വറചട്ടിപോലെ റോഡ്. അതിലേക്ക് അഗ്നിപുഷ്പങ്ങൾ വാരിവിതറുകയാണ് വെയിൽ. ചൂടു സഹിക്കവയ്യാതെയാകും, മൺപാത്രങ്ങൾക്കു മേലെ പ്ലാസ്റ്റിക് ഷീറ്റു ചുറ്റിക്കെട്ടി അതു വിൽക്കാനിരുന്ന തമിഴൻപയ്യൻ സൈക്കിളെടുത്ത് സ്ഥലം വിട്ടത്.
വറചട്ടിപോലെ റോഡ്. അതിലേക്ക്
അഗ്നിപുഷ്പങ്ങൾ വാരിവിതറുകയാണ് വെയിൽ. ചൂടു സഹിക്കവയ്യാതെയാകും, മൺപാത്രങ്ങൾക്കു മേലെ പ്ലാസ്റ്റിക് ഷീറ്റു ചുറ്റിക്കെട്ടി അതു വിൽക്കാനിരുന്ന തമിഴൻപയ്യൻ സൈക്കിളെടുത്ത് സ്ഥലം വിട്ടത്.
സ്ലാബിട്ടുമൂടിയ കാനയോടുചേർന്ന്, ശോഷിച്ച ഒരു ഇലവുമരം നിൽപ്പുണ്ട്. മെലിഞ്ഞ പച്ചിലക്കൈകൾ വിടർത്തി കരുണയോടെ അതു തന്ന ഇത്തിരി തണൽ എന്തൊരാശ്വാസമായെന്നോ?
കുറച്ചുകാലമായി ഞായറാഴ്ചകളിൽ നമ്മുടെ റൂട്ടിലെ ബസ്സുകൾ പലതും ഓടാറില്ല പോലും. വിയ്യൂരുവരെ കുഴപ്പമില്ല, അവളുടെ കൂട്ടുകാരിയുടെ വണ്ടിയുണ്ടാകും. കഴിഞ്ഞ ഞായറാഴ്ചയും കുറേ നേരം അവൾക്കവിടെ ബസ്സു കാത്ത് നിൽക്കേണ്ടി വന്നു- എന്നെല്ലാം പ്രിയതമ സങ്കടപ്പെടുന്നതു കണ്ട് തിടുക്കത്തിൽ സ്കൂട്ടറെടുത്ത് പോന്നതാണ്. എത്ര മണിയ്ക്കാണ് എത്തുക എന്ന് അവളോട് ചോദിക്കാൻ വിട്ടുപോയി. ട്യൂഷൻ ക്ലാസിലാണെങ്കിലോ എന്നോർത്ത് മോളെ വിളിച്ചതുമില്ല.
"സാറെ ഒരു ടിക്കറ്റ് .... "
റോഡിനപ്പുറത്ത് ക്ഷേത്രകമാനത്തിൻ്റെ മറവിൽ നിന്നാണ് അവർ പ്രത്യക്ഷപ്പെട്ടത്. ചുരിദാറിനു മുകളിൽ നരച്ച മെറൂൺ മേൽക്കുപ്പായമിട്ട്, തോളിലൊരു സഞ്ചിയും കയ്യിൽ അടുക്കിപ്പിടിച്ച ലോട്ടറി ടിക്കറ്റുകളുമായി അവരെ ഈ ഭാഗത്തു കാണാൻ തുടങ്ങിയത് കൊറോണാക്കാലത്തിനു ശേഷമായിരുന്നു.
ഷൊറണൂർ റോഡിലേക്ക് കയറാൻ
വരിനിന്ന ഒരുദിവസം, വണ്ടികൾക്കിടയിലൂടെ ആയാസപ്പെട്ടു നടന്ന് ലോട്ടറി ടിക്കറ്റ് വാങ്ങാൻ അഭ്യർഥിക്കുന്ന സത്രീയെ ചൂണ്ടിക്കാണിച്ച് സുഹൃത്തു പറഞ്ഞപ്പോഴാണ് അവരെ ഞാൻ ശ്രദ്ധിക്കുന്നത്.
