ഒരുമിച്ചു ജീവിക്കാനുള്ള മോഹത്തോടെ ഞാനതുപറയുമ്പോൾ എല്ലാവരുടെ കണ്ണിലുമുണ്ട് സ്വപ്നത്തിളക്കം. ഞങ്ങളെ വലംവയ്ക്കാൻ തൊടിയിൽ നിന്ന് വീശിയെത്തിയ കുളിർകാറ്റിനുണ്ട് മുറ്റത്തെ മൂവാണ്ടൻ മാവിലെ മാമ്പൂക്കളെ ഉമ്മവച്ചനേരം പകർന്നുകിട്ടിയ സുഗന്ധം, ബാല്യകാലസ്മരണകളുടെ ചെപ്പു തുറക്കാനുള്ള താക്കോൽ.
രഞ്ജിമ ബഡ്റൂമിലെത്തിയതും കട്ടിലിൽ എന്നെ മുട്ടിയുരുമ്മിയിരുന്നതും ഒന്നുമറിയാത്തവണ്ണം ഗാഢമായ ചിന്തയിലായിരുന്നു അന്ന് ഞാൻ. കൃത്യമായി പറഞ്ഞാൽ പതിനേഴുവർഷങ്ങൾക്കു മുൻപ് .
‘വിനോദ് ,എന്തായിത്ര വലിയ ആലോചന ?എന്ന രഞ്ജിമയുടെചോദ്യം ചിന്തയിൽ നിന്ന് എന്നെ ഉണർത്തിയ പ്പൊഴാണ് ഞാനന്നവളെ കണ്ടതുതന്നെ. അവളുടെ സുതാര്യമായ തൂവെള്ള നൈറ്റ് ഡ്രസ് ഹൈസ്പീഡിൽ കറങ്ങിയ ഫാനിൻ്റെ കാറ്റിൽ ഇളകിപ്പറക്കുന്നതിനിടയിൽ വെളിപ്പെടുന്ന ശരീരത്തിൻ്റെ അഴകളവുകൾ ഒന്നും എന്നെ തെല്ലും മോഹിപ്പിക്കുന്നില്ലല്ലോ എന്നു ഞാൻ ആശ്ചര്യത്തോടെ അന്നോർത്തിരുന്നു.
ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഏഴുദിവസം മാത്രം തികയുമ്പോൾ എന്തേ ഇങ്ങനെയെന്ന് രഞ്ജിമ ഓർത്തു കാണുമോ എന്ന് ചിന്തിക്കുന്നതിനിടയിലും ഒരു മണിക്കൂർ മുൻപ് നടന്ന സംഭവത്തിലും സംഭാഷണത്തിലും ഉടക്കിക്കിടക്കുകയായിരുന്നു അന്നെൻ്റെ മനസ്സ്.
രാത്രിയൂണിനുശേഷം ഡൈനിംഗ് ഹാളിൽ നിന്ന് ബഡ്റൂമിലേയ്ക്ക് നടക്കുന്നതിനിടയിലാണ് അമ്മച്ചിയെന്നെ അൽപ്പം സംസാരിക്കാമെന്നു പറഞ്ഞു ലിവിങ്ങ് റൂമിലേയ്ക്ക് വിളിച്ചത്.
അന്ന് പറഞ്ഞ വാക്കുകൾ ചെവിയിൽ ഇപ്പൊഴും മാറ്റൊലിക്കൊള്ളുന്നുണ്ട്, ആവർത്തിച്ചാവർത്തിച്ച് തീരത്ത് ആഞ്ഞടിക്കുന്ന കടൽത്തിരകൾ പോലെ .
“വിവാഹം കഴിഞ്ഞിട്ട് ഏഴുദിവസമായി.നിങ്ങളുടെ വിരുന്നും കറക്കവുമെല്ലാം തൽക്കാലം കഴിഞ്ഞല്ലോ, രഞ്ജിമയ്ക്ക് നാളെഡ്യൂട്ടിക്ക് ജോയിൻ ചെയ്യുകയും വേണം. നിൻ്റെ പ്രോഗ്രാമിനിയെന്താ
ണെന്ന്എനിക്കറിയില്ല. കാർറേസും കറക്കവുമെല്ലാമാണല്ലോ നിൻ്റെ താൽപ്പര്യങ്ങൾ.
