ഇരുപുരുഷസ്വരങ്ങളുടെ അന്യോന്യയുഗ്മത തെല്ലും പാളംതെറ്റാതെ ഒരേ ആസ്വാദ്യതയിൽ അനുഭവിപ്പിക്കുന്നു എന്നതായിരുന്നു ജയവിജയന്മാരുടെ ആലാപനങ്ങളുടെ ഹൃദ്യത. സ്വരാംശങ്ങളിൽ ആരാണ് ജയൻ ആരാണ് വിജയൻ എന്നൊരു വേർതെളിവ് കണ്ടെത്തുക അസാദ്ധ്യം.
ഇരുപുരുഷസ്വരങ്ങളുടെ അന്യോന്യയുഗ്മത തെല്ലും പാളംതെറ്റാതെ ഒരേ ആസ്വാദ്യതയിൽ അനുഭവിപ്പിക്കുന്നു എന്നതായിരുന്നു ജയവിജയന്മാരുടെ ആലാപനങ്ങളുടെ ഹൃദ്യത. സ്വരാംശങ്ങളിൽ ആരാണ് ജയൻ ആരാണ് വിജയൻ എന്നൊരു വേർതെളിവ് കണ്ടെത്തുക അസാദ്ധ്യം. ഒരർത്ഥത്തിൽ ഇരുവരും ജയിച്ചവർതന്നെ. എത്രയെത്ര ഭക്തിഗാനങ്ങൾ! പൊതുവെ ഭക്തിമാർഗങ്ങളിൽ പിന്തുടരപ്പെടുന്ന ഏറ്റുപാടലുകളല്ല ഒന്നിച്ചുപാടലുകളുടെ അതിവിശാലാനന്ദം പാട്ടിൽ ഇരുവരും ചേർന്നൊരുക്കി.
അതിൽ ഏറെമുന്നേ ഒരാൾ ജീവിതത്തിൽനിന്ന് പടിയിറങ്ങിപ്പോയപ്പോൾ ഒറ്റപ്പെട്ടുപോയ സ്വരവുമായി അവശേഷിച്ച ആൾ എങ്ങിനെയാവും ജീവിക്കുന്നുണ്ടാവുക എന്നൊരാലോചന ഞാൻ കൊണ്ടുനടക്കാറുണ്ടായിരുന്നു. പാടിക്കഴിഞ്ഞ പാട്ടുകളിലെ വിജയശബ്ദം പിന്തുടർന്ന് ജയനെ ആശ്ലേഷിക്കും കാരുണ്യം ആ വിധം ഞാനും അനുഭവിച്ചുപോന്നിരുന്നു. അതൊരു സ്വകാര്യ ഇടപാടാണ്. അത്യഗാധമായ കാരുണ്യാനുഭവത്തിന്റെ ഒരു തെളിവഴി.
യുഗ്മഗാനങ്ങളിൽനിന്ന് ഒരാൾ നഷ്ടപ്പെടുമ്പോൾ അപരർ അനുഭവിക്കുന്ന ആ നോവ് ഒരു സബ്ജക്റ്റാണ്. ജഗ്ജിത് സിംഗിനു ശേഷം ചിത്രാസിംഗ് പുലർത്തിപ്പോരുന്ന നിശബ്ദതയുടെ ആ പാടലുകൾ പല കാലങ്ങളിൽ പലലോകങ്ങളിലും അവശേഷിക്കുന്നുണ്ട്.
''ഗുരുനാഥന്‍ തുണ ചെയ്ക സന്തതം തിരുനാമങ്ങള്‍ നാവിന്മേലെപ്പോഴും പിരിയാതെയിരിക്കണം നമ്മുടെ നരജന്മം സഫലമാക്കീടുവാന്‍...''
ജ്ഞാനപ്പാന പി. ലീലയിൽ ചിട്ടപ്പെടുത്തിയത് ജയവിജയന്മാരാണ്. പി. ലീലക്കു പാടുവാനയി എഴുതപ്പെട്ടതുപോലെ കാലങ്ങളായി അത് നമ്മളിൽ പ്രവർത്തിക്കുന്നു. അയ്യപ്പഭക്തിഗാനങ്ങൾ സ്ത്രീകൾ ആലപിക്കുന്ന പതിവില്ലാത്ത കാലത്ത് ധൈര്യപൂർവ്വം ആ വഴിതുറന്നിട്ടതും ജയവിജയന്മാരല്ലോ. പിന്നിങ്ങോട്ട് എത്രയെത്ര ശ്രവ്യാനുഭൂതികൾ.
സ്വർഗംതുറന്ന് ഒരാൾ ഇറങ്ങിപ്പോവുകയും ചരണത്തിനും ഒടുവിൽ പാട്ടുതീരാറവുമ്പോൾ മൂളക്കത്തിലൂടെ പാട്ടിനെ ഉറക്കിക്കിടത്തുന്ന ആ ഗമകംപോലെ ഒരാൾ അവശേഷിക്കുകയും ചെയ്യുന്ന ഏകാന്തതക്ക് മുന്നിൽ സ്വർഗ്ഗത്തിന്റെ ശ്രീകോവിൽ നടതുറന്നു. അവശേഷിക്കുന്ന ആ പാട്ടുകാരനും ഇറങ്ങിപ്പോയി. നന്ദി. ഗാനാലാപനങ്ങളിലൂടെ ഭക്തിയുടെ ആനന്ദസുധാരസം അനുഭവിപ്പിച്ചതിന്.
'കൂടിയല്ലാ പിറക്കുന്ന നേരത്തും
കൂടിയല്ലാ മരിക്കുന്ന നേരത്തും,
മദ്ധ്യേയിങ്ങനെ കാണുന്ന നേരത്ത്
മത്സരിക്കുന്നതെന്തിനു നാം വൃഥാ?'