ഒരു നാടിന്‍റെ നദി
ഒരു നദി ഒരാളുടേത് മാത്രമല്ല, അതിന്‍റെ ഉത്ഭവം മുതല്‍ക്ക്, അതൊഴുകിപ്പോകുന്ന ഓരോ ഇടങ്ങളും വരേക്ക് മനുഷ്യനും സസ്യ ജന്തു ജീവജാലങ്ങള്‍ക്കും അതില്‍ അവകാശമുണ്ട്. അത്തരത്തില്‍ അപരനെ താനായിക്കണ്ട് ജീവിക്കുന്ന നിരവധി മനുഷ്യരുമുണ്ട്. അതിലൊരാളാണ് തോമസ് മൊട്ടയ്ക്കല്‍. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്‍റ്. ന്യൂജേഴ്സി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടോമാര്‍ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പ് സി.ഇ.ഒ ആയ ഇദ്ദേഹം നിരവധി മനുഷ്യരെ, പ്രത്യേകിച്ച് മലയാളികളെ ജീവിതത്തിന്‍റെ നല്ല കരകളിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസം ഉണ്ടായിട്ടും അന്തസ്സായി ജോലിയോ വ്യവസായമോ ചെയ്യാന്‍ സാധിക്കാത്ത രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക വ്യവസ്ഥിതി നടമാടുന്ന നാട്ടില്‍ നിസ്സഹായരുടെ സഹായമായി അന്‍പതില്‍പരം വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ച ചിന്തകന്‍.
ഓരോ വിഷയത്തിലും തന്‍റേതായ കാഴ്ചപ്പാടും അതില്‍ ഉറച്ചുനിന്നുകൊണ്ട് പ്രവര്‍ത്തിക്കുവാനുള്ള ധൈര്യവുമുള്ള അപൂര്‍വം ചില മനുഷ്യരില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. മറ്റുള്ളവരെ സഹായിക്കാന്‍ കിട്ടുന്ന ഒരവസരവും അദ്ദേഹം നഷ്ടപ്പെടുത്താറില്ല. 'ഒരാളും സങ്കടപ്പെടരുത്' എന്ന ചിന്താഗതിക്കാരനാണ്ڔ തോമസ് മൊട്ടയ്ക്കല്‍. അത് അദ്ദേഹത്തിന്‍റെ ജീവിതം തന്നെ വിളിച്ചു പറയുന്നു. എല്ലാം വെട്ടിപ്പിടിക്കണം എന്ന ഒരു ചിന്തയും തോമസ് മൊട്ടയ്ക്കലിനില്ല. വിട്ടുകൊടുക്കാന്‍ കഴിയുന്നതെല്ലാം വിട്ടുകൊടുത്തു തന്നെ കടന്നുപോകുക. എല്ലാവര്‍ക്കും ഉപകാരപ്പെടുന്ന തരത്തില്‍ മാത്രം ജോലികള്‍ ചെയ്യുക എന്നതൊക്കെയാണ് അദ്ദേഹത്തിന്‍റെ ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാട്.
ഓരോ ദിവസവും ഒരാള്‍ക്കെങ്കിലും ജോലി കൊടുക്കാന്‍ സാധിച്ചാല്‍ നന്ന് എന്ന് ചിന്തിക്കുന്ന മനുഷ്യസ്നേഹി. എഞ്ചിനിയറിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നത് കൊണ്ട് തന്നെ അതേ മേഖലയില്‍ പഠിച്ചവരോട് പ്രത്യേക താല്പര്യം അദ്ദേഹം പുലര്‍ത്തുന്നു. മുന്‍ പരിചയം ഇല്ലെന്ന് പറഞ്ഞ് പല ഉദ്യോഗാര്‍ത്ഥികളെ ജോലിക്ക് എടുക്കാത്ത കമ്പനികള്‍ക്ക് മുന്‍പില്‍ എക്സ്പീരിയന്‍സ് ഇല്ലാത്തവരെ പരിശീലിപ്പിച്ചുകൊണ്ടുതന്നെയാണ് തോമസ് ലോകത്തിന് മാതൃകയാകുന്നതും, കുത്തക മുതലാളിമാര്‍ക്ക് മറുപടിയാകുന്നതും. ആരെങ്കിലും ഒക്കെ ജോലി ചെയ്യാന്‍ അവസരം നല്‍കിയെങ്കിലല്ലേ മുന്‍പരിചയം ഉണ്ടാകൂ എന്ന് അദ്ദേഹം ചിന്തിക്കുന്നു..
