സമൂഹം കൽപ്പിച്ചു നൽകിയ അതിരുകൾ താണ്ടി സ്വപ്നങ്ങളിലേക്ക് ചേക്കേറുന്ന പെൺപക്ഷികളുടെ കാലമാണിത്. തലയ്ക്കൽ നിന്നും വെട്ടി മാറ്റപ്പെട്ടിട്ടും ഉള്ളിലെവിടെയോ ഉറങ്ങിക്കിടന്നിരുന്ന പച്ചയെ പൂവാക്കാനുള്ള മോഹം കൊണ്ട് ഉണർത്തി സ്വയം വളർന്നു പന്തലിച്ച മരങ്ങളുടെ കാലം.
പുരുഷ കേന്ദ്രീകൃത സമൂഹത്തിൽ സ്ത്രീകൾ മുൻനിരയിലേക്ക് കടന്നു വരാനും, സ്വയം പ്രാപ്തി നേടാനും സജ്ജരാകുന്നത് പൊതുവെ കുറവായിരുന്ന ഒരു കാലഘട്ടം. അടങ്ങി ഒതുങ്ങി വീടകങ്ങളിൽ നിശബ്ദരാകുന്ന സ്ത്രീജനതയുടെ ഇരുട്ടിലേക്ക് വെളിച്ചമെന്നോണം കടന്നെത്തുന്ന ചില മനുഷ്യരുണ്ടായിരുന്നു. അവരാൽ സമൂഹത്തിന്റെ പൊതുനിരയിൽ എത്തുകയും തുടർന്ന് വരുന്നവർക്ക് മാതൃകയാവുകയും ചെയ്ത വ്യക്തികളിൽ ഒരാളാണ് രേവതി പിള്ള. ഫൊക്കാന വിമൻസ് ഫോറം ചെയർപേഴ്സൺ .
അവർ കൊണ്ട വെയിലിന്റെയും, അവർക്ക് തണുപ്പ് നൽകിയ മനുഷ്യരാകുന്ന മരങ്ങളുടെയും കഥയാണിത്.
കുഞ്ഞു ചിറകുകൾ മുളയ്ക്കുന്ന കാലം
സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യൻ പ്രസിഡന്റിന്റെ കൈയ്യിൽ നിന്നും താമ്രപത്രം ലഭിക്കുകയും ചെയ്ത കടയ്ക്കൽ പരമേശ്വരൻ പിള്ളയുടെ കൊച്ചുമകളും, സാഹിത്യകാരനും,ഗൾഫ് പ്രവാസിയുമായിരുന്ന പറക്കോട് അപ്പുക്കുട്ടൻ പിള്ളയുടേയും, കോമളത്തിന്റെയും മകളുമായ രേവതി പിള്ളയുടെ ജനനവും തുടർന്നുള്ള ജീവിതവും വായിച്ചറിയേണ്ടതും, പൊതുസമൂഹം പകർത്തി എഴുതേണ്ടതുമാണ്. അടൂരിലും തിരുവനന്തപുരത്തുമായി രേവതി പിള്ള പ്രാഥമിക വിദ്യാഭ്യാസം നേടുമ്പോൾ പത്താം ക്ലാസിൽ സ്‌കൂൾ ടോപ്പർ ആയിരുന്നു രേവതി.ചങ്ങനാശേരി അസംപ്‌ഷൻ കോളേജിൽ പ്രീഡിഗ്രിയും പൂർത്തിയാക്കി.thudarnnu തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ ഇലക്ടിക്കൽ എഞ്ചിനീയറിംഗിന് ചേർന്ന രേവതി തനിക്ക് വന്നു ചേർന്ന ഭാഗ്യത്തെ കാര്യക്ഷമമായി വിനിയോഗിക്കാൻ തന്നെ തീരുമാനിച്ചു . പഠനകാലം അതിഭംഗിയായി പൂർത്തിയാക്കിയ രേവതി എഞ്ചിനീയറിങ് പരീക്ഷ കഴിഞ്ഞ് നേരെ അച്ഛൻ്റെയും അമ്മയുടേയും അടുത്ത് അബുദാബിയിലേക്ക് പോയി. രേവതിയുടെ ജീവിതത്തിൽ പുതിയ ഉത്തരവാദിത്തങ്ങൾ ഉണ്ടാകുന്നതും, കുറേക്കൂടി ജീവിതം സാമൂഹ്യവൽക്കരിക്കപ്പെടുന്നതും ഈ യാത്രയ്ക്ക് ശേഷമാണ്.
