VAZHITHARAKAL

അറിവും ആത്മീയതയും- കേരളം മുതൽ അമേരിക്ക വരെ; ഡോ.ജോർജ് മാത്യു നടന്ന ചരിത്രവഴികൾ

Blog Image

ദൈവത്തിലൂന്നിയ ശാസ്ത്രത്തിന്‍റെ സത്യങ്ങള്‍, മനുഷ്യന് മുന്‍പേ ദൈവം എഴുതിവെച്ച നിയോഗങ്ങള്‍ ഇവ ഒരേ നാണയത്തിന്‍റെ രണ്ടു ഭാഗങ്ങളിലുമാക്കി അവതരിപ്പിക്കാം. അത്തരത്തില്‍ ശാസ്ത്രത്തിലൂന്നിയ വിശ്വാസ സംഹിതകളുടെ പുനര്‍വിചിന്തനമാണ് ഡോ ജോര്‍ജ് മാത്യുവിന്‍റെ ജീവിതവും സന്ദേശവും. അദ്ദേഹത്തിന്‍റെ കഥ അത് തെളിയിക്കുന്നു.


ജീവിതത്തിന്‍റെ കനല്‍ വഴികള്‍
റാന്നി പേരങ്ങാട്ട്  മുള്ളുംകാട്ടില്‍  കര്‍ഷകരായ എം.ടി. മാത്യുവിന്‍റെയും അന്നാമ്മ മാത്യുവിന്‍റെയും മകനായി 1956 മെയ് 26-നാണ് ജോര്‍ജ് മാത്യു ജനിക്കുന്നത്. ഊട്ടുപാറ എന്‍.എം.എല്‍.പി. സ്കൂളില്‍ നാലാം ക്ലാസ്, കരിയംപ്ലാവ് എന്‍.എം.എച്ച്.എസില്‍ പത്താം ക്ലാസ് വരെയും, പ്രീഡിഗ്രിയും ഡിഗ്രിയും (കെമിസ്ട്രി) റാന്നി സെന്‍റ് തോമസ് കോളേജിലും പഠനം. എം.എസ്.സിയും എം.ഫിലും ഉജ്ജയിന്‍ വിക്രം യൂണിവേഴ്സിറ്റിയില്‍ നിന്നും സ്വന്തമാക്കിയെങ്കിലും പതിമൂന്നാം വയസ്സില്‍ തന്നെ കര്‍ത്താവിനെ രക്ഷകനായി സ്വീകരിക്കുവാനും 1970 ഫെബ്രുവരി 15-ന് വിശ്വാസ സ്നാനം സ്വീകരിക്കുവാനും പരിശുദ്ധാത്മാവിന്‍റെ അഭിഷേകം പ്രാപിക്കുവാനും ജോര്‍ജ് മാത്യുവിന് കഴിഞ്ഞതാണ് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി അദ്ദേഹം കാണുന്നത്. കുടുംബം ആയിരുന്നു ജോര്‍ജ് മാത്യുവിന്‍റെ ജീവിതത്തിലെ ആദ്യത്തെ വിദ്യാലയം. ദൈവഭയമുള്ള മാതാവും പിതാവും പറഞ്ഞ നീതികളെയും നിയമങ്ങളെയും നെഞ്ചിലേറ്റിയാണ് അദ്ദേഹം  വളര്‍ന്നത്.
പെന്തെക്കോസ്തുകാര്‍ പൊതുവെ വിദ്യാലയങ്ങളില്‍ കുറവായിരുന്ന കാലഘട്ടമായിരുന്നു അത്. അപ്പോഴാണ് ജോര്‍ജ് മാത്യുവും പഠനരംഗത്തേക്ക് തിരിയുന്നത്. സഹപാഠികളുടെയും അധ്യാപകരുടെയും അപമാനവും നിന്ദയും പലപ്പോഴും ജോര്‍ജ് മാത്യുവിന് ചെറുപ്പത്തിലേ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. അത് പലപ്പോഴും തന്‍റെ പുസ്തകങ്ങളിലും പ്രഭാഷണങ്ങളിലും ഉള്‍ക്കൊള്ളിക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. തന്‍റെ പുസ്തകത്തില്‍ ഈ പ്രതിസന്ധിയെ തുറന്ന് കാണിക്കാന്‍ ജോര്‍ജ് മാത്യു തന്നെ എഴുതിയ ഒരധ്യായം ഉണ്ട്.


