കഠിനാധ്വാനം ചെയ്യാനുള്ള മനസ്സുണ്ടെങ്കില്‍ ഭൂമിയില്‍ എല്ലാം സാധ്യമാണ്. ആകാശത്തിന് കീഴിലുള്ള സര്‍വ്വതും നിരന്തര പ്രയത്നം കൊണ്ട് നേടാനാകും. ഇതൊരു തത്വമല്ല, പല മനുഷ്യര്‍ പല കാലങ്ങളില്‍ തെളിയിച്ചെടുത്ത സത്യമാണ്.
ഒരിക്കല്‍ താന്‍ ആഗ്രഹിച്ച ജോലി, അത് പഠിക്കുവാന്‍ ചെന്ന പലയിടത്ത് നിന്നും തടയപ്പെട്ടു. ഒടുവില്‍ അതേ ജോലിയില്‍ തന്നെ മറ്റാരെക്കാളും അധികാരത്തില്‍, ഭംഗിയില്‍ വീറോടെ ചെന്നിരുന്നു.
ഡോ. രാജു കുന്നത്തിന്‍റെ ജീവിതത്തെക്കുറിച്ച് പറയുമ്പോള്‍, അതൊരു മനുഷ്യന്‍ താണ്ടിയ ജീവിതസമസ്യകളുടെ കൂടി ചരിത്രമാണ്.
ആത്മവിശ്വാസവും കഠിനാധ്വാനവുമാണ് പരാജയമെന്ന രോഗത്തെ കൊല്ലാനുള്ള ഏറ്റവും നല്ല മരുന്ന്. അത് നിങ്ങളെ ഒരു വിജയകരമായ വ്യക്തിയാക്കും എന്ന് ചെറുപ്പം മുതല്‍ ഉള്‍ക്കൊണ്ട് കേരളത്തില്‍ നിന്നും അമേരിക്കയിലേക്ക് യാത്ര ചെയ്ത് വിജയിച്ച, വരുംതലമുറയ്ക്ക് മാതൃകയാക്കാവുന്ന ഒരു വ്യക്തിത്വത്തെ ഈ വഴിത്താരയില്‍ പരിചയപ്പെടാം ഡോ. രാജു കുന്നത്ത്.
ആദ്യത്തെ ശിഖരങ്ങള്‍
കോട്ടയം ജില്ലയിലെ തെള്ളകമെന്ന ഗ്രാമത്തില്‍ കുന്നത്തുവീട്ടില്‍ 1964-ലാണ് ജോസഫ്, മറിയാമ്മ ദമ്പതികളുടെ ഇളയ മകനായി ഡോ. രാജു കുന്നത്ത് ജനിക്കുന്നത്. പരമ്പരാഗത കര്‍ഷക കുടുംബമായിരുന്നു ജോസഫിന്‍റേത്. അതുകൊണ്ട് തന്നെ മണ്ണും മനുഷ്യനും തമ്മിലുള്ള തീവ്രബന്ധം അറിഞ്ഞുകൊണ്ട് തന്നെയാണ് രാജു വളര്‍ന്നത്.
കോട്ടയം എം.ടി. ഹൈസ്കൂളില്‍ (1980) കാലഘട്ടത്തിലാണ് രാജു തന്‍റെ സ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് മാന്നാനത്തെ കെ.ഇ. കോളജിലും (1983) അദ്ദേഹം വിദ്യാഭ്യാസം നടത്തി. പഠനത്തില്‍ വളരെ മിടുക്കനായിരുന്നു രാജു. അതുകൊണ്ട് തന്നെ തങ്ങളാല്‍ കഴിയും വിധം മകനെ പഠിപ്പിക്കാന്‍ മാതാപിതാക്കള്‍ ശ്രമിച്ചു. എല്ലാ പരീക്ഷകളിലും ഉന്നത വിജയം നേടിയ രാജു തിരുവനന്തപുരത്ത് ടെക്സ്റ്റൈല്‍ ടെക്നോളജി കോഴ്സില്‍ (1986) വര്‍ഷത്തെ കേരള സംസ്ഥാന ഒന്നാം റാങ്ക് ഹോള്‍ഡറായിരുന്നു. ഇതേ മേഖലയില്‍ കോയമ്പത്തൂരില്‍ രാജു തന്‍റെ ജോലി ജീവിതവും ആരംഭിച്ചു.