അനുഭവങ്ങളുടെ അമേരിക്കൻ കാലം
അറേബ്യൻ മണ്ണിൽ എത്തിയതിനു ശേഷമാണ് രേവതിയുടെ വിവാഹം നടക്കുന്നത് . തുടർന്ന് ആ മാറ്റം അമേരിക്കയിലേക്ക് വരെ അവരെ കൂട്ടിക്കൊണ്ടുപോയി. എഞ്ചിനീയറിംഗിൻ്റെ മാസ്റ്റേഴ്സ് അമേരിക്കയിലാണ് രേവതിപിള്ള ചെയ്തത്. ഡേറ്റാ കമ്യൂണിക്കേഷൻസായിരുന്നു വിഷയം. യൂണിവേഴ്സിറ്റി ഓഫ് അലബാമയിൽ നിന്ന് അക്കാലത്ത് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥി രേവതിയായിരുന്നു.
വിവാഹം ജീവിതത്തിൽ പുതിയ ഉത്തരവാദിത്തങ്ങൾ നൽകിയതോടെ കുടുംബം എന്ന അനിവാര്യതയും അവരുടെ ജീവിതത്തിന്റെ വലിയ ഭാഗമായി.മാസ്റ്റേഴ്സ് ഗ്രാജുവേറ്റ് ചെയ്യുന്ന സമയത്ത് ആദ്യത്തെ മകളെ ഏഴ് മാസം ഗർഭാവസ്ഥയിൽ ആയിരുന്നു.ഗ്രാജുവേഷൻ കഴിയുന്നതിനു മുൻപേ ജോലിക്കു കയറി . മെയ് മാസം 11 നു ഗ്രാജുവേഷനും 23 നു മകൾ ജനിക്കുകയും ആയിരുന്നു . മക്കളെ വളർത്തുക, അവരെ നല്ല കുട്ടികളായി വളർത്തുക എന്നതായിരുന്നു ജോലി കൊണ്ടും ജീവിതം കൊണ്ടുമുള്ള രേവതിയുടെ ലക്ഷ്യം. എന്നാൽ അത്ഭുതപ്പെടുത്തിക്കൊണ്ട് അന്ന് ജോലി ചെയ്തിരുന്ന കമ്പനി രേവതി പിള്ളയ്ക്ക് വീട്ടിലിരുന്നുകൊണ്ട് തുടരാനുള്ള അവസരം നൽകി. ഒരു പക്ഷെ ആദ്യത്തെ വർക്ക് അറ്റ് ഹോം ആയിരുന്നു അതെന്ന് തന്നെ പറയാം. ആഴ്ചയിൽ നാല് ദിവസം വീട്ടിലിരുന്ന് ജോലി ചെയ്യാൻ രേവതിക്ക് അവസരം ലഭിച്ചു. ഡിജിറ്റൽ എക്യുപ്മെൻ്റ് കോർപ്പറേഷൻ വളരെ സപ്പോർട്ടീവ് ആയത് കൊണ്ട് തന്നെ രേവതി വീട്ടിലിരുന്ന് വർക്ക് ചെയ്യുമ്പോൾ മാക്സിമം എല്ലാ ജോലികളും ചെയ്തു തീർക്കാനും അവർക്ക് സാധിച്ചത് .യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയിസിൽ നിന്നും എം ബി എ സ്വന്തമാക്കിയതും ,കോർണൽ യൂണിവേഴ്സിറ്റിയിൽ നിന്നും എക്സിക്യൂട്ടീവ് ലീഡർഷിപ്പ് പ്രോഗ്രാം ചെയ്തതും രേവതി പിള്ളയുടെ ജീവിതവഴിയിലെ നേട്ടങ്ങളാണ് .
