ജീവിതത്തിൻ്റെ സ്വയം വെട്ടിത്തെളിച്ച പാതകളിലേക്ക് സ്ഥിരോത്സാഹത്തോടെ യാത്ര പോവുക. അവിടെയെല്ലാം വിജയത്തിൻ്റെ ചരിത്രം മാത്രം അവശേഷിപ്പിച്ച് വീണ്ടും പുതിയ പ്രവർത്തനങ്ങളിൽ ഏർപ്പെടുക. മറ്റുള്ളവർക്ക് പ്രചോദനമായും, തണലായും മുന്നിൽ നടക്കുക, കാവലാളും മാർഗദർശിയുമാവുക - ഇവ എല്ലാ മനുഷ്യർക്കും സാധിക്കുന്ന കാര്യമല്ല. എന്നാൽ സ്വന്തം ജീവിതം തൻ്റെ സഹജീവികളുടെ നന്മയ്ക്കും കൂടി ഉള്ളതാണെന്ന് വിശ്വസിക്കുകയും അതിനനുസരിച്ച് തൻ്റെ ജീവിതത്തെ രൂപപ്പെടുത്തുകയും ചെയ്ത ഒരു വ്യക്തിത്വത്തെ ഈ വഴിത്താരയിൽ പരിചയപ്പെടാം.
പി.വി ചെറിയാൻ ഫ്ലോറിഡ ..
കാറ്റിനെതിരെ പറന്നുയരുന്ന പട്ടങ്ങളെപ്പോലെ ഒരാൾ. തൻ്റെ നേരെ വരുന്ന ഏതൊരു കൊടുങ്കാറ്റിനെയും അതിജീവിക്കാനുള്ള കഴിവ് ഏതൊരു വ്യക്തിക്കും ഉണ്ടാകണമെന്ന് പ്രവർത്തനത്തിലൂടെയും ജീവിതത്തിലൂടെയും തെളിയിച്ച ഒരു സംഘാടകനും,സാമൂഹ്യ പ്രവർത്തകനുമാണ് അദ്ദേഹം. അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ തുടക്കം മുതൽ ഒപ്പമുള്ള പ്രവർത്തകൻ. എല്ലാ ഫൊക്കാന കൺവൻഷനുകളുടേയും സ്പോൺസർമാരിൽ ഒരാൾ. 2024 ജൂലൈ 18 ന് വാഷിംഗ്ടൺ ഡിസിയിൽ ഫൊക്കാന കൺവൻഷന് തിരിതെളിയുമ്പോൾ തൻ്റെ കഴിഞ്ഞ കാലങ്ങളെ പുതിയ തലമുറയ്ക്കായി പകർത്തി വെയ്ക്കുകയാണ് അദ്ദേഹം .
നാട്ടു നന്മകളിലൂടെ ഒരു യാത്ര
മദ്ധ്യതിരുവിതാംകൂറിൻ്റെ ഹൃദയഭാഗമായ ചെങ്ങന്നൂരിനടുത്ത് കോടുകുളഞ്ഞി ക്ലായിക്കുഴിയിൽ കുഞ്ഞുകുട്ടി എന്ന പി.സി. വർഗീസിൻ്റെയും പൊന്നമ്മ വർഗീസിൻ്റേയും മകനായി ജനനം. പിതാവ് ഇന്ത്യൻ കരസേനയിൽ ഉദ്യോഗസ്ഥനായിരുന്നതിനാൽ ബോംബെയിലായിരുന്നു ബാല്യകാലം. പിന്നീട് നാട്ടിലേക്ക് വന്ന് സ്കൂളിൽ ചേർന്നു. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ കോടുകുളഞ്ഞി സി. എസ്. ഐ സ്കൂളിൽ പഠനം. വീണ്ടും ബോംബെയിൽ തുടർപഠനം. കോളേജ് പഠനം കഴിഞ്ഞ് ഇന്ത്യൻ മിലിട്ടറിയിൽ മെഡിക്കൽ ബോർഡിൽ ജോലിയിൽ പ്രവേശിച്ചു. അഞ്ച് വർഷം രാജ്യസേവനം നിർവ്വഹിച്ചപ്പോഴും തൻ്റെ നിയോഗം രാജ്യസേവനത്തിനപ്പുറത്ത് മറ്റെന്തോ ആണെന്ന് സ്വയം തിരിച്ചറിഞ്ഞു. അഞ്ച് വർഷത്തെ മിലിട്ടറി ഉദ്യോഗത്തിനു ശേഷം 1973 ജൂണിൽ കമ്പ്യൂട്ടർ പഠനത്തിനായി അമേരിക്കയിലെത്തി. ഈ സമയത്ത് മുംബൈ ജെ.ജെ ആശുപത്രിയിൽ നേഴ്സ് ആയിരുന്ന തിരുവല്ല, പായിപ്പാട് നെടുംപറമ്പിൽ പീറ്റർ സാറിൻ്റേയും അന്നമ്മയുടേയും മകൾ ഗ്ലോറിയെ വിവാഹം കഴിക്കുന്നു. 1974 ൽ ഗ്ലോറിയും അമേരിക്കയിൽ എത്തിയതോടെ ജീവിതം ഇരുവരും ഒന്നിച്ച് തുഴയാനാരംഭിച്ചു.