കടല്‍ കടക്കാനുള്ള മോഹം
രാജുവിന്‍റെ പിതാവിന്‍റെ അനുജന്മാരായ (കത്തോലിക്ക പുരോഹിതന്മാര്‍ ഫാ. മാത്യു കുന്നത്ത്, ഫാ. സെബാസ്റ്റ്യന്‍ കുന്നത്ത്) എന്നിവരുടെ സ്വാധീനത്താലാണ് വര്‍ഷങ്ങള്‍ പഴക്കമുള്ള, എന്നാല്‍ തീവ്രമേറിയ യു.എസ്.എയില്‍ വരാനുള്ള ആഗ്രഹം അദ്ദേഹം സഫലമാക്കുന്നത്. ഫാ. മാത്യു കുന്നത്ത്, ഫാ. സെബാസ്റ്റ്യന്‍ കുന്നത്ത് എന്നിവര്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ അമേരിക്കയില്‍ മിഷനറി ജീവിതം തുടങ്ങിയതായിരുന്നു. ആധ്യാത്മിക ജീവിതത്തിനുപുറമെ ഹോസ്പിറ്റല്‍ ചാപ്ലൈന്മാരായി പ്രവര്‍ത്തിച്ചിരുന്നു ഇവര്‍.
നിരവധി മലയാളി കുടുംബങ്ങളെ ഫാ. മാത്യു കുന്നത്ത് അമേരിക്കയിലെത്തിക്കുന്നതില്‍ ശ്രദ്ധിച്ചിരുന്നു. ഏതാണ്ട് അഞ്ഞൂറിലധികം ആളുകളെ അദ്ദേഹം അമേരിക്കയില്‍ എത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ അവരുടെ ഫാമിലി തന്നെ നോക്കിയാല്‍ ആയിരങ്ങള്‍ ഉണ്ടാകും അമേരിക്കയില്‍ എന്ന് രാജു പറയുന്നു. അമേരിക്കയിലെ നേഴ്സിംഗ് മേഖലയിലെ സാധ്യതകള്‍ ഫാ. മാത്യു കുന്നത്ത് നിരന്തരം പറയുമായിരുന്നു. അങ്ങനെയാണ് അമേരിക്ക എന്ന മോഹം തനിക്കും ഉണ്ടായതെന്നും സാധ്യതകളെ ഉപയോഗിക്കേണ്ടതാണെന്നു തീരുമാനിച്ചതും ടെക്സ്റ്റൈല്‍ ഡിഗ്രി ഉണ്ടായിരുന്നുവെങ്കിലും ബി.എസ്.സി നേഴ്സിംഗ് പഠിക്കുവാന്‍ തീരുമാനിച്ചത്.
1980-കളില്‍ പുരുഷന്മാര്‍ ഇന്ത്യയില്‍ നഴ്സിംഗ് പ്രോഗ്രാമുകളില്‍ ചേരുന്നത് സാധാരണമായിരുന്നില്ല. നേഴ്സിംഗ് ജോലി തന്നെ സ്ത്രീകള്‍ക്ക് വേണ്ടിയുള്ളതാണെന്ന ചിന്തയായിരുന്നു സമൂഹത്തില്‍ നിലനിന്നിരുന്നത്. എന്നാല്‍ തന്‍റെ ലക്ഷ്യം കൃത്യമായത് കൊണ്ട് തന്നെ അദ്ദേഹം മുന്നോട്ടു നടന്നു.