കുടുംബം, ആഗ്രഹങ്ങളുടെ ഒരു പറുദീസ
പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുളയിലെ ഒരു ഇടത്തരം കുടുംബമായ മൊട്ടയ്ക്കല്‍ കുടുംബത്തിലാണ് തോമസ് ജനിച്ചത്. പിതാവ് എം.ജി. ജോര്‍ജ്, മാതാവ് സാറാമ്മ ജോര്‍ജ്. ഒന്നാം ക്ലാസ് മുതല്‍ അഞ്ചുവരെ കോട്ടയ്ക്കകത്ത് എസ്. എന്‍. ഡി. പി. സ്കൂളിലും, ഹൈസ്കൂള്‍ വിദ്യാഭ്യാസം ഇടയാറന്മുള എ.എം.എം.എച്ച്. എസിലും പഠനം. തുടര്‍ന്ന് പന്തളം പോളിടെക്നിക്കില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ സംസ്ഥാനത്തെ ഒന്നാം റാങ്കോടെ തോമസ് പാസാകുമ്പോള്‍ തന്‍റെ സ്ഥിരോത്സാഹത്തിനുള്ള സമ്മാനം കൂടിയായി കാലം ആ വിജയത്തെ ചേര്‍ത്തുവെച്ചു. റേഷന്‍കട ഉടമയായിരുന്ന പിതാവിന്‍റെ കണക്കും മറ്റും ചെറുപ്പം മുതലേ കൈകാര്യം ചെയ്ത് പരിചയമുള്ള തോമസിന്‍റെ മനസ്സില്‍ പഠനത്തോടൊപ്പം തന്നെ ബിസിനസ് ചെയ്യാനുള്ള ആഗ്രഹത്തിന്‍റെ വിത്തുകളും മുളച്ചു തുടങ്ങിയിരുന്നു. ജീവിതം അങ്ങനെയാണല്ലോ, ഏതെങ്കിലും ഒരു ഘട്ടത്തില്‍ അത് നമ്മള്‍ എത്തിപ്പെടേണ്ട മേഖലയെക്കുറിച്ചുള്ള ഒരു സൂചന തരും. തോമസിന്‍റെ ജീവിത യാത്രയില്‍ അത്തരത്തിലൊന്ന് പിതാവിന്‍റെ ആ റേഷന്‍ കടയായിരുന്നു.
അനുഭവങ്ങളുടെ ഒരു നീണ്ട പറുദീസ തന്നെ തോമസിന്‍റെ ജീവിതത്തില്‍ ഉണ്ടായിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് ഇന്ത്യയുടെ വായുസേന ആയിരുന്നു. പോസ്റ്റ് ആന്‍ഡ് ടെലിഗ്രാഫില്‍ ജോലി കിട്ടിയെങ്കിലും അതു വേണ്ടന്നു വച്ച്, 1971 ഡിസംബറില്‍ പാകിസ്താനുമായുള്ള യുദ്ധാനന്തരം വായുസേനയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് 1972 മുതല്‍ 11 വര്‍ഷത്തോളം ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ ഹെവി ട്രാന്‍സ്പോര്‍ട്ട് അന്‍റോനോവ് വിമാനങ്ങള്‍ പരിപാലിക്കാനുള്ള അവസരം ലഭിച്ചു. തുടര്‍ന്ന് അവിടെ നിന്നും ആഫ്രിക്കയിലേക്കായിരുന്നു തോമസ് സഞ്ചരിച്ചത്. 11 വര്‍ഷകാലം ആഫ്രിക്കയില്‍ സേവനമനുഷ്ഠിച്ച അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച രാജ്യത്തുനിന്നും, ഏറ്റവും ദരിദ്ര രാജ്യത്തുനിന്നും തനിക്ക് വേണ്ട അനുഭവങ്ങള്‍ സ്വീകരിച്ചു. ആഫ്രിക്കയിലെ 11 വര്‍ഷക്കാലത്തെ ജീവിതമായിരുന്നു തോമസിനെ പുതിയൊരു വഴിത്തിരിവിലേക്ക് കൊണ്ടെത്തിച്ചത്.
അമേരിക്ക തന്ന അനുഭവ സമ്പത്ത്
1995 ലാണ് ഒരു സുഹൃത്തിന്‍റെ അതിഥി ആയി തോമസ് യു. എസിലേക്ക് സന്ദര്‍ശക വിസയില്‍ എത്തുന്നത്. അതുവരെ കണ്ട ജീവിതമേ ആയിരുന്നില്ല പിന്നീട്. അടിമുടി ദിനംപ്രതി അത് മാറിക്കൊണ്ടേയിരുന്നു. പ്രായം കൂടുന്തോറും ജീവിതത്തിന്‍റെ ഉയര്‍ച്ചകളും കൂടിക്കൂടി വന്നു. മൂന്ന് വര്‍ഷം അമേരിക്കയുടെ ഭൂപ്രകൃതിയില്‍ ഒരു സാധാരണ മനുഷ്യന്‍ മാത്രം ആയിരുന്നു തോമസ്. 1998ല്‍ തന്‍റെ ജീവിതത്തിലെ പുതിയൊരു ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ചു. 1998-ലാണ് തോമസ് ടോമര്‍ കണ്‍സ്ട്രക്ഷന്‍ ആരംഭിക്കുന്നത്. വ്യക്തിജീവിതത്തിന്‍റെ വളര്‍ച്ചയ്ക്കൊപ്പം രാജ്യത്തിന്‍റെ തന്നെ വളര്‍ച്ചയ്ക്കും സഹായകമായി മാറിയ ടോമര്‍ വളരെ പെട്ടെന്നാണ് വളര്‍ച്ചയുടെ പുത്തന്‍ ഇടങ്ങളിലേക്ക് പടര്‍ന്നത്.
