പാലായിലെ വീട്ടിൽനിന്ന് മുംബൈയിലെ സ്വന്തം ഫ്ലാറ്റിലേക്ക്... റിമി ടോമിയുടെ ജീവിതത്തിൽ പുതിയൊരു അധ്യായം തുറക്കുകയാണ്. നവംബർ 14ന് മുംബൈയിൽ ഫിറ്റ്നസ് ട്രെയിനറായ ലിബിൻ മാത്യുവുമായി വിവാഹിതയാകുന്നതോടെ റിമിയുടെ ജീവിതത്തിൽ പുതിയൊരു യാത്രയ്ക്കു തുടക്കമാകും. റിമി മുംബൈയിലെ ജിമ്മിൽ സ്ഥിരമായി എത്തുന്നതിന്റെ കാരണവും ലിബിനുമായുള്ള അടുപ്പവുമൊക്കെ വിവാഹവാർത്ത പുറത്തുവന്നതോടെയാണ് ആരാധകർക്കിടയിൽ ചർച്ചയായത്. എന്നാൽ റിമിക്ക് മുംബൈയുമായി വർഷങ്ങളായുള്ളൊരു ബന്ധമുണ്ടെന്ന കാര്യം അധികമാരും അറിഞ്ഞിരുന്നില്ല. സ്വന്തം പേരിൽ നഗരത്തിന്റെ ഹൃദയഭാഗമായ ബാന്ദ്ര വെസ്റ്റിൽ ഒരു ഫ്ലാറ്റ് സ്വന്തമാക്കിയിട്ട് നാളുകളേറെയായി.
നാട്ടിലെ വിശാലമായ വീടുമായി താരതമ്യം ചെയ്യുമ്പോൾ മുംബൈയിലെ റിമിയുടെ ഫ്ലാറ്റ് ചെറുതാണ്. രണ്ട് ബെഡ്‌റൂമുകളുള്ള മനോഹരമായൊരു ഇടം. പക്ഷേ, ആ വീടിന്റെ വലുപ്പത്തേക്കാൾ വലുതാണ് അതിനുപിന്നിലെ റിമിയുടെ സ്വപ്നം. സ്വന്തം അധ്വാനത്തിലൂടെ, ഓരോ ചുവടും സൂക്ഷിച്ചുവച്ച് സ്വന്തമാക്കിയ ഈ ഫ്ലാറ്റ് റിമിക്ക് ഏറെ പ്രിയപ്പെട്ടതാണ്. വീടിന്റെ ലോൺ അടച്ചുതീർന്നശേഷം മാത്രമാണ് ഇത്തരമൊരു സന്തോഷവാർത്ത പുറത്തുപറയാൻ റിമി ആഗ്രഹിച്ചത്. ചോര നീരാക്കി നേടിയെടുത്ത സ്വന്തം ഇടം എന്നുതന്നെ വിശേഷിപ്പിക്കാം ഈ വീടിനെ.
.jpeg)
മുംബൈയുമായുള്ള റിമിയുടെ ബന്ധം തുടങ്ങുന്നത് വിവാഹവാർത്തയ്ക്കും ലിബിന്റെ വരവിനും ഏറെ മുമ്പാണ്. അനുജത്തി അന്ധേരിയിൽ താമസിച്ചിരുന്ന കാലത്ത് അമ്മയ്ക്കൊപ്പം റിമിയും ഇടയ്ക്കിടെ മുംബൈയിലെത്തുകയും അവിടെ താമസിക്കുകയും ചെയ്തിരുന്നു. അങ്ങനെ പതുക്കെ റിമിയുടെ ഇഷ്ടനഗരമായി മുംബൈ മാറി. പിന്നീട് സ്വന്തമായി ഒരു ഫ്ലാറ്റ് വാങ്ങാനുള്ള ആഗ്രഹവും യാഥാർഥ്യമായി. നഗരത്തിലെ തിരക്കുകൾക്കിടയിൽ തനിക്കായി സ്വന്തമായൊരു ഇടം ഒരുക്കിയ റിമി, ജീവിതത്തിലെ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഈ ഫ്ലാറ്റിനുതന്നെയാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്.