സമ്പൂർണ്ണ റിയൽറ്റർ
ന്യൂയോർക്കിൽ വിമാനമിറങ്ങുമ്പോൾ തന്നെ അമേരിക്ക ഒരു പുതിയ ലോകത്തിലേക്കുള്ള കാൽവെയ്പ്പായിത്തന്നെ പി.വി ചെറിയാന് തോന്നിയിരുന്നു. സൂര്യൻ അസ്തമിക്കാത്ത രാജ്യത്തിലേക്ക് കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് ഒരു പറിച്ചുനടൽ കൂടിയായിരുന്നു അത് . ജീവിതത്തിൻ്റെ പുതുവഴികളിൽ പകച്ചു നിൽക്കാൻ അറിയാത്തതുകൊണ്ട് ജീവിതത്തെ നേരിടാൻ തീരുമാനിച്ചു. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അമേരിക്കയുടെ സമൃദ്ധിയിലേക്ക് വന്നിറങ്ങുന്ന നിരവധി മനുഷ്യർ .അവർക്ക് താമസിക്കാൻ വീടും ഭൂമിയുമൊക്കെ ആവശ്യമാണ്. ആ ദിശയിലേക്കായി പ്രധാനമായും പി.വിയുടെ ചിന്ത. അങ്ങനെ ഒരു റിയലെറ്ററുടെ ബിസിനസ് സാധ്യത തിരിച്ചറിയുകയും റിയൽ എസ്റേറ്റ് രംഗത്തേക്ക് തിരിയുകയും ചെയ്തു. പണം ഉണ്ടാക്കണമെങ്കിൽ കഠിനാധ്വാനം ചെയ്തെങ്കിലേ സാധിക്കു എന്ന തിരിച്ചറിവ് ചെറുപ്പം മുതൽക്കേ ഉണ്ടായിരുന്നതിനാൽ റിയൽ എസ്റ്റേറ്റ് ബിസിനസ് ഒരു പുതിയ അനുഭവമായിരുന്നു പി.വി ചെറിയാന് . ആദ്യമായി തീ പിടിച്ച ഒരു വീട് വാങ്ങി പുതുക്കി പണിത് വിൽപ്പന നടത്തി ലഭിച്ച ലാഭം കൊണ്ട് മുന്നോട്ട് നീങ്ങിയ അദ്ദേഹത്തിന് പിന്നീട് പിൻവഴികൾ ഉണ്ടായിരുന്നില്ല. തനിക്കായി തുറന്നിട്ട പാതകളാണ് മുന്നിൽ ഉള്ളതെന്ന് തിരിച്ചറിഞ്ഞ് ഒരു യാത്ര. നിരവധി വീടുകൾ വാങ്ങുകയും വിൽക്കുകയും ചെയ്തു. പുതു പ്രതീക്ഷകളുമായി അക്കാലത്ത് എത്തിയ എല്ലാ മനുഷ്യർക്കും തണലൊരുക്കാൻ അദ്ദേഹത്തിനായി. ഈ സമയത്ത് ഫ്ലോറിഡയിലേക്ക് താമസം മാറ്റുകയും ചെയ്തു. റിയൽ എസ്റ്റേറ്റ് മേഖലയിൽ ഫ്ളോറിഡയുടെ സാധ്യത പി.