ആദ്യം ബാംഗ്ളൂര്‍ രാമയ്യയിലാണ് രാജു അഡ്മിഷന് ശ്രമിച്ചത്. എന്നാല്‍ പതിവ് മറുപടി പോലെ ആണ്‍കുട്ടികളെ എടുക്കില്ല എന്ന അറിയിപ്പാണ് അവരില്‍ നിന്ന് ലഭിച്ചത്. തുടര്‍ന്നാണ് രാജു മണിപാലിലേക്ക് പോകുന്നത്. എന്നാല്‍ അവിടെനിന്നും നിരാശാജനകമായ ഇതേ മറുപടി തന്നെയാണ് കിട്ടിയത്. സമൂഹത്തിന്‍റെ ചിന്തകള്‍ തന്നെയായിരുന്നു അവിടെ വിലങ്ങുതടി ആയത്. ആണ്‍കുട്ടികളെ നേഴ്സിങ്ങിന് എടുക്കില്ല എന്ന ചിന്ത അന്ന് ഇന്ത്യ മുഴുവന്‍ വ്യാപിച്ചിരുന്നു. ഇത്രത്തോളം തടസ്സങ്ങള്‍ ഉണ്ടായിട്ടും ലക്ഷ്യത്തില്‍ നിന്നും പിന്മാറാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. മണിപ്പാലില്‍ നിന്നും രാജു നേരെ പോയത് മംഗലാപുരം എം.വി. ഷെട്ടി കോളജിലേക്കാണ്. അവിടെനിന്നാണ് അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ പുതിയൊരു മാറ്റം ഉണ്ടാകുന്നത്.
അഡ്മിഷനുവേണ്ടി ചെന്ന രാജു ജോസഫിനോട് കോളജ് ചെയര്‍മാന്‍ ഡോ. എം.ആര്‍. ഷെട്ടി സ്ഥിരം മറുപടി തന്നെ പറഞ്ഞു. അഡ്മിഷന്‍ ഇല്ല. എന്നാല്‍ കാരണമായി അദ്ദേഹം പറഞ്ഞത് ആണ്‍കുട്ടികള്‍ക്ക് സീറ്റില്ല എന്നല്ല, രാജു ഓവര്‍ ക്വാളിഫൈഡ് ആണ് അതുകൊണ്ട് പറ്റില്ല എന്നായിരുന്നു. എന്നാല്‍ രാജു തന്‍റെ നിലപാടില്‍ തന്നെ ഉറച്ചുനിന്നു. അഡ്മിഷന്‍ നേടിയെ പോകൂ എന്ന മട്ടിലായിരുന്നു അദ്ദേഹം. അപ്പോഴേക്കും ബി.എസ്.സി നേഴ്സിംഗ്ക്ലാസ് തുടങ്ങിയിട്ട്
2 മാസം ആയിട്ടുണ്ടായിരുന്നു. രാജുവിന്‍റെ വാശി കണ്ടപ്പോള്‍, സ്വയം പഠിച്ച് എടുക്കാമോ എന്ന് ചെയര്‍മാന്‍ അദ്ദേഹത്തോട് ചോദിച്ചു. ഫസ്റ്റ് ക്ലാസില്‍ പാസായിക്കൊണ്ടാണ് രാജു കുന്നത്ത് അതിന് മറുപടി നല്‍കിയത്.
അമേരിക്കന്‍ സ്വപ്നം
1993-ല്‍ വിവാഹിതനായി. ബി.എസ്.സി നേഴ്സിംഗിന് ഒപ്പം പഠിച്ച ജയ എന്ന പെണ്‍കുട്ടിയെയാണ് രാജു കുന്നത്ത് വിവാഹം കഴിച്ചത്. തിരുവല്ല കവിയൂര്‍ സ്വദേശിനിയായിരുന്നു ജയ. അക്കാലത്ത് അമേരിക്കയിലേക്ക് പോകാനുള്ള CGFNS (കൊളംബോ, ശ്രീലങ്ക) പരീക്ഷ പാസായി. അപ്പോഴേക്കും ഫാ. മാത്യു കുന്നത്ത് രാജുവിനും ജയയ്ക്കും അമേരിക്കയിലേക്ക് വരുന്നതിനുള്ള വഴിയൊരുക്കി.