തോമസിന് വെറുമൊരു കമ്പനി മാത്രമായിരുന്നില്ല ടോമര്‍. തന്‍റെ ചുറ്റുമുള്ള മനുഷ്യര്‍ക്ക് രക്ഷപ്പെടാന്‍ ഇട്ടുകൊടുക്കേണ്ട ഒരു കച്ചിതുരമ്പ് കൂടിയായിരുന്നു. ജോലിക്ക് വേണ്ടി അലഞ്ഞുതിരിഞ്ഞ് നടന്നിരുന്ന സ്വന്തം നാട്ടിലെ മനുഷ്യരെ ചേര്‍ത്തുനിര്‍ത്താനുള്ള ഒരു കൂര തന്നെയായിരുന്നു. നിരവധി തൊഴിലവസരങ്ങള്‍ക്ക് ടോമര്‍ വഴി തുറന്നപ്പോള്‍ അത് കൂടുതല്‍ ഗുണകരമായത് മലയാളികള്‍ക്ക് തന്നെയാണ്. കമ്പനിക്കു നേതൃത്വം കൊടുക്കുന്നത് 95% മലയാളികള്‍ ആണെന്നത് തന്നെയാണ് ലോക ഭൂപടത്തില്‍ ടോമറിനെ വ്യത്യസ്തമാക്കുന്നത്. എന്‍ജിനീയറിംഗില്‍ ഉന്നത വിദ്യാഭ്യാസത്തിന് അമേരിക്കയില്‍ വരുന്ന പല മലയാളികളുടെയും ആശ്രയം തന്നെ ടോമര്‍ ഗ്രൂപ്പ് ആണ്. പ്രതിസന്ധികള്‍ ഏറെയുണ്ടായിരുന്നെങ്കിലും കമ്പനിയെ തോമസും സഹ നടത്തിപ്പുകാരും വളര്‍ച്ചയിലേക്ക് കൈ പിടിച്ചു നടത്തി.
ന്യൂജേഴ്സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടോമര്‍ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പ് അടിസ്ഥാന സൗകര്യങ്ങള്‍, ജലം, മലിനജല പ്ലാന്‍റുകള്‍, പവര്‍ പ്ലാന്‍റുകള്‍, പവര്‍ സ്റ്റേഷനുകള്‍, ബ്രിഡ്ജ് കം റെഗുലേറ്ററുകള്‍, എക്സിബിഷന്‍ പവലിയനുകള്‍, എഞ്ചിനീയറിംഗ് ഡിസൈന്‍, വ്യാവസായിക നിയന്ത്രണങ്ങള്‍, ഓട്ടോമേഷന്‍, ഇന്‍സ്ട്രുമെന്‍റേഷന്‍, ഡാറ്റ സംവിധാനങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. അമേരിക്കയിലും യുഎഇയിലും ഇന്ത്യയിലും ശ്രദ്ധേയ സാന്നിധ്യമായി ടോമര്‍ മാറിയതിന് പിന്നില്‍ ഒരു പത്തനംതിട്ടക്കാരന്‍ മലയാളിയുടെ കൈകള്‍ ഉണ്ട് എന്നുള്ളത് ഏറെ അഭിമാനത്തോടെ നമ്മള്‍ നോക്കിക്കാണേണ്ട ഒന്നാണ്. പിതാവിന്‍റെ റേഷന്‍ കടയില്‍ നിന്നും തോമസ് വളര്‍ന്നത് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഒരു കമ്പനിയുടെ സ്ഥാപകനായിട്ടാണ്.
