VAZHITHARAKAL

ഡാളസിലെ നന്മമരം; ഷിജു ഏബ്രഹാം

Blog Image

ജീവിതം ഒരു സിനിമയാണെങ്കില്‍ അതിന് തിരക്കഥ എഴുതിയത് ദൈവം തന്നെയാണ്. അവന്‍ എഴുതിവെച്ചതില്‍ നിന്ന് അണുവിട മാറാതെ എല്ലാം സംഭവിക്കും. അതുകൊണ്ട് ഭൂമിയിലെ മനുഷ്യായുസ്സ് ചുറ്റുമുള്ളവരുടെ നന്മയ്ക്കുവേണ്ടി വിനിയോഗിക്കുക. അതില്‍ ജാതിയോ വര്‍ണമോ മതമോ ഒന്നും കലര്‍ത്താതിരിക്കുക. എല്ലാവരോടും, എല്ലാത്തിനോടും കരുണയും, കരുതലും സ്നേഹവും മാത്രം.
'മകന്‍റെ വേര്‍പാട് ദൈവം നിശ്ചയിച്ചതാണ്, അതില്‍ ദുഃഖമുള്ളതുപോലെ തന്നെ ദൈവത്തിന്‍റെ തീരുമാനത്തോടുള്ള ബഹുമാനവുമുണ്ട്.'
ഷിജു ഏബ്രഹാം എന്ന മനുഷ്യന്‍ ഈ വാക്കുകള്‍ പറയുമ്പോള്‍ അദ്ദേഹത്തിലെ വിശ്വാസത്തിന്‍റെ വെളിച്ചം വ്യക്തമായി കാണാമായിരുന്നു. ഒറീസയില്‍നിന്ന് തുടങ്ങിയ ജീവിതം അമേരിക്കയുടെ മണ്ണില്‍വരെ എത്തിനില്‍ക്കുമ്പോള്‍ നഷ്ടങ്ങളുടെയും നേട്ടങ്ങളുടെയും ദൈവത്തിന്‍റെ അടയാളങ്ങള്‍ പതിഞ്ഞ നിമിഷങ്ങളുടെയും സായാഹ്നങ്ങള്‍ അങ്ങ് ദൂരെ ഒരു ഛായാചിത്രം പോലെ കാണപ്പെട്ടു.


 

ജീവിതം എന്ന നീര്‍ക്കുമിള 
ഒറീസയില്‍ എഞ്ചിനീയറായിരുന്ന റാന്നി അങ്ങാടി വടക്കേ മണ്ണില്‍  ഉണ്ണിട്ടന്‍റെയും ജാന്‍സിയുടേയും മകനായിട്ടാണ് ഷിജു ഏബ്രഹാമിന്‍റെ ജനനം. ഒറീസയില്‍ ജനിച്ച അദ്ദേഹം 1973-ലാണ് നാട്ടിലേക്കെത്തുന്നത്. വല്യപ്പച്ഛന്‍ ചാക്കോ പൊടി അപ്പച്ചനാണ് ഷിജു ഏബ്രഹാമിനെ അക്ഷരങ്ങള്‍ പഠിപ്പിക്കുന്നത്. വല്യപ്പച്ഛനില്‍നിന്നും അക്ഷരങ്ങളോടൊപ്പം നിരവധി ജീവിതാനുഭവങ്ങളും ഷിജു ഏബ്രഹാമിന് ലഭിച്ചു. 
അമ്മയുടെ പിതാവ്  മാത്തുക്കുട്ടി മുളമൂട്ടില്‍ റാന്നിയിലെ അറിയപ്പെടുന്ന പലചരക്ക് വ്യവസായി ആയിരുന്ന കാലം ഓര്‍ത്തെടുക്കുമ്പോള്‍ സാധാരണക്കാരായ മനുഷ്യരുമായി ഇടപെട്ടിരുന്ന ഒരു കാലഘട്ടത്തെ കൂടിയാണ് ഷിജു ഏബ്രഹാം ചികഞ്ഞെടുക്കുന്നത്.
ചങ്ങനാശേരിയില്‍ നിന്ന് സാധനങ്ങള്‍ കൊണ്ടുവന്ന് റാന്നിയില്‍ വില്‍ക്കലായിരുന്നു മാത്തുക്കുട്ടി മുളമൂട്ടിലിന്‍റെ ജോലി. സാധനങ്ങളുടെ വിലനിലവാരം ഉറപ്പിച്ചതിനു ശേഷമേ മറ്റുള്ളവര്‍ക്ക് കൊടുക്കുകയുണ്ടായിരുന്നുള്ളു.