'മിഡില്‍ സ്കൂള്‍ ക്ലാസില്‍ പഠിക്കുമ്പോള്‍ അധ്യാപകന്‍ ക്ലാസിലെ പല വിഭാഗക്കാരെയും എഴുന്നേല്‍പ്പിച്ചു നിര്‍ത്തി. യാക്കോബായ, മാര്‍ത്തോമ്മാ, സിഎസ്ഐ, ബ്രദറണ്‍ ആദിയായ സഭാവിഭാഗങ്ങളിലുള്ളവരെ അങ്ങനെ പരിചയപ്പെട്ട ശേഷം ഇനിയും ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചിരുന്നു. ഉടനെ ഞാന്‍ എഴുന്നേറ്റ് പെന്തെക്കോസ്തുകാരനാണെന്ന് പറഞ്ഞു. ഉടനെ ആ അധ്യാപകന്‍ എങ്കില്‍ നീ കയ്യടിച്ചു പാട്ടുപാടൂ എന്ന് പറഞ്ഞു എന്നെ കളിയാക്കി. പക്ഷെ ദൈവവും കാലവും എന്‍റെ കണ്ണുനീര്‍ കണ്ടിരുന്നു. പത്താം  തരത്തില്‍ റിസള്‍ട്ട് വന്നപ്പോള്‍ അവരുടെ മുന്‍പാകെയെല്ലാം ഞാന്‍ തലയുയര്‍ത്തി നിന്നു': ജോര്‍ജ് മാത്യുവിന്‍റെ വിശ്വാസത്തിന്‍റെ കാല്‍ച്ചുവടുകള്‍ എന്ന പുസ്തകത്തില്‍ പറയുന്നു.
തന്നിലേക്ക് മാത്രം ചുരുങ്ങാതെ ദൈവത്തോടൊപ്പം ശാസ്ത്രത്തെയും അദ്ദേഹം മുറുകെ പിടിച്ചു. മറ്റു മനുഷ്യരില്‍ നിന്നും ജോര്‍ജ് മാത്യുവിനെ വ്യത്യസ്തനാക്കിയതും ഇത് തന്നെയാണ്. ശാസ്ത്രപഠനവും വേദപഠനവും ഒരുപോലെ കൊണ്ടുപോകാനാണ് അദ്ദേഹം ശ്രമിച്ചത്. അതുകൊണ്ട് തന്നെ ദൈവത്തിന്‍റെ ഭാഷയിലും ശാസ്ത്രത്തിന്‍റെ ഭാഷയിലും സംസാരിക്കാന്‍ ശേഷിയുള്ള വ്യക്തിയായി അദ്ദേഹം മാറി.


വിദ്യാഭ്യാസത്തിന്‍റെ വേരുകള്‍
1980-ല്‍ ചങ്ങനാശേരി എസ്.ബി കോളേജില്‍ അധ്യാപകനായി ചേര്‍ന്ന ഡോ. ജോര്‍ജ് മാത്യു കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ പോളിമര്‍ സയന്‍സിലും ടെക്നോളജിയിലും ഗവേഷണ പഠനം നടത്തി 1990ല്‍ പിഎച്ച്.ഡി. നേടി. 1982-ല്‍ തൃശൂര്‍ വടക്കാഞ്ചേരി സ്വദേശിയും എസ്.ബി.ടി. ഓഫീസറുമായ മാഗി ജോര്‍ജുമായി വിവാഹം. രണ്ട് പതിറ്റാണ്ടുകളിലേറെ ചങ്ങനാശേരി എസ്.ബി. കോളേജില്‍ സേവനം തുടര്‍ന്നു. 1992-ല്‍ അമേരിക്കയില്‍ ഹയര്‍ സ്റ്റഡീസ് പോസ്റ്റ് ഡോക്ടറല്‍ റിസേര്‍ച്ചിനു വന്നു. 1995-ല്‍ തിരികെ വീണ്ടും എസ്.ബി. കോളേജില്‍ അധ്യാപകനായി സേവനം തുടര്‍ന്നു. 2001-ല്‍ കുടുംബമായി അമേരിക്കയില്‍ എത്തി. ന്യൂജേഴ്സി സ്റ്റേറ്റ് എഡ്യൂക്കേഷന്‍ സിസ്റ്റത്തില്‍ വിദ്യാഭ്യാസ, ഗവേഷണ, പ്രവര്‍ത്തനങ്ങളില്‍ സജീവമായി. മുപ്പതു വര്‍ഷം ജോലിയോടൊപ്പം ഐ.പി.സി സഭാ ശുശ്രൂഷകനായി പ്രവര്‍ത്തിച്ചു. ഐ.പി.സി. ഫിലഡെല്‍ഫിയാ സഭ  ഡോ. ജോര്‍ജ് മാത്യുവിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ചു. അദ്ധ്യാപനത്തിനും സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും  യൂണിവേഴ്സിറ്റി  ഓഫ് പെന്‍സില്‍വേനിയായില്‍ പോസ്റ്റ് ഡോക്ടറല്‍ ഗവേഷണം നടത്തുകയും, അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റിയുടെ ഞഇ&ഠ, ഖഅജട തുടങ്ങി അന്താരാഷ്ട്ര ശാസ്ത്ര പ്രസിദ്ധീകരണങ്ങളില്‍ റിസര്‍ച്ച് പേപ്പറുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത ഡോ. ജോര്‍ജ് മാത്യു ഇന്ത്യ, യു.എസ്.എ, കാനഡ രാജ്യങ്ങളില്‍ നടന്ന പല അന്താരാഷ്ട്ര ശാസ്ത്ര കോണ്‍ഫറന്‍സുകളിലും പങ്കെടുത്ത് ശാസ്ത്ര ഗവേഷണ പേപ്പറുകള്‍ അവതരിപ്പിക്കുകയുണ്ടായി.