ടോമാര്‍ ഗ്രൂപ്പ് എന്ന ഗെയിം ചെയ്ഞ്ചര്‍
തോമസിന്‍റെ വളര്‍ച്ചയെക്കുറിച്ച് പറയുമ്പോള്‍ ഏറ്റവും അധികം എടുത്തു പറയേണ്ട ഒന്ന് ടോമാര്‍ എന്ന കമ്പനി തന്നെയാണ്. ജീവിതത്തിനു മുന്‍പില്‍ അനന്തസാധ്യതകള്‍ തുറന്നിടുകയാണ് ടോമര്‍ ആദ്യം ചെയ്തത്. താന്‍ മനസ്സില്‍ കുറിച്ചിട്ടതുപോലെ മറ്റുള്ളവര്‍ക്ക് നന്മ ചെയ്യാനുള്ള ഒരു അവസരവും, വിദേശത്തുനിന്നും സ്വന്തം നാടിനേ സേവിക്കാനുള്ള വഴിയും, ലോകത്തെ മികച്ച സംരംഭകരില്‍ ഒരാളായി മാറാനുള്ള കരുത്തും തോമസിന് നല്‍കിയത് ടോമാറാണ്.ڔ നിരവധി പ്രവര്‍ത്തനങ്ങള്‍ അമേരിക്കയിലും കേരളത്തിലെ തന്നെ വിവിധ ഭാഗങ്ങളിലും ടോമര്‍ ചെയ്തിട്ടുണ്ട്. ടോമര്‍ പ്രധാന പങ്കാളിയായ മേരിമാതാ കണ്‍സ്ട്രക്ഷനുമായി ചേര്‍ന്നാണ് വേമ്പനാട് കായല്‍ പ്രദേശത്തെ മത്സ്യത്തൊഴിലാളി സമൂഹത്തിന്‍റെ സ്വപ്നമായിരുന്ന തണ്ണീര്‍മുക്കം ബണ്ടിന്‍റെ മൂന്നാംഘട്ട നിര്‍മാണം പൂര്‍ത്തിയാക്കിയത്. അതോടൊപ്പം തന്നെ പ്രതിദിനം 5 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള മലിനജല ശുദ്ധീകരണ പ്ലാന്‍റിന്‍റെ നിര്‍മ്മാണം കൊച്ചിയിലും പൂര്‍ത്തിയാക്കി.2013 മുതല്‍ ദുബായിലെ ഗ്ലോബല്‍ വില്ലേജില്‍ പ്രദര്‍ശന പവലിയനുകള്‍ രൂപകല്‍പന ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്തത് ടോമാറിന്‍റെ കരിയറിലെ പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഒന്നായിരുന്നു.
അമേരിക്കയ്ക്കുമപ്പുറം വളര്‍ന്നു പന്തലിച്ച ടോമര്‍ എന്നും കേരളത്തിന്‍റെ അഭിമാനം തന്നെയാണ്. ഇത്തരം സംരംഭകരെ നമ്മുടെ രാജ്യവും ജനങ്ങളും ആദരിക്കേണ്ടതുണ്ട്.
ടോമാര്‍ എന്ന തോമസിന്‍റെ ഭൂമി
ടോമാര്‍ കണ്‍സ്ട്രക്ഷന്‍ വിദേശ കമ്പനിയാണെന്നും വിദേശികള്‍ക്ക് കരാര്‍ നല്‍കാനാവില്ലെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ചിലര്‍ കേസ് നല്‍കിയിരുന്നു, പക്ഷേ കേരളത്തില്‍ നിന്നും അമേരിക്കയിലെത്തി വിജയം നേടിയ ഒരു വ്യക്തി ജന്മനാടിനായി ചെയ്യുന്ന കാര്യങ്ങളില്‍ എന്തു വിദേശബന്ധമാണ് ആരോപിക്കാനുള്ളതെന്ന് വിലയിരുത്തി കോടതി തന്നെ കേസ് തള്ളുകയായിരുന്നു.
നാട്ടിലെ പല കമ്പനികളും ടോമാറിനെതിരെ ലോബിയിംഗ് നടത്തിയെങ്കിലും ഫലം കണ്ടില്ല. കോര്‍പ്പറേറ്റ് രൂപമൊന്നുമില്ലെങ്കിലും അമേരിക്കന്‍ മലയാളികള്‍ക്ക് പിന്തുണയുമായി നില്‍ക്കുന്നത്. ഇവിടുത്തെ മാധ്യമങ്ങള്‍ തന്നെയാണ് എന്ന് വ്യക്തമാക്കുന്ന ഒന്നായിരുന്നു ടോമാറിന്‍റെ ഈ വിജയം. സാങ്കേതികവിദ്യ ഏറെ ആവശ്യമുളള ജോലികളാണ് ടോമര്‍ ഏറ്റെടുക്കുന്നത്. അതുകൊണ്ടു തന്നെ യൂറോപ്യന്‍ വംശജരുടെ കമ്പനികളുമായാണ് കമ്പനിക്ക് കൂടുതല്‍ മത്സരം. പലപ്പോഴും ടെന്‍ഡര്‍ നല്‍കുന്നവരില്‍ ടോമര്‍ മാത്രമാകും ഇന്ത്യക്കാര്‍. നൂറിലേറെപ്പേര്‍ ഇവിടെ ജോലിക്കാരായുണ്ട്. ഇതിനു പുറമെ കൊച്ചി ആസ്ഥാനമായും ഓഫിസുണ്ട്.
