ചില കഥകള്‍ ചരിത്രം പോലെ എഴുതപ്പെടേണ്ടതാണ്. ചില മനുഷ്യരും അത്തരത്തില്‍ അടയാളപ്പെടേണ്ടവരാണ്. ഭൂമിയില്‍ ദൈവം തങ്ങള്‍ക്ക് നല്‍കിയിട്ടുള്ള ദൗത്യം നിറവേറ്റാന്‍ അവര്‍ അഹോരാത്രം കഷ്ടപ്പെടുകയും, പകരമൊന്നും പ്രതീക്ഷിക്കാതെ അന്യന് വേണ്ടി നിലകൊള്ളുകയും ചെയ്യും. അവരെ വാഴ്ത്താതെ, അവരിലൂടെ കയറി ഇറങ്ങാതെ, ഒരു കാലഘട്ടത്തിന്‍റെ സത്യവും പൂര്‍ണമാവുകയില്ല. തൊണ്ണൂറിന്‍റെ നിറവിലായിരിക്കുമ്പോഴും അന്‍പതുകളുടെ ചുറുചുറുക്കോടെയാണ് ജോ പതിയില്‍ മാനവരാശിക്ക് മുന്‍പില്‍ നിലകൊള്ളുന്നത്. ആ സത്യവും നീതിയും മനുഷ്യവര്‍ഗത്തിനും വേണ്ടിയുള്ള നിലനില്‍പ്പും കാലങ്ങളോളം വാഴ്ത്തപ്പെടേണ്ടതാണ്. അധ്യാപകന്‍, ആത്മീയ ചിന്തകന്‍, എഴുത്തുകാരന്‍ തുടങ്ങി എല്ലാ മേഖലകളിലും തന്‍റെതായ വ്യക്തിമുദ്രകള്‍ ജോ പതിയില്‍ പതിപ്പിച്ചിട്ടുണ്ട്. ഇത് അദ്ദേഹത്തിന്‍റെ ലക്ഷ്യം തേടിയുള്ള യാത്രകളുടെ ഒരു ചുരുക്ക രൂപമാണ്.
മുളയിലേ കിളിര്‍ത്ത മാനവികത
ചില കുട്ടികളെ ശ്രദ്ധിച്ചു നോക്കൂ... അവരുടെ ഭാവി, അവരുടെ ദൗത്യം കുഞ്ഞുനാള്‍ മുതല്‍ക്കേ വെളിപ്പെട്ട് തുടങ്ങും. കോട്ടയം ജില്ലയിലെ കൈപ്പുഴയില്‍ 1934 ഒക്ടോബറിലാണ് ഏബ്രഹാം പതിയില്‍ - നൈത്തി ദമ്പതികളുടെ 12 മക്കളിൽ പതിനൊന്നാമനായി ജോ പതിയില്‍ ജനിക്കുന്നത്.രണ്ടു സഹോദരങ്ങൾ ശൈശവത്തിൽ മരണപ്പെട്ടു . ലൂക്കാ ,മറിയാമ്മ,അന്നമ്മ,സി.വിൻസന്റ് SVM ,ചാക്കോച്ചൻ ,തെയ്യാമ്മ,തൊമ്മിക്കുഞ്ഞ്,പെണ്ണമ്മ,മത്തായിക്കുഞ്ഞ് എന്നിവരാണ് സഹോദരങ്ങൾ. സന്തോഷകരമായ സ്കൂള്‍ വിദ്യാഭ്യാസം പഠനത്തോടുള്ള പ്രിയം ജോയില്‍ വര്‍ദ്ധിപ്പിച്ചു. കൂട്ടുകാരൊക്കെ കളരിയില്‍ പഠിക്കാന്‍ പോയപ്പോള്‍ ജോയ്ക്ക് മറ്റൊരവസരം പിതാവ് തന്നെ വീട്ടിലൊരുക്കി. സഹോദരി പെണ്ണമ്മയ്ക്കൊപ്പം വീട്ടില്‍ തന്നെ കളരി പഠിപ്പിക്കാന്‍ തീരുമാനിച്ചു. പ്രഗത്ഭനായ പേര് കേട്ട ശിവരാമന്‍ നായര്‍ സാറിനെ വീടിനോട് ചേര്‍ന്ന കളപ്പുരയില്‍ താമസിപ്പിച്ചു പിതാവ് ജോയെയും പെങ്ങളെയും പ്രാഥമിക വിദ്യാഭ്യാസം നടത്തി.
