അമേരിക്കയിലെ പ്രഥമ മലയാളി സംഘടനയായ ചിക്കാഗോ മലയാളി അസ്സോസിയേഷന്‍ അന്‍പത് വര്‍ഷം കഴിഞ്ഞ വര്ഷം പിന്നിട്ടു . ചരിത്ര പ്രധാനമായ ഈ നിമിഷത്തില്‍ ഈ സംഘടനയെ നയിച്ചത് സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്ത് കേരളത്തിലും അമേരിക്കയിലും തനതായ ശൈലി അടയാളപ്പെടുത്തിയ ജോഷി വള്ളിക്കളമാണ്. അന്‍പതാമാണ്ടില്‍ ചിക്കാഗോ മലയാളി അസ്സോസിയേഷനെ നയിച്ച അദ്ദേഹത്തിന്‍റെ ജീവിതത്തിലെ വൈവിദ്ധ്യത ഒരുപക്ഷേ ഈ വഴിത്താരയിലൂടെ നമുക്ക് തിരിച്ചറിയാം. കാരണം ഏറ്റെടുത്ത എല്ലാ പ്രവര്‍ത്തനങ്ങളും എക്കാലത്തും ഭംഗിയായി നിര്‍വഹിക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അമേരിക്കയിലെത്തിയില്ലായിരുന്നുവെങ്കില്‍ കേരളത്തിലെ അറിയപ്പെടുന്ന രാഷ്ട്രീയ പ്രവര്‍ത്തകനായി അദ്ദേഹം മാറുമായിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല. ചിക്കാഗോ മലയാളികള്‍ തിരിച്ചറിയേണ്ട ഒരു സാംസ്കാരിക ജീവിതം കൂടി അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലുണ്ട്. ജോഷി വള്ളിക്കളത്തിന്‍റെ ജീവിതത്തിലൂടെ.
ചങ്ങനാശേരിയിലെ പുരാതന കുടുംബമായ വള്ളിക്കളം വര്‍ഗീസിന്‍റെയും, ത്രേസ്യായുടെയും ആറ് മക്കളില്‍ നാലാമത്തെ മകനാണ് ജോഷി. പെരുന്ന എന്‍.എസ്.എസ് ഹൈസ്കൂളില്‍ പത്താം ക്ലാസ് വരെ പഠനം. പ്രീഡിഗ്രിയും, ഡിഗ്രിവിദ്യാഭ്യാസവും സെന്‍റ് ബെര്‍ക്കുമാന്‍സ് കോളേജില്‍. സുവോളജി പ്രധാന വിഷയമായി എടുത്ത് പഠിച്ചുവെങ്കിലും പഠനത്തിനു പുറമെ സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയായിരുന്നു ജോഷി വള്ളിക്കളം. ഒരു പക്ഷെ എസ്.ബി. കോളേജിന്‍റെ വിദ്യാര്‍ത്ഥി രാഷ്ട്രീയ ചരിത്രത്തിനു മാറ്റമിട്ടത് ജോഷിയാണെന്നു പറയാം.
ചരിത്രം തിരുത്തിയ വിജയം
കലാലയ രാഷ്ട്രീയം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്താണ് ജോഷി വള്ളിക്കളം കെ.എസ്.യുവിന്‍റെ സജീവ പ്രവര്‍ത്തകനാകുന്നത്.
കോളജ്-ഹൈസ്കൂള്‍ കാലഘട്ടത്തില്‍ കെ എസ്യു (ഐ) യൂണിറ്റ് പ്രസിഡന്‍റ്, മണ്ഡലം പ്രസിഡന്‍റ്, താലൂക്ക് പ്രസിഡന്‍റ്, എ.കെ.സി.സി. സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച പരിചയവുമായാണ് ചങ്ങനാശേരി എസ്ബി കോളജിലെത്തുന്നത്.
