തട്ടിപ്പുകൾ ഏതു വിധത്തിൽ വന്ന് പെടുമെന്ന് യാതൊരു നിർണ്ണയവുമില്ലാത്ത കാലം. പ്രായമായിരിക്കുന്നവരാണ് കൂടുതലും ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരയാകുന്നത് എന്നൊരു കഥ ആശ്വാസകരമായി പരക്കുന്നുണ്ട്. പക്ഷേ നിജസ്ഥിതി അതല്ല.
തട്ടിപ്പുകൾ ഏതു വിധത്തിൽ വന്ന് പെടുമെന്ന് യാതൊരു നിർണ്ണയവുമില്ലാത്ത കാലം. പ്രായമായിരിക്കുന്നവരാണ് കൂടുതലും ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരയാകുന്നത് എന്നൊരു കഥ ആശ്വാസകരമായി പരക്കുന്നുണ്ട്. പക്ഷേ നിജസ്ഥിതി അതല്ല.
വിശിഷ്യാ, നല്ല വിദ്യാഭ്യാസമുണ്ടെന്നും വിവരമുണ്ടെന്നും വീമ്പടിക്കുന്ന മലയാളികളിൽ കുട്ടികളും യുവതീയുവാക്കളും മദ്ധ്യ വയസ്കരും നിരവധി ഓൺലൈൻ തട്ടിപ്പുകളിൽ പെട്ടുപോയ സംഭവങ്ങൾ നിത്യവും കേൾക്കാറുമുണ്ട്. ബാങ്ക് ഉദ്യോഗസ്ഥരായും ഇന്റേണൽ റെവന്യൂ സർവീസ് ഓഫീസറായും ചമഞ്ഞു, വൻ സാങ്കേതിക പിൻബലത്തോടെ ഫോണിലൂടെ സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന തട്ടിപ്പുകാരെ തിരിച്ചറിയാൻ സ്വല്പം ബുദ്ധിമുട്ടാണ്.
ഉദാഹരണമായി, കഴിഞ്ഞ മാസം ഐ റ്റി മേഖലയിലുള്ള ഒരു യുവദമ്പതികൾക്കു പറ്റിയ ചതിയെപ്പറ്റി മഴവിൽമനോരമയിൽ കരഞ്ഞുകൊണ്ട് പറയുന്നത് കേട്ടപ്പോൾ, ആശ്ചര്യപ്പെട്ടുപോയി. കാരണം അവർ ഓൺലൈനിൽ " ഭാഗ്യം ഉരച്ചുനോക്കുന്ന" (സ്‌ക്രാച്ച് ആൻഡ് വിൻ ) ഒരു ഗെയിമിൽ വെറുതേ ഒന്ന് കയറി. ഭാഗ്യവാന് പതിനായിരം രൂപ അടിച്ചു. സന്തോഷത്തിൽ പങ്കു ചേർന്ന് ഭാര്യാജിയും മോഹവലയത്തിൽ ആകൃഷ്ടയായി. കളി തുടർന്ന് പോയി. പതിനായിരം ഇറക്കി ഇരുപതിനായിരം നേടിയപ്പോൾ, അയ്യായിരം കമ്പനി പിടിച്ചു. അത്യാഗ്രഹം മൂത്ത് പലപ്പോഴായി നാല് ലക്ഷം , എട്ടു ലക്ഷം എന്നിവ ഇറക്കി കളിച്ചു. അവസ്സാനമായി ഭാര്യക്ക് കിട്ടിയ ആഭരണങ്ങൾ പണയം വെച്ചും പിന്നീട് വിറ്റും, പന്ത്രണ്ടു ലക്ഷം പണം അടക്കേണ്ടി വന്നപ്പോഴാണ്, തങ്ങൾ പെട്ടിരിക്കുന്ന നീർച്ചുഴിയുടെ അപകടം മനസിൽ ആയിത്തുടങ്ങിയത്. ഭാഗ്യവശാൽ ഇതൊന്നും അറിയാതിരുന്ന അവളുടെ അച്ഛൻ ഇടപെട്ടു കടങ്ങൾ വീട്ടാൻ സഹായിച്ചു. പക്ഷേ ഇങ്ങനെ പര്യവസാനിക്കുന്ന കഥകൾ ചുരുക്കം.