സഭാ പ്രവര്‍ത്തനങ്ങളിലെ ധന്യത
ഐ.പി.സി. സ്റ്റേറ്റ് കൗണ്‍സില്‍ അംഗം, ജനറല്‍ കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ സജീവമായ ഡോ. ജോര്‍ജ് മാത്യു പെന്തെക്കോസ്തു യുവജന സംഘടനയുടെ ജനറല്‍ സെക്രട്ടറി,  വൈസ് പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. യുവജനങ്ങളുടെ ജീവിത വിജയത്തിനുവേണ്ടി എഴുതിയ ടൗരരലൈ ശെ ഥീൗൃ കിവലൃശമേിരല എന്ന പുസ്തകത്തിന് റൈറ്റേഴ്സ് ഫോറത്തിന്‍റെ ഏറ്റവും നല്ല ഇംഗ്ലീഷ് പുസ്തകത്തിനുള്ള 2001-ലെ അവാര്‍ഡ് ലഭിച്ചു. എബനേസര്‍ തിയോളജിക്കല്‍ സെമിനാരി ആയൂരിലും, ന്യൂബ്രണ്‍സ്വിക്ക് തിയോളജിക്കല്‍ സെമിനാരിയിലും മറ്റുമായി ദൈവ വചനം പഠിച്ച് ങ.ഉശ്, ങ.ഠവ ബിരുദങ്ങള്‍ നേടി. ചങ്ങനാശേരിയില്‍ ആത്മീയ ശുശ്രൂഷ ആരംഭിച്ചു. ഐ.പി.സി തിരുവനന്തപുരം ഈസ്റ്റ് സെന്‍റര്‍ വൈസ് പ്രസിഡന്‍റ്, പെന്‍സില്‍വേനിയ സ്റ്റേറ്റിലെ ഐ.പി.സി. ഫിലദല്‍ഫിയ സഭാ പാസ്റ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ഐ.പി.സി ത്രിപുര സ്റ്റേറ്റ് പ്രസിഡന്‍റ്, ഐ.പി.സി. ന്യൂജേഴ്സിയിലെ സീനിയര്‍ പാസ്റ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.


