VAZHITHARAKAL

സജി മാലിത്തുരുത്തേൽ: ചിക്കാഗോയുടെ ഗന്ധർവ്വ ഗായകൻ

Blog Image

സംഗീതമില്ലാതെ  ഒരു ജീവിതം നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുമോ? അസാധ്യമായ ഒന്നാണത്. ഒരു കാറില്‍ യാത്ര ചെയ്യുമ്പോള്‍ പലപ്പോഴും നമ്മള്‍ പാട്ടിനാല്‍ ചുറ്റപ്പെടില്ലേ. കുട്ടികളോടൊപ്പം പാടാത്ത ആരെങ്കിലും ഉണ്ടോ എന്ന് സംശയമാണ്. ഒരു ക്രിസ്മസ് കരോള്‍ സംഘത്തെ കേള്‍ക്കാത്ത മനുഷ്യരുണ്ടോ? ഒരു ഓണപ്പാട്ട് ആസ്വദിക്കാത്തവര്‍ വിരളമല്ലെ? ജീവിതത്തിന്‍റെ എല്ലാ മേഖലയിലും സംഗീതത്തിന് പ്രാധാന്യം നല്‍കുന്ന, സംഗീതം ജീവിതത്തെ അടയാളപ്പെടുത്തുന്ന ഒരു പാട്ടുകാരനെയാണ് ഈ വഴിത്താരയില്‍ കണ്ടുമുട്ടുന്നത്.
സജി മാലിത്തുരുത്തേല്‍

ത്മീയ സംഗീതം നിറഞ്ഞു നിന്ന ഒരു അള്‍ത്താര ബാലനില്‍നിന്ന് അമേരിക്കയിലെ അറിയപ്പെടുന്ന ഗായകനായി മാറിയ സജി മാലിത്തുരുത്തേലിന്‍റെ ജീവിതം ആകസ്മികതകളുടെ സമന്വയം കൂടിയാണ്.
കോട്ടയം നീറിക്കാട് മാലിത്തുരുത്തേല്‍ തോമസിന്‍റേയും മേരിയുടെയും മകനായി ജനനം. ഒന്നു മുതല്‍ ഏഴ് വരെ നീറിക്കാട് സെന്‍റ് മേരീസ് യു.പി. സ്കൂളില്‍ പഠനം. എട്ടു മുതല്‍ പത്ത് വരെ അയര്‍ക്കുന്നം സെന്‍റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂള്‍. പ്രീഡിഗ്രിയും ഡിഗ്രിയും (ഇക്കണോമിക്സ്) ബസേലിയോസ് കോളജ് കോട്ടയം, കോലാപ്പൂര്‍ ശിവാജി യൂണിവേഴ്സിറ്റിയില്‍ നിന്ന് എം.എസ്. ഡബ്ല്യുവില്‍ പേഴ്സണല്‍ മാനേജ്മെന്‍റിലും, സൈക്യാട്രിയിലും മാസ്റ്റര്‍ ബിരുദം നേടി തിരികെയെത്തിയപ്പോള്‍ ജോലിക്കും ബുദ്ധിമുട്ട് ഉണ്ടായില്ല. 1999-ല്‍ കണ്ണൂര്‍ ശ്രീപുരം ബിഷപ്സ് ഹൗസില്‍ സോഷ്യല്‍ വര്‍ക്കറായി ജോലിയും ലഭിച്ചു.
2000 നവംബറില്‍ പയ്യാവൂര്‍ പുതുശേരി ജോണ്‍-അന്നമ്മ ദമ്പതികളുടെ മകളായ സോളിയെ വിവാഹം കഴിക്കുന്നു.


ജീവിതത്തിന്‍റെ മറ്റൊരു മുഖം തേടി അമേരിക്കയിലേക്ക്
സജി മാലിത്തുരുത്തേലിന്‍റെ ജീവിതത്തില്‍ എഴുതപ്പെട്ട അമേരിക്കന്‍ ജീവിതം ലളിതമാണ്. 2001-ല്‍ അമേരിക്കയിലെത്തിയ അദ്ദേഹം ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലിക്ക് കയറി. 2005-ല്‍ ഗ്യാസ് സ്റ്റേഷന്‍ ബിസിനസിലേക്ക് മാറി. 13 വര്‍ഷം ബിസിനസില്‍ തുടര്‍ന്നു. 2018-ല്‍ വീണ്ടും ജോലിയോട് താല്പര്യം ഉണ്ടായി. 2019-ല്‍ ഇല്ലിനോയി സ്റ്റേറ്റില്‍ സൈക്യാട്രിക് വിഭാഗത്തില്‍ ജോലി ലഭിച്ചു. ഒപ്പം ബിസിനസ്സും ശ്രദ്ധിക്കുന്ന സജി മാലിത്തുരുത്തേലിനെ കീഴ്പ്പെടുത്തിയ മറ്റൊന്നാണ് തന്‍റെ സംഗീത വഴികള്‍. ഈ വഴിത്താരയില്‍ ഏറെ പറയുന്നതും അദ്ദേഹത്തിന്‍റെ പാട്ടുവഴികളെ കുറിച്ചാണ്.