യു.എസ്.എയില്‍ എത്തിയ ഉടനെ തന്നെ ഡോ. രാജു കുന്നത്ത് RN പരീക്ഷ പാസായി ജോലിയില്‍ പ്രവേശിച്ചു. രണ്ട് വര്‍ഷത്തിനുള്ളില്‍ സൂപ്പര്‍വൈസറും അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ നഴ്സിംഗ് ഡയറക്ടറുമായി അദ്ദേഹത്തിന് സ്ഥാനക്കയറ്റം ലഭിച്ചു. നഴ്സിംഗ് തൊഴിലിലേക്ക് പ്രവേശിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേകിച്ച് പുരുഷന്മാര്‍ക്കും രാജു കുന്നത്തിന്‍റെ ഈ നേട്ടം ഒരു പ്രചോദനമാണ്. നഴ്സിംഗ് ഹോം അഡ്മിനിസ്ട്രേറ്റര്‍ ലൈസന്‍സ് ലഭിച്ചതിനെ തുടര്‍ന്ന് ഡോ. രാജു കുന്നത്ത് തന്‍റെ കരിയര്‍ നഴ്സിംഗ് വിട്ട് നഴ്സിംഗ് ഹോം അഡ്മിനിസ്ട്രേഷനിലേക്ക് മാറ്റി. 1999-ല്‍ ന്യൂജേഴ്സിയിലെ ട്രിനിറ്റാസ് ഹോസ്പിറ്റലിന്‍റെ അഡ്മിനിസ്ട്രേറ്ററായി ജോലി തുടങ്ങി.
നിലവില്‍ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ RN, LNHA (ലൈസന്‍സ്ഡ് നഴ്സിംഗ് ഹോം അഡ്മിനിസ്ട്രേറ്റര്‍) ലൈസന്‍സുകള്‍ ലഭിച്ചിട്ടുണ്ട്. ഇതിനിടയിലാണ് അമേരിക്കയില്‍ വെച്ച് രണ്ടു ബിരുദാനന്തര ബിരുദങ്ങള്‍ പൂര്‍ത്തിയാക്കുന്നത്. ന്യൂജേഴ്സിയിലെ യൂണിയനിലുള്ള കീന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് എംഎസ്എന്‍ (മാസ്റ്റേഴ്സ് ഇന്‍ നഴ്സിംഗ്), എം.പി.എ (പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ മാസ്റ്റേഴ്സ്) എന്നിവ കരസ്ഥമാക്കി (2002). തുടര്‍ന്ന് മാഡിസണിലെ ഡ്രൂ യൂണിവേഴ്സിറ്റിയില്‍ നിന്ന് മെഡിക്കല്‍ ഹ്യുമാനിറ്റീസ് (ഡി.എം.എച്ച്) 2012-ല്‍ ഡോക്ടറേറ്റ് ബിരുദവും അദ്ദേഹം നേടി. "യൂണിവേഴ്സല്‍ ഹെല്‍ത്ത്കെയര്‍ - യു.എസ്.എയിലെ നിലവിലെ ആരോഗ്യ പരിരക്ഷാ പ്രതിസന്ധിക്ക് ഇത് പരിഹാരമാണോ" എന്നതിനെ കേന്ദ്രീകരിച്ചായിരുന്നു രാജു കുന്നത്തിന്‍റെ ഡോക്ടറല്‍ തീസിസ്. ഈ വിഷയം ജീവിതകാലം മുഴുവന്‍ പഠിക്കാനുള്ളതാണ് എന്നാണ് അദ്ദേഹം പറയുന്നത്. ഓരോ നിമിഷത്തിലും മനുഷ്യന്‍ ഓരോന്ന് പഠിക്കുന്നുണ്ടെന്നും, നിരന്തരമായ പഠനത്തിന് വിധേയമാകാതെ ഒരു മനുഷ്യനും കാലത്തോട് മല്ലിട്ട് നില്‍ക്കാന്‍ കഴിയില്ലെന്നും ഡോ. രാജു കുന്നത്ത് പറഞ്ഞുവെക്കുന്നു.