മുണ്ടന്‍വേലയില്‍ 30 കോടി രൂപയുടെ മലിനജല ശുദ്ധീകരണ പദ്ധതി നിര്‍മാണ മധ്യേ അനാവശ്യമായ രാഷ്ട്രീയ ഇടപെടല്‍ കാരണം നിര്‍ത്തേണ്ടതായി വന്നു. എക്സ്പീരിയന്‍സ് ഇല്ലാത്ത എന്‍ജിനീയര്‍മാരെ സഹായിക്കാനായി ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷന്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ മേഖലകളില്‍ ട്രെയിനിംഗ് കം എക്സ്പീരിയന്‍സ് പ്രോഗ്രാം ടോമറിന്‍റെതായി കൊച്ചിയില്‍ നടക്കുന്നുണ്ട്. മാതൃവിദ്യാലയമായ എന്‍. എസ്. എസ് പോളിടെക്നികുമായി സഹകരിച്ച പാലിയേറ്റീവ് കെയര്‍ യൂണിറ്റിനും ടോമാര്‍ നേതൃത്വം കൊടുക്കുന്നു.
തിരക്കിനിടയിലും വിട്ടുപോകാത്ത നന്മകള്‍
കമ്പനിയുടെ തിരക്കിനിടയിലും മറ്റും ചെങ്ങന്നൂരിലെ പ്രൊവിഡന്‍സ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളുമായി ഭാവിയെ പറ്റി ആശയ
വിനിമയം നടത്താനും തോമസ് സമയം കണ്ടെത്താറുണ്ട്. അതൊരു മികച്ച അനുഭവമായി അദ്ദേഹം കാണുന്നു. പുതുതലമുറയുടെ പുത്തന്‍ ആശയങ്ങള്‍ കേള്‍ക്കുന്നതും അത് നടപ്പിലാക്കാന്‍ ശ്രമിക്കുന്നതും ഒരു തരത്തില്‍ തന്നെ തന്നെ പുതുക്കാനുള്ള വിദ്യയായി തോമസ് ഉപയോഗപ്പെടുത്തുന്നു. അവിടെ നിന്നും പഠിച്ചിറങ്ങിയ ഒരു വിദ്യാര്‍ത്ഥിയെ തന്‍റെ കമ്പനിയുടെ ഭാഗമാക്കി ജീവിതത്തിലേക്ക് കൈപിടിക്കുകയാണ് തോമസ് മൊട്ടയ്ക്കല്‍. ദുബായ് കേന്ദ്രമായും ടോമാര്‍ എന്ന കമ്പനി പ്രവര്‍ത്തിക്കുന്നുണ്ട്. ഗ്ലോബല്‍ വില്ലേജിലെ ടോമറിന്‍റെ നിര്‍മ്മാണങ്ങള്‍ ശ്രദ്ധേയമാണ്. 2013 മുതല്‍ ദുബായിലെ ഗ്ലോബല്‍ വില്ലേജില്‍ പ്രദര്‍ശന പവലിയനുകള്‍ രൂപകല്‍പന ചെയ്യുകയും നിര്‍മ്മിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്ത ഏക മലയാളി കമ്പനി ടോമാര്‍ ആണ് എന്നത് എടുത്തുപറയാവുന്ന നേട്ടങ്ങളില്‍ ഒന്നാണ്.
ആത്മാര്‍ത്ഥതയും അര്‍പ്പണബോധവുമുളള മലയാളി പ്രൊഫഷണലുകള്‍ ആണ് തന്‍റെ മുതല്‍ക്കൂട്ടെന്ന് തോമസ് വിശ്വസിക്കുന്നു. തൊഴില്‍ ദാതാവും തൊഴിലാളിയും ഒരേ നാണയത്തിന്‍റെ രണ്ടുവശങ്ങളാണെന്നും അവര്‍ പരസ്പരം സ്നേഹിച്ചും വിശ്വസിച്ചും കരുതിയും പ്രവര്‍ത്തിച്ച് വിജയം കൊയ്യുന്നതിന്‍റെ ഉത്തമ ഉദാഹരണമാണെന്നും ടോമാര്‍ ഗ്രൂപ്പ് കമ്പനികളും അതിന്‍റെ ആഗോള പ്രവര്‍ത്തനങ്ങളും തെളിയിക്കുന്നു. അമേരിക്കയിലും മറ്റ് രാജ്യങ്ങളിലും നിരവധി മലയാളികളേ പ്രവര്‍ത്തന പങ്കാളികളാക്കി സമൂഹത്തെ സേവിക്കുന്നതില്‍ തോമസ് എന്ന മനുഷ്യന്‍ അഭിമാനിക്കുന്നു. അമേരിക്കയില്‍ ഏറ്റവുമധികം മലയാളി എഞ്ചിനിയര്‍മാര്‍ ജോലി ചെയ്യുന്നത് തോമസിന്‍റെ കമ്പനിയിലാണ്.
