LITERATURE

ഒരു ഫസ്റ്റ് എയ്ഡ് ക്ലാസിന്റെ ഓർമയ്ക്ക്

Blog Image
എന്റെ ജീവിതത്തിൽ വെറുമൊരു 'ഹാസ്യതാര ' മായി അതുവരെ ഞാൻ കണ്ട മുതലുതവി  പെട്ടിക്ക് , റെയിൽവെ ജോലിക്ക് ചേർന്നതിനു ശേഷം പുതിയൊരു മാനം കൈവന്ന കഥയാണ് ഇനി പറയാൻ പോകുന്നത്.റെയിൽവെയിലെ ഓപ്പറേറ്റിങ്ങ് വിഭാഗത്തിൽ  ഉള്ളവർക്ക് ഫസ്റ്റ് എയ്ഡ് ട്രെയ്നിങ്ങ് നിർബന്ധമാണ്.

     ചില സിനിമാ രംഗങ്ങൾ അങ്ങിനെയാണ്. നാം വിളിക്കാതെ തന്നെ അവ ഓർക്കാപ്പുറത്ത് മനസ്സിലേക്ക്  ഓടിവരും ; പ്രത്യേകിച്ച്  ഹാസ്യ രംഗങ്ങൾ - നല്ല സന്ദർഭങ്ങളും  അഭിനയ മുഹൂർത്തങ്ങളും കൊണ്ട് സമ്പന്നമായവ !  ഈ അടുത്ത കാലത്ത് നടന്ന ഒരു സംഭവത്തോടനുബന്ധിച്ച് മാധ്യമങ്ങളിൽ  ചർച്ചയായ  "വരവേൽപ്പ് " എന്ന സിനിമയിലും അത്തരമൊരു രംഗമുണ്ട്.  മോട്ടോർ വാഹന ഇൻസ്പെക്ടറായ ശ്രീനിവാസൻ , മുതലാളിയും നിവൃത്തികേടു കൊണ്ട്  സ്വയം കണ്ടക്ടറുമായ മോഹൻലാലിന്റെ ബസ് പൂർവ വൈരാഗ്യത്തിന്റെ പേരിൽ വഴിയിൽ തടഞ്ഞു നിർത്തി പരിശോധിക്കുന്നു. ഡ്രൈവറുടെ സീറ്റിനു പിന്നിൽ സാധാരണയായി കാണുന്ന കമ്പിവേലിയിൽ ഒരു പെട്ടി കൂടി വെൽഡ് ചെയ്ത് പിടിപ്പിച്ചിരിക്കും. F A BOX എന്ന ചുരുക്കെഴുത്തോടെ! പൊതു ജനങ്ങൾ യാത്ര ചെയ്യുന്ന വാഹനം അപകടത്തിൽ പെട്ടാൽ , അല്ലെങ്കിൽ യാത്രക്കാർക്ക്  അത്യാവശ്യ ഘട്ടങ്ങളിൽ , വൈദ്യസഹായം നൽകാൻ വേണ്ട   പഞ്ഞി, മുറിവുകെട്ടാനുള്ള തുണി, വേദനാസംഹാരി ഗുളികകൾ എന്നിവ സൂക്ഷിച്ചു വെക്കാനാണ് നിയമപ്രകാരം ഈ പെട്ടി ഘടിപ്പിച്ചിട്ടുള്ളത് . സാധാരണയായി ബസിലെ ' കിളികൾ' അടക്കമുള്ള ജീവനക്കാർ  അവരുടെ  'അത്യാവശ്യ ' സാധനങ്ങളാണ് അതിൽ സൂക്ഷിക്കാറ് പതിവ്.