ഞാൻ വിളിച്ചത് ഈ താക്കോൽ നിന്നെയേൽപ്പിക്കാനാണ്. പുതിയ വീടിൻ്റേതാണ്. അത് ആർക്കെങ്കിലുംവാടകയ്ക്ക് കൊടുക്കാമെന്നു കരുതിയിരുന്നതാണ്. തൽക്കാലം അതു വേണ്ട.ഒരാഴ്ച്ചയ്ക്കുള്ളിൽ നിനക്കും രഞ്ജിമയ്ക്കും അവിടേയ്ക്ക് താമസം മാറ്റാം. ഒരു കണക്കിന് അത്
വാടകവീടു തന്നെ .നീ പകുതി വാടക തന്നാൽ മതി.അതിനെനിക്ക് വരുമാനമെവിടെ എന്നാണ് ചോദ്യമെങ്കിൽ നീ ഓഫീസിലേയ്ക്ക് വരൂ. ഒരു ജോലി ഞാൻ തരാം. ഉടമയായിട്ടല്ല, ജോലിക്കാരനായിട്ട് എൻ്റെ കമ്പനിയിൽ നിനക്കും ചേരാം. മാസം ഇരുപതിനായിരംരൂപ ശമ്പളം തരും. അതിൽനിന്ന് പതിനായിരം വാടക. ജീവിതച്ചെലവിന് ബാക്കി പതിനായിരമുണ്ടാകും .പിന്നെ രഞ്ജിമയ്ക്കും വരുമാനമുണ്ടല്ലോ.
നിങ്ങൾ താമസം മാറുമ്പോൾ ഈ വീട്ടിൽ ഞാനും വിശാലുംമാത്രമല്ലേ ഉണ്ടാകൂ എന്നോർത്തു വേവലാതിപ്പെടേണ്ട.ജീവിതത്തിൻ്റെ പകുതിയിലേറെയും കെട്ടിക്കയറിച്ചെന്ന കൂട്ടുകുടുംബത്തിൻ്റെ ഭാരം ചുമന്നവളാണ് ഞാൻ.വച്ചും വിളമ്പിയും ആശുപത്രിയിൽ കൂട്ടിരുന്നും പ്രസവ ശുശ്രൂഷകൾ ചെയ്തും അനിയന്മാരുടെ കുട്ടികളെ വളർത്തിയും കടന്നു പോയ നാളുകൾ.അവിടെനിന്ന് വാടക വീട്ടിലേയ്ക്ക് മാറിയത് നിൻ്റെയപ്പച്ചൻ്റെ മരണശേഷം .പിന്നെയാണ് ഞാൻ ചെറിയ തോതിൽ കമ്പനി തുടങ്ങിയതും അത് വളർന്ന് ഈ നിലയിലെത്തിയതും ഈ വീട് വച്ചതും. അവിടെ തറവാട്ടിൽ ആയിരുന്നെങ്കിൽ ഞാൻ എനിക്കുവേണ്ടി ജീവിക്കില്ലായിരുന്നു. ഒന്നുമുണ്ടാക്കുകയുമില്ല.
ഞാനും നീയും ,നിൻ്റെയനിയൻ വിശാലുമടക്കംനമ്മൾ മൂന്നുപേരുണ്ടായിരുന്ന വീട്ടിലിപ്പോൾ രഞ്ജിമ കൂടി ചേർന്നപ്പോൾ നാലുപേരായി.പിന്നെയിതിൽ നിൻ്റെ മക്കൾ വന്നുചേരും. വിശാൽ വിവാഹം കഴിക്കുന്ന പെൺകുട്ടിയെത്തും.വിരുന്നുകാരെത്തും.അങ്ങനെ വീണ്ടുമൊരു കൂട്ടുകുടുംബത്തിൻ്റെ തിരക്കുകളാകും. എനിക്കിനിയുമതു പറ്റില്ല. എനിക്ക് എൻ്റെ സ്വപ്നങ്ങളുണ്ട്. നിങ്ങൾക്ക് നിങ്ങളുടേതും.
ഈ തീരുമാനം നിങ്ങളുടേത് പ്രേമവിവാഹമായതുകൊണ്ടോ രഞ്ജിമ ഒരു അന്യമതസ്ഥയായതുകൊണ്ടോ അല്ല .നിൻ്റെഅനിയൻ വിശാലിൻ്റെ കല്യാണം കഴിഞ്ഞാലും ഇതുപോലെ തന്നെയാകും സംഭവിക്കുക. നമ്മൾ രണ്ടുകൂട്ടരുടേയും താൽപ്പര്യങ്ങൾക്ക് അതാണ് നല്ലത്. അണുകുടുംബമാകാൻ പുതിയ വാടകവീട്ടിലേയ്ക്ക് എന്ന് താമസം മാറണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം. പക്ഷേ, അതിന് ഒരാഴ്ചയിൽക്കൂടുതൽ താമസം വേണ്ട.”