സുവിശേഷവുമായി ലോകത്തിന്‍റെ അറ്റത്തോളം
ഒരു സുപ്രഭാതത്തില്‍ ആര്‍ക്കും സുവിശേഷകന്‍ ആകാന്‍ സാധിക്കില്ല. ദൈവത്തിന് വേണ്ടി അവനവന്‍റെ സമയങ്ങളെ മാറ്റിവെക്കാന്‍ കഴിയില്ല. പക്ഷെ ഡോ. ജോര്‍ജ് മാത്യു ആകട്ടെ തന്‍റെ ജീവിതത്തിലെ സകല പ്രവര്‍ത്തികള്‍ക്കിടയിലും ഒരു സുവിശേഷകന്‍റെ ദൗത്യം കൂടി ഏറ്റെടുത്തു. ഇന്ത്യയുടെ ഭാവിയില്‍, അതിന്‍റെ നിലനില്‍പ്പില്‍ കൃത്യമായ ദര്‍ശനം ഡോ. ജോര്‍ജ് മാത്യുവിന് ഉണ്ടായിരുന്നു. ലോക ജനസംഖ്യയുടെ ആറില്‍ ഒന്ന് വസിക്കുന്ന ഈ രാജ്യത്ത് സുവിശേഷം കേട്ടവര്‍ വെറും അഞ്ച് ശതമാനത്തില്‍ താഴെയാണെന്നാണ് ഡോ. ജോര്‍ജ് മാത്യു പറയുന്നത്.
ഭൗതികമായ പുരോഗതി ഇന്ത്യയില്‍ ഭംഗിയായി നടക്കുന്നുണ്ടെങ്കിലും ആത്മീയമായ ഒന്ന് ഇവിടെയില്ലെന്ന് അദ്ദേഹത്തിന്‍റെ പുസ്തകത്തില്‍ വ്യക്തമാക്കുന്നുണ്ട്. പ്രാര്‍ത്ഥനയും സമര്‍പ്പണവും നഷ്ടപ്പെട്ടതോടെ യുവജനങ്ങള്‍ ലഹരിക്ക് അടിമപ്പെടുകയും അതിനുവേണ്ടി കൊലപാതകങ്ങള്‍ നടത്താന്‍പോലും ശ്രമിക്കുന്നുവെന്ന് അദ്ദേഹം വിലയിരുത്തുന്നു. സുവിശേഷം ഇത്തരം പ്രവര്‍ത്തികളെ ഉന്മൂലനം ചെയ്യുമെന്നും നാട്ടില്‍ സമാധാനവും ഐക്യവും സ്നേഹവും നിലര്‍ത്തുമെന്നും ഡോ. ജോര്‍ജ് മാത്യു ചൂണ്ടിക്കാട്ടുന്നു.
മനുഷ്യനെ ആകെ മാറ്റാന്‍ സാധിക്കുന്ന സുവിശേഷ പ്രവര്‍ത്തനങ്ങളുമായി ഡോ. ജോര്‍ജ് മാത്യു ധാരാളം ഇടങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ട്. ഒടുവില്‍ സുവിശേഷം തീരെ കടന്നു ചെന്നിട്ടില്ലാത്ത ത്രിപുരയുടെ മണ്ണില്‍ ഡോ. ജോര്‍ജ് മാത്യു എത്തിച്ചേര്‍ന്നു. 2004-ലിലാണ് ഈ നിയോഗം ഡോ. ജോര്‍ജ് മാത്യുവിനെ തേടിയെത്തിയത്. പുസ്തകങ്ങളില്‍ വായിച്ചറിഞ്ഞ ത്രിപുരയുടെ വിശേഷങ്ങളില്‍ നിന്നാണ് ഒന്നുമറിയാത്ത ആ ഇടത്തെ കുറിച്ച് അദ്ദേഹം മനസ്സിലാക്കിയത്. ആരാധനാലയങ്ങള്‍ പോലുമില്ലാത്ത ധാരാളം ക്രിസ്തീയ വിശ്വാസികളെ ജോര്‍ജ് അവിടെവെച്ച് പരിചയപ്പെടുകയും അവരിലൂടെ ത്രിപുരയെ പഠിച്ചു തുടങ്ങുകയും ചെയ്തു. 2006-ല്‍ വിപ്ലവമാറ്റമെന്നോണം അഗര്‍ത്തലയിലെ സാല്‍ബഹാമിനിലും, ലബൂച്ചിറ, എ.ഡി. നഗര്‍ എന്നീ പ്രദേശങ്ങളിലും ആരാധനാലയങ്ങള്‍ ആരംഭിക്കാനിടയായായി. ഗ്രാമങ്ങളില്‍ ഉള്ള പല ഗോത്രവര്‍ഗക്കാരും ഇതിന് വേണ്ടി അദ്ദേഹത്തെ ഏറെ സഹായിച്ചു. 