1940 ആയപ്പോഴേക്കും നാലാം ഗ്രേഡിലേക്കുള്ള സര്‍ക്കാര്‍ പരീക്ഷയില്‍ നേരിട്ട് പ്രവേശിപ്പിച്ചില്ല. പകരം മൂന്നാം ഗ്രേഡിലാണ് ജോയ്ക്ക് പ്രവേശനം ലഭിച്ചത്. അന്ന് സഹോദരിക്ക് 8 വയസും, ജോയ്ക്ക്ڔ 6 വയസുമായിരുന്നു ഉണ്ടായിരുന്നത്. മാതാപിതാക്കള്‍ തന്നെയായിരുന്നു രണ്ടു മക്കളുടെയും ആദ്യകാല പരിശീലകര്‍. അമ്മയുടെ തിരക്കുകള്‍ക്കിടയിലും മക്കളെ പഠിപ്പിക്കാന്‍ അവര്‍ സമയം കണ്ടെത്തി. തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ഒരു നല്ല ഭാവി ഉണ്ടാകണം. അവര്‍ വളരണം എന്ന ചിന്ത പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാന്‍ കാരണമായി. പിതാവായിരുന്നു ജോയുടെ ഗുരുവും വഴികാട്ടിയും. സത്യത്തില്‍ പിതാവിന്‍റെ ആരാധകനായിരുന്നു ജോ എന്നും പറയാം. പിതാവിന്‍റെ മരണം വരെ ഈ ഗുരുശിഷ്യ ബന്ധം അവര്‍ തുടര്‍ന്നു പോന്നു. പരസ്പരം വേദനിപ്പിക്കുന്ന ഒന്നും ഇരുവരും ചെയ്തില്ലെന്ന് മാത്രമല്ല, ലോകത്തിന് മുന്‍പില്‍തന്നെ ഒരു മാതൃകയായും ഇരുവരും മാറി. ജീവിതയാത്രയില്‍ എപ്പോഴും ഉപദേശവുമായി ഒപ്പം പിതാവുണ്ടായിരുന്നത് തന്നെ അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ ധൈര്യമായിരുന്നു.
1947-ല്‍ കൂനൂരിലെ സെന്‍റ് ഗബ്രിയേലിന്‍റെ പേരില്‍ അറിയപ്പെട്ട ജൂനിയറേറ്റ് ഓഫ് മോണ്ട് ഫോര്‍ട്ട് ബ്രദേഴ്സില്‍ പഠനത്തിനായി ജോ ചേര്‍ന്നു. അവിടെനിന്ന് എസ്.എസ്.എല്‍. സി പാസ്സായി. തുടര്‍ന്ന് ബിരുദ പഠനത്തിനായി ചെന്നൈ ലയോള കോളജില്‍ ചേര്‍ന്നു. ഈ കാലയളവില്‍ ഫാ. ഡഗ്ളസ് ഗോര്‍ഡന്‍, ഫാ. ജറോം ഡിസൂസ തുടങ്ങിയവരുടെ ശിക്ഷണം പഠനത്തിന്‍റെ മറ്റൊരു തലത്തിലേക്കും ജീവിത സത്യങ്ങളുടെ നേര്‍ക്കാഴ്ചകളിലേക്കുമാണ് ജോ പതിയിലിനെ കൂട്ടിക്കൊണ്ട് പോയത്. തോമസ് കാവില്‍, ജേക്കബ് വട്ടക്കാട്ടില്‍, മാത്യു തറയില്‍, പോത്തന്‍ തൊടുകയില്‍, ജോസഫ് മുക്കാലയില്‍, ജോസഫ് കിഴക്കേകാട്ടില്‍, ഫാ. പീറ്റര്‍ വട്ടപ്പറമ്പില്‍ڔതുടങ്ങിയ അദ്ധ്യാപകരുടെ സ്വാധീനവും വളര്‍ച്ചയില്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്.