കുര്യന്‍ മാലിത്തുരുത്തേലും അള്‍ത്താര ബാലനും
നമ്മുടെയൊക്കെ ജീവിതത്തില്‍ അത്രമേല്‍ പ്രിയപ്പെട്ട ചില മനുഷ്യരുണ്ടാകും. ജീവിതത്തില്‍ നാം എന്താവണം എങ്ങനെയാവണം  എന്ന് തീരുമാനിക്കാന്‍ ദൈവം നിയോഗിക്കപ്പെട്ട ചില മനുഷ്യര്‍. അങ്ങനെ സജി മാലിത്തുരുത്തേലിന്‍റെ ജീവിതത്തെ വഴി തിരിച്ചുവിട്ട ചില മനുഷ്യരുണ്ട്. ഒന്ന് അമ്മ. അമ്മ മേരി (പെണ്ണമ്മ) നന്നായി പാടുമായിരുന്നു. മക്കളെ നെഞ്ചോട് ചേര്‍ത്ത് പാടിയ പാട്ടുകളൊക്കെ സജിയുടെയും ഹൃദയത്തില്‍ ഒട്ടിക്കിടന്നിരുന്നു. പക്ഷെ ഇവയെ പൊടി തട്ടിയെടുക്കാന്‍ മറ്റൊരാള്‍ നിമിത്തമായി. കുര്യന്‍ മാലിത്തുരുത്തേല്‍. സജിയുടെ വല്യപ്പന്‍. എഴുപത് വര്‍ഷക്കാലം നീറിക്കാട് പള്ളിയിലെ ദേവാലയ ശുശ്രൂഷിയായിരുന്നു അദ്ദേഹം. എല്ലാവരുടേയും പ്രിയപ്പെട്ട അപ്പച്ചനുമായി സജിയെന്ന കൊച്ചുമകന് ഒരു പ്രത്യേക വൈകാരിക അടുപ്പം ഉണ്ടായിരുന്നു. അതുകൊണ്ട് പള്ളിയില്‍ അപ്പച്ചനൊപ്പം പോവുകയും പിന്നീട് അള്‍ത്താര ബാലനായി മാറുവാനും സാധിച്ചു. അപ്പച്ചന് ഓസ്തി ഉണ്ടാക്കുവാന്‍ സഹായം, പള്ളിയിലും മഠത്തിലുമൊക്കെ സഹായം ഒക്കെയായി ഓടി നടന്ന് ഏവര്‍ക്കും പ്രിയപ്പെട്ടവനായി സജിയെന്ന കൊച്ചുമിടുക്കന്‍.


സജി എന്ന ഗായകനിലേക്ക്
ഒരു വ്യക്തിയിലെ കഴിവുകളെ കണ്ടെത്തുന്നത് ഏതോ ഒരു ശക്തിയാണെന്നും അതിനായി ആ ശക്തി ഒരുക്കിക്കൊടുക്കുന്ന അന്തരീക്ഷം  പലപ്പോഴും ആകസ്മികവുമായിരിക്കും. അപ്പച്ചനൊപ്പം സഹായിയായി പള്ളിക്കാര്യത്തില്‍ കൂടിയതോടെ പള്ളിയില്‍ രാവിലെ പാട്ടുകള്‍ ഇടുന്ന ചുമതല സ്വയം ഏറ്റെടുത്തു. യേശുദാസ്, ജയചന്ദ്രന്‍, എസ്. ജാനകി എന്നിവരുടെ ക്രിസ്തീയ ഭക്തിഗാനങ്ങള്‍ രാവിലെ വെക്കും. അതിന്‍റെ സെലക്ഷന്‍ എല്ലാം സജി തന്നെ ആയിരുന്നു. തന്‍റെ ഉള്ളില്‍ ഒരു ഗായകന്‍ ഉണ്ടെന്ന് ദൈവം ഉള്ളിലിരുന്ന് സംസാരിച്ച നിമിഷങ്ങള്‍, അതിനായി ഒരുക്കിയ ആത്മീയ അന്തരീക്ഷം. ഇവയെല്ലാം സജിക്ക് ശോഭിക്കാനുള്ള പുതുവഴികളായി മാറി. അങ്ങനെയിരിക്കെ ഓശാന പാട്ട് ഇട്ട് ഒരിക്കല്‍ ക്വയറിനൊപ്പം ഒന്നു പാടിനോക്കി. പാട്ടിനിടയില്‍ ക്വയര്‍ ഗ്രൂപ്പിന് ഒരു ചെറിയ മിസ്സിംഗ് വന്നപ്പോള്‍ കുഞ്ഞുഗായകന്‍ സജിയുടെ പാട്ട് അല്പം ഉച്ചത്തിലായി. ദൈവത്തിന്‍റ കരുണയില്‍ ഫാ. അലക്സ് കൊരട്ടിയില്‍ അത് ശ്രദ്ധിച്ചു. അടുത്ത ദിവസം മുതല്‍ പള്ളി ക്വയര്‍ ലീഡ് ചെയ്യാന്‍ അച്ചന്‍റെ നിര്‍ദ്ദേശം. ആകസ്മികമായ നിമിഷത്തില്‍ നിന്ന് ഇരുത്തം വന്ന ഗായകനിലേക്കുള്ള വളര്‍ച്ചയ്ക്ക് തുടക്കമിട്ട നീറിക്കാട് പള്ളിയിലെ അള്‍ത്താര ഇപ്പോഴും സജി മാലിത്തുരുത്തേലിന്‍റെ ഹൃദയത്തിലും, കുര്യന്‍ മാലിത്തുരുത്തേല്‍ എന്ന വല്യപ്പനും അദൃശ്യ സാന്നിദ്ധ്യമായി തന്‍റെ ഒപ്പം ഉണ്ടെന്നു സജി പറയുന്നു.