അധ്യാപനവും വിദ്യാഭ്യാസവും,
പരസ്പര പൂരകങ്ങളായ രണ്ടു ദൗത്യങ്ങള്‍

അധ്യാപനവും വിദ്യാഭ്യാസവും പരസ്പര പൂരകങ്ങളായ രണ്ട് ദൗത്യങ്ങളാണ്. ഒരു നല്ല വിദ്യാര്‍ത്ഥിക്ക് മാത്രമേ ഒരു നല്ല അധ്യാപകനാകാന്‍ സാധിക്കൂ. ഡോ. ജോര്‍ജ് മാത്യു ഒരു നല്ല വിദ്യാര്‍ത്ഥിയായിരുന്നു. വിദ്യയുടെ ഗുണമറിയുന്ന വിദ്യാര്‍ത്ഥി. പട്ടണത്തിലെ കോണ്‍ക്രീറ്റ് കെട്ടിടത്തില്‍ ഒറ്റപ്പെട്ട് കഴിയുന്നവരാണ് നമ്മളില്‍ പലരും, അതില്‍നിന്ന് പുറത്തുകടന്നാണ് സുവിശേഷം കൊണ്ടും ദൈവീക വിശ്വാസം കൊണ്ടും ഡോ. ജോര്‍ജ് മാത്യു നമ്മുടെ തലമുറയെ പഠിപ്പിക്കുന്നത്.
ആധുനിക ജീവിത ശൈലി പകര്‍ന്നു നല്‍കുന്ന പ്രശ്നങ്ങളില്‍ നിന്നും സമ്മര്‍ദ്ദങ്ങളില്‍ നിന്നും മോചനം നേടുവാന്‍ 2001-ല്‍ ക്രിസ്ത്യന്‍ ഓറിയന്‍റേഷന്‍ സെന്‍റര്‍ ആരംഭിച്ചു. കേരളത്തില്‍ സാമ്പത്തികമായി പഠിക്കാന്‍ കഴിയാത്ത പല കുട്ടികള്‍ക്കും ഇത് വലിയ സഹായകമായി. കുട്ടികളുടെ അഭിരുചി അറിഞ്ഞുകൊണ്ട് അവരെ പഠിപ്പിക്കാനുള്ള പദ്ധതികളാണ് ഡോ. ജോര്‍ജ് മാത്യു തയാറാക്കുന്നത്.
അധ്യാപനം ഒരു ദൗത്യമായിട്ടാണ് ഡോ. ജോര്‍ജ് മാത്യു കണക്കാക്കുന്നത്. ഭാവിക്കായി ഒരു നല്ല സമൂഹത്തെ വാര്‍ത്തെടുക്കുന്നതിന് വേണ്ടി അധ്യാപകര്‍ നിലകൊള്ളണം എന്നാണ് ഡോ.ജോര്‍ജ് മാത്യു വ്യക്തമാക്കിയിട്ടുള്ളത്. അന്ധകാരത്തില്‍ കിടന്നിരുന്ന ഭാരതത്തെ വെളിച്ചം കാണിച്ചത് ഇവിടേക്ക് വന്ന ക്രിസ്ത്യന്‍ മിഷനറിമാര്‍ ആണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ചരിത്രത്തില്‍ അതിന്‍റെ കൃത്യമായ അടയാളം ഉണ്ടെന്നും കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാര്‍ പോലും ഈ വാദത്തെ അനുകൂലിച്ചിട്ടുണ്ടെന്നും ഡോ. ജോര്‍ജ് മാത്യു അടയാളപ്പെടുത്തുന്നു.