കേരളാ കോണ്‍ഗ്രസിന്‍റെ തട്ടകമായിരുന്നു അന്ന് ചങ്ങനാശേരി. 1988-1989 കാലഘട്ടത്തില്‍ എസ്.ബി. കോളജ് കെ.എസ്.യു. ഐയുടെ പാനലില്‍ നിന്നും വിജയിച്ചു വൈസ് ചെയര്‍മാനായി. 1991 കാലഘട്ടത്തില്‍ കെ.എസ് .യുവിന്‍റെ ചരിത്രത്തില്‍ ആദ്യമായി ഒറ്റയ്ക്ക് നിന്ന് മത്സരിച്ച് കോളജ് യൂണിയന്‍ ചെയര്‍മാനായി വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ചു.
അന്നുവരെയുള്ള എസ്.ബി. കോളജിന്‍റെ രാഷ്ട്രീയ ചിത്രം മാറ്റിമറിച്ചു കൊണ്ട് കെ.എസ്.യുവിന്‍റെ കോളജ് യൂണിയന്‍ ചെയര്‍മാനായി ജോഷി വള്ളിക്കളം തെരഞ്ഞെടുക്കപ്പെട്ടത് ചരിത്രം. അക്കാലത്ത് എസ്.ബി. കോളജിന്‍റെ വിദ്യാര്‍ത്ഥി രാഷ്ട്രീയം നിയന്ത്രിക്കുന്നതില്‍ മാനേജ്മെന്‍റിനും വലിയ പങ്കുണ്ടായിരുന്നു. അന്ന് ഹോസ്റ്റലില്‍ നിന്ന് പഠിക്കുന്ന കുട്ടികള്‍ക്ക് മാത്രമേ മത്സരിച്ചു വിജയിക്കാന്‍ പറ്റുമായിരുന്നുള്ളു. യൂണിയന്‍ ചെയര്‍മാനായി ജോഷി മത്സരത്തിനിറങ്ങിയപ്പോള്‍ പലതരത്തിലുള്ള പ്രതിബന്ധങ്ങളുണ്ടായി. അവയെല്ലാം തരണം ചെയ്തുകൊണ്ട് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തിലായിരുന്നു ജോഷിയുടെ ജയം. കലാലയ രാഷ്ട്രീയത്തിന് പുറമെ ചങ്ങനാശേരി യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ്, താലൂക്ക് മെമ്പര്‍, സേവാദള്‍ കോ-ഓര്‍ഡിനേറ്റര്‍ എന്നീ നിലകളിലും അദ്ദേഹം സജീവമായിരുന്നു. പക്ഷെ അധികകാലം നാട്ടിലെ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചില്ല.
എസ്.ബി. കോളജ് യൂണിയന്‍ ചെയര്‍മാന്‍ ആയിരുന്നപ്പോള്‍ പ്രിന്‍സിപ്പല്‍ റവ. ഡോ. ജോസഫ് മാരൂര്‍ റിട്ടയര്‍ ചെയ്യുന്നതിനോട് അനുബന്ധിച്ച് വലിയ ഒരു ഗാര്‍ഡന്‍ പാര്‍ട്ടി സംഘടിപ്പിച്ചത് ജനശ്രദ്ധ പിടിച്ചുപറ്റി. അതുപോലെ നാലുമണി വരെയായിരുന്നു കോളേജ് ലൈബ്രറി പ്രവര്‍ത്തിച്ചിരുന്നത്. പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാര്‍ഥികള്‍ക്ക് ഇത് വലിയ അസൗകര്യമായിരുന്നു. യൂണിയന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ ഈ പ്രശ്നത്തില്‍ ഇടപെടുകയും യൂണിവേഴ്സിറ്റിയില്‍ പരാതി കൊടുത്ത് ലൈബ്രറിയുടെ സമയം രാത്രി 8 മണി വരെ ദീര്‍ഘിപ്പിച്ചെടുക്കുവാന്‍ സാധിച്ചതും വലിയ ഒരു നേട്ടമായിരുന്നു.
അമേരിക്കയിലേക്ക്
1991-ല്‍ അമേരിക്കയിലേക്ക് പോകാന്‍ സഹോദരന്‍മാര്‍ക്കൊപ്പം വിസ ലഭിച്ചതായിരുന്നു ജോഷിയുടെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവ്. അമ്മയുടെ അനുജത്തി അച്ചാമ്മ മരുവത്തറ സ്പോണ്‍സര്‍ ആയി വള്ളിക്കളം കുടുംബം തന്നെ അമേരിക്കയിലേക്ക് ചേക്കേറി.