മഹാമാരിക്കാലം
കോവിഡ് കാലത്തെ കുറിച്ചും അതിന്‍റെ സംഹാര താണ്ഡവത്തെ കുറിച്ചും, അമേരിക്കയില്‍ അത് ബാധിച്ച രീതിയെ കുറിച്ചും അതിന്‍റെ ആശങ്കകളും അമേരിക്കന്‍ പ്രസിഡന്‍റിനെ അറിയിച്ച ഒരാള്‍ കൂടി ആയിരുന്നു തോമസ്. അതെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെ... '2021 ഏപ്രില്‍ നാട്ടില്‍ വച്ച് വാക്സിന്‍ എടുത്തെങ്കിലും ജൂണ്‍ മാസത്തില്‍ കോവിഡ് ബാധിച്ചു. നാട്ടില്‍ നല്ല പരിരക്ഷണം ലഭിച്ചു.
കോവിഡ് യൂറോപ്പില്‍ മരണം വിതയ്ക്കുമ്പോള്‍ 2020 മാര്‍ച്ച് ഏഴിന് പ്രസിഡന്‍റ് ട്രംപിനെ കാണുകയുണ്ടായി. കോവിഡ് വിഷയത്തില്‍ ഉള്ള അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടില്‍ നിരാശ അന്നു തോന്നിയിരുന്നു. ഫലമോ, കോവിഡ് അമേരിക്കയില്‍ സംഹാരതാണ്ഡവമാടി. ഇതിനിടെ സഹപ്രവര്‍ത്തകരില്‍ പലര്‍ക്കും കോവിഡ് ബാധിക്കുകയും, ലോകം അവസാനിക്കാന്‍ പോകുന്നു എന്ന തോന്നലുണ്ടാക്കുകയും ചെയ്തു. ശ്വാസ തടസ്സം കാരണം രാത്രി എഴുന്നേറ്റിരുന്നു കരഞ്ഞ കാര്യം ചില സഹപ്രവര്‍ത്തകര്‍ പറഞ്ഞിട്ടുണ്ട്. അമേരിക്കയില്‍ മരണം വ്യാപകമായപ്പോള്‍ നാട്ടില്‍ നിന്നുള്ള പ്രതികരണങ്ങള്‍ ഹൃദയഭേദകമായിരുന്നു. നിങ്ങളെ പുച്ഛമാണെന്ന് പറഞ്ഞ് ഒരു ലഘുലേഖ വ്യാപകമായി പ്രചരിക്കുന്നുണ്ടായിരുന്നു. സൗഭാഗ്യം തേടിപ്പോയ നിങ്ങള്‍ ഇന്ന് മരണവക്ത്രത്തിലാണെന്നും കേരളത്തില്‍ അത്തരം സ്ഥിതി ഇല്ലെന്നും ശൈലജ ടീച്ചര്‍ രക്ഷകയായുണ്ടെന്നുമൊക്കെയായിരുന്നു ലഘുലേഖ. വേള്‍ഡ് മലയാളി കൗണ്‍സിലിന്‍റെ പേരില്‍ ശക്തമായി അതിനെ പ്രതിരോധിക്കുകയുണ്ടായി. നാട്ടില്‍ ആവശ്യങ്ങള്‍ വരുമ്പോള്‍ അമേരിക്കയും, അമേരിക്കന്‍ മലയാളിയും വേണം. എന്നാല്‍ അവര്‍ക്കൊരു പ്രശ്നം വന്നപ്പോള്‍ പുച്ഛമായി. 9/11 കഴിഞ്ഞപ്പോഴും കുറെ മലയാളികള്‍ സന്തോഷിക്കുന്നത് കണ്ടു.