വിദ്യാർത്ഥികളായിരിക്കുന്ന കാലത്ത്ഞങ്ങൾ സ്ഥിരമായി യാത്ര ചെയ്തിരുന്ന കാർത്തിക ബസിലെ കണ്ടക്ടർ സുന്ദരൻ അദ്ദേഹത്തിന്റെ  'അത്യാവശ്യ 'സാധനങ്ങളുടെ കൂട്ടത്തിൽ ടിക്കറ്റു പുസ്തകങ്ങളും ഈ പെട്ടിയിലാണ് സൂക്ഷിച്ചിരുന്നത്. ഇവിടെ ശ്രീനിവാസന്റെ കഥാപാത്രം കണ്ടക്ടറായ മോഹൻലാലിനോട് ' പ്രഥമ ശുശ്രൂഷ ' പെട്ടി തുറക്കാൻ ആവശ്യപ്പെടുന്നു. മോഹൻലാൽ മടിച്ചു മടിച്ചു തുറക്കുന്ന പെട്ടിയിൽ  നാം കാണുന്നത് കോൾ ഗേറ്റ് പൽ പൊടിയുടെ ഒരു പഴയ ഡപ്പിയും ഓടിനടക്കുന്ന പാറ്റകളേയുമാണ്. പിന്നീട് മോഹൻലാൽ എന്ന അതുല്യ നടന്റെ വിളറിയ,ജാള്യത മുറ്റിയ മുഖമാണ് ക്യാമറ നമുക്ക് കാണിച്ചു തരുന്നത്. ഓർത്തോത്തു ചിരിക്കാൻ വകനൽകുന്നു ആ രംഗം. പിൽക്കാലത്ത് തമഴ്നാട്ടിൽ എത്തിപ്പെട്ട എനിക്ക്  തമിഴ് ഭാഷാ  വൽകരണത്തിന്റെ അനന്തസാധ്യതകൾ  ബോധ്യപ്പെടുത്തിയ രണ്ട് വാക്കുകളിൽ ഒന്ന് ' മുതലുതവി  പെട്ടി ' എന്ന ഫസ്റ്റ് എയ്ഡ്   ബോക്സും   മറ്റൊന്ന്   'പേരുന്ത്  'എന്ന ബസ്സും ആയിരുന്നു. സർവസാധാരണക്കാരനായ
   നമ്മുടെ ബസിനു  'പേരുന്ത്  ' എന്നും  അത് നിറുത്തിയിടുന്ന സ്ഥലത്തിന് പേരുന്തു നിലയമെന്നും  വിചിത്രമായ പേ
രുകൾ നൽകിയ അവിടുത്തെ ഭാഷാ പ്രേമം എന്നെ കുറച്ചൊന്നുമല്ല അമ്പരപ്പിച്ചത്!
              
              എന്റെ ജീവിതത്തിൽ വെറുമൊരു 'ഹാസ്യതാര ' മായി അതുവരെ ഞാൻ കണ്ട മുതലുതവി  പെട്ടിക്ക് , റെയിൽവെ ജോലിക്ക് ചേർന്നതിനു ശേഷം പുതിയൊരു മാനം കൈവന്ന കഥയാണ് ഇനി പറയാൻ പോകുന്നത്.റെയിൽവെയിലെ ഓപ്പറേറ്റിങ്ങ് വിഭാഗത്തിൽ  ഉള്ളവർക്ക് ഫസ്റ്റ് എയ്ഡ് ട്രെയ്നിങ്ങ് നിർബന്ധമാണ്.  റെയിൽവെ  ഡോക്ടറുടെ അഭിമുഖ പരീക്ഷയിൽ വിജയിച്ച് സർട്ടിഫിക്കറ്റ് നേടിയ ശേഷം മാത്രമെ ജോലിയിൽ പ്രവേശിക്കാനാവുകയുള്ളു. എല്ലാ റെയിൽവെ സ്റ്റേഷനുകളിലും ഫസ്റ്റ് എയ്ഡ് ബോക്സ് ഉണ്ടായിരിക്കും; അതും നിയമാനുസൃതം ആവശ്യമായ എല്ലാ വസ്തുക്കളോടും കൂടി. ആറുമാസത്തിലൊരിക്കൽ അടുത്തുള്ള റെയിൽവേ ഹോസ്പിറ്റലിൽ അയച്ച് അത്  സർട്ടിഫൈ ചെയ്തു വെക്കണം എന്നത്  സ്‌റ്റേഷൻ മാസ്റ്ററുടെ  ഉത്തര വാദിത്വമാണ്. ഇതിൽ വീഴ്ചയുണ്ടായാൽ ശിക്ഷാ നടപടികളും അഭിമുഖീകരിക്കേണ്ടിവരും.