ചങ്ങനാശ്ശേരിയിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനും പഠനത്തിനും 1991-ല്‍ വിരാമമിടേണ്ടി വന്നത് ജീവിതത്തിലെ ഒരു ടേണിംഗ് പോയിന്‍റ് ആയിരുന്നു. കേരള രാഷ്ട്രീയത്തില്‍ സജീവമാകുവാനുള്ള ഒരവസരം നഷ്ടമായി എങ്കിലും താന്‍ അന്നുവരെ തുടര്‍ന്ന സാമൂഹിക പ്രവര്‍ത്തനം അമേരിക്കയിലും തുടരാനായി എന്നതില്‍ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിക്കുന്നു.
സാമൂഹിക പ്രവര്‍ത്തനം അമേരിക്കയില്‍
നേതൃത്വം സേവിക്കാനുള്ള അവസരമാണ്. അത് സ്വയം പ്രാധാന്യത്തിലേക്കുള്ള കാഹള വിളിയല്ല എന്നാണു ജോഷിയുടെ പക്ഷം. പക്ഷെ രാഷ്ട്രീയത്തിലും സംഘടനാ പ്രവര്‍ത്തനത്തിലും തന്‍റേതായ ചില ശരികള്‍ ഉണ്ടെന്നു അദ്ദേഹം വിശ്വസിക്കുന്നു. എവിടെയായാലും സാമൂഹിക പ്രവര്‍ത്തനത്തില്‍ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനമാണ് ജോഷി വള്ളിക്കളത്തിന്‍റെ പ്രത്യേകത. അമേരിക്കയില്‍ വന്നയുടന്‍ തന്നെ ഒരു നവാഗതനായി പ്രവര്‍ത്തന രംഗത്ത് വരുന്നതിന്‍റെ ഒരു പ്രശ്നവുമില്ലാതെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുവാന്‍ തുടങ്ങി. ചിക്കാഗോ മലയാളി അസ്സോസിയേഷന്‍റെ ആദ്യകാല പ്രവര്‍ത്തകനായി അദ്ദേഹം മാറി. വിവിധ കാലഘട്ടങ്ങളില്‍ ബോര്‍ഡ് അംഗം, ജോയിന്‍റ് സെക്രട്ടറി കൂടാതെ രണ്ട് തവണ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സീറോ മലബാര്‍ കത്തോലിക്ക കോണ്‍ഗ്രസ് ചിക്കാഗോ പ്രസിഡന്‍റ്, ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചിക്കാഗോ സെക്രട്ടറി, എസ്. ബി, അസംപ്ഷന്‍ അലുമിനി ട്രഷറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ചിക്കാഗോ മലയാളി അസ്സോസിയേഷന്‍റെ പ്രസിഡന്‍റാണ്.
2009-ല്‍ എസ്.എം.സി.സി. പ്രസിഡന്‍റായിരുന്നപ്പോള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടുകൊണ്ട് ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഏറ്റവും ആവശ്യമായി വേണ്ടിയിരുന്ന ഒ.സി.ഐ. കാര്‍ഡ് 470-ലധികം ആളുകള്‍ക്ക് ലഭ്യമാക്കുന്നതിന് മുന്നിട്ടു പ്രവര്‍ത്തിക്കുവാന്‍ സാധിച്ചു എന്നത് ഒരു നേട്ടമാണ്. തുടര്‍ന്ന് 2018-2021 കാലഘട്ടത്തില്‍ സെക്രട്ടറി ആയിരിക്കുമ്പോള്‍ അസ്സോസിയേഷന്‍ അന്നുവരെ നടത്തിയിട്ടുള്ളതില്‍ ഏറ്റവും കൂടുതല്‍ പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയിട്ടുണ്ട്. അന്നത്തെ പ്രസിഡന്‍റ് ജോണ്‍സണ്‍ കണ്ണൂക്കാടനുമായി ചേര്‍ന്ന് ധാരാളം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതിനു സാധിച്ചു. മലയാളി അസ്സോസിയേഷന്‍റെ പല മേഖലകളിലും തലത്തിലും പ്രവര്‍ത്തിച്ചു തന്‍റെ എളിയ കഴിവുകള്‍ തെളിയിച്ചതിനു ശേഷമാണ് അസ്സോസിയേഷന്‍റെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.