1993 ലാണ് ജീവിതത്തിലെ ഏറ്റവും വലിയ ദുഖത്തിലൂടെ രേവതി കടന്നു പോകേണ്ടി വന്നത്. എല്ലാമെല്ലാമായി കൂടെയുണ്ടായിരുന്ന അച്ഛന്റെ വേർപാട് കുടുംബത്തെയാകെ തളർത്തി. കുഞ്ഞുനാളിലെ തനിക്ക് അമ്മയുടെയും അച്ഛന്റെയും എല്ലാ സ്നേഹവായ്‌പ്പുകളും ലഭിച്ചത് കൊണ്ട് തന്നെ തന്റെ രണ്ട് മക്കൾക്കും തന്റെ കരുതൽ നൽകണം എന്ന വാശി രേവതിക്ക് ഉണ്ടായിരുന്നു.അതിപ്പോഴും എല്ലാ സ്നേഹത്തോടും തുടരുകയും ചെയ്യുന്നു എന്ന് രേവതി പിള്ളയുടെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു . 2008 ലാണ് രേവതിയുടെ ജീവിതത്തിൽ കാതലായ മാറ്റം സംഭവിക്കുന്നത്.ഏറ്റവും മികച്ച ഒരു കമ്പനിയുടെ എൻജിനീയറിങ് മാനേജ്‌മെന്റിലേക്കുള്ള മാറ്റം ജീവിതത്തിന്റെ മുന്നോട്ടുള്ള വളർച്ചയ്ക്ക് ആക്കം കൂട്ടി.പിന്നീട് ചീഫ് എഞ്ചിനീയറിംഗ് ഓഫീസറായിവരെ കരിയറിൽ വലിയ മാറ്റങ്ങൾ പ്രകടമാകാൻ തുടങ്ങി. സീനിയർ വൈസ് പ്രസിഡൻ്റ് തലത്തിൽ വരെ ആ കമ്പനിയിൽ തുടർ കാലങ്ങളിൽ വളരാൻ സാധിച്ചത് അവരുടെ മാനേജ്മെൻ്റ് വൈദഗ്ദ്ധ്യം ഒന്നു കൊണ്ട് മാത്രമാണ്.കൂടാതെ നിരവധി ഇൻഡസ്ട്രിയൽ പ്രബന്ധങ്ങളും,പേറ്റൻസുകളും രേവതി പിള്ളയ്ക്കുണ്ട് .
വേരുകൾക്കിടയിൽ നദികൾ ഒഴുകിയിരുന്ന കാലം
സ്കൂൾ കാലഘട്ടം മുതൽ സംഗീതം, നൃത്തം എന്നീ രംഗങ്ങളിൽ സജീവമായിരുന്നു രേവതി പിള്ള. അവ ജീവിതത്തിന്റെ ഒരു ഭാഗമാക്കാനും എന്നും അവർ ശ്രദ്ധിച്ചിരുന്നു. എഞ്ചിനീയറിംഗ് പഠനകാലത്ത് മെസ് ഡയറക്ടർ ആയി പ്രവർത്തിച്ചിരുന്നത് ഒരു വലിയ അനുഭവമായി ഇപ്പോഴും അവർ ഓർത്തെടുക്കുന്നുണ്ട്. ഒരു കോളേജിലെ കുട്ടികളുടെ മുഴുവൻ ഭക്ഷണകാര്യങ്ങളുടെ നിയന്ത്രണം ഭരണ രംഗ നൈപുണ്യത്തിന് വഴിയൊരുക്കുകയും ചെയ്തത് അങ്ങനെയാണ്. കോളേജിൽ ജോലി ചെയ്യുന്ന ജോലിക്കാരുടെ പ്രശ്നങ്ങളിൽ ഒക്കെ മീഡിയേറ്ററായി.പ്രത്യേകിച്ച് യൂണിയൻ ഇഷ്യൂസിൽ മീഡിയേറ്റർ ആയി പ്രവർത്തിക്കാൻ ലഭിച്ച അവസരങ്ങളും രേവതി പാഴാക്കിയില്ല. അവയെല്ലാം ജീവിതത്തിലെ വലിയ അനുഭവങ്ങളായി അവർ വിലയിരുത്തി. കുട്ടികൾക്ക് ഇഷ്ടമുള്ള ഭക്ഷണം വിളമ്പുവാൻ ശ്രമിച്ചത് വലിയ അംഗീകാരമായും രേവതി കണ്ടു.