'ഇവിടെ ഇല്ലാത്ത ഒരാളെ പറ്റിയും കുറ്റം പറയാന്‍ പാടില്ല' എന്ന് അദ്ദേഹത്തിന്‍റെ കടയില്‍ എഴുതിയിരുന്നതായി അദ്ദേഹം ഓര്‍ക്കുന്നു. അമ്മാവന്‍ റാന്നി എക്യുമെനിക്കല്‍ പ്രസ്ഥാനത്തിന്‍റെ പ്രസിഡന്‍റ് വെരി. റവ. റോയി മാത്യു മുളമൂട്ടില്‍ കോര്‍ എപ്പിസ്കോപ്പയും മകന്‍ മുന്‍ പി. എസ്.സി മെമ്പര്‍ റോഷന്‍ റോയി മാത്യുവും റാന്നിയിലെ പൊതുപ്രവര്‍ത്തനത്തില്‍  സജീവമായിട്ടുണ്ട്. സഹോദരന്‍ ഷിബു ഏബ്രഹാമും സഹോദരി ഷീനാ ഏബ്രഹാമും ന്യൂയോര്‍ക്കില്‍ പല പൊതുപ്രവര്‍ത്തനങ്ങളിലും പങ്കാളികളാണ്.

ഷിജു ഏബ്രഹാം 1 മുതല്‍ 4 വരെ റാന്നി പഴവങ്ങാടി ഗവണ്മെന്‍റ് യു.പി. സ്കൂളിലും 5 മുതല്‍ പത്ത് വരെ റാന്നി എം.എസ് ഹൈസ്കൂളിലും പ്രീഡിഗ്രി റാന്നി സെന്‍റ് തോമസ് കോളേജിലും,  പിന്നീട് പന്തളം പോളിടെക്നിക്കിലുമായിരുന്നു വിദ്യാഭ്യാസം. തുടര്‍ന്ന് ബാംഗ്ലൂരില്‍നിന്നും പ്രൊഡക്ഷന്‍ എഞ്ചിനീയറിങ്ങ് കരസ്ഥമാക്കി. തുടര്‍ന്ന് ചെറുകോല്‍പ്പുഴ മാര്‍ത്തോമ്മാ ഐ.ടി.സിയില്‍ ഇന്‍സ്ട്രക്ടറായി ജോലിചെയ്തു, പിന്നീട് ബാംഗ്ലൂരില്‍ ഏഷ്യന്‍ ബെയറിംഗ്സില്‍ പ്രൊഡക്ഷന്‍ എഞ്ചിനീയറായി രണ്ടുവര്‍ഷം ജോലിചെയ്തു.

ആത്മീയമായ ചില ഓര്‍മപ്പെടുത്തലുകള്‍ 
ചെറുപ്പംമുതല്‍ക്കേ സഹജീവികളെ സഹായിക്കുന്ന പ്രവര്‍ത്തകരോട് വലിയ താല്പര്യമായിരുന്നു ഷിജു ഏബ്രഹാമിന്. ഒരു ക്രിസ്ത്യന്‍ മിഷനോട് അത്തരത്തില്‍ അതിയായ ഒരു താല്പര്യം ഉടലെടുക്കയും ഉണ്ടായി. ക്നാനായ സഭാ വിശ്വാസം ആണെങ്കിലും എല്ലാ വിശ്വാസത്തോടൊപ്പവും പ്രവര്‍ത്തിച്ചത് ആത്മീയതയെ കൂടുതല്‍ ഉണര്‍ത്താനും ദൈവത്തിലേക്ക് കൂടുതല്‍ അടുക്കാനും അദ്ദേഹത്തെ സഹായിച്ചു. ഷിജു ഏബ്രഹാം  ആത്മീയ വിശ്വാസത്തിലേക്ക് പോയത് വീട്ടില്‍ വലിയ വിഷമം ഉണ്ടാക്കി.  ആ സമയത്ത് റാന്നി പള്ളിയില്‍ സഭാ വിശ്വാസികള്‍ തമ്മില്‍ ആത്മീയതയുടെ പേരില്‍ വഴക്ക് ഉണ്ടായി. അത് കത്തിക്കുത്തില്‍ അവസാനിച്ചു. പള്ളി 2 വര്‍ഷത്തേക്ക് അടച്ചിട്ടതും ഇപ്പോഴും ഓര്‍മ്മകളില്‍ നിഴലിച്ച് നില്‍ക്കുന്നു. ദൈവത്തിന്‍റെ പേരില്‍ പള്ളിയില്‍ വെച്ച് ഒരു സംഘര്‍ഷം ഉണ്ടായപ്പോള്‍ ദൈവം ഉണ്ടോ എന്ന ചോദ്യം ഷിജു ഏബ്രഹാം വിശ്വാസി സമൂഹത്തോട് ചോദിച്ചു. അതോടെ മാനസികമായി നിരീശ്വര ചിന്തയിലേക്ക്  മാറുകയും ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങുകയും ചെയ്തു. മതത്തിന്‍റെ പേരില്‍ മനുഷ്യര്‍ കലഹിക്കുന്നു. ദൈവമുണ്ടെങ്കില്‍ അത് സംഭവിക്കുമോ? ഇത് മാത്രമായിരുന്നു അന്ന് മനസ്സില്‍ ഉണ്ടായിരുന്ന ചോദ്യങ്ങള്‍.


