന്നും കുറുനരികളിൽ നിന്നും കഴുകന്മാരിൽ നിന്നും രക്ഷിച്ചു ഭദ്രമാക്കണം. ഇന്നുമുതൽ ഞാൻ അരിമാത്യുക്കാരൻ ജോസഫ് അല്ല ഈശോയുടെ ശരീരത്തിന്റെയും ബാക്കിവന്ന രക്തത്തിന്റെയും സംരക്ഷകനും കാവൽക്കരനുമായ വെറും ഒരു നസ്രായക്കാരൻ മാത്രം .
മാത്യു ചെറുശ്ശേരി