പുസ്തകങ്ങളും അത് സമൂഹത്തില്‍
കൊണ്ടുവരുന്ന മാറ്റങ്ങളും

തന്‍റെ കണ്ടെത്തലുകള്‍ എല്ലാം തന്നെ പുസ്തകങ്ങളാക്കുക എന്നത് ഡോ. ജോര്‍ജ് മാത്യു സമൂഹത്തോട് ചെയ്ത വലിയ നന്മകളില്‍ ഒന്നാണ്. നാല് പുസ്തകങ്ങളും പതിമൂന്നോളം റിസേര്‍ച്ച് പബ്ലിക്കേഷനുകളും അദ്ദേഹത്തിന്‍റേതായി പുറത്തിറങ്ങിയിട്ടുണ്ട്. ഇവ ഓരോന്നും ഭാവി തലമുറയ്ക്ക് വേണ്ടിയുള്ള ഒരു സുവിശേഷകന്‍റെ/ശാസ്ത്രജ്ഞന്‍റെ സംഭാവനകളാണ്. 
സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടി സന്ധിയില്ലാത്ത സമരം ചെയ്തവര്‍ പലപ്പോഴും തങ്ങളുടെ സാഹിത്യരചനകള്‍ കൊണ്ട് സമൂഹത്തെ മാറ്റി മറിക്കാറുണ്ട്. ലോക ക്ലാസിക്കുകള്‍ അതിന്‍റെ ഉദാഹരങ്ങളാണ്. സിനിമയും ദൃശ്യ മാധ്യമങ്ങളും വന്നിട്ടില്ലാത്ത ഒരു കാലത്ത് നമ്മളെയൊക്കെ സ്വാധീനിച്ചിരുന്നത് പുസ്തകങ്ങളാണ്. അതുകൊണ്ട് തന്നെ ഡോ. ജോര്‍ജ് മാത്യു പുറത്തിറക്കിയ നാല് പുസ്തകങ്ങളും വരുംകാല തലമുറകള്‍ക്ക് പോലും ഉപകാരപ്രദമാകുന്നത്. ശാസ്ത്രവും ദൈവീകതയും നിറഞ്ഞു നില്‍ക്കുന്ന ഈ പുസ്തകങ്ങളില്‍ വര്‍ഷങ്ങള്‍കൊണ്ട് ജോര്‍ജ് മാത്യു സാംശീകരിച്ച  അറിവും ജീവിതാനുഭവങ്ങളും അടങ്ങിയിട്ടുണ്ട്. Sucess is Your Inheritance (English), കേരളം മുതല്‍ ത്രിപുര വരെ (Malayalam), Hambai Jesu (Welcome Jesus) (English), വിശ്വാസത്തിന്‍റെ കാല്‍ച്ചുവടുകള്‍ (Malayalam)എന്നിവയാണ് ഡോ. ജോര്‍ജ് മാത്യുവിന്‍റെ പുസ്തകങ്ങള്‍.


മാധ്യമ പ്രവര്‍ത്തകനും റിസേര്‍ച്ച് ഗൈഡും
1975 മുതല്‍ ഇന്ത്യയിലും ഇന്ത്യക്ക് പുറത്തുമായി നിരവധി മാധ്യമങ്ങളിലായി നിരവധി ലേഖനങ്ങള്‍ ആത്മീയ ശാസ്ത്ര വിഷയങ്ങളില്‍ എഴുതിയ ഡോ. ജോര്‍ജ് മാത്യു എം.ജി. യൂണിവേഴ്സിറ്റി റിസേര്‍ച്ച് ഗൈഡുകൂടി ആയിരുന്നു. അദ്ദേഹത്തിന്‍റെ ഗൈഡന്‍സില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് രസതന്ത്രത്തിലെ വിവിധ വിഷയങ്ങളില്‍ ഡോക്ടറേറ്റ് നേടുവാന്‍ ഇടയായിട്ടുണ്ട്. പെന്തെക്കോസ്ത് സമുദായത്തില്‍ ഇന്ത്യയില്‍ ഇങ്ങനെ ഒരാള്‍ അപൂര്‍വം ആകാം. പക്ഷെ തന്‍റെ ആത്മീയ പ്രവര്‍ത്തനങ്ങള്‍ കൊണ്ടാകാം കേരളത്തില്‍ യൂണിവേഴ്സിറ്റി തലങ്ങളില്‍ വേണ്ടത്ര അംഗീകാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടില്ല. വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെ നിരവധി ഔദ്യോഗിക പദവികള്‍ തേടിയെത്തേണ്ട അദ്ദേഹത്തിന് അവയൊക്ക നഷ്ടപ്പെട്ടതില്‍ ദുഃഖമില്ല. കാരണം ഇത് തന്‍റെ ദൈവ നിയോഗമാണെന്നു ഡോ. ജോര്‍ജ് മാത്യു വിശ്വസിക്കുന്നു.