"ദാ സാധനത്തിനെ ഓർമ്മയുണ്ടോടേയ്? പഴയ ഒരു ഡ്രൈവിംഗ് സ്കൂളായിരുന്നു. എന്തായിരുന്നു മൊതല് ! നമ്മുടെ കോളേജുകാലത്ത് ഓരോ ദിവസവും പുതിയ പുതിയ കാറുകൾ വന്ന് ബസ് സ്റ്റോപ്പിൽ നിന്ന് ഇവരെ കൊത്തിക്കൊണ്ടുപോകുന്നത് നീയും കണ്ടിട്ടില്ലേ? മുകിലൊളി മാഞ്ഞപ്പോൾ ആർക്കും വേണ്ടാതായിക്കാണും.."
ഇഴഞ്ഞിഴഞ്ഞു വന്ന് അല്പം ദൂരെ മാറി നിറുത്തിയിടുന്ന കാറിന്നകത്തേക്ക് മിന്നായംപോലെ ഒരു സുന്ദരി കയറിപ്പോകുന്നതു കാണാൻ വേണ്ടി മാത്രം ബസ് സ്റ്റോപ്പിൽ കാത്തു നിൽക്കാറുള്ള കാലമുണ്ടായിരുന്നു.
സ്വന്തമായി ഒരു അംബാസിഡർ കാറുണ്ടായിരുന്നെങ്കിൽ എന്നുപോലും മോഹിപ്പിച്ച ആ മാദകഭംഗി മറക്കുവതെങ്ങനെ?
നീലിച്ചമാസ്ക്ക് വച്ച്, ഇരുകൈകളാലും ലോട്ടറി ടിക്കറ്റുകൾ വീശി നിസ്സംഗതയോടെ വണ്ടികൾക്കിടയിലൂടെ നടന്നുനീങ്ങുന്ന ആ സ്ത്രീയെ പത്തുമുപ്പതു വർഷം മുൻപ് ഒരുപാടു പേരുടെ ഞരമ്പുകൾക്കു തീ പിടിപ്പിച്ച പഴയ രൂപത്തോട് ബന്ധിപ്പിക്കുന്ന യാതൊന്നും ഒറ്റനോട്ടത്തിൽ എനിക്കു കണ്ടുകിട്ടിയില്ല.
ഒന്നുകൂടെ സൂക്ഷിച്ചു നോക്കിയപ്പോൾ,
കരി പുരട്ടിയതെന്നു തിരിയുന്ന കനത്തുനീണ്ട മുടിക്കെട്ടും വലിയ വട്ടപ്പൊട്ടും
ചുളിവുകൾ തെളിയുന്ന മുഖവുമായി അടുത്ത
വണ്ടിയ്ക്കരികിലേക്ക് വലിഞ്ഞു നീങ്ങിയിരുന്നത് രതിപതിയുടെ മലരമ്പുകളൊഴിഞ്ഞ തൂണീരമാണെന്നു തോന്നി.
പിന്നീട്, പകൽ സമയത്ത് ഇതിലേ കടന്നുപോകുമ്പോഴെല്ലാം നിറം നഷ്ടപ്പെട്ട ഒരു തൊപ്പിയുമണിഞ്ഞ്, തോളിൽ തൂക്കിയിട്ട തുണിസഞ്ചിയും, നീട്ടിപ്പിടിച്ച കയ്യിൽ നിറയെ ലോട്ടറി ടിക്കറ്റുകളുമായി വഴിയരികിലെ തണലുപറ്റി അവരെ കാണുമായിരുന്നു.
സീബ്രാലൈൻ കടന്ന് ആ സ്ത്രീ അടുത്തെത്തി.