ഫാ. മാത്യു കുന്നത്ത്, ഫാ. സെബാസ്റ്റ്യന്‍ കുന്നത്ത്
ആത്മീയത, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍
1980ലാണ് പിതൃ സഹോദരന്‍ ഫാ. മാത്യു കുന്നത്ത് അമേരിക്കയിലെത്തിയത്. ഇപ്പോള്‍ അദ്ദേഹത്തിന് 93 വയസുണ്ട്. ആത്മീയ രംഗത്തിനു പുറമെ നാട്ടില്‍ നിന്നും നിരവധി കുടുംബങ്ങളെ അമേരിക്കയില്‍ എത്തിക്കുവാനും അമേരിക്കയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കുവാനും അദ്ദേഹം ശ്രമിച്ചിരുന്നു. അമേരിക്കയിലെത്തിയ രാജുവിന്‍റെയും ജയയുടെയും ജീവിതത്തിലും അദ്ദേഹം വെളിച്ചം കൊണ്ടുവന്നു. 1980-കളിലും 1990-കളിലുമായി 500-ഓളം കുടുംബങ്ങളെ അമേരിക്കയിലെത്തിക്കുവാന്‍ അദ്ദേഹം സഹായിച്ചിട്ടുണ്ട്. ഫാ. മാത്യു കുന്നത്തിനെ തന്‍റെ വഴികാട്ടിയും ആത്മീയ ഗുരുവുമായി ഡോ. രാജു കുന്നത്ത് കാണുന്നു.
ഫാ. മാത്യു കുന്നത്തിന്‍റെ സഹോദരന്‍ ഫാ. സെബാസ്റ്റ്യന്‍ കുന്നത്ത് ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായത് ഡോ. രാജു കുന്നത്തിനെ സ്വാധീനിച്ചു. അദ്ദേഹം വഴി കേരളത്തിലുള്ള പാവപ്പെട്ടവര്‍ക്കും അഗതികള്‍ക്കുമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ ഒരു വലിയ പദ്ധതി തന്നെ അദ്ദേഹം ആരംഭിച്ചു. കോട്ടയത്ത് ഫാ. സെബാസ്റ്റ്യന്‍ കുന്നത്ത് ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിക്കുകയും നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കുകയും ചെയ്തു. ഫാ. സെബാസ്റ്റ്യന്‍ കുന്നത്ത് ചെയര്‍മാനും ഡോ. രാജു കുന്നത്ത് വൈസ് ചെയര്‍മാനുമായി പ്രവര്‍ത്തിക്കുന്ന ട്രസ്റ്റ് ജാതിയോ മതമോ നോക്കാതെ തന്നെ ആളുകളെ സഹായിക്കുന്നു. വീടുകള്‍ ഇല്ലാത്ത നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്ക് നൂറിലധികം വീടുകള്‍ ഒരു പബ്ലിസിറ്റിയും ഇല്ലാതെ ഈ ഒത്തൊരുമയിലൂടെ നിര്‍മിച്ചുനല്‍കാന്‍ ട്രസ്റ്റിന് സാധിച്ചു.
ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവിക്കുന്ന നിര്‍ദ്ധനരായ വ്യക്തികള്‍ക്ക് മെഡിക്കല്‍ സഹായം, മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സഹായം, ഭക്ഷണം, മരുന്നുകള്‍, വിവാഹ ധനസഹായം തുടങ്ങിയ നിരവധി സഹായങ്ങള്‍ ഈ സംഘടനയ്ക്ക് നല്‍കാനായി. ഡയാലിസിസ്, കീമോതെറാപ്പി രോഗികള്‍ക്ക് പ്രാദേശിക ആശുപത്രികള്‍ വഴി സഹായം ട്രസ്റ്റ് ലഭ്യമാക്കുന്നുണ്ട്. ട്രസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ ചങ്ങനാശേരി, തക്കല, തൃശ്ശൂര്‍ രൂപതകള്‍ക്കും വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. ഉള്ളതില്‍ നിന്ന് പകുത്തു നല്‍കുമ്പോള്‍ ഭൂമിയില്‍ എന്തെന്നില്ലാത്ത ആനന്ദം അനുഭവിക്കാന്‍ കഴിയുമെന്നാണ് അദ്ദേഹം വിലയിരുത്തുന്നത്.