രാത്രി ഉറക്കം വരാതെ കിടക്കുമ്പോൾ ഞാനന്നൊരു തീരുമാനമെടുത്തു, പിറ്റേന്നു തന്നെ പുതിയ വീട്ടിൽ ചേക്കേറാനും പുതിയൊരു ജോലിക്ക് ശ്രമിക്കാനും .അമ്മച്ചി വച്ചുനീട്ടിയ ജോലി വേണ്ടെന്നു വച്ചത് വാശികൊണ്ടു തന്നെയാണ്, ജീവിച്ചു ജയിച്ചു കാണിക്കാനുള്ള വാശി.
എൻജിനീയറിംഗ് ബിരുദവും എം.ബി.എ യും തുണച്ചതുകൊണ്ട് ആരുടെ മുന്നിലും തല കുനിക്കേണ്ടി വന്നില്ല. വളർന്നു, സാമ്പത്തിക നേട്ടങ്ങളുണ്ടാക്കി, പണിയെടുത്ത് സ്വരുക്കൂട്ടിവച്ചുസ്വന്തമാക്കിയ സാമാന്യം ഭേദപ്പെട്ട വീട്ടിലേയ്ക്ക് പിന്നീട് താമസം മാറ്റി.ദാമ്പത്യജീവിതത്തിന്പത്തുവർഷത്തിൻ്റെ ദൈർഘ്യമുണ്ടായിട്ടും ഞാനും രഞ്ജിമയുമല്ലാതെ ഞങ്ങൾ ഏറെയാ ഗ്രഹിച്ച കുഞ്ഞതിഥി ഞങ്ങളെത്തേടിയെത്തിയില്ല.
പതിനൊന്നാം വർഷത്തിലാണ് അമ്മച്ചി ഞങ്ങൾ താമസിക്കുന്ന വീട്ടിൽ വന്നത്, അതും രഞ്ജിമയുടെ അർബ്ബുദ ബാധയെക്കുറിച്ചറിഞ്ഞ്.വിശാൽ മാറിത്താമസിച്ചതുകൊണ്ട് തനിച്ചായതിൻ്റെ തളർച്ചയൊന്നും അന്നുംഅമ്മച്ചിയുടെ മുഖത്തു കണ്ടില്ല.
“നിങ്ങൾ രണ്ടും തറവാട്ടിലേയ്ക്ക് പോരൂ.രഞ്ജിമയുടെ ചികിത്സയ്ക്കും അതാണ് നല്ലത്. നിങ്ങൾ ഇവിടെ തനിച്ചു കഷ്ടപ്പെടേണ്ട." അമ്മച്ചിയതു പറയുമ്പോൾ അമ്മച്ചിയുടെ സ്വപ്നങ്ങൾക്കു് അതു വിഘാതമാകില്ലേ, ജീവിതത്തിൻ്റെ തിരക്കുകൂടില്ലേ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു . അമ്മച്ചി അതും പറഞ്ഞാണല്ലോ ഞങ്ങളെ അന്ന് വീട്ടിൽ നിന്നിറക്കി വിട്ടത്. ഞാനതു ചോദിക്കാൻ തുടങ്ങുമ്പോൾ രഞ്ജിമ കണ്ണുകൾ കൊണ്ടെന്നെ വിലക്കി. അല്ലെങ്കിലും അങ്ങനെ ചോദിക്കുന്നതു തന്നെ തെറ്റാണെന്ന് എനിക്കുമറിയാം. തെല്ലും ഉത്തരവാദിത്വമില്ലാതെ കാളകളിച്ചു നടന്ന എന്നെ ഇങ്ങനെയാക്കിത്തീർക്കാൻ അമ്മച്ചിയിറക്കിയ നമ്പറാണതെന്ന് ആർക്കാണറിയാത്തത്? അതുകൊണ്ട് ഞാനതു പറയേണ്ടെന്നു വച്ചു.
‘ അമ്മച്ചീ, ഇവിടെത്തന്നെ താമസിച്ചാൽ അതാകും ലീവ് കഴിയുമ്പോൾ രഞ്ജിമയ്ക്ക് ജോലിക്കു പോകാനെളുപ്പം.’ എന്നു ഞാൻ ഉത്തരം പറയുമ്പോൾ അമ്മച്ചി മറുപടി പറഞ്ഞില്ല, വാദിച്ചുമില്ല, കാറിൽ കയറുമ്പോൾ കണ്ണു നിറഞ്ഞിരുന്നു എന്ന് രഞ്ജിമ പറഞ്ഞപ്പോഴാണ് ഞാനറിഞ്ഞത്.