പിതാവ് ദിവസേന ജോ പതിയിലിനെ കൊണ്ട് പത്രം വായിപ്പിക്കുമായിരുന്നു. ഹിറ്റ്ലര്‍, മുസ്സോളിനി, സ്റ്റാലിന്‍, റൂസ്വെല്‍റ്റ് എന്നിവരെയെല്ലാം പത്രങ്ങളിലൂടെയാണ് അദ്ദേഹം അടുത്തറിഞ്ഞത്. പിതാവിന്‍റെ ആരാധനാ കഥാപാത്രം ചര്‍ച്ചില്‍ ആയിരുന്നു. സ്വാതന്ത്ര്യ ആശയങ്ങള്‍ പ്രചരിപ്പിക്കുവാന്‍ പ്രേരണയായി. പിതാവിന്‍റെ മരണ ശേഷം സഹോദരന്‍ മത്തായി കുഞ്ഞായിരുന്നു വീട്ടു കാര്യങ്ങള്‍ നോക്കിയിരുന്നത്. അദ്ധ്യാപകന്‍ ആയിരുന്ന അദ്ദേഹത്തിന്‍റെ ജീവിതവും സഹോദരങ്ങള്‍ക്ക് വേണ്ടി സമര്‍പ്പിക്കപ്പെട്ടിരുന്നു.
പ്രാര്‍ത്ഥനയുടെ ലോകം
പിതാവ് ഏബ്രഹാം പതിയില്‍ തന്‍റെ മക്കളെ രാവിലെ വിളിച്ചുണര്‍ത്തുമ്പോള്‍ തന്നെ പ്രഭാത പ്രാര്‍ത്ഥന ചൊല്ലും. ഒരു ദിവസം ആരംഭിക്കുന്നത് ആ പ്രാര്‍ത്ഥനയോടെയാണ്. ഒന്‍പത് മണിക്ക് മുന്‍പേ സ്കൂളിലേക്ക് പോകണമെന്ന് പിതാവിന് നിര്‍ബന്ധമായിരുന്നു. സ്കൂളില്‍നിന്ന് തിരിച്ചെത്തുമ്പോള്‍ എന്താണ് പഠിച്ചതെന്ന് അദ്ദേഹം ചോദിക്കുമായിരുന്നു. പഠനമുറിയില്‍ മക്കള്‍ ഒത്തുചേരുമ്പോള്‍ പിതാവും ഒപ്പം കൂടും. കുട്ടികള്‍ക്കൊപ്പം പുസ്തകം വായിക്കുവാന്‍ അദ്ദേഹവും ഒപ്പം കൂടും. പ്രഭാത പ്രാര്‍ത്ഥന പോലെ രാത്രി പ്രാര്‍ത്ഥനയും നിര്‍ബന്ധമായിരുന്നു. പതിവ് പ്രാര്‍ത്ഥനകള്‍ കൂടാതെ പിതാവ് സ്വന്തമായി രചിച്ച ചില പ്രാര്‍ത്ഥനകള്‍ കൂടി അദ്ദേഹം ചൊല്ലുമായിരുന്നു. എല്ലാവരും കേള്‍ക്കെ ഉച്ചത്തില്‍ പ്രാര്‍ത്ഥനകള്‍ ചൊല്ലണമെന്ന് അദ്ദേഹം മക്കളെ പഠിപ്പിച്ചിരുന്നു. മക്കള്‍ ഉറങ്ങുന്നതിന് മുന്‍പ് ബൈബിള്‍ കഥകള്‍, രാമായണത്തിലേയും, മഹാഭാരതത്തിലേയും കഥകള്‍ ഭംഗിയായി മക്കള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുമായിരുന്നു. പിതാവിന്‍റെ പ്രാര്‍ത്ഥനയില്‍ തുടങ്ങുന്ന ഒരുദിവസം അവസാനിക്കുന്നതും അദ്ദേഹത്തിന്‍റെ പ്രാര്‍ത്ഥനയോടെയായിരുന്നത് ജീവിതത്തില്‍ ഒരു ആത്മീയ ചിട്ടയ്ക്ക് തുടക്കമായി എന്ന് ജോ പതിയില്‍ ഓര്‍മ്മിച്ചെടുക്കുന്നു.