ഇനി ഞാൻ നേരിട്ട ഒരു ഓൺലൈൻ മഹാതട്ടിപ്പിന്റെ കഥ കേട്ടാലും. സംഭവം നടക്കുന്നത് അമേരിക്കയിലാണ് . ഞങ്ങൾ സീനിയർ സിറ്റിസൺ ആയിക്കഴിഞ്ഞ രണ്ടുപേരും നേരിയ കുറെ വർഷങ്ങൾ ജോലി ചെയ്‌തു വന്നതിന്റെ സ്വല്പം സമ്പാദ്യങ്ങൾ മാത്രം പ്രസിദ്ധമായ ഒരു വൻകിട ബാങ്കിൽ കിടക്കുന്നു. അത് സുരക്ഷിതമാണെന്ന് ചിന്തിച്ചു നടക്കുന്ന പാവം വൃദ്ധദമ്പതികൾ. ഒരു സുപ്രഭാതത്തിൽ പ്രസ്തുത ബാങ്കിന്റ ഫ്രോഡ് അലേർട്ട് ഡിപ്പാർട്മെന്റിൽ നിന്നും ഒരു ഫോൺ കാൾ. ഇങ്ങോട്ടു നമ്മുടെ വിവരങ്ങൾ പറയുന്നതെല്ലാം ശരിയായവ തന്നെ. മാത്രമല്ല കോളർ ഐ ഡി , മുകളിൽ കാണിക്കുന്നത് ബാങ്കിന്റെ ലോഗോ ഉൾപെട്ടതുമാണ്. സംശയിക്കാൻ ഒരു സാധ്യതയും തോന്നിയില്ല .
കാര്യങ്ങൾ ക്രമേണ സീരിയസ് ആയിത്തുടങ്ങി. വിളിച്ചതിന്റെ പ്രധാന കാര്യം, ഞങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും $ 85,000 (ഏകദേശം 70,55,000 രൂപാ) ന്റെ ഒരു വയർ ട്രാൻസ്ഫർ നടക്കാനിരിക്കുന്നതായും, താങ്കൾ അത് ഓതറൈസ് ചെയ്തതായും കാണുന്നു.
ഈ തുക സ്വീകരിക്കുന്നത് ഒരു അന്തർദേശീയ മയക്കുമരുന്ന് സംഘമാണെന്നും IRS അന്വേഷിച്ചു സകല വിവരവും അവർ താങ്കൾക്കു എതിരായി കണ്ടുപിടിച്ചു വെച്ചിരിക്കുന്നു. ഒരു കേസ് നമ്പറും, ഒരു പോലീസ് ഓഫീസറുടെ പേരും നമ്പറും ഉടൻ എന്റെ ഫോണിലേക്കു ടെക്സ്റ്റ് മെസ്സേജുമായി വന്ന് കഴിഞ്ഞു. ഉടനേ എന്റെ ഡ്രൈവിങ് ലൈസന്സിന്റെയും സോഷ്യൽ സെക്യൂരിറ്റിയുടെയും പകർപ്പുകൾ മാത്രം അയക്കാൻ നിർദേശങ്ങൾ പുറകെ മെസേജ് വന്നു കഴിഞ്ഞു.
ഇത്രയും കേട്ടപ്പോൾ എന്റെ ബുദ്ധി പയ്യെ മിന്നി. ഞാൻ പറഞ്ഞു " എന്റെ ഭാര്യ യാത്രയിലാണ് . നാളെയെ തിരിച്ചു വരികയുള്ളു, എന്റെ ഐഡി കളും കാർഡുകളും അടങ്ങിയ പേഴ്‌സ് ഭാര്യയുടെ ബാഗിൽ ആയതുകൊണ്ട് നാളെ അയക്കാം"
അപ്പോൾ "ഓഫീസർ " ദ്വേഷ്യപ്പെട്ടു പറഞ്ഞ വാചകങ്ങളിൽ തോന്നിയ നേരിയ സംശയങ്ങളാണ് എന്നെ രക്ഷിച്ചത് എന്നു പറയുന്നതാവും ശരി.
" ഇന്ന് അര മണിക്കൂറിനുള്ളിൽ കിട്ടിയില്ലെങ്കിൽ IRS താങ്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും. നാളെ രാവിലെ താങ്കളുടെ വീടിന് മുമ്പിൽ പോലീസ് എത്തി അറസ്റ്റു ചെയ്യാനാണ് സാദ്ധ്യത. അതുകൊണ്ട് ഉടൻ ഭാര്യയെ വിളിച്ചു, ആവശ്യപ്പെട്ട ഫോട്ടോകോപ്പികൾ അയച്ചുതരാൻ പറയുക."
"ഇല്ലെങ്കിൽ, മയക്കുമരുന്ന് സംഘവുമായി താങ്കൾക്കു ബന്ധമില്ലെന്ന് തെളിയിക്കാൻ അവസരം പോലും കിട്ടിയെന്നു വരില്ല, സോ ഹറി അപ് !"