1995-ല്‍ മാന്നാര്‍ പരുമല നിരണം സ്വദേശി കൊച്ചുമാലിയില്‍ അമേരിക്കയില്‍ വളര്‍ന്ന എല്‍സി ഏബ്രഹാമിനെ വിവാഹം കഴിച്ചതോടെ ജീവിതത്തില്‍ പുതിയൊരു അധ്യായത്തിനാണ് തുടക്കമായത്. അതുവരെ തനിച്ചു തുഴഞ്ഞിരുന്ന ജീവിതത്തിന്‍റെ വഞ്ചിയില്‍ അദ്ദേഹത്തിന്  മറ്റൊരു പങ്കാളിയെ കൂടി ലഭിച്ചു. സന്തോഷങ്ങളും സങ്കടങ്ങളുമെല്ലാം ഇരുവരും ഒന്നിച്ചു പങ്കുവെച്ചു തുടങ്ങുകയായിരുന്നു.

അമേരിക്ക തന്ന തിരിച്ചറിവും അനുഭവങ്ങളുടെ തീച്ചൂളയും 
വിവാഹത്തിന് ശേഷം ഒരുവര്‍ഷം കഴിഞ്ഞ് 1996-ലാണ് ഷിജു ഏബ്രഹാം അമേരിക്കയിലേക്ക് പോകുന്നത്. ഓരോ തീരുമാനങ്ങള്‍ക്ക് പിന്നിലും ദൈവത്തിന്‍റെ ഒരു കരുതല്‍ ഉണ്ട് എന്ന് എപ്പോഴും അദ്ദേഹത്തിന് തോന്നാറുണ്ട്. അമേരിക്കന്‍ കുടിയേറ്റവും അത്തരത്തില്‍ ഒരു തീരുമാനത്തിന്‍റെ ബാക്കിയായിരുന്നുവെന്ന് കാലം തെളിയിക്കുകയായിരുന്നു. ഡാളസില്‍  എത്തിയപ്പോള്‍ അവിടുത്തെ കേരളാ അസോസിയേഷനില്‍ സജീവമായി. ഡാളസിലെ എക്യുമെനിക്കല്‍ പ്രസ്ഥാനത്തിന്‍റെ സെക്രട്ടറിയായും, ക്നാനായ പള്ളിയുടെ സെക്രട്ടറിയായി അതിന്‍റെ ഏകീകരണത്തിനും വളര്‍ച്ചയ്ക്കും പരിശ്രമിച്ച്, ക്നാനായ സമുദായത്തിന്‍റെ ഡാളസ്സില്‍ നടന്ന അമേരിക്കന്‍ നാഷണല്‍ സമ്മേളനത്തിന്‍റെ കണ്‍വീനറായും പ്രവര്‍ത്തിച്ചു. തുടര്‍ന്ന് യൂണിവേഴ്സിറ്റി ഓഫ് ഡാളസില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡിഗ്രി എടുത്തു. കൂടെ ജോലിയും ചെയ്ത് തുടങ്ങി. ഫ്രണ്ട്സ് ഓഫ് റാന്നിയുടെ സെക്രട്ടറിയായും, യൂത്ത് ഓഫ് ഡാളസ് എന്ന ഡാളസിലെ യുവാക്കളുടെ മാര്‍ഗ്ഗദര്‍ശിയായി ഒപ്പം നില്‍ക്കുന്നു.