                   സ്വതവെ വർഷം മുഴുവൻ നല്ല ചൂട് അനുഭവപ്പെടുന്ന തിരുച്ചിറപ്പള്ളിയിലാണ്  ദക്ഷിണ റെയിൽവെയുടെ ട്രെയിനിങ്ങ്      സ്കൂൾ; അതും മാർച്ച് മുതൽ ജൂൺ വരെയാണ്  എനിക്ക്  ആദ്യമായി അവിടെ  ട്രെയ്നിങ്ങിനു പോകേണ്ടി വന്നത്. അതായത്, വർഷത്തിലെ ഏറ്റവും ചൂടുള്ള മാസങ്ങളിൽ ! അഗ്നി നക്ഷത്രം എന്ന് തമിഴ്നാട്ടിൽ പറയുന്ന, മെയ് മാസത്തിലെ  ഏറ്റവും ചൂടു കൂടിയ കുറെ ദിവസങ്ങൾ കൂടി അതിൽ ഉൾപ്പെട്ടിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സത്യത്തിൽ ഇതൊരു സ്‌കൂളല്ലെന്നും , ഞങ്ങളെല്ലാം പുതുതായി ചേർന്ന റെയിൽവെ ഉദ്യോഗസ്ഥരാണെന്നും ക്ലാസെടുക്കുന്നവർ അദ്ധ്യാപകരല്ല , മറിച്ച്  താരതമ്യേന സർവീസ് കൂടുതലുള്ള  ഉദ്യോഗസ്ഥർ മാത്രമാണെന്നും അവിടുത്തെ ഇൻസ്ട്രക്ടർമാർ കൂടെ കൂടെ പറയുമായിരുന്നു. പക്ഷേ , ഏകദേശം ഒരാഴ്ച കൊണ്ട് ഞങ്ങൾക്ക് ഒരു കാര്യം ബോദ്ധ്യമായി. ഇതുവരെ വിദ്യ  'അഭ്യസിച്ച ' വിദ്യാലയങ്ങൾ പോലെ അല്ല സോണൽ ട്രെയിനിങ്ങ് സ്കൂൾ! അവിടെ ചില ചിട്ട വട്ടങ്ങളും, കാർകശ്യങ്ങളും , ചോദ്യം ചെയ്യാനാവാത്ത ഏകപക്ഷീയമായ തീരുമാനങ്ങളും എല്ലാം ഉള്ള സ്ഥലമാണ്. അവയെല്ലാം അനുസരിക്കാൻ ബാധ്യസ്ഥരാണ്  ഞങ്ങൾ. കുറെ  അസംസ്കൃതരെ സ്വന്തം മൂശയിലിട്ട് റെയിൽവെ അതിന്റെ ആവശ്യാനുസരണം രൂപപെടുത്താൻ തുടങ്ങിയ യതായിരുന്നു എന്ന് കുറെ കഴിഞ്ഞാണ് ഞങ്ങൾക്ക് മനസിലായത്!