വി ചെറിയാൻ നേരത്തെ തിരിച്ചറിഞ്ഞിരുന്നു എന്നതാണ് സത്യം. ഒരു പക്ഷെ ഒരു പട്ടാളക്കാരനായി ജീവിച്ചതിൻ്റെ കൃത്യതയും ആർജ്ജവവും തൻ്റെ ബിസിനസിന് ഏറെ ഗുണം ചെയ്തു എന്ന് അദ്ദേഹം മനസിലാക്കിയിരുന്നു. അതുകൊണ്ടു തന്നെ നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടി വന്നിട്ടുണ്ട്. സെഞ്ച്വറി , ഗോൾഡൻ റിയൽട്ടർ പുരസ്കാരങ്ങൾ തൻ്റെ ഏജൻസിക്ക് ലഭിക്കുമ്പോഴൊക്കെ അവയെല്ലാം തൻ്റെ കഠിനാധ്വാനത്തിന് ലഭിക്കുന്ന അംഗീകാരമായി അദ്ദേഹം സ്വീകരിച്ചു .
ജീവിതം കൊണ്ട് മാതൃക കാണിക്കുക എന്നതാണ് ഒരു മനുഷ്യൻ ഭൂമിയിൽ പുലർത്തേണ്ട നല്ല ശീലം.പറഞ്ഞ വാക്കിനും ചെയ്യുന്ന പ്രവർത്തിയും തമ്മിൽ അകലങ്ങൾ ഉണ്ടാകരുത്. അങ്ങനെ ചിന്തിക്കുന്ന , അതിന് വേണ്ടി ഈ എഴുപത്തിയേഴാം വയസിലും തൻ്റെ പ്രവർത്തന വഴികളിൽ പി.വി ചെറിയാൻ സജീവമാണ് .
സംഘടനാ പ്രവർത്തനം
ഫ്ലോറിഡ മുതൽ ഫൊക്കാന വരെ
ചെറുപ്പം മുതൽ പി.വി യുടെ മനസ്സിൽ കടന്നുകൂടിയതാണ് സാമൂഹ്യ പ്രവർത്തനത്തിൻ്റെ നന്മകൾ. അതുകൊണ്ടുതന്നെ അമേരിക്കയിൽ എത്തിയപ്പോഴും അത്തരം പ്രവർത്തനങ്ങൾക്കൊപ്പം അദ്ദേഹവും സഞ്ചരിക്കുവാൻ തുടങ്ങി. മലയാളി അസ്സോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡയുടെ തുടക്കം മുതൽ അവിടെ സജീവമായി. കമ്മറ്റി അംഗം , ട്രസ്റ്റി ബോർഡ് ചെയർമാൻ എന്നീ നിലകളിലെല്ലാം സംഘടനയ്ക്കൊപ്പം പ്രവർത്തിച്ച പി.വി ചെറിയാൻ ഫൊക്കാനയിലും സജീവമായി. കമ്മറ്റി അംഗം മുതൽ ചെറുതും വലുതുമായ നിരവധി ഉത്തരവാദിത്വങ്ങൾ ഫൊക്കാന കൺവെൻഷൻ സമയങ്ങളിൽ ഏറ്റെടുക്കുന്നതോടൊപ്പം പ്രധാന സ്പോൺസർമാരിൽ ഒരാളായി പി.വി. ചെറിയാനും 1983 മുതൽ ഇന്ന് വരെ ഫൊക്കാനയ്ക്ക് ഒപ്പമുണ്ട്. ഒർലാണ്ടോ കൺവൻഷൻ സെക്യൂരിറ്റി ചെയർമാൻ ആയി പ്രവർത്തിച്ചത് വ്യത്യസ്ത അനുഭവം ആയിരുന്നു എന്ന് അടയാളപ്പെടുത്തുന്ന പി.