ലോകത്തിലെ ഏറ്റവും വലിയ ദുഃഖം
എന്താണെന്ന് തിരിച്ചറിഞ്ഞ നിമിഷം 

നാലുവര്‍ഷം നീണ്ട ദാമ്പത്യത്തിനൊടുവില്‍ 1999-ലാണ് ഷിജു ഏബ്രഹാം - എല്‍സി ദമ്പതികള്‍ക്ക് ഒരു കുഞ്ഞ് ജനിക്കുന്നത്. ദൈവം നല്‍കിയ സമ്മാനമെന്നോണം സമിത് എന്ന പേര് നല്‍കി അവനെയും ചേര്‍ത്ത് പിടിച്ച് ഇരുവരും ജീവിതം തുടര്‍ന്നു. 2003 ആയപ്പോള്‍ സ്വന്തമായി ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് ആരംഭിച്ചു. അത് ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. എല്ലാം മകന്‍റെ ഭാഗ്യമാണെന്ന് ഇരുവരും കരുതുകയും നല്‍കിയ നന്മകള്‍ക്ക് ദൈവത്തിന് നന്ദി പറയുകയും ചെയ്തു. ജോലിക്കൊപ്പം എക്യുമിനിക്കല്‍ പ്രസ്ഥാനത്തിലും സജീവമായതോടെ ചാരിറ്റിയും ജീവിതത്തിന്‍റെ ഭാഗമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കേരളാ അസോസിയേഷന്‍ സെക്രട്ടറി, പള്ളി സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ ആ സമയത്ത് അദ്ദേഹം  വഹിച്ചിരുന്നു. കേരള എക്യുമെനിക്കല്‍ ഫെല്ലോഷിപ്പ് സെക്രട്ടറി, ക്നാനായ ഡാളസ് സമാജം കണ്‍വീനര്‍ എന്നീ നിലകളിലും സജീവമായി.


മകന്‍ സമിതിന് നാലര വയസ് ഉള്ളപ്പോള്‍ ഭാര്യ വീണ്ടും ഗര്‍ഭിണിയായി. വലിയ സന്തോഷത്തിലൂടെയായിരുന്നു ഇരുവരും ഈ കാലഘട്ടങ്ങളില്‍ കടന്നു പോയത്. അങ്ങനെയിരിക്കെ മകന് ഒരു പനിയുടെ ലക്ഷണം ഉണ്ടായി. ഉടന്‍തന്നെ ഒരു ഡോക്ടറെ കാണിച്ചെങ്കിലും പിറ്റേദിവസം മകന് പനി കൂടുകയാണ് ഉണ്ടായത്. അവനെ ശുശ്രൂഷിക്കാന്‍ ഇരുവരും കൂടുതല്‍ സമയം കണ്ടെത്തുകയും ചെയ്തു. എന്നാല്‍ പനി കുറഞ്ഞതേയില്ല. തുടര്‍ന്ന് വീണ്ടും സമിതിനെ ഡോക്ടറെ കാണിക്കാന്‍ ഷിജുവും എല്‍സിയും തീരുമാനിച്ചു. ആശുപത്രിയില്‍ കൊണ്ടുപോകുന്നതിന് മുന്‍പ് ഇരുവരും ദൈവത്തോട് മനസുരുകി പ്രാര്‍ത്ഥിച്ചു. 'വരാനിരിക്കുന്ന നന്മ വിചാരിച്ചാല്‍ ഇപ്പോഴത്തെ പ്രയാസം സാരമില്ല' എന്ന ബൈബിള്‍ വാക്യമാണ് അപ്പോള്‍ മനസില്‍ തെളിഞ്ഞു വന്നത്. അതെ, മകന്‍റെ പനി മറ്റൊരു അസുഖത്തിന്‍റെ തുടക്കമായിരുന്നുവെന്നാണ് ഡോക്ടര്‍ അറിയിച്ചത്.


കിഡ്നിയില്‍ ഒരു ട്യൂമര്‍. ഏതാണ്ട് നാലാം സ്റ്റേജിലേക്ക് കടന്നിരിക്കുന്നു. കഷ്ടിച്ച് മൂന്ന് മാസം കൂടിയെ മകന്‍ ജീവിച്ചിരിക്കു എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. നാലരവയസുള്ള മകന് അഞ്ചാം ജന്മദിനം ആഘോഷിക്കാന്‍ ദൈവം അവസരം തരണം എന്ന പ്രാര്‍ത്ഥന മാത്രമായിരുന്നു അപ്പോള്‍ ഇരുവരുടെയും മനസില്‍. ഏതൊരു മാതാപിതാക്കളും തകര്‍ന്നുപോയേക്കാവുന്ന നിമിഷം, എന്നാല്‍ കരഞ്ഞു തീര്‍ക്കാന്‍ കൂട്ടാക്കാതെ അവനെ കുറേക്കൂടി ഉഷാറാക്കുക എന്നതായിരുന്നു ഷിജുവിന്‍റെയും  എല്‍സിയുടെയും ലക്ഷ്യം.
പ്രാര്‍ത്ഥനകള്‍ തുണച്ചു, തമ്പുരാന്‍ അവന്‍റെ അഞ്ചാം ജന്മദിനം ആഘോഷിക്കുവാന്‍ അവസരം നല്‍കി. വളരെ സന്തോഷത്തോടെ തന്നെ ആ ബര്‍ത്ത്ഡേ പാര്‍ട്ടി നടത്തി. മകന് അസുഖമായ ശേഷം ഒരു പാര്‍ട്ടിയിലോ, ഒന്നിലും പോയിരുന്നില്ല. മകന്‍റെ കാര്യത്തിന് വേണ്ടി പ്രാര്‍ത്ഥന മാത്രമായിരുന്നു ഇരുവരുടെയും തീരുമാനം. അങ്ങനെയിരിക്കെ ദൈവം തീരുമാനിച്ച ആ വേദനനിറഞ്ഞ ദിവസം അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ വന്നെത്തി. 