ദൈവഹിതംപോലെ രഞ്ജിമ നീണ്ട ചികിത്സകൾക്കു ശേഷം ആരോഗ്യവതിയായി, രണ്ടുവർഷം കൂടി കഴിഞ്ഞപ്പോൾ പുതിയൊരതിഥിയും ഞങ്ങളുടെ ജീവിതത്തിലെത്തി. അങ്ങനെ സംഭവബഹുലമായ എത്ര വർഷങ്ങളാണ് കടന്നു പോയത്, വിരലിനിടയിലൂടെ ഊർന്നു വീഴുന്ന മണൽത്തരികൾ പോലെ.
തറവാട്ടുവീടിൻ്റെ സമീപത്തായി ഒരു വസ്തു വിലയ്ക്കുവാങ്ങി. കുറെക്കൂടി വലിയ പുതിയ വമ്പൻ വീടുവച്ച് അവിടേയ്ക്ക് താമസം മാറുംമുൻപേ ഞങ്ങൾ ഇന്ന് തറവാട്ടിലെത്തി, എൻ്റെ ബാല്യകാലവും കൗമാരവും തളിരിട്ടയിടത്തിലേക്ക്. ഞങ്ങളുടെ ജീവിതം ധന്യമാക്കിയ
രണ്ടുവയസ്സുകാരൻ തറവാട്ടിലെ
മണൽവിരിച്ച മുറ്റത്ത് ഓടിനടന്നു കളിച്ചു.പ്രായം മറന്ന് പിന്നാലെയോടി അമ്മച്ചി വീണ്ടുമൊരു കുട്ടിയായി അവൻ്റെ കുസൃതി കണ്ട് കുണുങ്ങിച്ചിരിച്ചു.
അവിടെ നിന്ന് ഞങ്ങൾക്കൊപ്പം അമ്മച്ചിയേയും കൂട്ടിക്കൊണ്ടാണ്
വിശാലിൻ്റെ വീട്ടിലെത്തിയത്. ഗൃഹപ്രവേശത്തെക്കുറിച്ച് പറയാനായിരിക്കും ഞങ്ങളവിടെ എത്തിയതെന്ന കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് ഞാൻ എല്ലാവരേയും പുതിയ വീട്ടിലേയ്ക്ക് ക്ഷണിച്ചത് മറ്റൊരു കാര്യത്തിനാണ്.
" ആഗ്രഹിച്ചപോലെത്തന്നെ വീടുപണി കഴിഞ്ഞു. അമ്മച്ചിയ്ക്കും വിശാലിനും സൗകര്യപ്രദമായ ദിവസം നമുക്കെല്ലാവർക്കും പുതിയ വീട്ടിലേയ്ക്ക് താമസം മാറ്റാം. പുതിയ തലമുറയുടെ പ്രതിനിധികളായ നമ്മുടെ മക്കൾ കൂട്ടുകുടുംബത്തിൻ്റെ നന്മകളറിഞ്ഞു വളരട്ടെ. പങ്കുവയ്ക്കലിൻ്റെ, സ്നേഹത്തിൻ്റെ, വിട്ടുവീഴ്ച്ചയുടെ ,തോറ്റു കൊടുക്കലിൻ്റെ, തോൽവിയുടെ ,വിജയത്തിൻ്റെയെല്ലാം പാഠങ്ങൾ അത്തരം ജീവിതത്തിൽ നിന്നാണ് പഠിച്ചെടുക്കേണ്ടത്. മിണ്ടിപ്പറയാനാളില്ലാത്ത അണുകുടുംബങ്ങളിലല്ല അവർ വളരേണ്ടത്. നമുക്ക് ജീവിക്കാം, പണ്ടു വഴിയിലുപേക്ഷിച്ച ജീവിതരീതിയെ കൂട്ടുപിടിച്ച് ഒറ്റവീടായി, ഒരു കുടുംബമായി, പരസ്പരം അറിഞ്ഞും സ്നേഹിച്ചും സഹായിച്ചും.“
ഒരുമിച്ചു ജീവിക്കാനുള്ള മോഹത്തോടെ ഞാനതുപറയുമ്പോൾ എല്ലാവരുടെ കണ്ണിലുമുണ്ട് സ്വപ്നത്തിളക്കം. ഞങ്ങളെ വലംവയ്ക്കാൻ തൊടിയിൽ നിന്ന് വീശിയെത്തിയ കുളിർകാറ്റിനുണ്ട് മുറ്റത്തെ മൂവാണ്ടൻ മാവിലെ മാമ്പൂക്കളെ ഉമ്മവച്ചനേരം പകർന്നുകിട്ടിയ സുഗന്ധം, ബാല്യകാലസ്മരണകളുടെ ചെപ്പു തുറക്കാനുള്ള താക്കോൽ.
ഡോ.വീനസ്