നാട്ടില്‍ സ്കൂളുകള്‍ സ്ഥാപിക്കുന്നതിന് ഏബ്രഹാം പതിയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കൈപ്പുഴ പ്രദേശവാസികള്‍ക്ക് അറിവുള്ളതാണ്. വിദ്യാഭ്യാസം കൊണ്ട് മാത്രമെ സാധാരണ ജനവിഭാഗത്തിന് ഉയരങ്ങളിലെത്താന്‍ സാധിക്കുകയുള്ളു എന്ന വലിയ തത്വം ജോ പതിയിലിനെ പഠിപ്പിച്ചതും പിതാവ് തന്നെയായിരുന്നു. പിതാവ് തെളിച്ച പാതയിലൂടെയുള്ള സഞ്ചാരമാണ് വിദ്യാഭ്യാസ രംഗത്ത് തനിക്ക് ശോഭിക്കുവാന്‍ കാരണമായതെന്ന് അദ്ദേഹം അടിയുറച്ച് വിശ്വസിക്കുന്നു.
യഥാര്‍ത്ഥ ലക്ഷ്യത്തിലേക്കുള്ള പാതകള്‍
ആത്മീയ ചിന്തകന്‍, സെന്‍റ് ഗബ്രിയേല്‍ മോണ്ട് ഫോര്‍ട്ട് ബ്രദേഴ്സ് സഭയുടെ ആത്മീയ പ്രചാരകന്‍, ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ അദ്ധ്യാപകന്‍, ഇംഗ്ലീഷ് വിദ്യാഭ്യാസ രംഗത്ത് പ്രഗത്ഭന്‍, കോട്ടയം, കൂനൂര്‍, കാനഡ എന്നിവിടങ്ങളിലായി അദ്ധ്യാപന രംഗത്ത് നിറസാന്നിദ്ധ്യം തുടങ്ങി തീര്‍ത്താല്‍ തീരാത്ത വിശേഷണങ്ങള്‍ ഉണ്ട് മാലോകര്‍ക്ക് ജോ പതിയിലിനെ കുറിച്ച് സംസാരിക്കാന്‍. അദ്ദേഹത്തിന്‍റെ ഓരോ വാക്കുകളും വിദ്യാര്‍ത്ഥികളുടേയും, അദ്ദേഹത്തെ കേള്‍ക്കുന്നവരുടേയും ഹൃദയത്തില്‍ സ്പര്‍ശിക്കുന്നവയാണ്. അത്രത്തോളം ജീവിതമാനുഭവങ്ങളുടെ തീക്ഷ്ണതയില്‍ നിന്നാണ് അദ്ദേഹം സംസാരിക്കാറുള്ളത്. അദ്ദേഹത്തിന്‍റെ രചനകളിലാവട്ടെ ഓരോന്നും വായനക്കാരന്‍റെ ജിജ്ഞാസയെ ഉണര്‍ത്തുന്നവയാണ്. ആത്മീയതയുടെയും അതിന്‍റെ പ്രചാരണത്തിന്‍റേയും വേറിട്ട തലമാണ് അദ്ദേഹത്തിന്‍റെ ശൈലി. അതുകൊണ്ടുതന്നെ ആരും കേട്ടിരുന്നു പോകുന്ന തരത്തിലാണ് അദ്ദേഹം സംസാരിക്കാറുള്ളത്. എന്താണോ ജീവിതത്തില്‍ താന്‍ അതുതന്നെയാണ് മറ്റുള്ളവര്‍ക്ക് മുന്‍പിലും ജോ പതിയില്‍. 1957 മുതല്‍ 1966 വരെ ഇന്ത്യയിലെ വിവിധ സ്കൂളുകളുടെ പ്രിന്‍സിപ്പാള്‍ ആയിരുന്നു അദ്ദേഹം.