അമേരിക്കയെപ്പറ്റി ഞാന്‍ എന്നും അഭിമാനം കൊള്ളുന്നു. വിസിറ്റിംഗ് വിസയില്‍ വന്നിട്ടും ആര്‍ക്കും തനിക്കും തന്‍റെ ജനത്തിനും തൊഴിലും, വ്യവസായവും, സമ്പത്തും നേടാന്‍ അവസരമൊരുക്കിയത് ഈ രാജ്യമാണ്. ഇവിടെ പൗരത്വവും തന്നു. അതിനു തികച്ചും നന്ദിയുണ്ട്. ഈ രാജ്യം സത്യസന്ധമാണ്. കൈക്കൂലി മുക്തമാണ്. അച്ചടക്കവും, ക്രമസമാധാനവും, നിയമവാഴ്ചയും ഉണ്ട്ڔ എന്നാല്‍, കേരളം 'ദൈവത്തിന്‍റെ സ്വന്തം നാട്'ڔ ആണ്. എന്നു വച്ചാല്‍ 'എല്ലാവരും ദൈവങ്ങള്‍ ആണ്' പ്രത്യേകിച്ച് രാഷ്ട്രീയക്കാര്‍ എന്ന് സ്വയം പറയുന്ന അക്രമ, അരാജകത്വ വാദികള്‍ ആയ കുറെപേര്. ഏതൊരു സമൂഹത്തിനും രാഷ്ട്രനിര്‍മാണത്തിനും, പുനര്‍ നിര്‍മാണത്തിനും രാഷ്ട്രീയം അത്യന്താപേക്ഷിതമാണ്. അക്രമ രഹിതമായ, ആദര്‍ശ ധീരമായ, സമാധാനപരമായ, ആശയപരമായ നിലപാടുകള്‍ ഉള്ള, പ്രതിപക്ഷ ബഹുമാനമുള്ള, രാഷ്ട്രീയ തത്ത്വശാസ്ത്രം, സ്വകാര്യ മേഖല ഉള്‍പ്പെടെ എല്ലാ കലാലയങ്ങളിലും പഠിപ്പിക്കുവാന്‍ ഉള്ള ഇച്ഛാ ശക്തി സര്‍ക്കാരിന് ഉണ്ടാവണം. എന്നാല്‍ രാഷ്ട്രീയത്തിന്‍റെ പേരില്‍ കുട്ടികളേ അക്രമത്തിന് പ്രേരിപ്പിക്കുന്ന പ്രവണത ചില പാര്‍ട്ടികള്‍ കാട്ടുന്നത് രാജ്യദ്രോഹവും, ഭാവി തലമുറയോടുള്ള ക്രൂരതയും, രാജ്യത്തിന് നിലനില്പ് ഇല്ലാതാക്കുന്നതും ആണ്. നിര്‍ഭയമായി അക്രമത്തിന് പ്രേരിപ്പിക്കുന്ന അമിത ധൈര്യം ഉള്ള നേതാക്കളെ വാഴ്ത്തുന്നത് ജനം നിര്‍ത്തുകയും വേണം.
സാമൂഹ്യപ്രവര്‍ത്തനം, വേള്‍ഡ് മലയാളി
കൗണ്‍സില്‍ പ്രസിഡന്‍റ്
അമേരിക്കയിലെ എല്ലാ മലയാളി സംഘടനകളുമായും അടുത്ത ബന്ധമുള്ള തോമസ് മൊട്ടയ്ക്കലിന് ഒരു സംഘടനയുടെ നേതൃത്വ രംഗത്തേക്ക് വരുന്നതിനു വലിയ തടസങ്ങള്‍ ഒന്നുമില്ലായിരുന്നു. പക്ഷെ അദ്ദേഹം തന്‍റെ പ്രവര്‍ത്തന മേഖലയായി തെരഞ്ഞെടുത്തത് വേള്‍ഡ് മലയാളി കൗണ്‍സില്‍ ആണ്. ഇന്‍റര്‍ നാഷണല്‍ കണക്ടിവിറ്റി ഉള്ള ഒരു നെറ്റ്വര്‍ക്കില്‍ താല്പര്യം തോന്നിയതാണ് പ്രധാന കാരണം. വിവിധ രാജ്യങ്ങളില്‍ സഞ്ചരിച്ച് മലയാളികളെ കാണുവാനും, അവരുടെ പ്രശ്നങ്ങളും സാഹചര്യങ്ങളും പഠിക്കുവാനും ഉള്ള മനസും, സമയവും, സ്വന്തം പണവും അദ്ദേഹം കണ്ടെത്തുന്നു. അവര്‍ക്ക് ലോകത്തിന്‍റെ സാധ്യതകള്‍ തുറന്നുകൊടുക്കുവാന്‍ തനിക്കാവുന്നത് ചെയ്യുന്നു. അങ്ങനെയാണ് താന്‍ സംഘടനാ പ്രവര്‍ത്തനത്തെ കാണുന്നത്.
മലയാളി പ്രൊഫഷണലുകളുടെ ഉന്നതമായ കഴിവുകള്‍ ലോക ശ്രദ്ധയിലെത്തിക്കുക, അതിനായി വേദികള്‍ ഉണ്ടാക്കുക, അതിന്‍റെ ഭാഗമായി ജൂലൈ മാസത്തില്‍ ഒരു ഗ്ലോബല്‍ ബിസിനസ് കോണ്‍ക്ലേവ് ലണ്ടനില്‍ സംഘടിപ്പിക്കുന്നു. അവിടെ ചര്‍ച്ചകള്‍ക്ക് ശേഷം ഉടലെടുക്കുന്ന ആശയങ്ങള്‍ ആഗോള തലത്തില്‍ മലയാളിയുടെ വളര്‍ച്ചയ്ക്കായി പദ്ധതികള്‍ ആയി രൂപാന്തരപ്പെടുത്തും അതുപോലെ തന്നേ നമ്മുടെ വനിതകളുടെ ക്ഷേമത്തിനും വളര്‍ച്ചക്കുമായി നവംബര്‍ മാസത്തില്‍ മലേഷ്യയില്‍ അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പക്കുന്നു എന്നതും. ശ്ളാഘനീയമാണ്. എമിഗ്രെഷന്‍ പ്രശ്നങ്ങളില്‍ സഹായം, പ്രായമായവര്‍ക്കുള്ള സംരക്ഷണത്തിന്‍റെ ഭാഗമായി കേരളത്തില്‍ ആധുനിക രീതിയിലുള്ള കെയര്‍ ഹോംസ് നിര്‍മ്മാണ പ്രോജക്ട് തുടങ്ങി നിരവധി പ്രോജക്ടുകള്‍ മനസിലുള്ള തോമസ് മൊട്ടയ്ക്കലിന് ഇവ നടപ്പിലാക്കുന്നതിന് കേരളത്തിന്‍റെ പിന്തുണയാണ് വേണ്ടത്. കേരളത്തിലെ നോര്‍ക്കയും മറ്റും പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്.