                   ഉച്ചയൂണു കഴിഞ്ഞതിന്റെ ചെറിയ മയക്കവും  കത്രി വെയിൽ എന്ന്    അന്നാട്ടുകാർ വിളിക്കുന്ന കടുത്ത ചൂടും ചേർന്ന ഒരു അപരാഹ്നത്തിലാണ് അദ്ദേഹം  ഞങ്ങളുടെ ക്ലാസിലേക്ക്  ആദ്യമായി കയറി വന്നത്. വെളുത്ത്,  മെലിഞ്ഞ് ,  ഉയർന്ന ഒരു വ്യക്തി. ഒരു കാൽ അല്പം വലിച്ചുള്ള നടത്തം. മേലെ വരിയിലെ  പല്ലുകൾ നിരതെറ്റി നിൽക്കുന്നതിനാൽ ചുണ്ടുകൾ അൽപം അകന്നു തന്നെ നിൽക്കുന്നു. വലിപ്പകൂടുതൽ തോന്നിക്കുന്ന  ക്രീം കളറിലുള്ള ഫുൾ കൈ ഷർട്ട്   മെലിഞ്ഞ ശരീരത്തിൽ അങ്ങിങ്ങു തൊട്ടു തൊട്ടില്ല എന്ന മട്ടിൽ  ,  ങ്ങ്ഹാ , ഏതാണ്ട് ഒരു ഹാങ്ങറിൽ ഉണക്കാനിട്ട പോലെ അയഞ്ഞു കിടന്നു. വന്ന വേഗത്തിൽ കൈ ഉയർത്തി ഒന്ന് അഭിവാദ്യം ചെയ്ത്  യാതൊരു ഭാവഭേദവുമില്ലാതെ ബോർഡിൽ വടിവൊത്ത അക്ഷരങ്ങളിൽ എഴുതാൻ തുടങ്ങി.
 FIRST AID
SCOPE : TO PREVENT DEATH, PROMOTE RECOVERY AND ALLEVIATE PAIN.
 തിരിഞ്ഞു നോക്കി ചുവരിലെ സ്വിച്ച് ബോർഡിനടുത്തിരുന്ന ഞങ്ങളിൽ ഒരാളോട്  അദ്ദേഹത്തിന്റെ തലക്കുമുകളിൽ കറങ്ങിയിരുന്ന ഫാൻ ഓഫ് ചെയ്യാൻ പറഞ്ഞു. വിചിത്ര ജീവിയെ കാണുന്നതു പോലെ ഞങ്ങൾ അദ്ദേഹത്തെ നോക്കിയിരുന്നു. തലയിൽ കയറാത്ത നിയമാവലികളിൽ നിന്നും ഓപ്പറേറ്റിങ്ങ് മാന്വലുകളിൽ നിന്നും  വിഭിന്നമായി ,  ഒരു ആശ്വാസമായി, മനുഷ്യന്റെ ശരീരത്തെ കുറിച്ചും  പോഷകാഹാരത്തെ കുറിച്ചും അദ്ദേഹം സരസമായി സംസാരിച്ചു തുടങ്ങി. പ്രകൃതി ജീവനത്തിലുള്ള തന്റെ താല്പര്യവും അതിന്റെ മേൻമയും പ്രതിപാദ്യവിഷയമായി . ചൂടു കൂടിയ സമയത്ത് ഫാൻ സ്വതവെ ഉള്ള ചൂടിനെ കൂട്ടുകയാണ് ചെയ്യുക എന്നും   അദ്ദേഹം പറഞ്ഞു. ഏതായാലും ഞങ്ങളുടെ കണ്ണിലെ മയക്കം താനെ പറന്നകന്നു. പിന്നീടങ്ങോട്ട് അദ്ദേഹത്തിന്റെ ക്ലാസുകൾക്കായി ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കാൻ തുടങ്ങി. അല്പ സ്വല്പം ലൈംഗികത കലർത്തിയുള്ള, തികച്ചും സാന്ദർഭികമായ ചില പരാമർശങ്ങൾ കേട്ട് ക്ലാസ്   ഒന്നടങ്കം ഇളകി ചിരിച്ചു.  