നേടിയതില്‍ നിന്നും നേടാനുള്ളതിലേക്കുള്ള ദൂരം
അമേരിക്കയിലെ ഗ്ലോബല്‍ ഹെല്‍ത്ത് കെയര്‍ സര്‍വീസ് ഗ്രൂപ്പിന്‍റെ സ്ഥാപക നേതാക്കളില്‍ ഒരാളായ ഡോ. കുന്നത്ത് അവിടെ വൈസ് പ്രസിഡന്‍റായി പത്തു വര്‍ഷത്തോളം ജോലി നോക്കി. ഇരുപത്തിയഞ്ചില്‍ അധികം സ്ഥാപങ്ങളിലായി 5000-ത്തിലധികം ജീവനക്കാരെ ഒപ്പം നിര്‍ത്തി. തുടര്‍ന്ന് വീറ്റ ഹെല്‍ത്ത് കെയര്‍ സര്‍വീസ് ഗ്രൂപ്പിന്‍റെ ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്‍റായി. ഗ്രേസ്ലാന്‍ഡ് ഗ്രൂപ്പിന്‍റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി പ്രവര്‍ത്തിച്ചിരുന്ന ഡോ. രാജു കുന്നത്ത് അടുത്തിടെ അറുപതാം വയസിലാണ് ഈ പദവിയില്‍ നിന്ന് വിരമിക്കുന്നത്.
2012-ല്‍ തന്‍റെ സ്വന്തം കണ്‍സള്‍ട്ടിംഗ് കമ്പനി (MedApsp Inc) ആരംഭിക്കുകയും, അതിന്‍റെ പ്രസിഡന്‍റും സിഇഒയും ആയി തുടര്‍ന്നും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. തങ്ങളുടെ ഹെല്‍ത്ത് കെയര്‍ സോഫ്റ്റ്വെയര്‍ ആയ StasrForCare (www.satrsforcare.com) അമേരിക്കയിലെ ആരോഗ്യ രംഗത്ത് നഴ്സിംഗ് ഹോമുകള്‍ക്ക് ക്വാളിറ്റി അഷ്വറന്‍സും റെഗുലേറ്ററി സര്‍വേ സഹായവും നല്‍കുന്നുവെന്ന് അദ്ദേഹം പറയുന്നു. നഴ്സിംഗ് ഹോം രംഗത്ത് ഹെല്‍ത്ത് കെയര്‍ കണ്‍സള്‍ട്ടന്‍റായി പ്രവര്‍ത്തിക്കുന്നത് തുടരുകയും ദേശീയ അന്തര്‍ദേശീയ സെമിനാറുകളില്‍ സംസാരിക്കുകയും ചെയ്യുക എന്നതാണ് രാജുവിന്‍റെ വരും കാല ലക്ഷ്യം. ഈ രംഗത്തേക്ക് ഏവരെയും ആകര്‍ഷിക്കുകയും ആരോഗ്യരംഗത്തെ സാധ്യതകള്‍ കേരളത്തിലെ പുതുതലമുറയ്ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യവും അദ്ദേഹത്തിനുണ്ട്.
ഈ യാത്രയില്‍ ഏറ്റവും കൗതുകകരമായ സംഭവം ആണ്‍കുട്ടികള്‍ക്ക് സീറ്റില്ല എന്നുപറഞ്ഞ് ഒരിക്കല്‍ രാജുവിനെ തിരിച്ചയച്ച എം.വി. ഷെട്ടി കോളജ് അവരുടെ രജതജൂബിലി ആഘോഷിച്ചപ്പോള്‍ ഡോ. രാജു കുന്നത്തിനെ വിശിഷ്ടാതിഥിയായി ക്ഷണിച്ച് ആദരിച്ചിരുന്നു. അമേരിക്കന്‍ മലയാളി സമൂഹത്തില്‍നിന്നും ആതുര സേവന രംഗത്തു നേതൃത്വപരമായ പങ്ക് വഹിച്ച വ്യക്തി കൂടിയാണ് അദ്ദേഹം. അമേരിക്കയില്‍ ലൈസന്‍സുള്ള നഴ്സിംഗ് ഹോം അഡ്മിനിസ്ട്രേറ്റേഴ്സ് സൊസൈറ്റിയുടെ ബോര്‍ഡ് അംഗമായി ദീര്‍ഘകാലം അദ്ദേഹം പ്രവര്‍ത്തിച്ചു.