2004 ഏപ്രില്‍ 21-ന് പതിവുപോലെ തന്നെ കടയില്‍ പാല് വാങ്ങാന്‍ പോയി വേഗം വീടെത്തിയ ഷിജു ഏബ്രഹാം മുകളിലത്തെ നിലയില്‍ മകനൊപ്പം അല്‍പ്പസമയം ചിലവഴിച്ചു. എന്നാല്‍ മകനില്‍ എന്തെന്നില്ലാത്ത ഒരു ഭാവമാറ്റം കണ്ടു. വല്ലാത്ത ഒരു തെളിച്ചം അവന്‍റെ മുഖത്ത് അപ്പോള്‍ ഉണ്ടായിരുന്നു.
'മോന്‍ എന്തെങ്കിലും കാണുന്നുണ്ടോ' എന്ന് ചോദിച്ചപ്പോള്‍, 'മാലാഖമാരെ കാണുന്നുണ്ട്, ജീസസിനെയും' എന്നായിരുന്നു അവന്‍റെ മറുപടി. അദ്ദേഹം മകനോട് പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞു. 'എന്നെ സൗഖ്യമാക്കണേ' എന്ന് പ്രാര്‍ത്ഥിക്കുവാന്‍ പറഞ്ഞപ്പോള്‍ അതു പറയാതെ അപ്പന്‍റെ മുഖത്തേക്ക് നോക്കിക്കൊണ്ട് 'ക ഘീ്ല ്യീൗ ജമുുമ'എന്ന് പറഞ്ഞ് പ്രാര്‍ത്ഥിച്ച് ഒരു പൊടി കണ്ണുനീര്‍ വീഴ്ത്തി സന്തോഷത്തോടെ കണ്ണുകളടച്ചു. അവസാനത്തെ കാഴ്ചയായി അവന്‍ കണ്ടത് അവന്‍റെ പപ്പയെയും അമ്മയെയും ആയിരുന്നു. അപ്പോഴും അവന്‍റെ കണ്ണുകളില്‍നിന്നും കണ്ണുനീര്‍ തുള്ളി ഇറ്റു വീഴുന്നുണ്ടായിരുന്നു. പക്ഷെ ആത്മാവ് ദൈവത്തിലേക്ക് യാത്രയായിരിക്കുന്നു. അവന്‍ പോയി എന്ന സത്യം തിരിച്ചറിയാന്‍ വല്ലാത്ത പ്രയാസമായിരുന്നു. സങ്കടമല്ല, മറിച്ച്, ഒരു വലിയ ചോദ്യത്തിന്‍റെ മറുപടി കിട്ടിയ അനുഗ്രഹിക്കപ്പെട്ട നിമിഷങ്ങളായി  അദ്ദേഹത്തിന്‍റെ ഓര്‍മകളില്‍ ഉണ്ട്.
രണ്ടുപേരും ചേര്‍ന്നാണ് സമിതിനെ കുളിപ്പിച്ച് ഒരുക്കിയത്. ശേഷം അപ്പയും അമ്മയും ചേര്‍ന്ന് അവന്‍റെ ശരീരം താഴേക്ക് കൊണ്ടുവന്ന് വീട്ടില്‍ ഉണ്ടായിരുന്നവരോട് അവന്‍ ദൈവസന്നിധിയിലെത്തി എന്ന് പറഞ്ഞു. ഇയ്യോബിന്‍റെ 5 മക്കളും മരിച്ചു പോയ കഥയാണ് അപ്പോള്‍ അദ്ദേഹം ഓര്‍ത്തത്.
'ദൈവം കൈവിടില്ല'