ഇത്രയുമായപ്പോൾ, ആദ്യം തോന്നിയ നേരിയ ഭയത്തിന്റെ തേരട്ട മസ്തിഷ്കത്തിൽ നിന്നും ഇഴഞ്ഞിറങ്ങി പോയി.
" ഓക്കേ സർ " എന്ന് പറഞ്ഞു ഫോൺ കട്ടു ചെയ്‌തു. ഉടനേ ബാങ്ക് മാനേജരെ വിളിച്ചു, "എന്റെ അക്കൗണ്ടില്നിന്നും ഒരു പേയ്‌മെന്റും എന്നെ വിളിച്ചു കൺഫേം ചെയ്യാതെ പാസ്സ് ആക്കരുത്" എന്ന ഒരു സ്റ്റാൻഡിങ് അലേർട്ടും കൊടുത്തതിനു ശേഷമാണ് , ഭാര്യയെ ഈ കഥ പറഞ്ഞു ഞെട്ടിച്ചത് !
നെരെ മറിച്ചു, അറസ്റ്റ് വരുമെന്ന് പേടിച്ചുകൊണ്ട്, എന്റെ ഡ്രൈവിംഗ് ലൈസൻസ് മാത്രം അയച്ചിരുന്നെങ്കിൽ, കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം എപ്പോൾ അടിച്ചു മാറ്റി എന്ന് ചോദിക്കേണ്ടതില്ല!
ദൈവം സഹായിച്ചു. ഒരു ചതിക്കുഴിയിൽ നിന്നും കര കേറിയപ്പോൾ, എന്നെപ്പോലെയുള്ള സാധാരണക്കാർക്ക് ഫോണിലൂടെ വന്നു ഭവിച്ചേക്കാവുന്ന തട്ടിപ്പിന്റെ ഒരു സൂചന നൽകിയേക്കാമെന്നു കരുതി.
കേരളത്തിൽ തലസ്ഥാനത്തെ അറിയപ്പെടുന്ന ഒരു വനിതാ ഗൈനക്കോളജിസ്റ്റാണ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ചതിക്കുഴിയിൽ വീണത്. കസ്റ്റംസ്, സിബിഐ പോലുള്ള ഏജൻസികളിൽ നിന്നെന്ന വ്യാജേന തട്ടിപ്പുകാർ ബന്ധപ്പെടുകയും വീഡിയോ കോൾ വിളിച്ച്, അറസ്റ്റ് രേഖപ്പെടുത്തുകയാണെന്ന് അറിയിക്കുകയും ചെയ്യുന്ന തരത്തിലുള്ള തട്ടിപ്പാണ് തലസ്ഥാനത്തും നടന്നത്. നിങ്ങളുടെ പേരിൽ ഒരു കൊറിയർ വന്നിട്ടുണ്ടെന്നും അതിലുള്ളത് മയക്കുമരുന്നാണെന്നും തട്ടിപ്പുകാർ അറിയിച്ചു. കേസിൽ നിന്ന് ഒഴിവാക്കാൻ പണം ചോദിക്കുകയായിരുന്നു അടുത്ത പടി. രണ്ട് ഘട്ടമായി ഒന്നര കോടി രൂപ ബാങ്ക് വഴി ട്രാൻസ്ഫർ ചെയ്തു നൽകിയെന്നാണ് വിവരം.
ഇക്കഴിഞ്ഞ നാലാം തീയ്യതിയാണ് പണം നഷ്ടമായത്. തുടർന്ന് ഇക്കാര്യം തിരുവനന്തപുരം പേട്ട പൊലീസിനെ അറിയിച്ചു. പണം ഏതൊക്കെ അക്കൗണ്ടുകളിലേക്കാണ് പോയതെന്ന് പൊലീസ് അന്വേഷിക്കുകയാണ്. ഒരു ഭാഗം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റാതെ തടഞ്ഞുവെയ്ക്കാൻ പൊലീസിന് കഴിഞ്ഞിട്ടുണ്ടെന്നാണ് വിവരം. സൈബർ പൊലീസും പേട്ട പൊലീസും സംഭവത്തിൽ അന്വേഷണം നടത്തുകയാണ്. സമാനമായ രീതിയിൽ തലസ്ഥാനത്ത് മറ്റൊരു ഡോക്ടർക്കും ചാർട്ടേഡ് അക്കൗണ്ടന്റിനും കോടിക്കണക്കിന് രൂപ നഷ്ടമായിരുന്നു.