അലക്സ് കാവില്‍;  മനസിലെ ദാസേട്ടന്‍
മലയാളിയുടെ സംഗീത വഴികളില്‍ പകരം വെക്കാനില്ലാത്ത ഒരാളെ ഉള്ളു. അത് നമ്മുടെ പ്രിയപ്പെട്ട ഗാനഗന്ധര്‍വന്‍ ദാസേട്ടന്‍. പക്ഷെ നമ്മള്‍ ദാസേട്ടന് സമമായി കാണുന്ന നിരവധി ഗായകര്‍ ഉണ്ട്. ഉത്സവ വേദികളിലും, പെരുന്നാള്‍ വേദികളിലും ദാസേട്ടന്‍റെ പാട്ടുകള്‍ പാടാനെത്തുന്ന ഗായകര്‍. അങ്ങനെയുള്ള ഒരു ഗായകനായിരുന്നു കൈപ്പുഴ ഇടവകയില്‍പ്പെട്ട അലക്സ് കാവില്‍. ക്നാനായ കമ്മ്യൂണിറ്റിയുടെ അഭിമാനം ആയിരുന്നു അദ്ദേഹം. പള്ളിയില്‍ കൃത്യസമയത്ത് എത്തി പാടിയിട്ട് പെട്ടെന്ന്  തിരിച്ച് പോകുന്ന അദ്ദേഹം എല്ലവര്‍ക്കും യേശുദാസ് ആയിരുന്നു. പാട്ടിന്‍റെ വഴിയേ കടന്നുവരാന്‍ പ്രചോദനം നല്‍കിയ ഒരാള്‍. അക്കാലത്ത് ചെറുപുഷ്പ മിഷന്‍ ലീഗ്, കെ.സി.വൈ.എല്‍, രൂപതാ സംഗീത മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സജി നന്നായി പ്രാക്ടീസ് നടത്തും. മത്സരത്തിനെത്തുമ്പോള്‍ പ്രധാന എതിരാളി അലക്സ് കാവില്‍ ആയിരിക്കും. പിലാത്തോസിന്‍റെ അന്ത്യം എന്ന കഥാപ്രസംഗം അവതരിപ്പിച്ച് ഒന്നാം സ്ഥാനം നേടിയത് അക്കാലത്തെ മറ്റൊരു സന്തോഷം. എങ്കിലും അലക്സ് കാവില്‍ അന്നും ഇന്നും മനസിനെ ഭ്രമിപ്പിച്ച ഗായകന്‍ തന്നെ ആയിരുന്നു. പക്ഷെ ഇതുവരെ അദ്ദേഹത്തോട് നേരിട്ട് സംസാരിക്കാന്‍ പറ്റിയിട്ടില്ല എന്നതാണ് സത്യം. അതൊരു ആഗ്രഹമായി ഇന്നും ബാക്കിയാവുന്നു.