അമേരിക്കയിൽ എത്തിയപ്പോഴാണ് ഇവയെല്ലാം ഗുണങ്ങളായി രേവതിയുടെ ജീവിതത്തിൽ പ്രതിഫലിച്ചത് . ഇളയ മകൾക്ക് മൂന്ന് വയസായത് മുതൽ ബോസ്റ്റണിലെ മലയാളി സംഘടനാ രംഗത്ത് രേവതി സജീവമായിത്തുടങ്ങി. കേരളാ അസോസിയേഷൻ ഓഫ് ന്യൂ ഇംഗ്ലണ്ടിലൂടെ എല്ലാ പ്രവർത്തനങ്ങൾക്കും ഒപ്പം കൂടി. ഇത് പൊതു പ്രവർത്തനം, കൂട്ടായ്മ തുടങ്ങിയ പാഠങ്ങൾ രേവതിയെ പഠിപ്പിച്ചു. ഓണം വിഷു ക്രിസ്തുമസ് ആഘോഷങ്ങൾക്ക് നൃത്താവതരണത്തിന് മുൻപിൽ രേവതി ഉണ്ടായിരുന്നു. ഈ പൂർണ്ണ പങ്കാളിത്തം ആർട്സ് ക്ലബ് സെക്രട്ടറി എന്ന സ്ഥാനത്തേക്ക് രേവതിയെ ഉയർത്തി. പിന്നീട് അസി. ജനറൽ സെക്രട്ടറിയായും ഈ മേഖലയിൽ രേവതി പ്രവർത്തിച്ചു. എന്നാൽ ഒരിക്കലും അധികാരത്തോട് അവർക്ക് താല്പര്യം തോന്നിയതേയില്ല. എല്ലാം ഒപ്പമുള്ളവരുടെ സന്തോഷത്തിന് വേണ്ടി എന്ന നിലപാടായിരുന്നു അവർക്കുണ്ടായിരുന്നത്.
നാഴികക്കല്ലുകൾ പിന്നിട്ട കാലം
ഓരോ മനുഷ്യരുടെ ജീവിതത്തിലും ഒരു നിർണായക വഴിതിരിവുണ്ടാകുമല്ലോ, തന്റെ അസോസിയേഷന്റെ പ്രസിഡന്റും സുഹൃത്തുമായിരുന്ന ,പ്രവർത്തനത്തിലൂടെ എപ്പോഴും ആക്ടീവായിരുന്ന എൽസി ആൻ്റിയാണ് അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനായ ഫൊക്കാനയ്ക്ക് രേവതി പിള്ളയെ പരിചയപ്പെടുത്തുന്നത് . 2020 - 22 കാലയളവിൽ ഫൊക്കാന വിമൻസ് ഫോറത്തിലേക്കാണ് രേവതിപിള്ളയുടെ കടന്നുവരവ് .അങ്ങനെ പ്രവർത്തനങ്ങളിലൂടെയുള്ള യാത്ര വിമൻസ് ഫോറം എക്സിക്യുട്ടീവ് കമ്മറ്റിയിൽ കൊണ്ടെത്തിച്ചു. തുടർന്ന് അന്നത്തെ പ്രസിഡൻ്റ് ആയിരുന്ന ജോർജി വർഗീസ്, ജനറൽ സെക്രട്ടറി സജിമോൻ ആൻ്റണി വിമൻസ് ഫോറം ചെയർപേഴ്സൺ കല ഷഹി എന്നിവരുമായി സംസാരിച്ച് നാഷണൽ കമ്മറ്റി മെമ്പർ ആവുകയും, ഫൊക്കാന വിമൻസ് ഫോറത്തിൽ പ്രവർത്തനം സജീവമാക്കുകയും ചെയ്തു.
ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു സംഘടനയുടെ ഭാഗമായപ്പോൾ പ്രധാനമായും അന്ന് ഫൊക്കാന നേതൃത്വത്തോട് ഒരു സ്ത്രീ എന്ന നിലയിൽ ഒരു സ്വാഭാവിക ചോദ്യം രേവതി പിള്ള ചോദിച്ചു. സംഘടനകളിൽ സ്ത്രീ സുരക്ഷ എന്നതായിരുന്നു അത്. അപ്പോൾ ജോർജി വർഗീസും സജിമോൻ ആൻ്റെണിയും അതിനായി ചില നിർദ്ദേശങ്ങൾ എഴുതി ഉണ്ടാക്കാമോ എന്ന് അവരോട് ചോദിച്ചു. അങ്ങനെ ആൻ്റി സെക്ഷ്വൽ ഹരാസ്മെൻ്റ് പോളിസി രേവതി എഴുതിയുണ്ടാക്കി. അമേരിക്കയിലെ എല്ലാ കമ്പനികൾക്കും ഇത്തരം പോളിസികൾ ഉണ്ട്. എല്ലാ സംഘടനകൾക്കും ഇത്തരം നയങ്ങൾ ഉണ്ടാകണം എന്നതാണ് നിയമം. സംഘടനകൾ നോൺ പ്രോഫിറ്റബിൾ ഓർഗനൈനേഷൻ ആയതിനാൽ വിഷയത്തിൽ ഒരു ഡ്രാഫ്റ്റ് ഉണ്ടാക്കുക എന്നത് വലിയ പ്രയാസമായിരുന്നു . എങ്കിലും അത് വളരെ ആധികാരികമായി ചെയ്യാൻ രേവതി പിള്ളയ്ക്ക് സാധിച്ചു. അമേരിക്കയിലെ വിമൻ എക്സിക്യു്ട്ടീവ് നെറ്റ്‌വർക്ക് ആയ "ചീഫിന്റെ" ബോസ്റ്റൺ ചാപ്റ്റർ ഫൗണ്ടർ കൂടിയായ രേവതി പിള്ള അവിടെയുള്ള നിരവധി നിയമജ്ഞരുടെ സഹായവും ഇക്കാര്യത്തിൽ തേടുകയുണ്ടായി. അവരുടെ സഹായം ലഭിച്ചതും പിന്നീട് അനുഗ്രഹമായി മാറി.