അന്‍പതിന്‍റെ നിറവില്‍ ചിക്കാഗോ മലയാളി
അസ്സോസിയേഷന്‍
ഏതൊരു ദൗത്യത്തിന്‍റെയും വിജയത്തിന് ക്രിയാത്മകമായ നേതൃത്വം ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ് എന്ന പാഠം പഠിപ്പിച്ച അമേരിക്കയിലെ ഏറ്റവും വലിയ അസ്സോസിയേഷനാണ് ചിക്കാഗോ മലയാളി അസ്സോസിയേഷന്‍. പ്രവര്‍ത്തനത്തിലെ വൈവിദ്ധ്യം കൊണ്ടും കെട്ടുറപ്പു കൊണ്ടും അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയമായ പ്രസ്ഥാനമാണ് ഇത്. 2023 ജൂണ്‍ 24-ന് ഗോള്‍ഡന്‍ ജൂബിലി ആഘോഷിച്ച സംഘടനയുടെ പ്രസിഡന്‍റ് ആയി പ്രവര്‍ത്തിക്കുവാന്‍ സാധിച്ചത് ചരിത്രനിയോഗമായി ജോഷി വള്ളിക്കളം കരുതുന്നു. ചിക്കാഗോ മലയാളി അസ്സോസിയേഷനെ ഏറ്റവും നല്ല മാതൃകാ അസ്സോസിയേഷനാക്കി മാറ്റുന്നതിന്‍റെ ഭാഗമായി അസ്സോസിയേഷന്‍റെ പ്രവര്‍ത്തനങ്ങളില്‍ ചുക്കാന്‍ പിടിക്കുന്നതിനായി എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍, യുവജനങ്ങള്‍, വനിതകള്‍, സീനിയര്‍ സിറ്റിസണ്‍സ്, പുതുമുഖങ്ങള്‍ എന്നിങ്ങനെ പ്രഗല്‍ഭരായ കഴിവുള്ള പ്രതിഭകളെ ഉള്‍പ്പെടുത്തികൊണ്ടാണ് അദ്ദേഹം പാനലിനെ അവതരിപ്പിച്ചത്. അത് ചിക്കാഗോ മലയാളി അസ്സോസിയേഷന്‍ അംഗങ്ങള്‍ രണ്ടു കൈയും നീട്ടി സ്വീകരിച്ചു.
കാരണം 1991-ല്‍ അമേരിക്കയില്‍ എത്തിയ സമയം മുതല്‍ അസ്സോസിയേഷന്‍റെ സന്തത സഹചാരിയാണ് ജോഷി വള്ളിക്കളം. 1992-ല്‍ ജോയിന്‍റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു, 1994-ല്‍ ഇലക്ടീവ് ജോയിന്‍റ് സെക്രട്ടറിയായി. പലതവണ ബോര്‍ഡ് അംഗം. 2008- 2010-ല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 2016-2018-ലും സെക്രട്ടറിയായി ജയിച്ചു. 2021-2023-ല്‍ സംഘടനയുടെ മുപ്പതാമത്തെ പ്രസിഡന്‍റായി. സംഘടനയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ തികഞ്ഞ ഉത്തരവാദിത്വത്തോടെ നിര്‍വ്വഹിക്കുവാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. ഇതിനോടകം തന്നെ അറുനൂറിലധികം രജിസ്ട്രേഷന്‍ നടന്നു കഴിഞ്ഞു.