"സർ, ഒരു ടിക്കറ്റ് .... "
എനിക്കാണെങ്കിൽ ഭാഗ്യക്കുറി തീരെ താൽപര്യമില്ല. ഭാഗ്യാന്വേഷികളെ പ്രലോഭിപ്പിച്ച് പറ്റിക്കുകയല്ലേ സർക്കാരുകൾ ചെയ്യുന്നത് ? എങ്കിലും, ജീവിക്കാൻ വേണ്ടി ഭാഗ്യം വിറ്റു നടക്കുന്നവരെ കാണുമ്പോൾ ഓരോ ടിക്കറ്റ് നമ്മളും എടുത്തുപോകും. അങ്ങനെ എടുത്ത ഏതെങ്കിലും ടിക്കറ്റിനൊപ്പം ഭാഗ്യം ഉണ്ടായിരുന്നോ എന്നു ഞാൻ ഇതുവരെ നോക്കിയിട്ടുമില്ല.
ടിക്കറ്റെടുക്കാൻ ഇയാൾ മടിക്കുന്നുണ്ടെന്നു കരുതിയാകും, അവർ പറഞ്ഞു:
"ജീവിക്കാൻ വേറെ മാർഗ്ഗമില്ലാഞ്ഞിട്ടാ സാറെ.
നിങ്ങളെടുക്കുന്നത് ഒരു ടിക്കറ്റാണെങ്കിൽപോലും ആത്മഹത്യയിലേക്കും കൊലയിലേക്കുമുള്ള അകലം കൂട്ടാൻ തീർച്ചയായും അതുപകരിക്കും."
അവരെക്കൊണ്ട് അത്രയും പറയിപ്പിക്കാതെ തന്നെ ഭാഗ്യക്കുറി ഒരെണ്ണം എടുക്കണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു.
വണ്ടിയിൽ ആവശ്യത്തിലധികം പെട്രോളുണ്ട്.
കടയിൽ നിന്ന് ഒന്നും വാങ്ങാനുമില്ലായിരുന്നു. അതുകൊണ്ടുതന്നെ പോക്കറ്റിന്നകത്ത് പഴ്സും പണവുമൊന്നും കരുതിയിരുന്നുമില്ല.
എൻ്റെ കൈകൾ പോക്കറ്റിൽ പരതുന്നതുകണ്ട് സ്വകാര്യംപോലെ അവർ പറഞ്ഞു:
"ഗൂഗിൾ പേ ഉണ്ട് സർ"
ഞാൻ ചിരിച്ചു,
"എനിക്കു പക്ഷെ അതില്ലല്ലോ ചേച്ചീ...."
ദൈന്യമോ പുച്ഛമോ എന്നു തിരിച്ചറിയാനാകാത്ത ചിരിയുമായി റോഡു മുറിച്ചു തിരികെ കടന്ന് കമാനത്തിന് പിറകിലെ തണലിൽ അവർ ഒളിച്ചു.
നടന്നോ വാഹനങ്ങളിലോ ആരെങ്കിലും കവലയിലേക്കെത്തുമ്പോൾ -
" ചേച്ചീ പുതിയ കാരുണ്യ " -
" ചേട്ടാ ഒരു ടിക്കറ്റ്" -
"സാറേ വിഷു ബംപർ" -
എന്നൊക്കെ പറഞ്ഞ് അവർ റോഡിലേക്കിറങ്ങും.
മിക്കപ്പോഴും ആരും ഒന്നും വാങ്ങിച്ചു കണ്ടില്ല.
വണ്ടിനിർത്തി അവരെ മാടിവിളിച്ച് ടിക്കറ്റ് ചോദിച്ചു വാങ്ങിക്കുന്നവരെയും അപൂർവ്വമായി കണ്ടു.
ഇലവിൻ്റെ നിഴൽ പതിയെ കിഴക്കോട്ട് ഇഴയാൻ തുടങ്ങി. നേരം പോകാനായി ഞാൻ മൊബൈലിലേക്കു കയറി. കഥാസ്തുവിലെ ഞായറാഴ്ചക്കഥ Jisa Jose ജിസ ടീച്ചറിൻ്റേതാണല്ലോ. മുക്തിബാഹിനിയും ആനന്ദഭാരവും വായിച്ചതിനു ശേഷം അവരുടെ എഴുത്തുകളൊന്നും വിടാറില്ല.