കേരളാ സുവിശേഷ യാത്രയും ജീവകാരുണ്യ
പ്രവര്‍ത്തനങ്ങളും  

കുടുംബങ്ങളിലെ മൂല്യ ശോഷണങ്ങള്‍ക്ക് കാരണം ആത്മീയമായ അംശങ്ങള്‍ ജീവിതത്തില്‍ ഇല്ലാതാകുന്നതാണ് എന്ന സന്ദേശവുമായി 1990-ല്‍ തിരുവനന്തപുരം മുതല്‍  കാസര്‍കോട് വരെ കേരളാ സുവിശേഷ യാത്രയ്ക്ക് നേതൃത്വം നല്‍കിയത് ജീവിതത്തിലെ വളരെ വ്യത്യസ്തമായ അനുഭവമായിരുന്നു എന്ന് ഡോ. ജോര്‍ജ് മാത്യു പറയുന്നു. ഈ യാത്രയില്‍ സുവിശേഷം പറയുക എന്നതിനപ്പുറത്ത് ദുരിതമനുഭവിക്കുന്ന മനുഷ്യരുടെ പ്രശ്നങ്ങളിലേക്കും അദ്ദേഹം കടന്നുചെന്നു. അത് പിന്നീട് കേരളത്തില്‍ വിവിധയിടങ്ങളില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ ഡോ. ജോര്‍ജ് മാത്യുവിന്  പ്രചോദനം ലഭിച്ചു. അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ പെന്തെകോസ്ത് യുവജന സംഘടന നാല്‍പ്പതിലധികം വീടുകള്‍ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലായി നിര്‍ദ്ധനരായവര്‍ക്ക് നിര്‍മ്മിച്ചു നല്‍കുവാനിടയായി. ആത്മീയ പ്രവര്‍ത്തനവും ജീവകാരുണ്യ പ്രവര്‍ത്തനവും ഒരു നാണയത്തിന്‍റെ രണ്ടു വശങ്ങളാണെന്നു തെളിയിക്കുകയാണ് ഡോ. ജോര്‍ജ് മാത്യു.


കുടുംബമെന്ന സമ്പത്ത്
1920-കളില്‍ കുക്ക് സായിപ്പ് മധ്യതിരുവിതാംകൂറില്‍ നടത്തിയ ആത്മീയ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണല്ലോ. ആ നാളുകളില്‍ മധ്യതിരുവിതാംകൂറില്‍ നടന്ന ആത്മീയ ഉണര്‍വിന്‍റെ ഫലമായി മഹാകവി കെ.വി. സൈമണിന്‍റെ നേതൃത്വത്തില്‍ വിയോജിത പ്രസ്ഥാനം രൂപം കൊള്ളുകയുണ്ടായി. കുക്ക് സായിപ്പിന്‍റെയും പാസ്റ്റര്‍ കെ.ഇ. ഏബ്രഹാമിന്‍റെയും നേതൃത്വത്തില്‍ ബൈബിള്‍ ക്ലാസുകള്‍ നടത്തി.  മുള്ളുംകാട്ടില്‍, കുടുംബത്തില്‍ നിന്ന് മുള്ളുംകാട്ടില്‍ മത്തായിച്ചന്‍, ഡോ. ജോര്‍ജ് മാത്യുവിന്‍റെ പിതാവ് മാത്യു, സഹോദരന്മാര്‍ തുടങ്ങിയവര്‍ ഈ പ്രസ്ഥാനവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു. റാന്നിയില്‍ പാസ്റ്റര്‍ കെ.ഇ. ഏബ്രഹാമിന്‍റെ ക്ലാസുകള്‍ നടത്തുവാന്‍ ഈ കുടുംബം എല്ലാ സൗകര്യങ്ങളും നല്‍കി. അങ്ങനെ ഈ കുടുംബം പെന്തെക്കോസ്ത് ആരാധനയിലേക്ക് മാറി. റാന്നി മുള്ളുംകാട്ടില്‍, കോഴഞ്ചേരി മുളമൂട്ടില്‍, ചങ്ങനാശേരി കല്ലുകുളം ഉള്‍പ്പെടെ വിവിധ കുടുംബങ്ങള്‍ പേരങ്ങാട്ട് മഹാകുടുംബത്തിന്‍റെ ഭാഗമായി നിലകൊള്ളുന്നു. വിക്ടര്‍ ടി. തോമസ് ആണ് ഇപ്പോള്‍ കുടുംബയോഗം പ്രസിഡന്‍റ്. 