സെന്‍റ് മേരീസ് ഗായക സംഘവും ശാസ്ത്രീയ സംഗീത പഠനവും
ഏതൊരു ഗായകന്‍റേയും ആഗ്രഹമാണ് സംഗീതം ശാസ്ത്രീയമായി അഭ്യസിക്കുക എന്നത്. പള്ളി ക്വയറില്‍ സജീവമായപ്പോള്‍ സെന്‍റ് മേരീസ് ഗായക സംഘം എന്ന പേരില്‍ ഒരു സംഗീത ഗ്രൂപ്പായി അത് വളര്‍ന്നു. ബേബി കണ്ണങ്കര (ഹാര്‍മോണിയം), തോമസ് മഠത്തില്‍ (തബല) എന്നിവരോടൊപ്പം പല പള്ളികളിലും പാട്ടിന് പോയി. അപ്പോള്‍ പലരും ശാസ്ത്രീയമായി സംഗീതം പഠിക്കണമെന്ന നിര്‍ദ്ദേശം നല്‍കി. തന്‍റെ ശബ്ദത്തിന് ലഭിച്ച അംഗീകാരമായി ആ നിര്‍ദ്ദേശത്തെ സ്വീകരിച്ച് ളാക്കാട്ടൂര്‍ പൊന്നപ്പന്‍ എന്ന സംഗീതജ്ഞന്‍റെ വീട്ടില്‍ പാട്ട് പഠിക്കാന്‍ ചേര്‍ന്നു. നീറിക്കാട് നിന്ന് ളാക്കാട്ടൂര്‍ വരെ യാത്ര വലിയ പ്രശ്നമായി. എങ്കിലും പൊന്നപ്പന്‍ മാഷിന്‍റെ ക്ലാസുകള്‍ വലിയ മാറ്റമാണ് സജിയില്‍ ഉണ്ടാക്കിയത്. അദ്ദേഹത്തിന്‍റെ അനുജന്‍മാരെല്ലാം കലാകാരന്‍മാര്‍ ആയിരുന്നു. അവരെയെല്ലാം ഒപ്പംകൂട്ടി ഉണ്ടായിരുന്ന ഗായക സംഘം വിപുലപ്പെടുത്തി. ഞായറാഴ്ച രണ്ട് കുര്‍ബാനയും, മതബോധന അദ്ധ്യാപനവും കഴിഞ്ഞ് പാട്ട് പഠിക്കാന്‍ പൊന്നപ്പന്‍ മാഷിന്‍റെ അടുത്ത് എത്താന്‍ പലപ്പോഴും കഴിഞ്ഞിരുന്നില്ല.


വളരെ കുറച്ച് ക്ലാസുകള്‍ മാത്രമെ അദ്ദേഹത്തില്‍ നിന്ന് ലഭിച്ചിരുന്നുള്ളു എങ്കിലും ഈശ്വര സാന്നിദ്ധ്യമുള്ള അനുഭവമായിരുന്നു അതെന്ന് സജി മാലിത്തുരുത്തേല്‍ ഓര്‍മ്മിച്ചെടുക്കുന്നു. സംഗീത വഴിയില്‍ ഒരിക്കലും മറക്കാത്ത മുഖമാണ് പൊന്നപ്പന്‍ മാഷിന്‍റേത്. അദ്ദേഹത്തിന്‍റെ സഹോദരന്‍മാര്‍ക്കൊപ്പം നീറിക്കാട്, പേരൂര്‍, കുമരകം എന്നിവിടങ്ങളില്‍ നടത്തിയ പ്രോഗ്രാമുകളും ഡിഗ്രി പഠന കാലവും ഇന്നലെ പെയ്ത മഴപോലെ തുള്ളികളായി സജിയുടെ  മനസ്സില്‍ അവശേഷിക്കുന്നു. അമേരിക്കയിലെത്തിയപ്പോള്‍ ജെസ്സി തര്യത്ത്, ശങ്കര ജഗദീഷ് എന്നിവരുടെയടുത്ത്  ശാസ്ത്രീയ സംഗീതം പഠിക്കുവാന്‍ പോയതും വ്യത്യസ്തമായ അനുഭവം. എന്തു കൊണ്ടോ ശാസ്ത്രീയസംഗീത പഠനം പൂര്‍ത്തിയാക്കാന്‍ പറ്റിയില്ല എന്ന് പറയുമ്പോഴും മനസ്സിന്‍റെ കോണില്‍ ഒരു ചെറിയ നീറ്റല്‍.ആ നീറ്റല്‍  നേര്‍ത്ത്  ഇല്ലാതാകുന്നത് ശാസ്ത്രീയ സംഗീതം കൂടുതല്‍  വരുന്ന ഗാനങ്ങള്‍ പാടുമ്പോള്‍ സദസ് നല്‍കുന്ന പിന്തുണ തന്നിലെ ശാസ്ത്രീയ സംഗീതജ്ഞനെയും തിരിച്ചറിയുവാന്‍ ഇടയാക്കി.