ഏകദേശം 50 വര്‍ഷത്തെ ചരിത്രത്തില്‍ സൊസൈറ്റിയുടെ ആദ്യത്തെയും ഏക ഇന്ത്യന്‍ വംശജനുമായ പ്രസിഡന്‍റായിരുന്നു ഡോ.രാജു കുന്നത്ത്. നിരവധി പ്രൊഫഷണല്‍ ഏജന്‍സികളില്‍ കണ്‍സല്‍ട്ടന്‍റ്, കൂടാതെ അമേരിക്കന്‍ കോളജ് ഓഫ് ഹെല്‍ത്ത് കെയര്‍ അഡ്മിനിസ്ട്രേറ്റേര്‍സ് (ACHCA), എന്‍.ജെ ഹോസ്പിറ്റല്‍ അസോസിയേഷന്‍ (NJHA)തുടങ്ങിയവ ഉള്‍പ്പെടെ നിരവധി പ്രമുഖ സ്ഥാപനങ്ങള്‍ക്കായി അഡ്വൈസറി ബോര്‍ഡില്‍ ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 'കഠിനാധ്വാനം ചെയ്യാനുള്ള ആഗ്രഹവും മനസ്സുമുണ്ടെങ്കില്‍, ആകാശം മാത്രമാണ് പരിധി', എന്നാണ് ഡോ. രാജു കുന്നത്തിന്‍റെ തത്വം. അമേരിക്കയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന എന്തും നേടാനും നിങ്ങളുടെ പ്രയത്നങ്ങളും സ്വാഭാവിക കഴിവുകളും ഉപയോഗിച്ച് നിങ്ങളുടെ പരിമിതികളെ മറികടക്കാന്‍ കഴിയുമെന്നും തന്‍റെ ജീവിതത്തെ സാക്ഷ്യപ്പെടുത്തി അദ്ദേഹം വ്യക്തമാക്കുന്നു.
കര്‍മനിരതനായ ഒരു മനുഷ്യന് വിരമിക്കല്‍
എന്നൊന്നില്ല
പ്രയത്നം കൂടുന്തോറും മഹത്വവും കൂടും, ഇന്നലെ ഞാന്‍ നടത്തിയ തിരഞ്ഞെടുപ്പുകള്‍ കൊണ്ടാണ് ഞാന്‍ ഇന്ന് ഞാനായിരിക്കുന്നതെന്നു തിരിച്ചറിയുന്ന ഡോ. രാജു കുന്നത്ത് ജോലിയില്‍ നിന്ന് പാതി വിരമിച്ചുവെങ്കിലും ഭാവിയില്‍ പൂര്‍ണമായും കേരളത്തില്‍ ഫാ. സെബാസ്റ്റ്യന്‍ കുന്നത്ത് ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും കൂടുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു. കൂടാതെ കേരളത്തിലെ കോളജുകള്‍, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ മെഡിക്കല്‍ രംഗം, ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ എന്നീ സാധ്യതകളെകുറിച്ച് ക്ലാസ്സുകള്‍ എടുക്കുന്നതിനും ശ്രമിക്കും. ഇതിനോടകം തന്നെ നിരവധി സ്ഥാപനങ്ങളിലും, കോളജുകളിലും ഗൂഗിള്‍ മീറ്റിലും, അല്ലാതെയും അദ്ദേഹം ക്ളാസുകള്‍ എടുക്കുന്നുണ്ട്. മനുഷ്യരെ സഹായിക്കുക എന്നതല്ലാതെ ജീവിതത്തെ പൂര്‍ണ്ണമാക്കാന്‍ അദ്ദേഹത്തിന് സാധിക്കില്ല എന്ന് ഈ തീരുമാനത്തില്‍ നിന്നും വ്യക്തമാണ്.