രേവതി പിള്ള എഴുതിയുണ്ടാക്കിയ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ഫൊക്കാന ഒരു എത്തിക്സ് കമ്മറ്റിക്ക് രൂപം കൊടുക്കുകയും അന്തരിച്ച ഫൊക്കാന മുൻ പ്രസിഡന്റ് മറിയാമ്മ പിള്ളയെ അതിൻ്റെ ചെയർ പേഴ്സൺ ആയി നിയമിക്കുകയും ചെയ്തു . സ്ത്രീകൾക്ക് വളരെ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കുവാനുള്ള ഒരു നയം ആദ്യമായി ഉണ്ടാക്കിയ പ്രവാസി സംഘടന ഫൊക്കാനയാണ്. ഈ കാര്യത്തിൽ ജോർജി വർഗീസ്, സജിമോൻ ആൻ്റണി എന്നിവർ രേവതിപിള്ളക്ക് നൽകിയ പിന്തുണ വളരെ വലുതാണ്. ഫൊക്കാന ഫ്ളോറിഡ കൺവൻഷനിൽ മോഹിനിയാട്ടം, മലയാളി മങ്ക കോർഡിനേഷൻ , വാഷിംഗ്ടൺ കൺവൻഷൻ സമയത്ത് റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനം എന്നിവ നിർവഹിക്കാൻ രേവതി പിള്ളയ്ക്ക് അവസരം ലഭിച്ചു. നേഴ്സിംഗ് സ്കോളർഷിപ്പ് ഫിനാൻഷ്യൽ ചെയർ ആയും പ്രവർത്തിച്ചു.ഫൊക്കാനയുടെ നിരവധി പ്രോഗ്രാമുകളുടെ എം സി ആയും പ്രവർത്തിച്ചു .
ഇനി ലക്ഷ്യം നിറവേറ്റുന്ന കാലം
ഫൊക്കാനയുടെ 2024 -2026 കാലയളവിലെ ചെയർപേഴ്സൺ ആയി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മുതൽ വലിയ പദ്ധതികൾക്കാണ് രേവതി പിള്ളയും ഫൊക്കാനയും തുടക്കമിടുന്നത് .പൊതുപ്രവർത്തനവും നിരവധി മനുഷ്യർക്കിടയിലെ ജീവിതവും സാധാരണക്കാർക്ക് ഉപകാരപ്രദമാകുന്ന നിരവധി പദ്ധതികൾ നടപ്പിലാക്കാൻ രേവതി പിള്ളയെ പ്രേരിപ്പിച്ചു. കേരളത്തിൽ ഇപ്പോൾ നൽകുന്ന ഫൊക്കാന നേഴ്സിംഗ് സ്കോളർഷിപ്പ് എല്ലാ ഉന്നത പഠനത്തിനും നൽകാനുള്ള തീരുമാനമായിരുന്നു അതിൽ ചരിത്രപ്രധാനമായത്. പ്രൊഫഷണൽ കോഴ്സുകൾക്കെല്ലാം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന എല്ലാ കുട്ടികൾക്കും സ്കോളർഷിപ്പ് നൽകാനും അവർ നടപടിയെടുത്തു.