വിചാരിക്കാത്ത സമയത്താണ് ദൈവത്തിന്‍റെ അനുഗ്രഹം വീണ്ടും അവരുടെ ജീവിതത്തിലേക്ക് വന്നെത്തിയത്. രണ്ടാമത് ഒരു മകന് കൂടി എല്‍സി ജന്മം നല്‍കി. അവന് സഹിത് എന്ന് പേരിട്ട ദമ്പതികള്‍ പിന്നീട് ജനിച്ച മകള്‍ക്ക് സമിന എന്നും പേരിട്ടു.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ദൈവത്തിന്‍റെ അനുഗ്രഹം വന്നു ചേരുന്നതേ ഉണ്ടായിരുന്നുള്ളൂ. ഷിജു ഏബ്രഹാം - എല്‍സി ദമ്പതികള്‍ക്ക് പിന്നീട് ജനിച്ചത് ഒരു മകനായിരുന്നു. അത്ഭുതം എന്തെന്നാല്‍ ആദ്യത്തെ മകന്‍റെ ജന്മ ദിവസമായിരുന്നു അവന്‍ ജനിച്ചത്. ഒരു മകനെ ദൈവം എടുത്തിട്ട് അടുത്ത മകനെ തന്നതുപോലെയാണ് ആ നിമിഷത്തില്‍ ഇരുവര്‍ക്കും തോന്നിയത്. അവന് എന്ത് പേരിടും എന്നായി പിന്നീടുള്ള ചിന്ത. ദൈവം തന്ന അനുഗ്രഹമല്ലേ ദൈവത്തോട് തന്നെ ഒടുവില്‍ അദ്ദേഹം ഒരു പേര് ചോദിച്ചു. ആദത്തിന്‍റെയും ഹൗവ്വയുടേയും ഒരു മകന്‍ മരിച്ച ശേഷം മൂന്നാമത് ഒരു മകന്‍ ജനിച്ചതാണ് ആ നിമിഷത്തില്‍ ഓര്‍മ്മ വന്നത്. ഒടുവില്‍ ആ പേര് തന്നെ അവര്‍ അവനെ വിളിച്ചു. സേത്ത്.
എല്ലാം ദൈവത്തില്‍ അര്‍പ്പിച്ച ജീവിതത്തില്‍ പിന്നീട് ഒരു മകന്‍ കൂടി ജനിച്ചു. ഷെയിന്‍.


ദൈവം ജീവിതത്തില്‍ പ്രവര്‍ത്തിച്ച നിമിഷങ്ങള്‍ 
മകന്‍റെ ചികിത്സാ കാലത്ത് വലിയ സാമ്പത്തിക പ്രയാസം ഉള്ള സമയമായിരുന്നു 6000 ഡോളര്‍ ഇയര്‍ ബില്‍ അടയ്ക്കുവാന്‍ ഉണ്ടായിരുന്നു. സത്യത്തില്‍ ആ വിഷയം ദൈവത്തില്‍ സമര്‍പ്പിച്ചു. ആ സമയത്ത് ചെറിയ ഒരു തീപിടുത്തം ഉണ്ടായി. വീട്ടില്‍ വലിയ ഡാമേജ് ഇല്ലാതിരുന്നിട്ടു കൂടി ഇന്‍ഷുറന്‍സ് തുക  മുഴുവനും കിട്ടി. സത്യത്തില്‍ ആ സമയത്ത് തീകൊണ്ട് ദൈവം ബ്ലസ് ചെയ്തു എന്ന് ഞാന്‍ കരുതുന്നു. മറ്റൊരു അനുഭവം ഒരു ബില്ലിന് വേണ്ടി 960 ഡോളര്‍ ചെക്ക് മെയില്‍ ചെയ്യുന്നു. അക്കൗണ്ടില്‍ കാശ് വരും എന്ന പ്രതീക്ഷയിലാണ് ചെക്ക് മെയില്‍ ചെയ്തത്. ജോലിക്ക് ചെന്ന് രണ്ടുദിവസം കഴിഞ്ഞപ്പോള്‍ 965 ഡോളറിന്‍റെ ഒരു സ്പെഷ്യല്‍  ബോണസ് ലഭിച്ചു. മനുഷ്യനില്‍ ആശ്രയിക്കാതെ ദൈവത്തില്‍ ആശ്രയിക്കുവാന്‍ തീരുമാനിച്ചത് അന്ന് മുതലാണ്. 


ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍  ജീവിതത്തിന്‍റെ ഭാഗമാകുമ്പോള്‍
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ജീവിതത്തിന്‍റെ ഭാഗമാക്കണമെന്നത് കുഞ്ഞുനാളിലെ ഉള്ള അദ്ദേഹത്തിന്‍റെ  ആഗ്രഹമായിരുന്നു. ജീവിതത്തില്‍ ഇപ്പോള്‍ അതിന് ധാരാളം സമയങ്ങളും സാമ്പത്തികവും അദ്ദേഹത്തെ തേടിയെത്താറുണ്ട്. 
നിരവധി വ്യക്തികളെ അദ്ദേഹം നേരിട്ടും അല്ലാതെയും സഹായിക്കാറുണ്ട്. ആരെയാണോ സഹായിക്കേണ്ടത് അവരെ നമ്മളിലേക്ക് കൊണ്ടുവരിക എന്നതാണ് തന്‍റെ പക്ഷമെന്ന് അദ്ദേഹം പറയുന്നു. കേരളത്തിലും മറ്റ് സ്ഥലങ്ങളിലുമുള്ള നേഴ്സിംഗ് വിദ്യാര്‍ത്ഥികള്‍, സ്നോയില്‍ അകപ്പെട്ട ചില കുടുംബങ്ങള്‍ ഒക്കെ ഷിജുവിന്‍റെ സഹായം ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു.
കാന്‍സര്‍, കിഡ്നി രോഗികള്‍ എന്നിവരെയും മറ്റു ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന സഹായം ആവശ്യമുള്ള മനുഷ്യരെയും അദ്ദേഹം ചേര്‍ത്ത് പിടിക്കാന്‍ ശ്രമിക്കാറുണ്ട്. മറ്റുള്ള പല സന്ദര്‍ഭങ്ങളിലും മരണവീടുകളില്‍ വേണ്ട സഹായങ്ങള്‍ ചെയ്യുന്നത് ഇപ്പോഴും തുടരുന്നു. വലംകൈ ചെയ്യുന്നത് ഇടംകൈ അറിയരുത് എന്ന ആശയവും, നന്ദി എന്ന വാക്ക് ഒരു സഹായങ്ങള്‍ക്കും പകരമായി സ്വീകരിക്കാതെ നന്ദി ദൈവത്തിനുള്ളതാണ്. ഠവമിസ ഥീൗ അല്ല ഠവമിസ ഥീൗ ഘീൃറ ആണ് യഥാര്‍ത്ഥത്തില്‍ അറിയിക്കുന്നതെന്നും വിശ്വസിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നു.


ഡാളസ് കേരളാ അസോസിയേഷന്‍ സെക്രട്ടറി പദവി മുതല്‍ നിരവധി പദവികള്‍ അദ്ദേഹം ഏറ്റെടുത്തിട്ടുണ്ട്. ഇന്ത്യന്‍ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്‍റര്‍ ഡാളസിന്‍റെ നിലവിലെ പ്രസിഡന്‍റാണ് ഷിജു ഏബ്രഹാം ഇപ്പോള്‍. 4 ഏക്കര്‍ സ്ഥലത്ത് 8000 സ്ക്വയര്‍ ഫീറ്റ് ബില്‍ഡിംഗ് കേരളാ അസ്സോസിയേഷന് സ്വന്തമായിട്ടുണ്ട്. 10000-ത്തോളം മലയാളം ബുക്കുകള്‍ ഉള്ള ലൈബ്രറി അടങ്ങുന്നതാണ് ഈ കെട്ടിടം. 200 പേര്‍ ചേര്‍ന്ന് വാങ്ങിയ ഒരു വലിയ സ്ഥാപനമാണിത്. ഇന്ത്യന്‍ സംസ്കാരം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പ്രസ്ഥാനത്തിന്‍റെ പ്രധാന ലക്ഷ്യം. 2003 മുതല്‍ ഷിജു ഏബ്രഹാം  ഫിനാന്‍ഷ്യല്‍ സര്‍വീസ് രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഒന്നിന് വേണ്ടിയും ഒരു വ്യക്തിയേയും ക്യാന്‍വാസ് ചെയ്യാറില്ല എന്നതാണ് ഇദ്ദേഹത്തിന്‍റെ ഏറ്റവും വലിയ മേന്മ. 
ഡാളസ് സെന്‍റ് തോമസ് ക്നാനായ പള്ളിയില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഷിജു ഏബ്രഹാം  ഒപ്പമുണ്ട്. ജീവിതം തന്ന അവസരങ്ങളില്‍ മറ്റുള്ളവര്‍ക്ക് തണലാവുക എന്നത് ഏറെ വാഴ്ത്തപ്പെടേണ്ട ഒരു കാര്യമാണല്ലോ. എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് സെക്രട്ടറി തുടങ്ങി നിരവധി ആത്മീയ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുന്നുണ്ട്. ഫൊക്കാന, ഫോമ, വേള്‍ഡ് മലയാളി കൗണ്‍സില്‍, ഡാളസിലുള്ള മറ്റെല്ലാ സംഘടനകളുമായും  നല്ല ബന്ധം തന്നെയാണ് അദ്ദേഹം പുലര്‍ത്തുന്നത്.