വിവിധ കൈവഴികള്‍ ഉള്ള ഒരു കുടുംബത്തില്‍ നിന്നുകൊണ്ട് ആത്മീയതയുടെ പുതുവഴികള്‍ തേടിപ്പോയ ഡോ. ജോര്‍ജ് മാത്യു കുടുംബ ബന്ധങ്ങളുടെ ഊഷ്മളതയിലും ധന്യനാണ്. സഹധര്‍മ്മിണി മാഗി ജോര്‍ജ്(New Jersey State Judicial System Officer). മകന്‍ റോബിന്‍ ജോര്‍ജ് (മെഡിക്കല്‍ ഡോക്ടര്‍, പെന്‍സില്‍വേനിയ), മരുമകള്‍ റേച്ചല്‍ (ഡോക്ടര്‍), കൊച്ചുമകന്‍ ബെഞ്ചമിന്‍. മകള്‍ ബ്ലസി ആന്‍ ജോര്‍ജ് (Pharm. D, Ph.D)  എഉഅയില്‍ റിസേര്‍ച്ച് സയന്‍റിസ്റ്റ്, ഭര്‍ത്താവ് അലക്സ് ചാണ്ടി ചുനക്കര (Finance/IT Product and Project Manager).. കൊച്ചുമക്കള്‍: നോറ, നിയോമി എന്നിവരുടെ പിന്തുണകൂടി ആയപ്പോള്‍ കുടുംബത്തിന്‍റെ ഗൃഹനാഥന്‍ എന്ന നിലയിലും സന്തോഷവാനാകുന്നു.


ആത്മീയതയും ശാസ്ത്രവും
ആത്മീയതയും ശാസ്ത്രവും പരസ്പരം ബന്ധപെട്ട് കിടക്കുന്ന ഒന്നാണ് എന്ന വെളിപ്പെടുത്തലാണ് ഡോ. ജോര്‍ജ് മാത്യുവിനെ വ്യത്യസ്തനാക്കുന്നത്. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലര്‍ ആയിരുന്ന പ്രൊഫ. ഡോ. സാബു തോമസ് ജോര്‍ജ് മാത്യുവിന്‍റെ വിശ്വാസത്തിന്‍റെ കാല്‍ച്ചുവടുകള്‍ എന്ന പുസ്തകത്തിന് എഴുതിയ ആശംസയില്‍ ഇങ്ങനെ പറയുന്നുണ്ട്: 'കഴിഞ്ഞ മൂന്ന് പതിറ്റാണ്ടില്‍ ഏറെയായി വിദ്യാഭ്യാസ, ഗവേഷണ രംഗങ്ങളില്‍ ജോര്‍ജ് മാത്യുവിനൊപ്പം തനിക്ക് തുടരാനായി എന്ന്. അത്രത്തോളം അറിവ് പങ്കുവെക്കുന്നതിലും കണ്ടെത്തുന്നതിനും ജോര്‍ജ് മാത്യു ശ്രമിക്കുന്നുണ്ട്'.
മുന്‍ കേരള ഡി.ജി.പി. ടോമിന്‍ തച്ചങ്കരി ഐ പിഎസ് ഡോ. ജോര്‍ജ് മാത്യുവിനെ ഓര്‍ക്കുന്നത് തന്‍റെ പ്രിയപ്പെട്ട അധ്യാപകനായിട്ടാണ്. 1980-81 വര്‍ഷത്തില്‍ തന്‍റെ കെമിസ്ട്രി അധ്യാപകന്‍ ആയിരുന്നു അദ്ദേഹമെന്നും, ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമൊക്കെയായി വലിയൊരു ശിഷ്യ സമ്പത്ത് അദ്ദേഹത്തിനുണ്ടെന്നും ടോമിന്‍ തച്ചങ്കരി ഐ.പി.എസ് വ്യക്തമാക്കുന്നു. 
ഡോ. ജോര്‍ജ് മാത്യു ഇനിയും ലോകത്തിന്‍റെ സകല കോണുകളിലും ആത്മീയതയുടെ വിത്തുകളും ശാസ്ത്രത്തിന്‍റെ പുതിയ വഴികളും ലോകത്തിന് മുന്‍പിലേക്ക് തുറന്നുവെയ്ക്കട്ടെ. നിരവധി മനുഷ്യരെ സ്വീകരിക്കാനും അംഗീകരിക്കാനും ഡോ. ജോര്‍ജ് മാത്യു എന്ന ആത്മീയ അദ്ധ്യാപകന്‍ ഏപ്പോഴും ഉണ്ടാവട്ടെ. അദ്ദേഹത്തിന്‍റെ വഴികളില്‍ സ്നേഹത്തിന്‍റെ പൂക്കള്‍ വിരിഞ്ഞുകൊണ്ടേയിരിക്കട്ടെ.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.