അമേരിക്കയിലെ പാട്ടുകാരന്‍; ചിക്കാഗോയുടെ ദാസേട്ടന്‍
പ്രവാസത്തിനൊപ്പം പലരും ഒപ്പം കിട്ടിയ കഴിവുകളെയൊക്കെ ഇല്ലാതാക്കുകയാണ് പതിവ്. പക്ഷെ സജി മാലിത്തുരുത്തേല്‍ അങ്ങനെ ആയിരുന്നില്ല. പാടുക, പാടിക്കൊണ്ടേയിരിക്കുക, അവസരങ്ങള്‍ക്കായി കാത്തിരിക്കുക. അതിപ്പോള്‍ അമേരിക്ക ആയാലും സാധ്യതകളിലായിരുന്നു ശ്രദ്ധ. 2001-ല്‍ ചിക്കാഗോ സീറോ മലബാര്‍ പള്ളിയില്‍ പോയി അച്ചനെ പരിചയപ്പെട്ടു. അങ്ങനെ അവിടെ ഞായറാഴ്ച 8:30-ന്‍റെയും 10:30-ന്‍റെയും കുര്‍ബാനയില്‍ പങ്കെടുത്ത് പാടാന്‍ അവസരം കിട്ടി. വിവിധ  ഇന്‍സ്ട്രമെന്‍റുകള്‍ വായിക്കുന്ന സുഹൃത്തുക്കളെയും ഒപ്പം കൂട്ടി. ഏതാണ്ട് ഒന്നര മാസത്തിനകം ചെറിയ പ്രോഗ്രാമുകള്‍ ലഭിച്ചു തുടങ്ങി. കല്യാണം, മാമ്മോദീസ, എന്‍ഗേജ്മെന്‍റ്, മരണം ഒക്കെയായി ശനി ഞായര്‍ ദിവസങ്ങളില്‍ തിരക്കായി. പക്ഷെ കരോക്കയുടെ വരവോടെ പല കലാകാരന്‍മാരെയും ഒപ്പം കൂട്ടാന്‍ പറ്റാതായി. മനുഷ്യര്‍ ലാഭമാണല്ലോ നോക്കുക. അമേരിക്കയില്‍ വിവിധ സംഗീത ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്ന നിരവധി കലാകാരന്മാര്‍ ഉണ്ട്. പക്ഷെ അവസരങ്ങള്‍ കുറയുന്നു. അതില്‍ അതിയായ വിഷമമുണ്ട്. ഒരു ലൈവ് പരിപാടിക്ക് കിട്ടുന്ന ധന്യത കരോക്കയ്ക്ക് ലഭിക്കില്ല എന്നതാണ് സത്യം. സീറോ മലബാര്‍ പള്ളിയിലെ ഗായക സംഘത്തെക്കുറിച്ച് ചിക്കാഗോ ക്നാനായ പള്ളിയില്‍ അറിയുകയും 2002-ല്‍ ക്നാനായക്കാര്‍ക്ക് പുതിയ പള്ളി വന്നതോടെ ഐ.എച്ച്.എം ചിക്കാഗോ പള്ളിയിലെ ഫാ. അബ്രാഹം മുത്തോലത്തും,  കൈക്കാരന്‍മാരും  സജിയെ സമീപിക്കുന്നു. ക്വയര്‍ ലീഡര്‍ ആകാനും ഗായകസംഘം വിപുലപ്പെടുത്തുവാനും നിര്‍ദ്ദേശിച്ചു. അങ്ങനെ അവിടെ സജീവമായി . നിരവധി പരിപാടികള്‍ക്കൊപ്പം പള്ളിയിലും പാട്ടില്‍ സജീവമായി.

ഏഷ്യാനെറ്റിന്‍റെ അമേരിക്കന്‍ ജാലകം എന്ന പ്രോഗ്രാമില്‍ ജോയി ചെമ്മാച്ചേല്‍, ബൃന്ദ ഇടുക്കുതറ എന്നിവരോടൊപ്പം പ്രോഗ്രാം ചെയ്യുവാന്‍ അവസരം കിട്ടിയത് ലോക മലയാളികള്‍ക്കിടയില്‍ ഗായകന്‍ എന്ന നിലയില്‍ ശ്രദ്ധ നേടുവാന്‍ സാധിച്ചു. സംഗീതോപാസകന്‍ ആയതിനാല്‍ ചിക്കാഗോ ബീറ്റ്സ് എന്ന ചെണ്ടമേള ഗ്രൂപ്പിലെ സജീവ സാന്നിദ്ധ്യമാണ് സജി മാലിത്തുരുത്തേല്‍. അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ പ്രമുഖ ഗായകരെയും, പിന്നണികലാകാരന്മാരെയും, പ്രൊഫഷണല്‍ സൗണ്ട് എന്‍ജിനീയര്‍മാരെയും ഉള്‍പ്പെടുത്തി സിംഫണി മ്യൂസിക് ചിക്കാഗോ എന്ന പേരിലുള്ള ഓര്‍ക്കസ്ട്ര വര്‍ഷങ്ങളായി ജനശ്രദ്ധ പിടിച്ചുപറ്റി ചിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നു. അമേരിക്കയില്‍ വര്‍ദ്ധിച്ചുവരുന്ന മാനസിക പിരിമുറുക്കവും, അതുമൂലമുള്ള കുടുംബ പ്രശ്നങ്ങളെയും കണക്കിലെടുത്ത് പുതിയതായി ഒരു കൗണ്‍സിലിംഗ് സെന്‍റര്‍ ആരംഭിക്കുന്നതിന്‍റെ പണിപ്പുരയിലാണ് സജി മാലിത്തുരുത്തേല്‍. പഴയ അള്‍ത്താര ബാലനില്‍നിന്ന് ചിക്കാഗോയിലെ ഞായറാഴ്ചകളിലെ ക്വയര്‍ പാട്ടുകളിലേക്ക് വരുമ്പോഴും ആ ശബ്ദ മാധുരിക്ക് ഒരു കുഴപ്പവും ഇല്ല. 21 വര്‍ഷമായി സേക്രഡ് ഹാര്‍ട്ട് ഫൊറോന പള്ളിയിലെ ഗായക സംഘത്തിന് നേതൃത്വം നല്‍കിവരുന്നതും സജി മാലിത്തുരുത്തേലാണ്. യേശുദാസിന്‍റെ ശബ്ദവുമായി സാമ്യം തോന്നുന്ന പാട്ടുകാരന്‍ എന്ന് പറയുന്നവര്‍ പോലും പക്ഷെ എന്തോ ഒരു വ്യത്യസ്തത സജിയുടെ പാട്ടില്‍ ഉണ്ടെന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ എന്തെന്നില്ലാത്ത അഭിമാനമാണ്. 