കുടുംബമാണ് കടല്‍ 
കുടുംബത്തിന്‍റെ സപ്പോര്‍ട്ട് ദൈവത്തിന്‍റെ പിന്തുണ പോലെയാണെന്ന് ഷിജു ഏബ്രഹാം വിശ്വസിക്കുന്നു. ദൈവത്തെ മറന്ന് ഒന്നും ചെയ്യരുതെന്നാണ് ഭാര്യയോടും, മക്കളോടും  അദ്ദേഹം പറയുന്നത്. ദൈവഹിതമല്ലാത്ത ഒരു കാര്യവും അദ്ദേഹമോ  അദ്ദേഹത്തിന്‍റെ കുടുംബമോ ചെയ്യില്ല. 
വീട്ടില്‍ ഒരാള്‍ക്ക് ജോലി മതി എന്ന് തീരുമാനിച്ചത് കൊണ്ടാണ് ഭാര്യ ജോലിക്ക് പോകാതിരിക്കുന്നതെന്ന് ഷിജു ഏബ്രഹാം  പറയുന്നു. ചില ആഗ്രഹങ്ങളെ കുറച്ചാല്‍ ഭംഗിയായി കുടുംബത്തിന് മുന്നോട്ട് പോകാമെന്ന് തന്നെയാണ് അദ്ദേഹം ഇപ്പോഴും വിശ്വസിക്കുന്നത്.
സമാധാനമായി ജീവിക്കണം, സമാധാനം ഈശ്വരനിലൂടെ മാത്രമേ ലഭിക്കൂ. നമ്മുടെ ആത്മാവിനും സ്വത്വത്തിനും ഒന്നും സംഭവിക്കുന്നില്ല. ആത്മാവിന് ക്ഷതം ഏല്‍ക്കുന്നതാണ് വിഷമത്തിന് കാരണം. അതില്ലാതാക്കാന്‍ ഈശ്വരന്‍റെ അനുഗ്രഹം വേണം', ഷിജു ഏബ്രഹാം പറയുന്നു 


ജീവിതത്തെ കുറിച്ചുള്ള ഷിജു ഏബ്രഹാമിന്‍റെ കാഴ്ചപ്പാട് 

"ലോകത്തിൻ്റെ മോഹങ്ങൾ ഒന്നും തന്നെ ബാധിക്കുന്നില്ല. അതിന്റെ. ആമയുടെ ജീവിതം നോക്കു. പതുക്കെയാണ് നടപ്പ് - കാരണം പുറം തോടിൻ്റെ കനം.ഹെവി വെയിറ്റ്. ആമയ്ക്ക് ഷെൽ ആണ് ഏറ്റവും വലിയ സുരക്ഷ ഒരുക്കുന്നത്.അതിനുള്ളിലേക്ക് വലിഞ്ഞാൽ മറ്റൊന്നും അതിനെ ബാധിക്കുന്നില്ല -ദൈവത്തിൻ്റെ ഒരു ആവരണം നമുക്ക് ഉണ്ടായാൽ മറ്റൊന്നും പിന്നെ പ്രശ്നമല്ല"

ഈ വഴിത്താരയിൽ ഇതുവരെ പരിചയപ്പെട്ട മുഖങ്ങളിൽ നിന്ന് വ്യത്യസ്തനായ ഒരാളാണ് ഷിജു ഏബ്രഹാം. എല്ലാം ഈശ്വരനിൽ അർപ്പിച്ചുള്ള ജീവിതം. സന്തോഷങ്ങൾക്കും ദുഃഖങ്ങൾക്കും ചെറിയ അതിർവരമ്പുകൾ  കൊണ്ട് മനസ്സിനെ നിയന്ത്രിച്ചു ജീവിക്കാൻ കഴിയുന്ന വ്യക്തിത്വം . ഒന്നും പ്രതീക്ഷിക്കാതെയുള്ള സ്നേഹമാണ് ജീവിതത്തിൽ ഏറ്റവും മൂല്യവത്തായത് എന്ന് കരുതുന്ന മനുഷ്യ സ്നേഹി..

ഷിജു ഏബ്രഹാം ഡാളസുകാർക്ക് പ്രിയങ്കരനാകുന്നത് ഈ വിശേഷണങ്ങൾ കൊണ്ടാണ്. അദ്ദേഹത്തിൻ്റെ സഹായമോ സഹകരണമോ ലഭിക്കാത്ത പ്രാർത്ഥനാലയങ്ങളോ സംഘടനകളോ ഡാളസിൽ ചുരുക്കം. ഒരിക്കൽ പരിചയപ്പെട്ടവർ പിന്നീടൊരിക്കലും മറന്നു പോകാത്ത സുഹൃത്ത് .. 
ഈ യാത്രയിൽ ഇനിയും ദൈവം തുണയാവട്ടെ.. പ്രാർത്ഥനകൾ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.