അമേരിക്കയിൽ എച്ച് ഫോർ വിസയിലെത്തുന്നവർക്ക് ജോലി സഹായത്തിനും മറ്റുമായി ഒരു സെൽ പ്രവർത്തിക്കുക എന്നത് രേവതിയുടെ ജീവിത ലക്ഷ്യങ്ങളിൽ ഒന്നാണ് . കുഞ്ഞുങ്ങളെ വളർത്തുന്നതിനായി ബ്രേക്ക് എടുക്കുന്ന സ്ത്രീകൾക്ക് തുടർ ജോലി ലഭിക്കുന്നതിനും മറ്റും സഹായിക്കുവാൻ പദ്ധതി, നാട്ടിൽ നിന്നും ഇപ്പോൾ വരുന്ന ആളുകൾക്ക് അമേരിക്കൻ വിദ്യാഭ്യാസ രീതികൾ പരിചയപ്പെടുത്തുക,സ്ത്രീകൾക്ക് ഫൈനാൻസ് കൺട്രോൾ നടത്തുവാൻ പ്രാപ്തരാക്കുന്ന പദ്ധതി തുടങ്ങി നിരവധി പദ്ധതികൾ മനസിലുണ്ട് .
ഒരു സാധാരണ സ്ത്രീക്ക് പലപ്പോഴും ഫിനാൻസ് മാനേജ്മെൻ്റ് അറിയില്ല. രണ്ടാം ജെനറേഷനിലെ സ്ത്രീകൾക്ക് റിട്ടയർമെൻ്റ് പ്ലാനുകൾ അറിയില്ല, സാമ്പത്തികമായ പ്ലാനിംഗ് അറിയില്ല. പല സ്ത്രീകൾക്കും ഇത്തരം കാര്യങ്ങളിൽ എന്തു ചെയ്യണം എന്നറിയില്ല. അവരെ സ്വയംപര്യാപ്തരാക്കുക എന്നത് രേവതി പിള്ളയുടെ വനിതകൾക്കായുള്ള പദ്ധതിയിൽ ആദ്യത്തേതാണ് . ഫിനാൻഷ്യൽ ഡിപ്പൻഡൻസി ആണ് പല സ്ത്രീകളുടേയും പ്രശ്നം. ജോലി സാധ്യതകൾക്ക് പുതിയ കമ്പനികളെ ഒക്കെ സ്ത്രീകൾക്കായി പരിചയപ്പെടുത്തുക എന്നത് തന്റെ ദൗത്യമായിത്തന്നെ അവർ കരുതിപ്പോന്നു. കുറഞ്ഞത് ഒരു മില്യൻ മലയാളികൾ അമേരിക്കയിൽ ഉണ്ട്. അവർക്കായി നിരവധി പദ്ധതികളാണ് മനസിലുള്ളത് . രണ്ട് മാസം കൂടുമ്പോൾ പല സുപ്രധാന വിഷയങ്ങളിലും വെബിനാറുകൾ സംഘടിപ്പിക്കുകയും സ്ത്രീകളെ സജീവമായി നിർത്തുകയും ചെയ്യുമെന്ന് രേവതി പിള്ള പറഞ്ഞു.അതിനായി അവരെ രൂപപ്പെടുത്താനാണ് പ്രാഥമികമായി ഇപ്പോൾ ഫൊക്കാന വിമൻസ് ഫോറം ശ്രമിക്കുക .വിപുലമായ ഒരു കമ്മിറ്റി അതിനായി തയ്യാറായിക്കഴിഞ്ഞു.
ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനം ന്യൂയോർക്കിൽ നടന്നപ്പോൾ ഇൻഡസ്ട്രി ആൻഡ് ടെക്നോളജി ലീഡർ എന്ന ഗണത്തിൽ കേരളാ ഗവൺമെൻ്റിൻ്റെ ക്ഷണം സ്വീകരിച്ച് രേവതി പിള്ള പങ്കെടുക്കുകയും ബിസിനസ് രംഗത്തെപ്പറ്റിയും ലീഡർഷിപ്പിനെക്കുറിച്ചും സംസാരിക്കുകയുണ്ടായി. കേരളാ ഗവൺമെൻ്റിൻ്റെയും മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെയും ക്ഷണപ്രകാരം പങ്കെടുത്ത ചുരുക്കം ചില ബിസിനസ്സ് പ്രമുഖരിൽ ഒരാളായിരുന്നു രേവതി പിള്ള .