ദൈവ വിശ്വാസിയായ കമ്മ്യൂണിസ്റ്റ്
'ദൈവചിന്തയ്ക്ക് സ്ഥാനമില്ലാത്ത രാഷ്ട്രീയ ചിന്തയോട് താല്പര്യമില്ലെന്നാണ്' തോമസ് മൊട്ടയ്ക്കലിന്‍റെ പക്ഷം.
ലോകത്ത് മുഴുവന്‍ നടപ്പിലാക്കാന്‍ സാധിച്ചിരുന്നെങ്കില്‍ മനോഹരമാകുന്ന ഒരാശയമാണ് കമ്മ്യൂണിസം. എല്ലാ മനുഷ്യര്‍ക്കും എല്ലാം ഒരുപോലെ ലഭിക്കുന്ന, എല്ലാവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്ന കമ്മ്യൂണിസത്തില്‍ തോമസും വിശ്വസിക്കുന്നു. എന്നാല്‍ ദൈവമില്ല എന്ന കമ്മ്യൂണിസ്റ്റ് ചിന്ത മാത്രം അദ്ദേഹം മാറ്റി വെക്കുന്നു. അതിന് തക്കതായ കാരണവുമുണ്ട്. ഈ പ്രപഞ്ചത്തെ നിലനിര്‍ത്തുന്ന ഒരു ശക്തിയില്‍ വിശ്വസിക്കേണ്ടത് പലപ്പോഴും മാനസികമായ നിലനില്‍പ്പിനു ആവശ്യമാണ്. കുന്നോളം പ്രശ്നങ്ങള്‍ കടന്നു വരുമ്പോള്‍ മനസുരുകി വിളിക്കാന്‍ മറുപ്പുറത്ത് ഒരാളുണ്ടാകുന്നത് അനിവാര്യമാണ്. അതുകൊണ്ട് തന്നെ ദൈവ വിശ്വാസിയായ കമ്മ്യൂണിസ്റ്റ് എന്ന് വിളിക്കപ്പെടാനാണ് തോമസ് എപ്പോഴും ഇഷ്ടപ്പെടുന്നത്.
ജീവിതത്തിന്‍റെ സകല ഉയര്‍ച്ച താഴ്ചകളിലും തോമസിനൊപ്പം മെഡിക്കല്‍ ടെക്നോളജിസ്റ്റായ ഭാര്യ മേരി തോമസും മക്കള്‍ ജോജി തോമസ്, ആഷിഷ് തോമസ്, മരുമക്കളായ ഡോ. ജസി തോമസ്, ടിന്‍റു തോമസ്. കൊച്ചുമക്കളായ സോഫി തോമസ്, സോയി തോമസ്, അഡോണിസ് തോമസ്, ടോമി തോമസും ഉണ്ട്. എല്ലാവരുടെയും പ്രാര്‍ത്ഥനകളിലും നന്മകളിലും തോമസ് മൊട്ടയ്ക്കല്‍ എന്ന മനുഷ്യനും അദ്ദേഹത്തിന്‍റെ പ്രസ്ഥാനങ്ങളും ഭംഗിയായി നിലനിന്നു പോകുന്നു.
ഈ ഭൂമിയില്‍ നാം വെറും അതിഥികള്‍ മാത്രം
ഒരു പക്ഷെ നാളത്തെ മരമായോ, ചെടികളായോ പുനര്‍ജനിച്ചേക്കാവുന്ന നമ്മള്‍ എന്തിന് വെട്ടിപ്പിടിക്കാന്‍ ഒരുങ്ങണം. ഒന്നുറപ്പുണ്ട് ചെയ്ത നന്മകള്‍ മരമാകുമ്പോള്‍ നമുക്ക് മഴയായും ചെടിയാകുമ്പോള്‍ നമുക്ക് പൂവായും കൂട്ടിരുന്നേക്കാം. തോമസ് മൊട്ടയ്ക്കല്‍ ധീരമായി യാത്ര തുടരട്ടെ... ആശംസകള്‍...