നന്ദാവനത്തിലൂടെ കഥയിലേക്ക് ഇറങ്ങാൻ നേരത്താണ് അതിവേഗത്തിൽ പാഞ്ഞുവന്ന ഒരു ലോറി കമാനത്തിനപ്പുറത്ത് ഒതുക്കിനിർത്തിയത്. നിരാശാഭരിതനെപ്പോലെ ഒരാൾ പയ്യെ അതിൽ നിന്നിറങ്ങി. അയാളുടെ ചലനങ്ങൾപോലും വിഷാദാത്മകമായിരുന്നു. നരതിന്നു തീരാറായ കുറ്റിത്താടി അയാളുടെ മുഖത്തെ ദയനീയത ഇരട്ടിയാക്കി.
ചുറ്റിലും ഒന്നുനോക്കിയിട്ട്
ആകെയുണ്ടായിരുന്ന തണൽത്തുണ്ടം സ്വന്തമെന്നോണം കയ്യേറിയ എൻ്റെ അരികിലേക്ക് അയാൾ നടന്നുവന്നു. അടുത്തെത്തിയപ്പോൾ തോന്നി -എവിടെയോ കണ്ടിട്ടുള്ള മുഖമാണല്ലോ.
പാതി സംശയത്തിലാണ് അയാൾ ചോദിച്ചത് -
"ചേട്ടൻ്റെ വീട്ടിലല്ലാരുന്നോ കഴിഞ്ഞ മാസം അഞ്ചാറു ലോഡു മണ്ണ് ഇറക്കിയത്?"
ഓ..... ഇപ്പോൾ ഓർമ്മ വരുന്നു. മഴ പെയ്തു പറമ്പാകെ നനഞ്ഞുകുതിർന്നു കിടക്കുകയായിരുന്നു അന്ന്. വടമെല്ലാം വലിച്ചുകെട്ടി ഏറെ കഷ്ടപ്പെട്ടാണ് മണ്ണുതട്ടിയ ലോറി ഇദ്ദേഹം തിരികെ റോഡിലേക്ക് കയറ്റിയത്. കുറേ സംസാരിച്ചിരുന്നെങ്കിലും ഇയ്യാളുടെ പേര് ഇപ്പോൾ ഓർക്കുന്നുമില്ല. ചക്രം മണ്ണിലാഴ്ന്നുപോയ വണ്ടി പുറത്തെടുക്കാൻ കല്ലും തടിക്കഷ്ണങ്ങളുമെല്ലാം പെറുക്കി നിരത്തുന്നതിനിടെ
"നാലു വയസ്സുള്ള എൻ്റെ മോളു മാത്രമേ വീട്ടിലുള്ളൂ ചേട്ടാ " എന്ന് ഇടയ്ക്കിടെ അയാൾ
സങ്കടപ്പെട്ടത് മറന്നിട്ടില്ല.
"ദാ പോയത് അന്നവിടെ മണ്ണ് വച്ച വണ്ടിയാണ്."
ഞാനായിരുന്നു ചേട്ടാ അതിൻ്റെ ഡ്രൈവർ. ഓർക്കണില്ലേ? ലാസർ."
എൻ്റെ മറുപടിക്ക് കാക്കാതെ
ഉടുമുണ്ട് തെറുത്ത് കയറ്റി വലതുകാൽ ഉയർത്തിക്കാണിച്ചുകൊണ്ട് ലാസർ ചോദിച്ചു:
"ഇതു കണ്ടോ?"
ആഴത്തിലുള്ള ഒരു മുറിവിൻ്റെ ഉണങ്ങിത്തുടങ്ങിയ വടു.
"സൈക്കിളേൽ ഒരു ബൈക്ക് ഇടിച്ചതാണ്. ചേട്ടൻ്റെ പറമ്പിലെ അന്നത്തെ മണ്ണടിയ്ക്കലുകഴിഞ്ഞ് മുതലാളിയുടെ വീട്ടിൽ ലോറി കൊണ്ടിട്ടാരുന്നു.