റിമിയുടെ ജീവിതത്തിലേക്ക് ലിബിൻ കടന്നുവരുന്നത് കഴിഞ്ഞ മാർച്ചിലാണ്. മുംബൈയിൽ ഫിറ്റ്നസ് ട്രെയിനറായി ജോലി ചെയ്യുന്ന ലിബിനെ പരിചയപ്പെട്ടതോടെയാണ് സൗഹൃദം മറ്റൊരു തലത്തിലേക്ക് വളർന്നത്. തുടക്കംമുതൽതന്നെ ലിബിനെക്കുറിച്ചുള്ള വിശേഷങ്ങൾ അമ്മ റാണിയുമായി പങ്കുവയ്ക്കാൻ റിമി ശ്രദ്ധിച്ചിരുന്നു. മകളുടെ മനസ്സ് അടുത്തറിയുന്ന അമ്മയായിരുന്നു റാണി. നേരിൽ കണ്ടുപോലുമില്ലാത്ത ഒരാളോട് മകൾക്ക് ഇഷ്ടം തോന്നിയതിൽ തുടക്കത്തിൽ അമ്മയ്ക്ക് ചെറിയ ആശങ്കയുണ്ടായിരുന്നെങ്കിലും റിമിക്ക് ഒരു ജീവിതപങ്കാളി വേണമെന്ന ആഗ്രഹവും അമ്മയ്ക്കുണ്ടായിരുന്നു. ഒടുവിൽ ആ ബന്ധം വിവാഹത്തിലേക്ക് എത്തുകയാണ്.
വിവാഹത്തിൽ പങ്കെടുക്കാൻ പെൺവീട്ടിൽനിന്ന് മുംബൈയിലേക്ക് എത്തുന്നത് വളരെ അടുത്ത കുടുംബാംഗങ്ങൾ മാത്രമാണ്. അമ്മ റാണിയും സഹോദരങ്ങളും അവരുടെ കുഞ്ഞുങ്ങളുമടക്കം പത്തുപേരാണ് റിമിയുടെ ഭാഗത്തുനിന്ന് വിവാഹത്തിൽ പങ്കെടുക്കുന്നത്. സഹോദരൻ റിങ്കു ടോമിയും ഭാര്യ മുക്തയും യാത്രയ്ക്കായി വിമാനത്തെ ആശ്രയിക്കാതെ കാറിൽ റോഡ് മാർഗം എത്താനാണ് തീരുമാനിച്ചിരിക്കുന്നത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ലളിതമായ ചടങ്ങായിരിക്കും വിവാഹം.
വിവാഹശേഷം റിമിയുടെ ജീവിതത്തിൽ മുംബൈയ്ക്ക് കൂടുതൽ പ്രാധാന്യമുണ്ടാകും. ഏറെക്കാലമായി സ്നേഹിച്ചും സ്വന്തമാക്കാൻ ആഗ്രഹിച്ചും ഒടുവിൽ അധ്വാനിച്ച് നേടിയെടുത്ത ഫ്ലാറ്റിൽ ലിബിനൊപ്പം പുതിയ ജീവിതം തുടങ്ങാനാണ് തീരുമാനം. അതേസമയം, ജന്മനാടായ പാലായുമായുള്ള ബന്ധം ഉപേക്ഷിക്കാനും റിമി തയ്യാറല്ല. ഇടയ്ക്കിടെ നാട്ടിലെത്താനും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും റിമി സമയം കണ്ടെത്തും.
പാലായിലെ വിശാലമായ വീടിന്റെ ഓർമകളും മുംബൈയിലെ സ്വന്തം ഫ്ലാറ്റിന്റെ സ്വപ്നങ്ങളും ഒരുപോലെ ഹൃദയത്തിൽ സൂക്ഷിച്ച് റിമി പുതിയൊരു ജീവിതത്തിലേക്ക് കടക്കുകയാണ്. പാട്ടും ചിരിയും സൗഹൃദങ്ങളും നിറഞ്ഞ റിമിയുടെ ജീവിതത്തിലേക്ക് ഇനി കൂട്ടായി ലിബിനും. ഏറെ നാളായി മനസ്സിൽ കൊണ്ടുനടന്ന സ്വന്തമായൊരു ഇടവും ജീവിതയാത്രയിൽ ചേർന്നുനിൽക്കാൻ ഒരാളും... റിമിക്ക് നവംബർ 14 നൽകുന്നത് ഇരട്ടിമധുരമുള്ള സന്തോഷമാണ്.