വിയെ വിഷമിപ്പിച്ചത് ഫൊക്കാനയിലുണ്ടായ പിളർപ്പാണ്. ഒന്നായി ഓടി നടന്ന കൂട്ടുകാർ പെട്ടെന്ന് വേർപെട്ട് ശത്രുക്കൾ ആയി മാറിയ നിമിഷങ്ങൾ ഇന്നും അദ്ദേഹത്തിൻ്റെ ഓർമ്മയിലുണ്ട്. അന്ന് നടന്ന തെരഞ്ഞെടുപ്പിൽ ചില ക്രമക്കേടുകൾ ഉണ്ടായി. തുടർന്ന് സംഘടന പിളർപ്പിലേക്ക് പോയി.അമേരിക്കൻ മലയാളികളുടെ സംഘടനാ ബോധത്തിനേറ്റ ഏറ്റവും വലിയ പ്രഹരമായിരുന്നു പിളർപ്പ്. അതിന് ശേഷം ഒരു സംഘടന കൂടി വന്നുവെങ്കിലും ഒന്നായി നിന്ന് പ്രവർത്തിച്ചപ്പോൾ ലഭിച്ച ജനപിന്തുണ രണ്ട് സംഘടനകൾക്കും ലഭിക്കുന്നില്ല എന്നത് സത്യമാണ്. പണാധിപത്യം ഏതൊരു സംഘടനയെ വിഴുങ്ങുന്നുവോ അന്നു മുതൽ ജനാധിപത്യത്തിന് കോട്ടം തട്ടും. അത് പല മലയാളി സംഘടനകളും ഇല്ലാതാകുന്നതിന് കാരണമാകുന്നു. ഒരു സംഘടന എന്നത് അഭിപ്രായ സമന്വയത്തിൻ്റെ കൂടിച്ചേരൽ കൂടിയാണ്. എങ്കിലേ ഏതൊരു സംഘടനകൾക്കും ജനമനസുകളിൽ സ്ഥാനമുണ്ടാകു.
പക്ഷെ ഫൊക്കാനയുടെ പ്രസിഡൻ്റ് സ്ഥാനത്തേക്ക് വരുന്ന വ്യക്തികൾക്ക് പണം ഉണ്ടാവണം . കുറഞ്ഞത് രണ്ടര ലക്ഷം ഡോളറെങ്കിലും മുടക്കാൻ മനസുള്ളവരും സാമ്പത്തിക ശേഷി ഉള്ളവരുമായിരിക്കണം സംഘടനയുടെ തലപ്പത്തേക്ക് വരേണ്ടത് . ഈ കഴിഞ്ഞ രണ്ട് വർഷങ്ങൾ ഫൊക്കാനയ്ക്ക് ലോക ശ്രദ്ധ ലഭിച്ച കാലഘട്ടമായിരുന്നു എന്ന് നമുക്ക് എല്ലാവർക്കും അറിയാം. ഡോ. ബാബു സ്റ്റീഫൻ്റെ നേതൃത്വം വലിയ പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചത്. സ്വാർത്ഥ താല്പര്യങ്ങളില്ലാതെ പ്രവർത്തിച്ചതുകൊണ്ടും ആവശ്യമായ അവസരങ്ങളിലെല്ലാം സ്വന്തം കൈയ്യിൽ നിന്നും പണം മുടക്കി നിരവധി പരിപാടികളും ജീവകാരുണ്യ പ്രവർത്തനങ്ങളും സംഘടിപ്പിച്ചതുകൊണ്ടും സംഘടനയ്ക്ക് വലിയ പ്രചാരം കഴിഞ്ഞ വർഷങ്ങളിൽ ലഭിച്ചു. കുവൈറ്റിൽ തീ പിടുത്തത്തിൽ മരിച്ച മലയാളി സഹോദരങ്ങളുടെ കുടുംബത്തിന് ആദ്യ സഹായമായി മാറാൻ ഡോ. ബാബു സ്റ്റീഫൻ കാട്ടിയ സന്മനസ് ഫൊക്കാനയുടെ ജീവകാര്യണ്യ പ്രവർത്തനങ്ങളുടെ നന്മ കൂടിയാണ്.