മോക്ക് പനിയാരുന്ന കാരണം രണ്ടുദിവസത്തെ ലീവു ചോദിച്ചിരുന്നേയ്.
മോളേം കൊണ്ട് ഡോക്ടറെ
കാണാൻപോയി വരുന്ന വഴിയാ കഞ്ചാവടിച്ച ഏതോ കാലമാടൻ എൻ്റെ സൈക്കിളേൽ വന്നു കേറിയേ. ദൈവകൃപകൊണ്ട് കുഞ്ഞിനൊന്നും പറ്റിയില്ല.
നടക്കാൻ പോലുമാകാതെ രണ്ടാഴ്ചയോളം വീട്ടിലിരിപ്പായിരുന്നു ഞാൻ. വണ്ടി ഒരു മാസത്തേക്ക് ഓടിക്കാനൊക്കില്ലെന്നു മുതലാളിയോട് വിളിച്ചു പറഞ്ഞിട്ടുമുണ്ടായിരുന്നു.
ഇന്ന് വണ്ടിയെടുക്കാൻ ചെന്നപ്പോൾ എൻ്റെ ചേട്ടാ, ഒരു ബംഗാളിയുണ്ട് ഡ്രൈവിംഗ് സീറ്റിലിരിക്കുന്നു. കഴിഞ്ഞ രണ്ടു കൊല്ലമായിട്ട് എൻ്റെ കിളിയായിരുന്നവനാണ്. അന്നവിടെ മണ്ണടിക്കുമ്പോഴും അവനുണ്ടാരുന്നു, ഓർക്കുന്നുണ്ടോ?
ഈയിടെയാണ് അവൻ ലോറി ഓടിക്കാൻ പഠിച്ചത്. അവനാവുമ്പൊ പകുതി ശമ്പളംപോലും കൊടുക്കേണ്ടല്ലോ.
മുതലാളി പറഞ്ഞു, പുതിയ വണ്ടി ഉടനെ മേടിക്കുന്നുണ്ട്, അപ്പോൾ എന്തായാലും എന്നെ വിളിക്കാമെന്നും.
അപ്പറഞ്ഞത് വെറുതെയാണെന്ന് എനിക്കറിയാം. "
അയാളുടെ കണ്ണുകളിൽ വീണ്ടും ഈർപ്പം കിനിഞ്ഞു.
ഇതിന്നിടയിൽ എപ്പൊഴാണ് ആ ലോട്ടറിക്കാരി ഇങ്ങോട്ടു കടന്നുവന്നത്? തണലിലേക്ക് കയറി നിന്ന ആ സ്ത്രീയെ ഉറ്റുനോക്കി പരിസരം മറന്നതുപോലെ ലാസർ നിന്നു.
"ചേട്ടാ ടിക്കറ്റ്"
അവർ നീട്ടിയ ടിക്കറ്റുകൾ വേഗത്തിൽ വാങ്ങി ഭാഗ്യം ഒളിപ്പിച്ച ഏതോ നമ്പർ അയാൾ തപ്പാൻ തുടങ്ങി.
"ഭാഗ്യമുണ്ടോന്നു നോക്കട്ടെ."
പോക്കറ്റുകൾ പലതു പരതിയെടുത്ത ചില്ലറ നാണയങ്ങളും ചേർത്താണ് ലാസർ ടിക്കറ്റിൻ്റെ പണം കൊടുത്തത്.
"എൻ്റെ മോൾക്ക് ഭാഗ്യമുണ്ടാകും അല്ലേ ചേട്ടാ? എനിക്കാണെങ്കിൽ അതു തീരെ ഇല്ലതാനും. അതല്ലേ റീന എന്നെ ഉപേക്ഷിച്ചു പോയത്."
അയാളുടെ ശബ്ദം വിറ പൂണ്ടു.
