ഇന്നലെ എഴുതിയ വീട് വിചാരങ്ങൾ പലതരം പ്രതികരണങ്ങൾ ഉളവാക്കി . ചിലർ മെസ്സേജ് അയച്ചു. ചിലർ ഞാൻ വീട് പണിയുന്നതിന് എതിരാണ് എന്ന് തെറ്റി ധരിച്ചു.അതു കൊണ്ടു ചില വ്യക്തതകൾ വരുത്തണമെന്നു തോന്നി.
1.ഞാൻ വീട് വയ്ക്കുന്നതിനോ ഫ്ലാറ്റുകൾക്കൊ ഒന്നും എതിരല്ല.
വീട് എന്നത് ഒരു കെട്ടിട്ടം മാത്രം അല്ല മനുഷ്യരുടെ ആവാസ സന്തോഷ- സുരക്ഷ ഇടമാണ്. മിക്കവാറും മനുഷ്യർക്ക് അതു കുടുംബ പങ്കിടൽ ഇടമാണ്. ഇണയായും തുണയായും പരസ്പരം പങ്കിട്ടു പരസ്പരം കരുതി ജീവിക്കാനുള്ള ഇടം മനുഷ്യന് ആവശ്യമാണ്.
അതു കൊണ്ടു കൂടിയാണ് എല്ലാവർക്കും ജീവിക്കാൻ വീട് ഒരു മനുഷ്യാവകാശമായി കാണുന്നത്. Right to habitat.
2.പക്ഷെ മധ്യവർഗ്ഗ ഉപരി വർഗ്ഗ മലയാളികൾ അവരുടെ വരുമാനത്തിന്റെ 90% മുടക്കി യോ വലിയ കടം വാങ്ങി വൻ വീടുകൾ വച്ചാലും അതു എത്ര മാത്രം ഉപയോഗിക്കുന്നു എന്നത് സ്വയം മനുഷ്യർ ആലോചിക്കണം. എത്ര വലിയ വീട് വച്ചാലും എത്ര മുറി ഉണ്ടെങ്കിലും മനുഷ്യന് ഒരു കട്ടിലെ ഉപയോഗിക്കാൻ സാധിക്കൂ. പരിമിതമായ ഫർണിച്ചറെ ഉപയോഗിക്കാൻ സാധിക്കൂ എന്ന തിരിച്ചറിവ് പങ്കു വച്ചു എന്നേയുള്ളൂ.
3. ജീവിതത്തിന്റെ പല ഘട്ടങ്ങളിൽ മനുഷ്യന്റെ ആവശ്യങ്ങൾ മാറുന്നു എന്ന തിരിച്ചറിവ് അത്യാവശ്യം. പലപ്പോഴും മുപ്പതുകളിലെ അവസ്ഥ അല്ല അമ്പത്കളിലും അറുപതുകളിലും എനിക്ക് അറിയാവുന്ന പലരും വലിയ വീടുകൾ വച്ചു അതിൽ ഒരു വർഷം പൊലും താമസിക്കാതെ അതു പൂട്ടി ഇട്ടിട്ടുണ്ട്. ചിലർ അതിൽ താമസിക്കാനാകാതെ തട്ടിപോയിട്ടുണ്ട്. എനിക്കറിയാവുന്ന ചിലർ വലിയ വീടൊക്കെ വച്ചു പ്രായമായപ്പോൾ ഒറ്റക്കായി വീട് കളഞ്ഞു ഓൾഡ് ഏജ് ഹോമിൽ പോയി. വീട് അനാഥമായി നശിച്ചു. മക്കൾ വിദേശത്ത് ആയതിനാൽ ആരും തിരിഞ്ഞു നോക്കാതെ എല്ലാം ജീർണിച്ചു. കിട്ടിയ വിലക്ക് കൈ ഒഴിഞ്ഞു.
4. വാഷിങ്ടൻ ഡി സി യിൽ എന്റെ മെന്റർ ആയിരുന്ന ഡേവിഡ് കോഹനു മനോഹരമായ ഒരു വീട് ഉണ്ടായിരുന്നു. ഞാൻ അവിടെ പോകുമ്പോൾ ആ വീട്ടിൽ ആയിരുന്നു താമസം. പക്ഷെ അദ്ദേഹത്തിന്റെ മക്കൾ സ്ഥലം വിട്ടു. ഭാര്യ. മരിച്ചപ്പോൾ അവർ ആ വീട് വിറ്റ്. അദ്ദേഹം ഒരു വൺ റൂം അപ്പാർട്ട്മെന്റിലേക്ക് മാറി പിന്നെ മരണം വരെ അവിടെയാണ് ജീവിച്ചത്. അമേരിക്കയിൽ പലരും അങ്ങനെ ചെയ്യുന്നത് കണ്ടിട്ടുണ്ട്.