കുടുംബം നല്‍കുന്ന പിന്തുണ
ഡോ. രാജു കുന്നത്തിന്‍റെ സ്വപ്നങ്ങള്‍ക്ക് കൂടുതല്‍ നിറം നല്‍കുന്നത് അദ്ദേഹത്തിന്‍റെ കുടുംബവും അത് നല്‍കുന്ന പ്രചോദനവുമാണ്. ഭാര്യ മേരി കുന്നത്ത് (ജയ) ഒര്‍ലാന്‍ഡോ വി.എ. ആശുപത്രിയില്‍ ആര്‍.എന്‍. ആയി ജോലി ചെയ്യുന്നു. 3 പെണ്‍മക്കളും ജീവിതത്തിലെ സുപ്രധാന തീരുമാനങ്ങളില്‍ എല്ലാം തന്നെ അദ്ദേഹത്തിനൊപ്പമുണ്ട്. ആരോഗ്യ മേഖലയില്‍ തന്നെയാണ് മൂന്ന് മക്കളും ജോലി ചെയ്യുന്നത്. മൂത്തമകള്‍ ഡോ. ആഷ്ലി കുന്നത്ത്- ന്യൂയോര്‍ക്കിലെ ലോങ്ങ് ഐലന്‍ഡ് ജ്യൂവിഷ് ഹോസ്പിറ്റലില്‍ സൈക്യാട്രിയില്‍ റെസിഡന്‍സി ചെയ്യുകയാണ്. രണ്ടാമത്തെ മകള്‍ ഡോ. ആന്‍സ്ലി കുന്നത്ത്- ടെന്നസിയിലെ നാഷ്വിലില്‍ വന്‍ഡെര്‍ബില്‍ട് യൂണിവേഴ്സിറ്റിയില്‍ എം. ഡി/പിഎച്ച്.ഡി പ്രോഗ്രാം ചെയ്യുന്നു. മൂന്നാമത്തെ മകള്‍ ഡോ. അനിത കുന്നത്ത്- ഒഹായോയിലെ കൊളംബസിലെ ഡോക്ടേഴ്സ് ഹോസ്പിറ്റലില്‍ ഫാമിലി മെഡിസിനില്‍ റെസിഡന്‍സി ചെയ്യുന്നു. നല്ല സാമൂഹ്യപ്രവര്‍ത്തകന്‍ എന്നത് പോലെ തന്നെ നല്ല കുടുംബനാഥന്‍ എന്ന നിലയിലും കുടുംബ ബന്ധങ്ങള്‍ക്കു വലിയ വിലയും കല്പിക്കുന്നു ഡോ. രാജു കുന്നത്ത്.
'ജീവിതമങ്ങനെ നീണ്ടു പരന്നു കിടക്കുകയല്ലേ, അവിടെ നിറയെ മുത്തും പവിഴങ്ങളും ഒക്കെയുണ്ട്. അവ കണ്ടെടുക്കാന്‍ കരുണയും സഹാനുഭൂതിയും കൈമുതലായ് ഉണ്ടാകണമെന്ന് മാത്രം' എന്ന് പറഞ്ഞുകൊണ്ട് ഡോ. രാജു കുന്നത്ത് തന്‍റെ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുമ്പോള്‍ വിജയത്തിന് രഹസ്യങ്ങളൊന്നുമില്ലെന്നും ഇത് തയ്യാറെടുപ്പിന്‍റെയും, ദീര്‍ഘ വീക്ഷണത്തിന്‍റെയും, കഠിനാധ്വാനത്തിന്‍റെയും പരാജയത്തില്‍ നിന്നുള്ള പാഠത്തിന്‍റെയും ഫലമാണെന്നും നമുക്ക് കാട്ടിത്തരികയാണ് ഡോ. കുന്നത്ത്.
വിജയവും പരാജയവും തമ്മിലുള്ള ഒരേയൊരു വ്യത്യാസം പ്രവര്‍ത്തിക്കാനുള്ള കഴിവാണ്. വിജയത്തെ അളക്കേണ്ടത് ജീവിതത്തില്‍ ഒരാള്‍ എത്തിച്ചേര്‍ന്ന സ്ഥാനത്താലല്ല, വിജയിക്കാന്‍ ശ്രമിക്കുമ്പോള്‍ അയാള്‍ക്ക് തരണം ചെയ്യേണ്ടി വന്ന പ്രതിബന്ധങ്ങള്‍ കൂടിയാണെന്നും ഡോ. രാജു കുന്നത്ത് നമുക്ക് കാട്ടിത്തരുന്നു.
അദ്ദേഹം തന്‍റെ യാത്ര തുടരട്ടെ. ഈ വഴിത്താരയില്‍ കൂടുതല്‍ കരുത്തായി മുന്നേറട്ടെ പ്രാര്‍ത്ഥനകള്‍.