കാനഡയെന്ന കല്‍പ്പടവും കടന്ന്
1967 ജൂണ്‍ മുതലാണ് കാനഡയില്‍ അദ്ധ്യാപകനായി ജോ തന്‍റെ ജീവിതത്തിന്‍റെ തുടര്‍ച്ച ആരംഭിക്കുന്നത്. സഭയുടെ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ആയ ലൂയി ജി സെഗറ്റോറിനെ കാനഡയില്‍ വെച്ച് കണ്ടുമുട്ടിയത്ڔഒരു പുതിയ വഴിത്തിരിവായി മാറി. 8, 9 ക്ലാസുക ളില്‍ പഠിപ്പിച്ച് തുടങ്ങിയ വിദ്യാഭ്യാസ ജീവിതം ജോ 16 വര്‍ഷത്തോളം തുടര്‍ന്നു. പിന്നീടാണ് ഇവിടെത്തന്നെ വൈസ് പ്രിന്‍സിപ്പല്‍ സ്ഥാനത്തേക്ക് അദ്ദേഹത്തെ ഉയര്‍ത്തുന്നത്. കാനഡയില്‍ എത്തിയ അതേ വര്‍ഷം തന്നെയാണ്, 1967 ഓഗ്രസ്റ്റ് 27-ന് ജോ പതിയിലും ജോസിയും വിവാഹിതരാകുന്നതും. ജീവിതം ഒരു പുതിയ വഴിത്തിരിവിലേക്ക് നീങ്ങുന്നതും എല്ലാം പങ്കുവെക്കാന്‍ ഒരാള്‍ കൂടെയുണ്ടാകുന്നതും ജോസിയെ കൂടുതല്‍ സന്തോഷവതിയാക്കി.ഈ സന്തോഷ ജീവിതത്തിൽ രണ്ടു മക്കൾ . ഫ്രാങ്ക് (മരിയ) ചിക്കാഗോ,വിൻസ് (കാനഡ).
1967-ല്‍ ആദ്യമായി കാനഡയിലേക്ക് വന്നപ്പോള്‍ വളരെ പരിചിതമായ സ്ഥലമായി അദ്ദേഹത്തിന് തോന്നി. പതിയെ പതിയെ സഭയുടെ ആസ്ഥാനമായ മോണ്‍ട്രിയോള്‍ ആകട്ടെ ഏറെ ഇഷ്ടപ്പെട്ട നഗരമായി മാറുകയും ചെയ്തു. അതുകൊണ്ട് തന്നെ സഭയുടെ കൂടെ വളര്‍ച്ചയിലും വിദ്യാഭ്യാസ രംഗത്തും അദ്ദേഹം ധാരാളം സംഭാവനകള്‍ നടത്തി.
കാനഡ, സിംഗപ്പൂര്‍, മലേഷ്യ എന്നിങ്ങനെ എല്ലാ ഭൂഖണ്ഡങ്ങളെയും ഉള്‍ക്കൊള്ളുന്ന തായ്ലന്‍റ്, ടാന്‍സാനിയാ, ഇന്ത്യ, മൗറീഷ്യസ്, സ്പെയിന്‍, ഇറ്റലി, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ വ്യാപിച്ച സഭയായിരുന്നു ജോയുടേത്. 300-ല്‍പരം വര്‍ഷം പഴക്കമുണ്ടായിരുന്നു സഭയ്ക്കും അതിന്‍റെ വിശ്വാസത്തിനും. ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പ്രധാന പരിഗണന ക്രിസ്ത്യന്‍ വിദ്യാഭ്യാസമായിരുന്നു. അനാഥരും, ദരിദ്രരും, ശാരീരിക വൈകല്യമുള്ളവരേയും കൂടുതല്‍ ശ്രദ്ധ നല്‍കിക്കൊണ്ടുള്ളതായിരുന്നു ആ വിദ്യാഭ്യാസ രീതി. കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി സഭയുടെ എല്ലാമായും സഭയിലൂടെയും ജോ പതിയില്‍ നല്‍കിയ സേവനങ്ങള്‍ പ്രത്യേകിച്ച് പുതിയ കാലത്തിന് വേണ്ട ആത്മീയതയെ കുറിച്ചുള്ളതെല്ലാം അദ്ദേഹം ഉള്‍ക്കൊണ്ടിരുന്നു. ദയ, ദൈവിക ഭക്തി, ദര്‍ശനം, അറിവ്, ഐക്യ ബോധം, സ്വയം സമാധാനമായിരിക്കാനുള്ള കഴിവ്, ഒരു മികച്ച ലോകം സൃഷ്ടിക്കാനുള്ള ശ്രമം എല്ലാം അദ്ദേഹത്തിന്‍റെ ചിന്തകളുടെ ബാക്കി പത്രമാണ്. ഇപ്പോള്‍ 90-ലേക്ക് കടക്കുന്ന അദ്ദേഹത്തിന്‍റെ യാത്രയിലെ അനുഭവങ്ങള്‍ തന്‍റെ പിന്‍ഗാമികള്‍ക്ക് ഒരു അനുഭവം തന്നെയാണ്. സ്വയം പഠിക്കാനും അദ്ദേഹത്തിന്‍റെ ജീവിതം മാതൃകയാക്കാനും ഇതുവഴി സാധിക്കും.
കുന്നൂര്‍, കാസിപ്പേട്ട്, നല്‍ഗൊണ്ട എന്നിവിടങ്ങളിലെ സ്കൂളുകളുടെ വിപുലീകരണവും വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനും സഭയുടെ ഭാഗമായി ജോയുടെ ശ്രമം ഉണ്ടായിരുന്നു. ഇന്ന് ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളിലായി നിരവധി സ്ഥാപനങ്ങള്‍ ഈ സഭയ്ക്ക് കീഴിലുണ്ട്. ഇതിനെല്ലാം ജോ പതിയിലിന്‍റെ പ്രവര്‍ത്തനങ്ങള്‍ എടുത്തു പറയണം. വിദ്യാഭ്യാസം കൊണ്ട് കുട്ടികളേയും സഭയേയും നവീകരിക്കുക, ആഗോള സംസ്കാരം ഉള്‍കൊള്ളുക എന്നീ മൂല്യങ്ങളില്‍ അദ്ദേഹം അതിയായി വിശ്വസിച്ചു. മോണ്ട് ഫോര്‍ട്ടന്‍ മൂല്യങ്ങള്‍ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനത്തിലും രചനകളിലും കടന്നു വന്നു - ലോകമെമ്പാടുമുള്ള കത്തോലിക്കാ മത വിഭാഗമായ സെന്‍റ് ഗബ്രിയേല്‍ മോണ്ട് ഫോര്‍ട്ട് സഹോദരന്‍മാരുടെ ചിന്തകള്‍ ജനങ്ങളിലും വിശ്വാസികളിലും എത്തിക്കുവാന്‍ ജോ പതിയില്‍ നടത്തിയ ശ്രമങ്ങള്‍ സഭയ്ക്കും അദ്ദേഹത്തിനും ഉപകാരപ്പെട്ടു.