കടുത്ത ചൂടിലും ഇളം കാറ്റുപോലെ അദ്ദേഹത്തിന്റെ ക്ലാസുകൾ ഞങ്ങളെ തഴുകി. സുപ്രസിദ്ധമായ സെയ്ന്റ്   ജോൺ എന്ന സംഘടനയിൽ നിന്നും വിദഗ്ദ്ധ പരിശീലനം ലഭിച്ച വ്യക്തിയാണ്   അദ്ദേഹം എന്നു് പിന്നീടാണ് ഞങ്ങൾ മനസ്സിലാക്കിയത്. സെയ്ന്റ ജോൺ ഡേ ക്ക് സ്കൂളിൽ വെച്ച് അദ്ദേഹം അടങ്ങുന്ന സംഘം കാഴ്ചവെച്ച പ്രകടനം ആ രംഗത്തെ അതുല്യമായ ഒരു അനുഭവം ആയിരുന്നു. നിലത്ത് കുഴഞ്ഞു കിടക്കുന്ന ഒരു വ്യക്തിയെ ഒറ്റക്ക് താങ്ങി എടുത്ത് ചുമലിലേറ്റി  അതിവേഗം നടന്നു പോകുന്ന അദ്ദേഹത്തിന്റെ പ്രകടനം നിറഞ്ഞ ഹർഷാരവങ്ങളോടെയാണ് അന്ന് ഞങ്ങൾ കണ്ടു നിന്നത്. അവസാന ദിവസം ക്ലാസ് അവസാനിപ്പിച്ച് അദ്ദേഹം ഞങ്ങളോടു പറഞ്ഞു- Now you have completed three fourth of MBBS. പല്ലിനു മുകളിലൂടെചുണ്ട് വലിച്ചു പിടിച്ച് പുരികമുയർത്തി ചിരിയമർത്തി അദ്ദേഹം ഞങ്ങളെ നോക്കി നിന്നു . ചിരിയുടെ ഒരു അല ക്ലാസ് മുറിയിലൂടെ ഒഴുകി ; അതിന് ഒപ്പം കൈ വീശി അദ്ദേഹം മുറിക്കു പുറത്തേക്ക്  ഒന്ന്ആഞ്ചിക്കൊണ്ട്  നടന്നകന്നു.

            പിന്നീട് ഏകദേശം നാലു കൊല്ലത്തിനുശേഷമാണ് എനിക്ക് തിരുച്ചിറപ്പള്ളിയിൽ ട്രെയിനിങ്ങിന് പോകേണ്ടി വന്നത്. ഗാർഡുമാരുടെ ജോലിയുമായി ബന്ധപ്പെട്ട ട്രെയിനിങ്ങിനാണ് അത്തവണ ഞാൻ പോയത്. പക്ഷെ, ഞങ്ങൾ വെറും മൂന്നു പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങൾക്ക് മാത്രമായി ഒരു ക്ലാസ് സംഘടിപ്പിക്കുന്നതിനു പകരം ഞങ്ങളെ  refresher course  ന് വന്ന മുതിർന്ന ഗാർഡുമാരുടെ കൂടെ ഇരുത്തുകയായിരുന്നു. അത് അവർക്ക് മനസ്സിനുള്ളിലെങ്കിലും ഒരു 'മൂപ്പിളമ ' തർക്കത്തിനു കാരണമായോ എന്ന്  അവരുടെ പെരുമാറ്റത്തിൽ നിന്ന് ഞങ്ങൾക്ക്സംശയം തോന്നി. അവരിൽ മിക്കവരും ട്രിച്ചി, മധുരൈ തുടങ്ങിയ ഡിവിഷനുകളിൽ നിന്നും വന്നവരായിരുന്നു. പലരും യൂനിയൻ നേതാക്കൾ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. തമിഴ്നാട്ടിലെ ഡിവിഷനുകളിലെല്ലാം യൂണിയന്റെ അതിപ്രസരവും നേതാക്കളുടെ ഗർവും വളരെ കൂടുതലാണ്.  