അകന്നു പോകുന്ന പഴയ പാട്ടുകള്‍
അകലെ അകലെ നീലാകാശവും, ചക്രവര്‍ത്തിനിയും, ഉത്തരാസ്വയം വരവുമൊക്കെ മലയാളിയുടെ ഗാന സങ്കല്പങ്ങള്‍ക്ക് വിത്തുപാകിയ ഗാനങ്ങള്‍ എങ്കിലും പുതിയ തലമുറ ഇവയെ സ്വീകരിക്കാത്തതില്‍ സജി എന്ന ഗായകന് അതിയായ വിഷമം ഉണ്ട്. ചില പരിപാടികള്‍ക്ക് പോകുമ്പോള്‍ ഡപ്പാം കുത്ത് പാട്ടുകള്‍ക്ക് പുതിയ തലമുറ ഉള്‍പ്പെടെ ആസ്വാദകര്‍ കൂടുതലാണ്. മെലഡികളോട് അവര്‍ക്ക് താല്പര്യം ഇല്ല. എങ്കിലും നിലപാടുകളില്‍  അദ്ദേഹം ഉറച്ചു നില്‍ക്കുന്നു. മെലഡി പാടുമ്പോള്‍ സൗണ്ട് സിസ്റ്റം ഒക്കെ മികച്ചതാവണം. ഡപ്പാം കുത്തിന് അതൊന്നും വേണ്ട. സജി പാടിക്കോളു അതൊന്നും കാര്യമാക്കേണ്ട എന്ന് പറയുന്ന ഇടങ്ങളില്‍ പാടാറില്ല. നമ്മുടെ ശുദ്ധ സംഗീതത്തെ എല്ലാവരും സ്നേഹിക്കണം എന്ന് പറയില്ല. പക്ഷേ  ബഹുമാനിക്കണം എന്നാണ് സജിയുടെ പക്ഷം. ശുദ്ധസംഗീതം ആസ്വദിക്കുന്നവര്‍ക്ക് വേണ്ടി 'മ്യൂസിക് ലവേഴ്സ് ക്ലബ്' എന്ന പേരില്‍ ഒരു പാട്ട് കൂട്ടായ്മ സജി മാലിത്തുരുത്തേല്‍ ആരംഭിച്ചിട്ടുണ്ട്. സംഗീത പ്രേമികള്‍ക്ക് അതിന്‍റെ ഭാഗമാകാന്‍ അവസരമുണ്ട്. ഗായകനെന്ന നിലയില്‍ ചിക്കാഗോയ്ക്ക് പുറത്തും പാടാന്‍ സജി മാലിത്തുരുത്തേലിന് നിരവധി അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. ഇരുപത്തിയഞ്ച് വര്‍ഷമായി ഒപ്പം കൂട്ടിയ ശബ്ദത്തിന് ആസ്വാദകര്‍ നല്‍കുന്ന അംഗീകാരമാണ് ഇതെല്ലാമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.