GUIDES AND FELLOW TRAVELLERS
ജോ പതിയിലിന്‍റെ ജീവിതയാത്രയുടെ ഓര്‍മ്മപ്പെടുത്തലായി അദ്ദേഹത്തിന്‍റെ ഗ്രന്ഥമാണ് GUIDES AND FELLOW TRAVELLERS. ഒരു ജീവിതം അടയാളപ്പെടുത്തുന്ന അമൂല്യ ഗ്രന്ഥം. സഭയെയും ബ്രദര്‍ ഏലീയാസര്‍, ബ്രദര്‍ ചാള്‍സ് ഗാര്‍ണിയര്‍ എന്നിവരെക്കുറിച്ച് ജ്ഞാനിയായ ദര്‍ശകന്‍, സമാനതകളില്ലാത്ത വിശുദ്ധന്‍ എന്നീ അദ്ധ്യായങ്ങള്‍ അവരുടെ ആത്മീയ തലത്തേയും അവര്‍ അദ്ദേഹത്തില്‍ ചെലുത്തിയ ആത്മീയ സ്വാധീനം വിശദീകരിക്കുയും ചെയ്യുന്നു. ബ്രദര്‍ ജോണ്‍ ഓഫ് ഗോഡിനെ ഒരു അക്കാദമിക വൈദഗ്ദ്ധ്യനായും ഒരു അധ്യായത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഓരോ മനുഷ്യരും അദ്ദേഹത്തിലൂടെ കടന്നു പോയതും നമുക്ക് അനുഭവപ്പെടുന്നു. കൈപ്പുഴ, കൂനൂര്‍, നല്‍ഗൊണ്ട, കാസിപ്പേട്ട ഓര്‍മ്മകള്‍ എല്ലാം ഒന്നിനൊന്ന് വ്യത്യസ്തത അനുഭവപ്പെട്ട ഓര്‍മ്മകള്‍ തന്നെ. സഭയില്‍ അദ്ദേഹത്തെ സ്വാധീനിച്ച നിരവധി വ്യക്തികളെ കുറിച്ച് പല അദ്ധ്യായങ്ങളില്‍ വ്യത്യസ്ത അനുഭവങ്ങളായി ഈ പുസ്തകത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ഇതില്‍ എടുത്തു വായിക്കേണ്ട ഒരു അദ്ധ്യായമാണ് ബ്രദര്‍ മോണ്ട് ഫോര്‍ട്ട് ഓഫ് ദി ക്രോസ്- ദി ജോവിയല്‍ ഒപ്റ്റിമിസ്റ്റ്. മാത്യു കുന്നക്കാട്ട്, ജോസഫ് അരിമേലിക്കര, ബേബിച്ചന്‍, പെണ്ണമ്മ, കുരുവിള ജേക്കബ്, പിതാവ് ഏബ്രഹാം പതിയില്‍, സഹോദരന്‍ മാത്യു, തെയ്യാമ്മ ജോര്‍ജ് തുടങ്ങിയ വ്യക്തിഗത കുറിപ്പുകളും ഈ പുസ്തകത്തിന്‍റെ ധന്യത വര്‍ദ്ധിപ്പിക്കുന്നു. ഒരു വ്യക്തിയുടെ തൊണ്ണൂറ് വര്‍ഷത്തിന്‍റെ നേര്‍ചിത്രമായി ഈ പുസ്തകം അടയാളപ്പെടുത്തുന്നതിനപ്പുറം ഒരു കാലഘട്ടം വിവിധ മനുഷ്യരിലൂടെ അനാവൃതമാകുന്നു എന്ന പ്രത്യേകത കൂടി ഈ അമൂല്യ ഗ്രന്ഥത്തിനുണ്ട്.
ദൈവത്തിന്‍റെ കയ്യൊപ്പ്
ലോകമെമ്പാടും ആരാധകരുള്ള മനുഷ്യന്‍. അതിലുപരി പലരുടേയും ജീവിതത്തിന് വഴിത്തിരിവായ മനുഷ്യന്‍. അങ്ങനെ വേണം ജോ പതിയിലിനെയും അദ്ദേഹത്തിന്‍റെ ജീവിതത്തേയും അടയാളപ്പെടുത്താന്‍. കാരണം മറ്റൊന്നുമല്ല. ചിലര്‍ക്ക് ചുറ്റുമുള്ള മനുഷ്യരോട്, അവരുടെ സ്നേഹത്തോട് 'സ്നേഹമായിരിക്കും' ഒരിക്കലും തീരാത്ത സ്നേഹം. ആ സ്നേഹത്തിന്‍റെ ഉപഹാരമാണ് ഈ വഴിത്താരകള്‍. ചില സൗഹൃദങ്ങളുടെ സ്നേഹ സമ്മാനം. തൊണ്ണൂറിന്‍റെ നിറവിലെ സാഷ്ടാംഗ പ്രണാമം- ജോ പതിയിലിന് നവതി മംഗളങ്ങള്‍.
George Nellamattam
For Montfort Global Associates (MGA)