ജൂണ്‍ 24-ന് ചിക്കാഗോ മലയാളി അസ്സോസിയേഷന്‍റെ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചപ്പോൾ ജോഷി വള്ളിക്കളത്തിന് അഭിമാനിക്കാന്‍ നിരവധി കാരണങ്ങള്‍ ഉണ്ടായിരുന്നു . നിരവധി പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ നടത്തുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഓണാഘോഷം, ക്രിസ്മസ്, പുതുവത്സരാഘോഷം, ബാസ്കറ്റ് ബോള്‍ മത്സരം, വിമന്‍സ് ഫോറം പരിപാടികള്‍, ചീട്ടുകളി മത്സരം, കര്‍ഷകശ്രീ അവാര്‍ഡ്, വിദ്യാഭ്യാസ പുരസ്കാരം, യൂത്ത് പ്രോഗ്രാമുകള്‍, സീനിയര്‍ സിറ്റിസണ്‍സ് പ്രോഗ്രാമുകള്‍ കൂടാതെ പരാതികളില്ലാതെ കലാമേള സംഘടിപ്പിച്ചതും എടുത്തു പറയാവുന്ന പ്രവര്‍ത്തനങ്ങളാണ്.
ജൂണ്‍ 24-ാം തീയതി ശനിയാഴ്ച വൈകിട്ട് നടക്കുവാന്‍ പോകുന്ന ഗോള്‍ഡന്‍ ജൂബിലി ആഘോഷ പരിപാടികളില്‍ ചിക്കാഗോ സിറ്റി മേയര്‍, കോണ്‍സുല്‍ ജനറല്‍, കോണ്‍ഗ്രസ്മാന്‍ തുടങ്ങിയ നിരവധി പ്രശസ്ത വ്യക്തികളുടെ സാന്നിധ്യം ഉണ്ടായിരിക്കും. ആദ്യമായിട്ടാണ് ഇന്ത്യക്കാരുടെ ഒരു പരിപാടിയില്‍ ചിക്കാഗോ സിറ്റി മേയര്‍ പങ്കെടുക്കുന്നത്. ഓണാഘോഷത്തോടനുബന്ധിച്ച് ഇദംപ്രഥമമായി 101 പേരുടെ മെഗാതിരുവാതിര സംഘടിപ്പിച്ചത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എങ്കിലും മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന്നത് സ്വന്തമായി വീടില്ലാത്ത ഇരുപത് കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുവാന്‍ സാധിച്ചതാണ്. ഇനിയും അഞ്ച് വീടുകള്‍ കൂടി നിര്‍മ്മിച്ചു നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. തന്‍റെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം സ്വയം വിലയിരുത്തുന്നത് ഇങ്ങനെയാണ്.
'സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍റേതായ ഒരു ശൈലി കൊണ്ടുവരാനാണ് ശ്രമം. ഏതൊരാളിനേയും കേള്‍ക്കാന്‍ ശ്രമിക്കും. കൃത്യമായ തീരുമാനങ്ങളിലൂടെ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുമ്പോള്‍ ഒപ്പം നില്‍ക്കുന്ന സംഘടനാ പ്രവര്‍ത്തകരുടെ വിശ്വാസവും കണക്കിലെടുക്കുന്നു. സംവാദത്തിന്‍റെ അവസാനം, നമ്മള്‍ മുമ്പെന്നത്തേക്കാളും ശക്തരും കൂടുതല്‍ ഐക്യത്തോടെയും ഉയര്‍ന്നുവരണമെന്ന് ഉറപ്പാക്കാന്‍ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയും.