കേരളത്തിൽ അങ്ങനെ ചെയ്തു ഒരാളെ എനിക്ക് അറിയൂ അതു ബി ആർ പി ഭാസ്റാണ്
5. വീട് വൈകാരിക ബന്ധമുള്ള ഇടമാണ്. ഞാൻ ജനിച്ചു വളർന്നു വീടിനോട് ഉള്ള വൈകാരിക അടുപ്പം കൊണ്ടാണ് അമ്മ മരിച്ചപ്പോൾ വീട് അനാഥമായി നശിക്കരുത് എന്ന ചിന്തയിൽ ഞങ്ങൾ ഫ്ലാറ്റ് വിട്ട് അങ്ങോട്ട് മാറി മനോഹരമായ ഗ്രാമ അന്തരീക്ഷത്തിൽ ജീവിക്കാൻ തുടങ്ങിയത്. ബീന ആ വീട് മനോഹരമായി മെയ്ൻടൈംൻ ചെയ്തു. ഒരൊറ്റ പുതിയ ഫർണിച്ചർ വാങ്ങിയില്ല. ബീന ഉള്ളത് ഒക്കെ നന്നായി മൈന്റൈയിൻ ചെയ്തു.നല്ല ഗാർഡനോക്കെ ഉണ്ടാക്കി അതു മനോഹരമായ ജീവിത ഇടമാക്കി. അതു കൊണ്ട് അച്ഛന്റെയും അമ്മയുടെയും ഓർമ്മകൾ നിറഞ്ഞ വൈകാരിക ഇടമാണ് വീട്.
ജീവിതത്തിൽ ഏറ്റവും സന്തോഷമുള്ളത് രാവിലെ ഒരു കട്ടൻ ചായയിട്ട് വരാന്തയിൽ പ്രഭാത സൂര്യൻനെ നോക്കി മരങ്ങളെയും ചെടികളെയും പൂവ് കളെയും കണ്ടു കിളിപ്പാട്ടുകൾ കേട്ട് അങ്ങനെ വെറുതെ ഇരിക്കുകയോ അതു കഴിഞ്ഞു നടക്കുകയോ ആണ്. ഇത് ഫൈവ് സ്റ്റാർ ഹോട്ടലിലും എനിക്ക് അത്രയും മാനസിക സന്തോഷം കിട്ടില്ല
6. പക്ഷെ ഇതൊക്കെയാണ് എങ്കിലും ഞങ്ങൾ ആ വീട്ടിൽ ഉപയോഗിക്കുന്ന രണ്ടു മുറികൾ മാത്രമാണ്. മക്കൾ അവിടെ വരുന്നത് വർഷത്തിൽ ചുരുങ്ങിയ ദിവസവങ്ങൾ മാത്രം. അതു കൊണ്ടു വീട് ഉൾപ്പെടെ ബോധിഗ്രാം ഫൌണ്ടേഷന്റെ ഭാഗമായി ജന നന്മക്കായി ചെയ്യുക എന്നതാണ് ഉദ്ദേശം.
7.എനിക്ക് സാമാന്യം ഭേദപ്പെട്ട. കുടുംബ വീട് ഉണ്ടായത് കൊണ്ട് കൂടിയാണ് വേറെ വീട് വയ്ക്കണ്ട ആവശ്യകത തോന്നാഞ്ഞത്. ഞങ്ങൾക്ക് അങ്ങനെ ഒരു വീട് ഇല്ലായിരുന്നു എങ്കിൽ വീട് വച്ചേനെ.
അതു കൊണ്ടു തന്നെ ആരെങ്കിലും വീട് വയ്ക്കുന്നതിനോ ഫ്ലാറ്റ് വാങ്ങിക്കുന്നതിനോ ഞാൻ എതിരല്ല.
പക്ഷെ അതു ചെയ്യുമ്പോൾ കുറഞ്ഞത് ഇരുപത് വർഷംമുന്നിൽ കണ്ടു ചെയ്യുക.അത്യാവശ്യവും ആവശ്യവും അനാവശ്യവും തമ്മിലുള്ള വെത്യാസം ചിന്തിക്കുക. പണിയുന്ന വീട്ടിൽ നിങ്ങൾ എത്ര കാലം ജീവിക്കുമെന്നത് ഒരു ഘടകമാണ്. ഫർണിച്ചർ വാങ്ങുമ്പോഴും അതു എത്ര മാത്രം ഉപയോഗിക്കും എന്നത് ഒരു ഘടകമാണ്. Functional approach ഉണ്ടെങ്കിൽ ജീവിതത്തിൽ കിട്ടുന്ന 90% വീടിന് മുടക്കരുത് വലിയ കടങ്ങൾ വാങ്ങി വലിയ വീട് വച്ചാൽപിന്നീട് മെയ്ടൈൻ ചെയ്യാൻ ബുദ്ധിമുട്ടാണന്നു തിരിച്ചറിയുക. . അതൊക്കെയാണ് അവിടെ പറയാൻ ശ്രമിച്ചത്.
മക്കൾക്കായി വീട് പണിഞ്ഞാൽ മക്കൾ അവിടെ താമസിക്കണമെന്നില്ല എന്നതും മുന്നിൽ കണ്ടാൽ അവരവർക്ക് കൊള്ളാം
ജെ എസ് അടൂർ