വാശിയേറിയ മത്സരങ്ങൾ അല്ല മറിച്ച് സമന്വയത്തിൻ്റേയും സമഭാവനയുടെയും വഴികൾ തുറക്കലാവണം ഓരോ ഫൊക്കാന തെരഞ്ഞെടുപ്പുകളും എന്നാണ് പി.വിയുടെ പക്ഷം . കാരണം അമേരിക്കൻ മലയാളികളുടെ നിരവധി പ്രശ്നങ്ങൾക്ക് തണലായി നിൽക്കാനാണ് ഫൊക്കാന എന്ന വലിയ കുട നിർമ്മിച്ചത്. പക്ഷെ ഇപ്പോൾ വാശിയേറിയ മത്സരങ്ങൾ വ്യക്തി വിദ്വേഷങ്ങളിലേക്കും , വ്യക്തിഹത്യയിലേക്കും വരെ വന്നെത്തിയിരിക്കുന്നു. അത്തരം പ്രവണതകൾ ഒരു സംഘടനകൾക്കും ഭൂഷണമല്ല.
ഫൊക്കാനയുടെ തുടക്കം മുതൽ ഫൊക്കാനയ്ക്കൊപ്പം നിലകൊണ്ട ഒരു വ്യക്തിയുടെ ആശങ്കകൾക്ക് ഫൊക്കാന നേതാക്കൾ ശ്രദ്ധ നൽകും എന്നാണ് പി.വിയുടെ പക്ഷം.
ജീവകാരുണ്യ പ്രവർത്തനങ്ങൾ
അർപ്പണ ബോധത്തോടും സ്ഥിരതയോടും കൂടിയുള്ള യാത്ര തുടക്കത്തിൽ ദൈർഘ്യമേറിയതും കഠിനവും ആണെന്ന് തോന്നുമെങ്കിലും അവസാനം നമുക്ക് ലഭിക്കുന്ന പ്രതിഫലം നമ്മെ എക്കാലവും നിലനിർത്തും എന്ന വിശ്വാസമാണ് പി.വി ചെറിയാനുള്ളത്. അതുകൊണ്ടുതന്നെ ജീവകാരുണ്യ പ്രവർത്തനങ്ങൾ തൻ്റെ ജീവിതത്തിൻ്റെ ഭാഗമായി മാറ്റുകയാണ് പി.വി ചെറിയാൻ. അമേരിക്കൻ ജീവിത പശ്ചാത്തലത്തിൽ അദ്ദേഹം ഇപ്പോൾ ചിന്തിക്കുന്ന ഒരു പ്രധാന വിഷയം കേരളത്തിൽ പ്രായമേറുന്ന മനുഷ്യരുടെ സംരക്ഷണം ഒരു കീറാമുട്ടിയാണ്. കുറച്ചു പേർക്കെങ്കിലും തണൽ ഒരുക്കുന്ന ഒരു സംരംഭം തൻ്റെ ജന്മനാട്ടിൽ ആരംഭിക്കണം എന്ന ആഗ്രഹം ഉണ്ട്. ഇവിടെ ജാതിക്കും മതത്തിനും സ്ഥാനമില്ല. നാനാജാതി മതസ്തരേയും ഒപ്പം നിർത്തി അവർക്ക് വേണ്ട സഹായങ്ങൾ തൻ്റെ ചെറുപ്പകാലം മുതൽക്കേ അദ്ദേഹം ചെയ്ത് നൽകാറുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മതമില്ല എന്ന് വിശ്വസിക്കുന്ന പി.വി തൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരുമ്പോൾ പാലിയേറ്റീവ് മേഖല കേരളത്തിൽ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കണമെന്ന് ആഗ്രഹിക്കുന്നു. രോഗികളുടെ വേദനയ്ക്കുള്ള ശാശ്വത പരിഹാരം പാലിയേറ്റീവ് കെയർ ആണ്. അതിനായി ചില സംരംഭങ്ങൾക്കൊപ്പം പി.വിയും പദ്ധതികൾ പ്ലാൻ ചെയ്യുന്നുണ്ട്.