ആരാധകന്‍റെ അപൂര്‍വ്വ സമ്മാനം: ഒരു നിധി
ഏതൊരു കലാകാരനും ലഭിക്കുന്ന അഭിനന്ദനങ്ങള്‍ എക്കാലത്തേയും നിധികളാണ്. അങ്ങനെ ഒരു നിധി ലഭിച്ച കഥ ഓര്‍മ്മിച്ചെടുക്കുകയാണ് സജി മാലിത്തുരുത്തേല്‍. 2005-ലാണ് സംഭവം. അമേരിക്കയിലെ ക്നാനായക്കാരുടെ ആദ്യത്തെ പള്ളിയായ മേവുഡ് സേക്രഡ് ഹാര്‍ട്ട് പള്ളിയില്‍ പാടി പുറത്തിറങ്ങിയപ്പോള്‍ ഒരാള്‍ ഗായകനെ കാണാന്‍ എത്തുന്നു. പാര്‍ക്കിംഗ് ലോട്ടിലേക്ക് വിളിച്ചു കൊണ്ടുപോയി ഒരു കവര്‍ സജിയുടെ കൈയ്യില്‍ നല്‍കി. 'ഇത് സ്വീകരിക്കുക. എന്‍റെ ഒരു സമ്മാനം. ദാസേട്ടന്‍റെ പാട്ട് കേള്‍ക്കുന്നതു പോലെ, എന്നാല്‍ ഏറെ വ്യത്യസ്തവും. വല്ലാത്ത ഒരു ഫീല്‍.' നല്ലൊരു അനുഭവം ആയിരുന്നു ആ നിമിഷം... ആ വാക്കുകള്‍. വീട്ടിലെത്തി കവര്‍ തുറന്നപ്പോള്‍ ആയിരം ഡോളര്‍. ദാസേട്ടന്‍റെ പേരില്‍ ഒരു അവാര്‍ഡ് കിട്ടിയ പ്രതീതി ആയിരുന്നു ആ നിമിഷത്തിന്. പാട്ടിനെ സ്നേഹിക്കുന്നവര്‍, ബഹുമാനിക്കുന്നവര്‍ ഇന്നും നമുക്കൊപ്പം ഉണ്ടാകുന്നത് ഒരു ഭാഗ്യമല്ലേ?


ശബ്ദമാണ് സമ്പാദ്യം
സംഗീതം ആത്മാവില്‍ സംഭവിക്കുന്നതാണ്. ഒരിക്കല്‍ അത് വീണു കിട്ടിയാല്‍ പിന്നെ അത് രൂപപ്പെടുത്തുകയേ വേണ്ടു. ഒരിക്കലും നശിക്കാതെ നമുക്കൊപ്പം അങ്ങനെ നിലകൊള്ളും. സംഗീതത്തിന്‍റെ പിന്‍ബലത്തില്‍ പലവേദികളിലും ഇരിപ്പിടവും, പാട്ട് പാടാന്‍ അവസരവും ലഭിച്ചിട്ടുണ്ട്. അവയെല്ലാം സംഗീതം കൊണ്ടുവന്ന സൗഭാഗ്യങ്ങള്‍ തന്നെ. ചിക്കാഗോയ്ക്ക് അകത്തും പുറത്തും നിരവധി വ്യക്തികളുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന സജി മാലിത്തുരുത്തേലിനെ അവരെല്ലാം നെഞ്ചോട് ചേര്‍ക്കുന്നു. അതിനു  കാരണം സംഗീതവും, അദ്ദേഹത്തിന്‍റെ ലാളിത്യവുമാണ്. കലാകാരന്‍ എന്നും ഈശ്വരാംശം ഉള്ളവനാകുന്നു. ചിക്കാഗോയുടെ ദാസേട്ടന്‍ എന്ന വിളിതന്നെ സജി ആസ്വദിക്കുന്നു. കാരണം അദ്ദേഹത്തിന്‍റെ ശബ്ദത്തോടൊപ്പം തന്‍റെയും ശബ്ദം ചേര്‍ത്തുവെക്കുന്ന സന്തോഷം. നീറിക്കാട്ട് പള്ളിയിലെ അള്‍ത്താര അത്രമേല്‍ പ്രിയപ്പെട്ടതായത് ഈ ശബ്ദത്തിന്‍റെ തുടക്കം അവിടെ നിന്നായിരുന്നു എന്നതുകൊണ്ടുകൂടിയാണ് .


സംഘടനാ പ്രവര്‍ത്തനം
സംഗീതവഴിയിലെ യാത്രയിലെങ്ങോ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് അത്ര പ്രാധാന്യം സജി മാലിത്തുരുത്തേല്‍ നല്‍കിയിരുന്നില്ല. ചിക്കാഗോയിലെ എല്ലാ സംഘടനകളുമായും ഗായകന്‍ എന്ന നിലയില്‍ അടുത്ത ബന്ധമുണ്ടെങ്കിലും ചിക്കാഗോ മലയാളി അസ്സോസിയേഷന്‍റെ ബോര്‍ഡ് മെമ്പര്‍ ആയി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്സ് അസ്സോസിയേഷന്‍ ഓഫ് ഇല്ലിനോയിയുടെ സജീവ പ്രവര്‍ത്തകനാണ് സജി മാലിത്തുരുത്തേല്‍. സംഘടനകള്‍ പ്രവാസി മലയാളികള്‍ക്ക് എന്നും ഒരു തണലാണ്. കലാകാരന്‍മാര്‍ക്ക് ഓരോ സംഘടനകളും അവസരങ്ങളുടെ കൂട്ടുകാര്‍ കൂടിയാണെന്ന് സജി പറയുന്നു. ചില സംഘടനകള്‍ നല്‍കിയ വേദികള്‍ ആണല്ലോ പാട്ടുവഴിയിലെ തന്‍റെ നാഴികക്കല്ലുകള്‍. സംഘടനകള്‍ ഇനിയും ഉണ്ടാകട്ടെ. കലാകാരന്‍മാര്‍ അതിലൂടെ വളരട്ടെ എന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം.