"അറിയാവോ, അവളെ പ്രേമിച്ചു കെട്ടിയതിൻ്റെ പേരിൽ വീട്ടുകാരെയും ബന്ധുക്കളെയും നഷ്ടപ്പെട്ടവനാണ് ഞാൻ.
അഞ്ചു കൊല്ലം തികയുംമുൻപ് അവളും ഏതോ ഒരുത്തൻ്റെ കൂടെ പോയി.
എല്ലാം എൻ്റെ കുഴപ്പമായിരിക്കും....."
തിടം വയ്ക്കുന്ന തണലിൽ ഒതുങ്ങി നിന്നുകൊണ്ട്, ടിക്കറ്റിനായി അയാൾ നൽകിയ പണം എണ്ണിത്തീർക്കാൻ കഷ്ടപ്പെടുന്ന, ഭാഗ്യം വിൽക്കുന്ന ആ സ്ത്രീയും അതു ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
"മോള് വീട്ടിൽ ഒറ്റയ്ക്കാണ്. അടുത്ത വീട്ടിലെ കാലു വയ്യാത്ത ഒരു ചേച്ചി ഇടയ്ക്കൊക്കെ വന്ന് നോക്കിക്കോളും. എന്നാലും എപ്പോഴും ശ്രദ്ധിക്കാൻ അവർക്കു പറ്റില്ലല്ലോ.
അവൾക്കാണെങ്കിൽ നാല് വയസ്സല്ലേ ആയിട്ടുള്ളൂ. "
വാക്കുകൾ വറ്റിയിട്ടെന്നപോലെ അയാൾ ഒരുനിമിഷം ഇടറിനിന്നു. ആ സ്ത്രീ കാണാതിരിക്കാൻ ശ്രദ്ധിച്ച്, തിരിഞ്ഞുനിന്ന് മിഴികളൊപ്പി, പയ്യെ തുടർന്നു.
"നിങ്ങൾക്കറിയ്യോ അഞ്ചുകൊല്ലം പ്രേമിച്ചു നടന്നതിനു ശേഷമുള്ള വിവാഹമായിരുന്നു, ഞങ്ങളുടേത്.
എന്നിട്ടും.......
എൻ്റെ കാര്യം പോട്ടെ......,
ഇത്തിരിപ്പോന്ന ആ കുഞ്ഞിനെ ഉപേക്ഷിച്ചു പോകാൻ അവൾക്കെങ്ങനെ തോന്നി ചേട്ടാ?
സാരമില്ല. അവളു സുഖമായിരിക്കട്ടെ. എങ്ങനെയും എനിക്കെൻ്റെ കുഞ്ഞിനെ നന്നായി നോക്കണം.
ഇപ്പോഴാണെങ്കിൽ ഉള്ള പണിയും പോയി. അപകടം പറ്റി കുറേനാൾ ചുമ്മാ ഇരിക്കയല്ലായിരുന്നോ. കയ്യിൽ ഒരൊറ്റക്കാശില്ല. പൂമലയിലേക്ക് പത്തു കിലോമീറ്ററോളമുണ്ട്. വണ്ടിക്കൂലിപോലും എടുക്കാൻ എൻ്റെ കയ്യിൽ ഇല്ല.
അവിടേക്കു ഞാൻ നടന്നു പൊയ്ക്കോളാം...
പക്ഷെ; കുഞ്ഞിനെന്തെങ്കിലും ഭക്ഷണം കൊടുക്കണ്ടേ? അതിനു ഞാനെന്തു ചെയ്യും ചേട്ടാ?"
എനിക്കൊന്നും പറയാനായില്ല. എൻ്റെ പോക്കറ്റിലും ഒന്നുമില്ലല്ലോ.
ഇലവിൻ്റെ തണലു പങ്കുവച്ചു നിന്നിരുന്ന ഭാഗ്യക്കുറി വിൽക്കുന്ന ആ സ്ത്രീ ഞങ്ങളുടെ നേരെ തിരിഞ്ഞത് അപ്രതീക്ഷിതമായാണ്. തോൾബാഗിൽ കിടന്ന ലോട്ടറി ടിക്കറ്റുകൾ മുഴുവൻ ഒരു പ്ലാസ്റ്റിക് സഞ്ചിയിലേക്ക് അവർ കുടഞ്ഞിട്ടു .