പുരസ്കാരങ്ങൾ
പ്രചോദനമാകുമ്പോൾ
ഒരു ഹസ്തദാനം പോലും അംഗീകാരമാണെന്ന് കരുതുന്ന പി.വി ചെറിയാന് ചെറുതും വലുതുമായ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട് . പക്ഷെ ഭാരതത്തിൻ്റെ അഭിമാനവും, ലോക ജനതയുടെ ആരാധ്യ പുരുഷനുമായ ഡോ. എ.പി. ജെ അബ്ദുൾ കലാമിൻ്റെ കൈയ്യിൽ നിന്നും അമേരിക്കൻ കോൺസുലേറ്റിൻ്റെ അംഗീകാരം നേടാനായത് ജീവിതത്തിലെ സുന്ദര നിമിഷമായി പി.വി ചെറിയാൻ നെഞ്ചേറ്റുന്നു. കേരള മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവും ആയിരുന്ന ഉമ്മൻ ചാണ്ടിയുമായി ഏറെ സൗഹൃദം പുലർത്തിയിരുന്ന പി.വി ചെറിയാൻ അദ്ദേഹത്തിലെ നേതാവിനെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ന്യൂയോർക്കിൽ സംഘടിപ്പിക്കപ്പെട്ട ലോക കേരള സഭയുടെ അംഗമായും തെരഞ്ഞെടുക്കപ്പെട്ടു .
കുടുംബം
നന്മകൾ
ഒരു വ്യക്തിയുടെ ജീവിതത്തിൻ്റെ ഉയർച്ചയിൽ കുടുംബം നൽകുന്ന പിന്തുണയ്ക്ക് ആ വ്യക്തി കടപ്പെട്ടിരിക്കുന്നത് കുടുംബത്തോട് തന്നെയാണ്. തൻ്റെ മാതാപിതാക്കളും , സഹോദരങ്ങളും നൽകിയ ഊർജ്ജം തൻ്റെ മക്കളിലേക്ക് പകരുമ്പോൾ കുടുംബം എന്ന ജീവിത ചക്രം ഉരുണ്ടു കൊണ്ടേയിരിക്കും. തലമുറകളിൽ നിന്ന് തലമുറകളിലേക്ക് .... ഈ യാത്രയിൽ തൻ്റെ ഭാര്യ ഗ്ലോറിയുടെ മരണം ഒരു തീരാ നഷ്ടമായി പി.വിയ്ക്കൊപ്പം ഉണ്ടെങ്കിലും മക്കളായ മാത്യു ചെറിയാൻ ( മോഹൻ - മെഡിക്കൽ ഡോക്ടർ ) , മരുമകൾ റേച്ചൽ, പീറ്റർ ചെറിയാൻ ( ജെഫി - ഇൻ്റേണൽ മെഡിക്കൽ ഡയറക്ടർ ) എന്നിവരുടെ പിന്തുണ ഈ വഴിത്താരയിൽ പി.വി ചെറിയാൻ എന്ന പിതാവിന് നൽകുന്ന ബലം വളരെ വലുതാണ് .
ഏതൊരാളും എന്ത് ആവശ്യവുമായും തൻ്റെ മുന്നിലേക്ക് വന്നാൽ അവർക്ക് ആവശ്യമായ സഹായങ്ങളുടെ വാതിൽ തുറന്നിടുന്ന പി വി ചെറിയാൻ ഏതൊരു മനുഷ്യനും മാതൃകയാക്കാവുന്ന വ്യക്തിത്വമാണ്. അതിലുപരി ഒരു സംരംഭകന് താൻ പ്രവർത്തിക്കുന്ന മേഖലയിൽ എക്കാലവും എങ്ങനെ വിജയിയായി തിളങ്ങി നിൽക്കാം എന്ന് പഠിപ്പിക്കുന്ന ഒരു പാഠപുസ്തകം കൂടിയാണ് പി. വി ചെറിയാൻ . കാരണം ചില ജീവിതങ്ങൾ തലമുറകൾക്ക് മാതൃകയാകുവാൻ വേണ്ടിയാണ് അടയാളപ്പെടുത്തുന്നത്. പി. വി ചെറിയാൻ്റെ ജീവിതം അത്തരത്തിൽ അടയാളപ്പെടുത്തേണ്ട ഒന്നാകുന്നു. അദ്ദേഹത്തിൻ്റെ ജീവിത വഴികൾ നന്മയുടെ പൂമരമായി പൂത്തുലയട്ടെ..
ആശംസകൾ