അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ (FOKANA – Federation of Kerala Associations in North America) 2028 - 2030 കാലയളവിലേക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പിൽ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രമുഖ പ്രവാസി മലയാളി സാമൂഹിക-സാംസ്കാരിക സംഘാടകനായ അപ്പുക്കുട്ടൻ പിള്ള (അപ്പു പിള്ള) മത്സരിക്കുന്നു. അമേരിക്കൻ മലയാളി സമൂഹത്തിന്റെ ഐക്യത്തിനും സംഘടനാ വളർച്ചയ്ക്കും കലാ-സാംസ്കാരിക പൈതൃകത്തിന്റെ സംരക്ഷണത്തിനുമായി പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന അദ്ദേഹം, പ്രവാസി സംഘടനാ രംഗത്തെ പരിചയവും നേതൃത്വപരമായ പ്രവർത്തനങ്ങളും മുൻനിർത്തിയാണ് എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്.
ഫൊക്കാനയുടെ ആരംഭകാലം മുതൽ സംഘടനയുടെ വളർച്ചയിൽ പങ്കാളിയായ അപ്പുക്കുട്ടൻ പിള്ള, ഫൊക്കാനയുടെ പ്രഥമ കൺവെൻഷൻ സംഘാടകരിൽ ഒരാളായിരുന്നു. ഫൊക്കാനയുടെ ആരംഭകാലം മുതൽ അംഗമായും എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായും മറ്റ് നിരവധി പദവികളിലും അസോസിയേറ്റ് ജോയിന്റ് സെക്രട്ടറിയായും അസോസിയേറ്റ് ട്രഷററായും സേവനമനുഷ്ഠിച്ച അദ്ദേഹം, ഫൊക്കാനയുടെ പ്രവർത്തനങ്ങൾക്ക് വിവിധ ഘട്ടങ്ങളിൽ നേതൃത്വം നൽകി. ന്യൂയോർക്കിലെ കേരള കൾച്ചറൽ അസോസിയേഷന്റെ (KCA) സ്ഥാപക അംഗങ്ങളിൽ ഒരാളായ അദ്ദേഹം നാലു പതിറ്റാണ്ടിലേറെയായി സംഘടനയിൽ സജീവമാണ്. കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക (KHNA), വേൾഡ് മലയാളി കൗൺസിൽ, മലയാളി അസോസിയേഷൻ തുടങ്ങി നിരവധി പ്രവാസി സംഘടനകളിലും വിവിധ നേതൃത്വപരമായ ചുമതലകൾ വഹിച്ചിട്ടുണ്ട്.
അമേരിക്കൻ മലയാളികളുടെ ഓണാഘോഷങ്ങളിൽ തുടർച്ചയായി അരനൂറ്റാണ്ടോളം മാവേലിയുടെ വേഷം അണിഞ്ഞ് ശ്രദ്ധേയനായ അപ്പുക്കുട്ടൻ പിള്ള, ഈ രംഗത്തെ വ്യത്യസ്തമായ പ്രവർത്തനത്തിലൂടെ ഗിന്നസ് റെക്കോർഡിലും ഇടം നേടിയിട്ടുണ്ട്. ചെറുപ്പം മുതൽ നാടകത്തിലും അഭിനയത്തിലും താൽപര്യം പുലർത്തിയ അദ്ദേഹം എൻ. എൻ. പിള്ളയുടെ 'ഗറില്ല' ഉൾപ്പെടെയുള്ള നാടകങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 'അവർക്കൊപ്പം' എന്ന അമേരിക്കൻ മലയാളി സിനിമയിലും അഭിനയിച്ചിട്ടുള്ള അദ്ദേഹം, 'മുല്ലമൊട്ടും മുന്തിരിച്ചാറും', 'സ്വർണം', 'കാഞ്ചിപുരത്തെ കല്യാണം' എന്നീ സിനിമകളുടെ നിർമ്മാണത്തിലും പങ്കാളിയായി. കലാരംഗത്തെ ഈ പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ സാംസ്കാരിക താൽപര്യത്തിന്റെയും മലയാളത്തോടുള്ള അടുപ്പത്തിന്റെയും പ്രതിഫലനമാണ്.
പ്രവാസി മലയാളികളുടെ പുതുതലമുറയ്ക്ക് കേരളത്തിന്റെ തനത് കലാരൂപങ്ങൾ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 'ഫ്രണ്ട്സ് ഓഫ് കേരള' എന്ന ചെണ്ടമേള ഗ്രൂപ്പും അദ്ദേഹം രൂപീകരിച്ചു. കുട്ടികൾക്കും യുവാക്കൾക്കും ചെണ്ടമേള പരിശീലനം നൽകുന്നതിലൂടെ കേരളത്തിന്റെ കലാ-സാംസ്കാരിക പൈതൃകം അമേരിക്കൻ മലയാളി സമൂഹത്തിൽ നിലനിർത്താനുള്ള ശ്രമത്തിലാണ് അദ്ദേഹം. യു.എസ്. പോസ്റ്റൽ സർവീസിൽ 32 വർഷത്തെ സേവനത്തിനുശേഷം ഔദ്യോഗിക ജീവിതത്തിൽനിന്ന് വിരമിച്ച അപ്പുക്കുട്ടൻ പിള്ള, തുടർന്നും സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായി തുടരുകയാണ്.
സംഘടനാ പ്രവർത്തനങ്ങളിലെ ദീർഘകാല പരിചയം, കലാ-സാംസ്കാരിക രംഗത്തെ സംഭാവനകൾ, വിവിധ പ്രവാസി സംഘടനകളുമായുള്ള ബന്ധം എന്നിവയാണ് അപ്പുക്കുട്ടൻ പിള്ളയുടെ പ്രവർത്തനങ്ങളുടെ പ്രധാന സവിശേഷതകൾ. അമേരിക്കൻ മലയാളി സമൂഹത്തിന്റെ ഐക്യവും സംഘടനാ വളർച്ചയും സാംസ്കാരിക പൈതൃക സംരക്ഷണവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന അദ്ദേഹം, ഫൊക്കാനയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിലൂടെ സംഘടനാ രംഗത്ത് കൂടുതൽ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള ശ്രമത്തിലാണ്.
ഫൊക്കാനയുടെ നാളിതു വരെയുള്ള പ്രവർത്തനങ്ങളിൽ സജീവ പ്രവർത്തകനായി തുടരുന്ന അപ്പു പിളള ഫൊക്കാന ടുഡേ , ഫൊക്കാന സൂവനീർ എന്നിവയുടെ പരസ്യ വിഭാഗങ്ങളിൽ മികച്ച സേവനം കാഴ്ച വെച്ചിട്ടുണ്ട്. ഒരു ഒരു സംഘടനയുടെ വളർച്ചയ്ക്ക് ഒപ്പം തനിക്കാവുന്ന സഹായങ്ങൾ ചെയ്യുകയും ആ സംഘടനയെ വളർത്തുകയും ചെയ്യുകയാണ് തന്റെ ലക്ഷ്യമെന്ന് അപ്പു പിള്ള പറഞ്ഞു. 2026 - 2028 കാലയളവിൽ അസ്സോസിയേറ്റ് ട്രഷറർ ആയി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം കേരളാ കൺവൻഷന്റെ വിജയത്തിനായുളള പ്രവർത്തനത്തിലാണിപ്പോൾ