അമേരിക്കയിൽ ഇന്റേണൽ റവന്യൂ സർവീസ് (IRS) പ്രായമായ അമേരിക്കക്കാരെ "ഭയവും വഞ്ചനയും ചൂഷണം ചെയ്യാൻ" ഉപയോഗിക്കുന്ന നിരവധി അഴിമതികളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. "സംശയമില്ലാത്ത വ്യക്തികളെ, പ്രത്യേകിച്ച് മുതിർന്ന പൗരന്മാരെ" ലക്ഷ്യമിട്ട് വഞ്ചകർ IRS ഏജന്റുമാരായി ആൾമാറാട്ടം നടത്തുന്ന" ഒരു പ്രവണത സർക്കാർ ഏജൻസി തിരിച്ചറിഞ്ഞു. "സാങ്കൽപ്പിക നികുതി ബാധ്യതകൾ പരിഹരിക്കുന്നതിനോ, തെറ്റായ റീഫണ്ടുകൾ സുരക്ഷിതമാക്കുന്നതിനോ ഉള്ള വ്യാജേന, ഗിഫ്റ്റ് കാർഡുകൾ അല്ലെങ്കിൽ വയർ ട്രാൻസ്ഫർ പോലുള്ള അസാധാരണമായ രീതികളിലൂടെ ഉടനടി പണമടയ്ക്കുന്നതിന്" ആവശ്യപ്പെട്ട് അമേരിക്കയിലെ പ്രായമായവരെ കബളിപ്പിക്കുന്നു, ഇതിനെതിരെ ജൂലൈ 12 ന് പുറത്തിറക്കിയ ഒരു റിലീസിൽ, IRS മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കേട്ട സംഭവങ്ങളിലെ പോലെ, അവിചാരിതമായി ഫോണിൽ കൂടെ ഭയപ്പെടുത്തുന്ന വിളികൾ വന്നാൽ പേടിച്ചുപോകരുത്. തട്ടിപ്പാണ് എന്ന രീതിയിൽ മറുപടി പറയുകയും ചെയ്യരുത് . വ്യക്തിപരമായ യാതൊരു നമ്പറുകളോ തീയതികളോ ഫോട്ടോകോപ്പികളോ അയച്ചുകൊടുക്കാതിരിക്കുക. (നമുക്ക് വിശദീകരിക്കാനോ തെളിവുകൾ സമർപ്പിക്കാനോ സാവകാശം തരാത്ത ഒരു ഗവണ്മെന്റ് ഏജൻസിയുമില്ല. അങ്ങനെ നിർബന്ധപൂർവം ഫോണിലൂടെ ആവശ്യപ്പെടുന്നത് തട്ടിപ്പുകാരായിരിക്കുമെന്നു മനസ്സിൽ കരുതുക). കിട്ടുന്ന ആദ്യത്തെ അവസരത്തിൽ തന്നെ, തിരിച്ചുവിളിക്കാം എന്ന് പറഞ്ഞിട്ട് ഫോൺ കട്ടു ചെയ്യുക. കൂടാതെ ബാങ്കിൽ ഒരു അലേർട്ട് നൽകുക.
കൂടുതൽ സുരക്ഷക്കായി അക്കൗണ്ട് പാസ്സ് വേഡുകൾ മാറ്റുകയും, പേഴ്‌സണൽ കമ്പ്യൂട്ടറും ലാപ്റ്റോപ്പുകളും മറ്റാർക്കും ഉപയോഗിക്കാൻ കൊടുക്കാതിരിക്കുക, അവയിലെ സുരക്ഷാ ആപ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
വീണ്ടും ഇതെപ്പോലെ ആവർത്തിച്ചാൽ, ബാങ്ക് അക്കൗണ്ടുകൾ ക്ലോസ് ചെയ്‌തു പുതിയ അക്കൗണ്ടുകളും ഫിക്സഡ് ഡെപ്പോസിറ്റുകളും സ്ഥാപിച്ചെടുക്കുക. തത്ക്കാലം സുരക്ഷിതമായി എന്നാശ്വസിക്കുക .
ചില ഓൺലൈൻ തട്ടിപ്പുകൾ വളരെ നന്നായി നടക്കുന്നുണ്ട്, അവയിൽ വഞ്ചിതരാകാതിരിക്കുന്നത് നമ്മുടെ ഭാഗ്യം എന്ന് മാത്രം കരുതി, കൂടുതൽ ജാഗ്രത പാലിക്കുക.
ഡോ.മാത്യു ജോയ്‌സ് ,ലാസ് വേഗാസ്