ഇവയൊന്നും കൂടാതെ തന്നെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഒരു വലിയ പദ്ധതിയും രേവതി പിള്ളയുടെ മനസിലുണ്ട്. വിഷൻ എയ്ഡ് എന്ന പ്രസ്ഥാനവുമായി സഹകരിച്ച് പൂർണ്ണമായും അന്ധരായ വിദ്യാർത്ഥികൾക്ക് കേരളത്തിലെ കണ്ണാശുപത്രികളുമായി സഹകരിച്ച് ഒരു പദ്ധതി അവർ തയാറാക്കിയിട്ടുണ്ട്. ആർട്ടിഫിഷൽ ഇൻ്റലിജൻസിൻ്റെ സഹായത്തോടെ ഈ പദ്ധതി നടപ്പിലാക്കിയാൽ നിരവധി അന്ധരായ കുഞ്ഞുകൾക്ക് വലിയ നേട്ടമാകും. ഇത് ചരിത്രത്തിൽ തന്നെ ഇടം പിടിക്കാൻ പോകുന്ന പദ്ധതിയായി മാറും. അന്ധരായ കുട്ടികൾക്ക് കമ്പ്യൂട്ടർ പഠനം നടത്തി ജോലി വരെ എത്തിച്ചു നൽകുന്ന പദ്ധതിയായി വിഷൻ എയ്ഡിനെ പ്രാഥമികമായി വിലയിരുത്താം. ഫൊക്കാന ഹെൽത്ത് കാർഡിൻ്റെ സഹായത്തോടെ ഇത് ചെയ്യാൻ സാധിക്കുമോ എന്നാണ് രേവതി പിള്ള ഇപ്പോൾ ശ്രമിക്കുന്നത് . 2010 മുതൽ വിഷൻ എയ്ഡുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. അതിൻ്റെ ഫണ്ട് റേസിംഗ് പരിപാടികളിലെല്ലാം കഴിഞ്ഞ കുറെ വര്ഷങ്ങളായി സജീവമാണ് രേവതി പിള്ള .ഭിന്നശേഷിക്കാരായ കുട്ടികളെ സംരക്ഷിക്കുന്ന ഷീബ അമീറിൻ്റെ സൊലസുമായി ചേർന്ന് വിമൻസ് ഫോറം ഒരു പദ്ധതി ആലോചിക്കുന്നുണ്ട്.ചുരുക്കത്തിൽ തന്റെ പ്രവർത്തന കാലയളവ് ഫൊക്കാനയ്ക്കും ഫൊക്കാന വിമൻസ് ഫോറത്തിനും ജീവകാരുണ്യ സാമൂഹ്യ പ്രവർത്തന രംഗത്ത് വലിയ മാറ്റങ്ങൾക്കായി പ്രവർത്തിക്കുകയാണ് രേവതി പിള്ള .ഈ പ്രവർത്തനങ്ങൾക്കൊപ്പം മന്ത്രയുടെ (മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ് ) ബോർഡ് മെമ്പർ ആയും പ്രവർത്തിക്കുന്നുണ്ട് .അങ്ങനെ മത സാംസ്കാരിക പ്രവർത്തക , സംഘടനാ പ്രവർത്തക , മികച്ച പ്രാസംഗിക , നർത്തകി , അവതാരിക , സംരംഭക തുടങ്ങി വിവിധ മേഖലകളിലെ സ്ത്രീകൾക്ക് രേവതി പിള്ളയുടെ വിജയം ഉജ്വല മാതൃകയായി മാറുന്നു.
സമൃദ്ധിയിലൂടെ
മാനേജ്‌മെന്റ് തലത്തിൽ നിന്ന് ഒരു ബിസിനസ് സംരംഭത്തിലേക്കും രേവതി പിള്ള ഇപ്പോൾ കടന്നുവന്നിട്ടുണ്ട് .സ്വന്തമായി ഒരു ബിസിനസ്സ് സംരംഭം .അടൂർ എൽ എൽ സി എന്ന ഒരു കമ്പനി അമേരിക്കയിൽ തുടങ്ങി ( വിശ്വാസ് ).