അർഹിക്കുന്ന ബഹുമാനം താരതമ്യേന ' ശിശുക്കളായ' ഞങ്ങളിൽ നിന്നും കിട്ടിയില്ലെന്ന പരിഭവമായിരിക്കണം പെരുമാറ്റത്തിലെ ചെറിയൊരു അകൽച്ചക്ക് കാരണമായത്. പക്ഷേ അതിലും ഒരാൾ അല്പം വേറിട്ടു നിന്നു- മിസ്റ്റർ. റോഡ് റിഗ്സ് ! ട്രിച്ചി ഡിവിഷനിലെ  സീനിയർ ഗാർഡ്ആയ അദ്ദേഹം ആംഗ്ലോ ഇന്ത്യൻ വംശജനുമായിരുന്നു. ചിലപ്പോൾ എങ്കിലും  ഞങ്ങളുമായി ഒരു സൌഹൃദ സംഭാഷണത്തിന് അദ്ദേഹം സന്നദ്ധനാവുമായിരുന്നു. റെയിൽവെ നിയമങ്ങളുടെ പ്രായോഗികതയെ സംബന്ധിച്ച് ക്ലാസിൽ  അപ്പപ്പോൾ ഉയർന്നുവരാറുള്ള തർക്കങ്ങൾ പരിഹരിക്കാൻ  class monitor കൂടിയായറോഡ്റിഗ്സ്ശ്രദ്ധിക്കാറുണ്ടായിരുന്നു.
  
            അങ്ങനെ ക്ലാസുകൾ മുന്നോട്ടു പോയി കൊണ്ടിരുന്നു. ഒപ്പം ഫസ്റ്റ് എയ്ഡ് ക്ലാസുകളും , ഇൻ‌സ്ട്രക്ടരുടെ തമാശകളും ! മിക്കവയും മുമ്പ് കേട്ടുമറന്നവയാണെന്ന്  കൂടക്കൂടെ ഉള്ള   ട്രെയ്നിങ്ങിന് ഇടയിലാണ് മനസ്സിലായത്.    എങ്കിലും  chest compression ഉം mouth to mouth respiration ഉം മറ്റുമായി അതങ്ങനെ മുന്നേറി  ബാൻഡേജിങ്ങിൽ എത്തി. തലക്ക് പരിക്കു പറ്റിയാലുള്ള പ്രഥമ ശുശ്രൂഷയാണ് വിഷയം. അത് demonstrate ചെയ്യാൻ ഒരാളോട് മുന്നോട്ടു വരാൻ ഇൻസ്ട്രക്ടർ ആവശ്യപ്പെട്ടു. മുൻ നിരയിലെ  ഒരറ്റത്തെ സീറ്റിലിരിക്കുന്ന റോഡ് റിഗ്സ് തന്നെ എഴുന്നേറ്റു പോയി.           

            തലയുടെ ഒത്ത നെറുകയിൽ മുറിവുപറ്റിയാൽ ചെയ്യുന്ന ബാൻഡേജിങ്ങ് ആണ് കാണിക്കുന്നത്. റോഡ് റിഗ്സിനെ ക്ലാസിന് പുറം തിരിഞ്ഞ് നിർത്തി. ഇൻസ്ട്ര ക്ടർ ഏകദേശം മൂന്നിഞ്ചു നീളവും വീതിയും ഉള്ള ചെ റിയൊരു തലയിണ മാതിരിയുള്ള ബാൻഡേജ് ഞങ്ങളെ കാണിച്ചു.  രണ്ടു പുറത്തേക്കും വീണുകിടക്കുന്ന നീളമുള്ള നാടകളോടു കൂടിയ ആ ബാൻഡേജ് ഒരു നീരാളിയെ ഓർമിപ്പിച്ചു. ഫസ്റ്റ് എയ്ഡിൽ പരമപ്രധാനമാണ് സമയം. ഇടക്കിടക്ക് അദ്ദേഹം അത്ഞങ്ങളെ ഓർമിപ്പിക്കാറുണ്ടായിരുന്നു. വളരെ ചടുലമായ ഒരു നീക്കത്തോടെ ബാൻഡേജ്റോഡ് റിഗ്‌സിന്റെ നെറുകയിലമർത്തി പിടിച്ചു. നിമിഷ നേരം കൊണ്ട് തൂങ്ങി കിടക്കുന്ന നാടകൾ ഇരു ചെവികൾക്കു മുന്നിലൂടെയും പിന്നിലൂടെയും എടുത്ത് താടിക്കു താഴെ കെട്ടിവെച്ചു . മറ്റൊരു ചടുല നീക്കത്തിലൂടെ പുറംതിരിഞ്ഞു നിൽക്കുന്ന റോഡ് റിഗ്സിനെ ക്ലാസിന് അഭിമുഖമായി നിർത്തി. പെട്ടെന്നുള്ള കാഴ്ച ഭയാനകമായിരുന്നു. തലക്കു മുകളിൽ നിന്നും വശങ്ങളിലൂടെ തലങ്ങും വിലങ്ങും വരിഞ്ഞു മുറുക്കിയ ബാൻഡേജുമായി നിൽക്കുന്ന റോഡ് റിഗ്സിനെ കണ്ടതും ,  പെട്ടെന്ന് ഉണ്ടായ ഞെ ട്ടലിൽ എല്ലാ കണ്ഠങ്ങളിൽ നിന്നും ഒരു പ്രത്യേക സീൽ കാരം പുറത്തു വന്നു. ക്ലാസ് മൊത്തം സ്തംഭിച്ചു പോയി ! ശ്വാസം വിടാൻ  പോലും മറന്നു പോയ നിമിഷങ്ങൾ ! അടുത്ത ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഇൻസ്ട്രക്ടർ ബാൻഡേജ് അഴിച്ചു. പൂർവ സ്ഥിതി വീണ്ടെടുക്കാത്ത ക്ലാസിനെ നോക്കി ചിരിച്ച്റോഡ് റിഗ്‌സ് പറഞ്ഞു. കമോൺ ഗയ്സ്, ചീർ അപ് ! ഇറ്റ്സ് നത്തിങ്ങ് , കമോൺ . വൈകാതെ കേട്ട , പിരിയഡ്അവസാനിച്ചതിന്റെ മണിനാദമാണ്  ബാൻഡേജു കൊണ്ടെന്ന പോലെ വരിഞ്ഞു മുറുക്കിയ അന്തരീക്ഷത്തെ ഒന്ന് അയച്ചു വിട്ടത്. 
           
                 ക്ലാസു കഴിഞ്ഞ് ഹോസ്റ്റലിലേക്കു നടക്കുമ്പോൾ സതേൺ റെയിൽവെ കോ ഓപറേറ്റിവ്  സൊസൈറ്റി ഓഫീസ് കാന്റീനിൽ നിന്ന് ചായ കുടിച്ചു നിൽക്കുന്ന റോഡ് റിഗ് സി നേയും സംഘത്തേയും ഞങ്ങൾ കണ്ടിരുന്നു. കടലാസു കപ്പ് അൽപം ഉയർത്തി ഞങ്ങളോട്സ്നേഹ പ്രകടനം നടത്തിയാണ് അന്ന്  
റോഡ് റിഗ്‌സ് പിരിഞ്ഞത്! സിറ്റിയിലെ സ്വന്തം വീട്ടിൽ നിന്നും സ്കൂട്ടറിൽ വന്നു.പോകുന്നതാണ് അയാളുടെ പതിവ്.
      രാവിലത്തെ പി .ടി എന്ന കായികാഭ്യാസം നിർബന്ധമാണെങ്കിലും , കാര്യമായ താല്പര്യം ഇല്ലാത്തതിനാൽ അല്പം  ൈ വകിയാണ് ഞാൻ എന്നും പോകാറ്.  സാധാരണയായി ഞാൻ പുറത്തിറങ്ങുമ്പോഴേക്കും  എല്ലാവരും 
പോയി കഴിഞ്ഞ് , നെടുനീളത്തിലുള്ള വരാന്ത ശൂന്യമായിട്ടുണ്ടാവും. അതു കാണുമ്പോൾ എന്റെ പരിഭ്രമം ഒന്നു കൂടി  വർദ്ധിക്കും.