പ്രോപ്പര്‍ട്ടി ടാക്സില്‍ നിന്നും മോചനം
ചിക്കാഗോ മലയാളി അസ്സോസിയേഷന്‍ ഓഫീസിന്‍റെ പ്രോപ്പര്‍ട്ടി ടാക്സ് ഇനത്തിലും പാര്‍ക്കിംഗ് ലോട്ട് ഫീസിനത്തിലുമായി ഏകദേശം 13,000 ഡോളറോളം ഓരോ വര്‍ഷവും നല്‍കി വരികയായിരുന്നു. ഈ പ്രശ്നം പരിഹരിക്കുവാന്‍ കുക്ക്കൗണ്ടി ടാക്സ് അധികൃതരുമായി ബന്ധപ്പെടുകയും ആവശ്യപ്പെട്ട രേഖകള്‍ സമര്‍പ്പിക്കുകയും നിരന്തരമായ പരിശ്രമത്തിലൂടെ ടാക്സും പാര്‍ക്കിംഗ് ഫീസും ഒഴിവാക്കിയെടുക്കുവാന്‍ സാധിച്ചതും വലിയ ഒരു നേട്ടമായി ജോഷി വള്ളിക്കളം ചൂണ്ടിക്കാണിക്കുന്നു. അങ്ങനെ അസ്സോസിയേഷനെ വലിയ ഒരു ബാധ്യതയില്‍ നിന്ന് രക്ഷപ്പെടുത്തുവാന്‍ സാധിച്ചു.
കുടുംബം
ഏതൊരു പൊതുപ്രവര്‍ത്തകന്‍റേയും വിജയത്തിന് പിന്നില്‍ കുടുംബത്തിന്‍റെ പിന്തുണ കൃത്യമായി ഉണ്ടാവേണ്ടത് അനിവാര്യമാണ്. ജോഷി വള്ളിക്കളത്തിന്‍റെ ഭാര്യ ജൂബി വള്ളിക്കളവും സാമൂഹിക പ്രവര്‍ത്തനത്തില്‍ സജീവമാണ്. ഫോമയുടെ യൂത്ത് ചെയര്‍ പേഴ്സണ്‍ ആയി പ്രവര്‍ത്തിക്കുന്ന ജൂബി നാഷണല്‍ വിമന്‍സ് ഫോറം വൈസ് ചെയര്‍ ആയിരുന്നു. ഭരണങ്ങാനം അമ്പാറനിരപ്പില്‍ കണിയാംപടിക്കല്‍ കുടുംബാംഗമാണ് ജൂബി. രണ്ട് മക്കള്‍. മൂത്തയാള്‍ ജൂലി കോളജിലും, രണ്ടാമത്തെയാള്‍ ജെനി ഹൈസ്കൂളിലും പഠിക്കുന്നു.
സഹോദരന്‍ സണ്ണി വള്ളിക്കളം ഫോമയുടെ നാഷണല്‍ വൈസ് പ്രസിഡന്‍റും ചിക്കാഗോ മലയാളി അസ്സോസിയേഷന്‍ മുന്‍പ്രസിഡന്‍റുമാണ്. മറ്റൊരു സഹോദരന്‍ അനിയന്‍ കുഞ്ഞ് വള്ളിക്കളം. ഒരു സഹോദരന്‍ മരിച്ചു പോയി. മറ്റൊരു സഹോദരന്‍ രാജന്‍ വള്ളിക്കളം നാട്ടിലുണ്ട്. സഹോദരി സൂസന്‍ ചാമക്കാല തുടങ്ങി എല്ലാവരുടേയും പിന്തുണ ജോഷി വള്ളിക്കളത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാണ്.
ചിക്കാഗോ മലയാളി അസ്സോസിയേഷന്‍റെ അന്‍പതാം വാര്‍ഷികം ഗംഭീരമായി നടത്തിയ അദ്ദേഹത്തിന്‍റെ പാതയില്‍ യാതൊരു പ്രതിസന്ധിയുമുണ്ടായിരുന്നില്ല . കാരണം ഏറ്റെടുക്കുന്ന കാര്യങ്ങള്‍ ഒരു പുഞ്ചിരിയോടു കൂടി നടപ്പിലാക്കുവാനുള്ള ആര്‍ജ്ജവം അദ്ദേഹത്തിനുണ്ട്. കാരണം നേതൃത്വം എന്നത് ഒരു ജനകീയ മത്സരമല്ലെന്നും തലക്കെട്ടില്ലാതെ നയിക്കലാണ് അതെന്നും അദ്ദേഹം നമുക്ക് കാട്ടിത്തരുന്നു. ജോഷി വള്ളിക്കളം യാത്ര തുടരട്ടെ.... ആശംസകള്‍.'