"നേരം ഉച്ചയല്ലേ ആയിട്ടൊള്ളോ ?
നീ ഇതും കൊണ്ട് നട ചെർക്കാ.
പൂമലേലെത്തുമ്പോഴേയ്ക്കും ടിക്കറ്റൊക്കെ വിറ്റ് പൊയ്ക്കോളും.
എന്നിട്ട് വൈന്നേരം നീയ് ആ മണിയൻ ഏജൻസീല്ക്ക് ചെല്ല്. അവിടന്ന് നാളത്തേന്ള്ള ടിക്കറ്റു മേടിക്കാം. "
ഒന്നും മനസ്സിലാകാതെ, ഇതികർത്തവ്യമൂഢനായി അയാൾ നിന്നു
"വേറെ നല്ല പണി കിട്ടണത് വരെ ഒന്നു നോക്കടപ്പ - " എന്നും പറഞ്ഞ്
കുറച്ചുകാശ് നിർബന്ധപൂർവ്വം ലാസറിൻ്റെ പോക്കറ്റിലേക്കു തിരുകിവച്ച്, തിളയ്ക്കുന്ന വെയിലിലേക്ക് അവർ ഉരുകിയിറങ്ങിപ്പോയി.
പ്ലാസ്റ്റിക് കൂട നിറയെ ലോട്ടറി ടിക്കറ്റുകളുമായി ഒരു നിമിഷം അയാൾ അന്ധാളിച്ചുനിന്നു.
"ചേച്ചീ " എന്നു വിളിക്കാൻ തുടങ്ങുമ്പോഴേക്കും നഗരത്തിലേക്കുള്ള ഒരു ബസ്സിൽ അവർ കയറിപ്പറ്റിയിരുന്നു.
കാനയ്ക്കു മുകളിൽ വിരിച്ചിട്ട സ്ലാബിൻമേൽ വല്ലാത്തൊരു തളർച്ചയോടെ ലാസർ ഇരുന്നു.
അഴുക്കുപുരണ്ട പോക്കറ്റിനകത്ത് ചുരുണ്ടുകിടന്ന മുഷിഞ്ഞനോട്ടുകൾ അയാളുടെ ഹൃദയത്തെ പൊള്ളിയ്ക്കുന്നുണ്ടെന്ന് തോന്നി.
"ചേട്ടാ, ആ പോയ സ്ത്രീയെ പത്ത് പതിനഞ്ചു കൊല്ലം മുൻപ് നിങ്ങൾ കണ്ടിട്ടുണ്ടോ എന്നെനിക്കറിയില്ല. അക്കാലത്ത് അവരേപ്പോലൊരു സുന്ദരി ഈ പട്ടണത്തിലേ ഇല്ലായിരുന്നു. ആ സൗന്ദര്യം വിറ്റായിരുന്നു അന്നവരു കുടുംബം പോറ്റിയിരുന്നത്.
ഞങ്ങടെ കല്യാണത്തിനുമൊക്കെ വളരെ മുമ്പാണ് , മുനിസിപ്പൽ സ്റ്റേഡിയത്തിനുള്ളിലെ ഇരുട്ടിൽ ഒരു പാതിരാത്രി എനിക്കു തന്നതിന് ആ സ്ത്രീയോട് കടം പറഞ്ഞു ഞാൻ മുങ്ങിയിട്ടുണ്ട്, -അറിയ്വോ? പിന്നീട് അവരെ നേരിൽ കാണുന്നത് ഇപ്പോഴാണ്.
അവർക്കെന്നെ ഓർമ്മയുണ്ടാവുമോ? ഉണ്ടാവില്ലായിരിക്കും അല്ലേ?"
സുധീർ കുമാർ .എ