           പിറ്റേന്ന്  രാവിലെ  ധൃതിയിൽ മുറിയിൽ നിന്നും പുറത്തിറങ്ങിയ ഞാൻ  ശൂന്യമായ വരാന്തയല്ല കണ്ടത്. അങ്ങിങ്ങായി  trainees സംഘം ചേർന്ന് നിൽക്കുന്നു. അടക്കിയ ശബ്ദത്തിൽ ചിലർ സംസാരിക്കുന്നുമുണ്ട്. കുറച്ചു ദൂരം വരാന്തയിലൂടെ നടന്ന ഞാൻ മുഖപരിചയമുള്ള ഒരു സംഘത്തോട് കാര്യം അന്വേഷിച്ചു. കൃത്യമായി അവർക്കറിയില്ലത്രെ! സ്കൂളിനടുത്തുള്ള  തിരക്കേറിയ ജംഗ്‌ഷനിൽ തലേന്നു രാത്രി ഒരു അപകടം നടന്നിരിക്കുന്നു. സ്കൂട്ടറും ബസ്സും കൂട്ടിയിടിച്ചു. സ്കൂട്ടർ യാത്രക്കാരൻ തലക്കു  പരിക്ക് പറ്റി സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു.  Refresher course ന് വന്നിട്ടുള്ള ഒരു ഗാർഡ് ആണ്. സ്കൂൾ അവധിയാണെന്ന് പറയുന്നു. എന്റെ ഉള്ളിലൂടെ ഒരു മിന്നൽ കടന്നു പോയി. വീണ്ടും അല്പ ദൂരം ഞാൻ മുന്നോട്ടു നടന്നു. എതിരെ വന്ന മറ്റൊരു സംഘത്തോട് അന്വേഷിച്ചു. അവർ പറഞ്ഞു; അതെ , റോഡ് റിഗ്സ് എന്ന പേരുള്ള ട്രിച്ചി ഡിവിഷനിലെ ഒരു ഗാർഡാണ് മരിച്ചത്. ഇത്തവണ ആഘാതം അനുഭവപെട്ടത് തലക്കുള്ളിലാണ്. കണ്ണുകളിൽ ഇരുട്ടു കയറി ; ചെവികൾ കൊട്ടിയടക്കപ്പെട്ടു. തിരിഞ്ഞ്,  ഇടതു കൈ ചുവരിൽ ഉരസിക്കൊണ്ട് ഞാൻ മുറിയിലേക്കു നടന്നു. വാതിൽ തള്ളി തുറന്ന് , കണ്ണുകൾ അടച്ച്കട്ടിലിലേക്ക്ചാഞ്ഞു.തിരുച്ചിറപള്ളിയുടെ വെയിലും ചൂടും  ഒറ്റയടിക്ക്മുറിയിലേക്ക് കുത്തി യൊഴുകി വന്നു. അടഞ്ഞ കാതുകളിൽ അസഹ്യമായ ശബ്ദം വന്നു തട്ടി. കമോൺ ഗയ്! ചീർ അപ്! കൈകാലുകൾ ബന്ധിച്ച നിലയിൽ ചെവി പൊത്താനാവാതെ ഞാൻ നിസ്സഹായനായി വെളിച്ചത്തിന്റെ ഓളങ്ങളിൽ മുങ്ങി പ്പൊങ്ങി. പ്രകാശത്തിന്റെ തീക്ഷ്ണത താങ്ങാനാവാതെ അടഞ്ഞ കണ്ണുകൾ വീണ്ടും ഇറുക്കി അടച്ചു.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.