സമൃദ്ധി എന്ന ഹെയർ ഓയിൽ അമേരിക്കയിൽ വിതരണം ചെയ്ത് കേശസംബന്ധമായ പ്രശ്നങ്ങൾ അലട്ടുന്നവരെ സഹായിക്കുവാൻ ഈ സംരംഭത്തെ പാകപ്പെടുത്തിയെടുക്കുന്നു . ഒരു വർഷമായി ഇത് ആളുകളിൽ എത്തിക്കുന്നുണ്ട്. തലമുടി പൊഴിഞ്ഞു പോവുന്ന പ്രശ്നങ്ങൾക്ക് ഈ ഓയിൽ ഉപയോഗിക്കാവുന്നതാണ്. മുടി വളരുന്നതിന് വേണ്ടി അമേരിക്കയിൽ ലഭ്യമാകുന്ന അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചാണ് ഈ ഓയിൽ നിർമ്മിക്കുന്നത്. റോസ്മേരി ഓയിൽ , അവക്കാഡോ ഓയിൽ, അംല ഓയിൽ, അലവേര ഓയിൽ എന്നിവ ഉപയോഗിച്ചാണ് ഈ ഹെയർ ഓയിൽ നിർമ്മിക്കുന്നത്. പരിപൂർണ്ണമായും പ്രകൃതിജന്യ ഓയിലാണ് സമൃദ്ധി. സ്ത്രീകൾക്കും പുരുഷൻമാർക്കും ഒരുപോലെ ഇത് ഉപയോഗിക്കാം. ഇതിനോടകം നിരവധി അഭിപ്രായങ്ങൾ വന്നു കഴിഞ്ഞ സമൃദ്ധി അമേരിക്ക മുഴുവൻ വ്യാപിപ്പിക്കണമെന്നാണ് രേവതി പിള്ളയുടെ പുതിയ ചിന്ത. അത് നടപ്പിലായാൽ നിരവധി പേരുടെ കേശ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും എന്ന ഉറപ്പ് അവർക്കുണ്ട്.പൂർണ്ണമായും സ്ത്രീകളാൽ നിയന്ത്രിക്കുന്ന കമ്പനി എന്ന പ്രത്യേകതയും വിശ്വാസിനുണ്ട് .(www.ourvishwas.com)
കുടുംബം തന്നെയാണ് മറ്റെല്ലാ സ്ത്രീകളെയും പോലെ രേവതി പിള്ളയുടെയും കരുത്ത്. സർക്കാരിൻ്റെ താമ്ര പത്രം ലഭിച്ച മുത്തച്ഛനും സാഹിത്യകാരനായ പിതാവും, നാട്ടിൽ ഇപ്പോൾ സജീവ സാമൂഹ്യ പ്രവർത്തകയുമായ അമ്മയുമാണ് രേവതി പിള്ളയുടെ ജീവിത മാർഗ്ഗ ദർശികൾ. ഒപ്പം എല്ലാ പിന്തുണയുമായി മക്കൾ നേഹ,നിഷ,തന്റെ സഹോദരങ്ങളായ ബാബുരാജ് ,ചിക്കുരാജ് എന്നിവരും ഒപ്പം ഉണ്ട് .എങ്ങനെ ഒരു സ്ത്രീ പ്രതിസന്ധികൾ തരണം ചെയ്ത് ഒരു പുരുഷ കേന്ദ്രീകൃത സമൂഹത്തിൽ മുന്നേറണം എന്നതിന്റെ അടയാളമാണ് രേവതി പിള്ള.അതിനു തുടക്കമിട്ടതും രേവതി പിള്ളയുടെ കുടുംബം ആയിരുന്നു എന്ന് പറയാം .രേവതി പിള്ളയുടെ അച്ഛന്റെ അമ്മൂമ്മ രണ്ടു തലമുറക്ക് അപ്പുറം സ്‌കൂൾ എച്ച് എം ആയി സേവനമനുഷ്ഠിച്ചിരുന്നു .സ്ത്രീകൾ ജോലിക്ക് വീടിനു പുറത്ത്‌പോകാത്ത ഒരു കാലത്ത് ഈ കുടുംബം അത്രത്തോളം വിശാലമായ കാഴ്ചപ്പാട് ഉണ്ടായിരുന്നതായി കഴിഞ്ഞ കാലവും തെളിയിക്കുന്നു .
കാലം അതിന്റെ കയ്യൊപ്പ് ഭൂമിയിൽ പതിപ്പിച്ചുകൊണ്ടേയിരിക്കുന്നു. മനുഷ്യൻ അവന്റെ ജീവിത ലക്ഷ്യങ്ങളും മനുഷ്യരിലും ഇടങ്ങളിലും പ്രവർത്തികളിലുമായി കോറിയിടുന്നു. രേവതി പിള്ള എന്ന സ്ത്രീ അവരുടെ ചരിത്രം എഴുതി തീർക്കുമ്പോൾ അവർക്കൊപ്പം ജ്വലിക്കുന്നുണ്ട് നിരവധി കരുത്തുള്ള സ്ത്രീകളുടെ ജീവിതവും.ഈ യാത്ര തുടരുക .രേവതി പിള്ളയുടെ സാമൂഹ്യ പ്രവർത്തനങ്ങൾ ഫൊക്കാനയ്ക്കും അമേരിക്കൻ മലയാളികൾക്കും കേരളത്തിനും ഒരു മുതൽക്കൂട്ടാകട്ടെ.പ്രാർത്ഥനകൾ .