കുടുംബം, പാട്ടുകാര്‍
ജന്മനാ അമ്മവഴി പാട്ടുകാരനായ സജി മാലിത്തുരുത്തേലിനെ പാട്ടിലേക്ക് കൈപിടിച്ചത് അമ്മ മേരി തന്നെ. ഈയിടെ  മരിച്ച മാതാവിന്‍റെ  ഓര്‍മ്മകള്‍ വേട്ടയാടുമ്പോഴും തുണയാകുന്നത് പാട്ടുകള്‍ തന്നെ.  പിതാവ് തോമസ് നല്‍കിയ പിന്തുണയ്ക്ക് പള്ളിയില്‍ കൂട്ടിക്കൊണ്ട് പോയി വളമിട്ട് വളര്‍ത്തിയത് വല്യപ്പച്ചന്‍. സഹോദരന്‍ ഫാ. സാബു മാലിത്തുരുത്തേലും (കൈപ്പുഴ ഫൊറോന പള്ളി വികാരി) സഹോദരി റ്റീമോളും, മറ്റൊരു സഹോദരന്‍ റ്റീമോനും സംഗീതാസ്വാദകര്‍. ഭാര്യ സോളി പുതുശ്ശേരില്‍ (റെസ്പിറ്റോറി തെറാപ്പിസ്റ്റ്) ഭര്‍ത്താവിന്‍റെ സംഗീത വഴിയിലെ പ്രിയ കൂട്ടുകാരി. അടുത്ത തലമുറയിലേക്ക് സംഗീതത്തെ കൊണ്ടുവരുന്ന മൂന്ന് മക്കളും. മൂത്ത മകള്‍ സേറ (എം.എസ്.ഡബ്ല്യു) നന്നായി പാടുകയും പിതാവിന്‍റെ പാട്ടുകളുടെ അഭിപ്രായക്കാരി കൂടിയാണ്. രണ്ടാമത്തെ മകള്‍ ഇസബെല്‍ (മെഡിസിന്‍  പഠനം), ഇളയ മകള്‍ ക്രിസ്റ്റല്‍ (12-ാം ക്ലാസ്) എല്ലാവരും പാട്ടിനെ ഇഷ്ടപ്പെടുന്നവര്‍, സ്നേഹിക്കുന്നവര്‍.
ഇക്കഴിഞ്ഞ നവംബര്‍ 18-ാം തീയതി സാന്‍ അന്‍റോണിയോയില്‍ വെച്ച് നടന്ന സ്റ്റേജ്ഷോയില്‍ നമ്മുടെ സ്വന്തം ദാസേട്ടന്‍റെ പിന്നണിക്കാരോടൊപ്പം സ്റ്റേജ് പങ്കിടാന്‍ സാധിച്ചത് വലിയ ഒരു അനുഗ്രഹമായി സജി കരുതുന്നു.


സജി മാലിത്തുരുത്തേല്‍ ഭാഗ്യവാനാകുന്നത് ഈ കുടുംബം കൊണ്ടാണ്. ചെറിയ നാള്‍ മുതല്‍ ഒപ്പംകൂടിയ സംഗീതത്തെ അതിന്‍റെ എല്ലാ പവിത്രതയോടെയും കാത്തു സൂക്ഷിക്കണമെങ്കില്‍ നന്മയുള്ള മനുഷ്യരുടെ പിന്തുണ വേണം. അത് സമൃദ്ധമായുള്ള സജി എന്ന ഗായകന് ഇനിയെന്ത് വേണം...
പാട്ടുവഴികളിലെ യാത്രകള്‍ തുടരുക. കുടുംബവും, ഒരു സമൂഹവും കൂടെയുണ്ട്. കലാകാരന്‍ ധന്യനാകുന്നത് ഈശ്വരന്‍ അവന് നല്‍കുന്ന സമ്മാനത്തിലൂടെയാണ്. അത് ആവോളം ലഭിച്ച കലാകാരനാണ് സജി മാലിത്തുരുത്തേല്‍... ഈ യാത്ര തുടരുക... പ്രാര്‍ത്ഥനകള്‍.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.